Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ബില്ലിനെതിരെ രാജ്യമാകെ കത്തിപ്പടർന്ന് പ്രതിഷേധം; കർണാടകയിലും മംഗളൂരുവിലും നിരോധനാജ്ഞ;സമൂഹ മാധ്യമങ്ങളിൽ കർശന നീരീക്ഷണവുമായി ഡൽഹി പൊലീസ്; മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി പ്രക്ഷോഭകർക്ക് പിന്തുണ അറിയിച്ച് എത്തിയ കമൽഹാസനെ പൊലീസ് തടഞ്ഞു; ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് കനയ്യ കുമാർ; അമിത്ഷാക്കെതിരെ ബംഗാളിൽ ഉറഞ്ഞു തുള്ളി മമതയും; കേരളത്തിൽ പൗരത്വ ബില്ലിന്റെ പേരിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം

പൗരത്വ ബില്ലിനെതിരെ രാജ്യമാകെ കത്തിപ്പടർന്ന് പ്രതിഷേധം;  കർണാടകയിലും മംഗളൂരുവിലും നിരോധനാജ്ഞ;സമൂഹ മാധ്യമങ്ങളിൽ കർശന നീരീക്ഷണവുമായി ഡൽഹി പൊലീസ്; മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി പ്രക്ഷോഭകർക്ക് പിന്തുണ അറിയിച്ച് എത്തിയ കമൽഹാസനെ പൊലീസ് തടഞ്ഞു; ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് കനയ്യ കുമാർ; അമിത്ഷാക്കെതിരെ ബംഗാളിൽ ഉറഞ്ഞു തുള്ളി മമതയും; കേരളത്തിൽ പൗരത്വ ബില്ലിന്റെ പേരിൽ എസ്.എഫ്.ഐ-എ.ബി.വി.പി  സംഘർഷം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം രാജ്യവ്യാപകമായി കത്തുന്ന സഹാചര്യത്തിൽ പ്രതിരോധം ശക്തമാക്കി പൊലീസ്. സമൂഹമാധ്യമങ്ങളുൾപ്പെടെ ശക്തമായ നിരീക്ഷണത്തിലാണ്. അതേ സ്മയം രാജ്യവ്യാപകമായി പലയിടത്തം അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധം തീവ്രഭാവത്തിൽ കത്തി നിൽക്കുന്ന ഡൽഹിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ആക്രമണം പ്രോത്സാഹിപ്പിക്കാനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും വലിയ തോതിൽ ശ്രമം നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ജാഫ്രാബാദിലും സീലാംപൂരിലും അക്രമത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ എട്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഡൽഹിയിൽ വീണ്ടുമുണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയുടെ വടക്ക് കിഴക്കൻ മേഖലകളിൽ അക്രമം പ്രോത്സാഹിപ്പിക്കാനായി നിരവധി ആളുകളാണ് ശ്രമിക്കുന്നത്. ചിലരുടെ ദൃശ്യങ്ങൾ ഡ്രോൺ ക്യാമറകളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതിന്റെ ഭാഗമായി നിരവധി അക്കൗണ്ടുകളാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.വടക്കുകിഴക്കൻ ഡൽഹിയിലെ നിരവധി പ്രദേശങ്ങളിൽ ഡൽഹി പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. സീലാംപൂരിലെ അക്രമത്തിന് ശേഷം ഡൽഹിയിലെ അന്തരീക്ഷം സമാധാനപരമാണെന്നും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള റോഡ് നമ്പർ 13ൽ ഒഴികെ ഡൽഹിയിൽ ഇപ്പോൾ എവിടെയും പ്രതിഷേധം നടക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്നും കനയ്യകുമാർ

ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കു പിന്തുണയുമായി ജഐൻയു സമരനായകൻ കനയ്യകുമാർ എത്തി. സർവകലാശാലയുടെ ഏഴാം നന്പർ ഗേറ്റിൽ കനയ്യകുമാർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.പ്രതിഷേധം മുസ്ലിംകൾക്കു വേണ്ടി മാത്രമല്ലെന്നും രാജ്യത്തിന്റെ മൊത്തം സുരക്ഷിതത്വത്തിനു വേണ്ടിയുള്ളതാണെന്നും കനയ്യകുമാർ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തേക്കാൾ ഭീകരമാണു ദേശീയ പൗരത്വ രജിസ്‌ട്രേഷൻ. ഇവ രണ്ടിനും എതിരേ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്നും കനയ്യകുമാർ ആഹ്വാനം ചെയ്തു.

