Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞ് അശ്വിനായി സഹപാഠികൾ ഒത്തുചേർന്ന് മന്ത്രിയമ്മയ്ക്ക് കത്തെഴുതിയത് വെറുതെയായില്ല; ശാരീരിക അസ്വസ്ഥത നേരിടുന്ന മൂന്നാംക്ലാസുകരന്റെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിയുടെ ഇടപെടൽ; അശ്വിനെ കാണാൻ മന്ത്രി കെ കെ ശൈലജ അയച്ചത് സാമൂഹ്യ സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടറെ; അശ്വിന്റെ ചികിത്സ വി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തെന്ന് ഡോ. ഡയാന; മന്ത്രിയമ്മക്ക് നന്ദി പറയാൻ തിരുവനന്തപുരത്തേക്ക് പോകാൻ തയ്യാറെടുത്ത് മൂന്നാം ക്‌ളാസ് വിദ്യാർത്ഥികളും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശാരീരിക അസസ്ഥത മൂലം ബുദ്ധിമുട്ട് അനുവദിക്കുന്ന അശ്വിനായ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ. പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽ.പിഎസിലെ ഒരു കൂ്ട്ടം സഹപാഠികളുടെ ഇടപെടലാണ് ്അശ്വിനായി അടിയന്തര സഹായമെത്തിക്കാൻ കാരണമായത്. കഴിഞ്ഞ ദിവസം ആരോഗ്.മന്ത്പി കെ,കെ ശൈലജയ്ക്ക് കുട്ടികൾ അശ്വിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രിയമ്മ കുട്ടികളുടെ അഭ്യർത്ഥന കേട്ടു.

അശ്വിനെ കണ്ട് കാര്യങ്ങൾ അന്വേഷിക്കാൻ സാമൂഹ്യ സുരക്ഷ മിഷൻ റീജിയണൽ ഡയറക്ടർ ഡോ. ഡയാന സി.ജി യെ നേരിട്ടയച്ചു. സാമൂഹ്യ സുരക്ഷാ മിഷന്റെ വീ കെയർ പ്രോജക്ടിലെ സെബിനൊപ്പം പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപിഎസിലെത്തി പ്രഥമാധ്യാപിക മേഴ്‌സിയും ബിആർസിയിൽ നിന്നും അശ്വിന് പരിശീലനം നൽകാനെത്തുന്ന ശ്രീലത ടീച്ചറിനുമൊപ്പം അശ്വിന്റെ വീട്ടിലേക്ക്. തനിയെ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത ആ ഒമ്പത് വയസുകാരനെ നേരിട്ട് കണ്ട് കാര്യങ്ങൾ മനസിലാക്കി. അശ്വിന്റെ മുഴുവൻ ചികിത്സ ചെലവും വി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യ സുരക്ഷാ മിഷൻ ഏറ്റെടുക്കുന്നതായി അറിയിച്ചു.

കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട സർക്കാർ എൽപിഎസിൽ സെറിബ്രൽ പാൾസി ബാധിച്ച മൂന്നാം ക്‌ളാസുകാരനെ ? സഹപാഠികൾ ആരോഗ്യ- ശിശുക്ഷേമ വകുപ്പ്മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്തെഴുതിയത് മറുനാടൻ മലയാളിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. കത്ത് കയ്യിൽ കിട്ടിയതോടെ മന്തി കെ കെ ശൈലജ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കത്ത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ മന്ത്രി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ഡോ. ഡയാന നേരിട്ട് സ്‌കൂളിൽ എത്തിയത്. അശ്വിന്റെ എല്ലാ പ്രശ്‌നങ്ങളും ഡോ. ഡയാന ചോദിച്ചറിഞ്ഞു. അശ്വിനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാമൂഹ്യ ക്ഷേമ വകുപ്പ് ഒപ്പമുണ്ടാകും എന്ന് ഉറപ്പ് നൽകി. സർജറി വേണ്ടിവന്നാൽ അതിനുൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകുമെന്നും ഡോ. ഡയാന അറിയിച്ചു.

 

അശ്വിന് രക്ഷയായത് ചങ്ങാതിക്കൂട്ടം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയാണ് അശ്വിനെ പുറംലോകം അറിയാൻ ഇടയാക്കിയത്. ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥികൾ അശ്വിന്റെ വീട്ടിലെത്തിയത്. തങ്ങളുടെ പ്രായമുള്ള കുട്ടിക്ക് രണ്ടു വയസുകാരന്റെ വളർച്ച പോലുമില്ല എന്നത് ആ കുഞ്ഞുങ്ങളെ വിഷമിപ്പിച്ചു. അശ്വിനെ ചികിത്സിപ്പിക്കണം എന്നവർ അദ്ധ്യാപകരോടും രക്ഷകർത്താക്കളോടും ആവർത്തിച്ച് ആവശ്യപ്പെട്ടു. തങ്ങളുടെ കൂട്ടുകാരന് ചികിത്സ ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതി.

കുട്ടികൾ മന്ത്രിക്കെഴുതിയ കത്ത്..

'സ്‌നേഹം നിറഞ്ഞ മന്ത്രിയമ്മേ,

ഞങ്ങൾ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. ഞങ്ങളുടെ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയായ അശ്വിൻ മധുവിന് (S/O മധു, തീണ്ടാത്തറയിൽ, ഐത്തോട്ടുവ, പടിഞ്ഞാറെ കല്ലട) എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ വർത്തമാനം പറയുവാനോ കഴിയില്ല. രണ്ടു വയസുകാരന്റെ വളർച്ച മാത്രമാണ് അവനുള്ളത്. ജനിച്ചപ്പോൾ താഴെ വീണത് മൂലമാണ് അവൻ ഇങ്ങനെയായത് എന്നും നല്ല ചികിത്സ നൽകിയാൽ അവൻ പഴയപടി ആകുമെന്നുമാണ് എന്റെ ടീച്ചറും അശ്വിന്റെ അമ്മയും പറയുന്നത്. പക്ഷേ മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള കഴിവ് അവന്റെ അച്ഛനും അമ്മക്കുമില്ല. പല കുട്ടികളെയും മന്ത്രിയമ്മ നല്ല ചികിത്സ നൽകി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ അശ്വിനെ ഞങ്ങളെ പോലെ ഒപ്പം വേണം.

അടുത്ത വർഷമെങ്കിലും അവനും ഞങ്ങളോടൊപ്പം ഇരുന്ന് അവൻ പഠിക്കണം. ഞങ്ങൾക്കൊപ്പം അസംബ്ലിയിൽ നിൽക്കണം. സ്‌കൂൾ മുറ്റത്ത് അവനും ഓടിക്കളിക്കണം. ചികിത്സക്കാവശ്യമായ പൈസ ഞങ്ങളും കൂടി ഒപ്പിക്കാം. ഏറ്റവും നല്ല ചികിത്സ കിട്ടാൻ ഞങ്ങളെ മന്ത്രിയമ്മ സഹായിക്കണം. ഒത്തിരി ഇഷ്ടത്തോടെ വിദ്യാർത്ഥികൾ
മൂന്നാം ക്ലാസ്
ഗവ.എൽപിഎസ്
പടിഞ്ഞാറെ കല്ലട'

കത്ത് കണ്ടതോടെ വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടു. മന്ത്രിയോഫീസിൽ നിന്നും സ്‌കൂളിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഒപ്പം സാമൂഹ്യ സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടറെ കുഞ്ഞിനെ നേരിട്ട് കാണാൻ ചുമതലപ്പെടുത്തി. മന്ത്രിയമ്മയെ കുട്ടികൾ നേരിട്ട് കാണും.. നന്ദി പറയാൻ

ഘട്ടം ഘട്ടമായി അശ്വിനെ സാധാരണ ജീവിതത്തിന്റെ ചില ഇടങ്ങളിലേക്കെങ്കിലും എത്തിക്കാനാകും എന്ന് ഡോ. ഡയാന പറഞ്ഞു.അതിന് നീണ്ട തുടർ ചികിത്സകൾ ആവശ്യമാണ്. ഒപ്പം കുഞ്ഞിന് വിവിധ ഉപകരണങ്ങളും ലഭ്യമാക്കും. ക്ഷമയോടെയുള്ള ദീർഘകാല ചികിത്സ വേണം. അതിനുള്ള മുഴുവൻ ചെലവും സുരക്ഷാ മിഷൻ നൽകും.

ഇത്രയും അറിഞ്ഞതോടെ തങ്ങളുടെ മന്ത്രിയമ്മയോട് നന്ദി പറയാൻ തയ്യാറെടുക്കുകയാണ് കുട്ടികൾ. അശ്വിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോൾ തങ്ങളും ഒപ്പം പോകും. തങ്ങളുടെ മന്ത്രിയമ്മയെ നേരിട്ട് കാണാൻ. ആ വലിയ മനസിന് നന്ദി പറയാൻ. തങ്ങളുടെ കൂട്ടുകാരൻ ജീവിതത്തിലേക്ക് തലയുയർത്തി നടക്കുന്നത് വരെ തണലായി ഒപ്പമുണ്ടാകണം എന്ന് അഭ്യർത്ഥിക്കാനും.

വഴിയില്ല; കുടിവെള്ളമില്ല

പഞ്ചായത്ത് നൽകിയ ചെറിയ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. കാലങ്ങളായി നടന്ന് വന്നിരുന്ന വഴി അയലത്തെ രണ്ട് വ്യക്തികൾ ചേർന്ന് അടച്ച അവസ്ഥയിലാണ്. വഴി ഇല്ലാത്തതിനാൽ കുടിവെള്ള കണക്ഷനും ഇല്ല. പൊതു ടാപ്പാണാങ്കിൽ അടുത്തെങ്ങുമില്ല. വയ്യാത്ത കുഞ്ഞിനെ ഒറ്റയ്ക്ക് വീട്ടിലിരുത്തി അത്രയും ദൂരം പോയി വെള്ളം എടുക്കാനാവില്ലല്ലോ. മധു ഒരു കിണർ കുഴിച്ചു. ഓരുവെള്ളം. നല