പൊലീസ് അതിക്രമത്തിലുള്ള പ്രതിഷേധം ശമിക്കുന്നതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധം ഡൽഹിയിൽ ശക്തമാകുകയാണ്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ചെങ്കോട്ടയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ജാമിയയിലെ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സർവകലാശാലയിലെ അദ്ധ്യാപക സംഘടന ബുധനാഴ്ച സമാധാന മാർച്ച് നടത്തിയിരുന്നു.ഡൽഹിയിൽ കഴിഞ്ഞ ദിവസം ജനങ്ങൾ നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തിയ സീലംപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. വടക്ക് കിഴക്കൻ ഡൽഹി മേഖല കർശന പൊലീസ് നിരീക്ഷണത്തിലാണ്.

 

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കമൽ ഹാസൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന മദ്രാസ് സർവകലാശാലയിലെ വിദ്യാർത്ഥിക്കുകൾക്കു പിന്തുണ പ്രഖ്യാപിച്ചെത്തിയ കമൽ ഹാസനെ പൊലീസ് തടഞ്ഞു.സുരക്ഷ മുൻനിർത്തിയാണ് ക്യാംപസിൽ പ്രവേശിക്കുന്നതിൽനിന്ന് കമൽ ഹാസനെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അധികൃതർ അനുമതി നിഷേധിച്ചതിനാൽ കമലിനു ക്യാംപസിനകത്തു കയറാനായില്ല.വിദ്യാർത്ഥി സമരത്തെത്തുടർന്നു കഴിഞ്ഞ ദിവസം സർവകലാശാല ക്യാംപസിനു 23 വരെ അവധി നൽകിയിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ സമരം തുടരുകയാണ്. ാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടാവസ്ഥയിലായതു കൊണ്ടാണു സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയതെന്നു കമൽ ഹാസൻ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെ ഡൽഹി ഇമാം

കേന്ദ്രം പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാപകമായ കുപ്രചാരണങ്ങളും ഭീതിയുമാണ് ഇന്ത്യയിലെ മുസ്ലിം സമുദായത്തിൽ പൊതുവെ നിലനിൽക്കുന്നത്. ഒന്നടങ്കം രാജ്യം വിടേണ്ടി വരുമെന്നും, ഇവർ രാജ്യത്തെ രണ്ടാംതരം പൗരന്മാർ ആകുമെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കിടയിൽ മുസ്ലീങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കയാണ് ഡൽഹി ജുമാ മസ്ജിദ് ഇമാം ഷാഹി അഹമ്മദ് ബുഖാരി.

ഇന്ത്യൻ മുസ്ലീങ്ങളുടെ ആത്മീയ നേതൃത്വത്തിൽ ഗണ്യമായ പങ്കുവഹിക്കുന്ന ഷാഹി ഇമാം പറയുന്നത് പൗരത്വ ഭേദഗതി നിയമത്തിന് ഇന്ത്യയിലെ മുസ്ലിംകളെ ഒന്നും ചെയ്യാനാവില്ലെന്നും നിയമത്തിന് ഇന്ത്യൻ മുസ്ലിംകളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ അക്രമരഹിതമാകണം. ദേശിയ പൗരത്വ രജിസ്റ്റർ ഇതുവരെ നിയമമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'പ്രതിഷേധിക്കുക എന്നത് ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശമാണ്, അത് ചെയ്യുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായ്‌ക്കെതിരെ മമത

പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷാ വെറുമൊരു ബിജെപി നേതാവല്ലെന്നും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്നും ഓർമിപ്പിച്ച മമത, രാജ്യത്തു സമാധാനം നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഈ നിയമം കൊണ്ട് ആർക്കും ഇന്ത്യ വിട്ടു പോകേണ്ടി വരില്ലെന്നു ബിജെപി പറയുന്നു. എന്നാൽ ഇപ്പോൾ പൗരത്വം തെളിയിക്കാൻ പാൻ, ആധാർ ഒന്നും മതിയാകില്ലെന്നു നിങ്ങൾ പറയുന്നു. പിന്നെ എന്താണു മതിയാവുക. ബിജെപിയിൽ നിന്നുള്ള മന്ത്രത്തകിടോ ബിജെപി ഒരു വിഴുപ്പലക്കുന്ന യന്ത്രമായിരിക്കുന്നു- മമത പരിഹസിച്ചു.

രാജ്യത്തിനു തീയിടുകയല്ല, സമാധാനം കൊണ്ടു വരികയാണു നിങ്ങളുടെ ജോലി. എന്നാൽ എല്ലാവരുടെയും പുരോഗതി ഉറപ്പുവരുത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു. അനധികൃത കുടിയേറ്റക്കാർ എന്നു നിങ്ങൾ വിളിക്കുന്ന രാജ്യത്തിന്റെ മക്കളെ പാർപ്പിക്കാൻ എത്ര കോൺസൻട്രേഷൻ ക്യാന്പുകൾ പണിയാനാണു ബിജെപി ഉദ്ദേശിക്കുന്നതെന്നും മമത ചോദിച്ചു.

കർണാടകത്തിൽ നിരോധനാജ്ഞ

കർണാടകത്തിലാകെ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘർഷമുണ്ടാവാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. കോൺഗ്രസും ഇടതുപാർട്ടികളും വിവിധ സംഘടനകളും നാളെ മുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങൾ തുടരുകയാണ്. ബെംഗളൂരുവിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകരുതൽ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാർത്ഥി പ്രതിഷേധം തമിഴ്‌നാട്ടിൽ വ്യാപകമാകുകയാണ്. മദ്രാസ് സർവ്വകലാശാലയ്ക്ക് പുറമെ ചെന്നൈയിൽ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം തുടങ്ങി. മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ പൊലീസ് തടഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി.

മംഗളൂരുവിലും നിരോധനാജ്ഞ

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി മംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി ഒൻപത് മുതൽ നിലവിൽവരുന്ന നിരോധനാജ്ഞ വെള്ളിയാഴ്ച അർധരാത്രി വരെ തുടരും.ചില സംഘടനകൾ നഗരത്തിൽ പ്രകടനം നടത്താൻ സാധ്യതയുള്ളതിനാൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണു നിരോധനാജ്ഞയെന്നു സിറ്റി പൊലീസ് കമ്മീഷണർ ഡോ.പി.എസ്. ഹർഷ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലും ബുധനാഴ്ചയുമായി മംഗളൂരുവിൽ ശക്തമായ പ്രതിഷേധപരിപാടികൾ നടന്നിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.

കേരളത്തിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിലടി: പഠിപ്പ് മുടക്ക്

തൃശൂർ കേരളവർമ്മ കോളേജിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് എബിവിപി നടത്തിയ ക്യാംപെയ്‌നു നേരെ എസ്എഫ്‌ഐ അക്രമത്തിൽ എ.ബി.വി പി പ്രവര്ഡത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും എ.ബി.വി.പി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. അതേ സമയം പൗരത്വ നിയമഭേദഗതിക്ക് എതിരെ മമ്പ്രറം ഇന്ദിരാഗാന്ധി കോളജിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് നേർക്ക് എബിവിപി ആക്രമണം അയിച്ചുവിട്ടു. വിദ്യാർത്ഥികൾക്ക് നേരെ സോഡാകുപ്പികൾ വലിച്ചെറിഞ്ഞു. സമീപത്തെ കടകളിൽ സാധങ്ങൾ ഉപയോഗിച്ചും ആക്രമണമുണ്ടായി. വിദ്യാർത്ഥികളെ മർദിക്കാൻ ഇറങ്ങിയവരെ പൊലീസെത്തി വിരട്ടിയോടിച്ചു.

ബില്ലിനെതിരെ കോഴിക്കോട് കോർപ്പറേഷനിൽ പ്രമേയം

കോഴിക്കോട്: പൗരത്വ ബില്ലിനെതിരേ കോഴിക്കോട് കോർപ്പറേഷൻ പ്രമേയം പാസാക്കി. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.അതേസമയം ബിജെപി അംഗങ്ങൾ പ്രമേയത്തെ ശക്തമായി എതിർത്തു. പ്രമേയം കീറിയെറിഞ്ഞ് പ്രതിഷേധിച്ച ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP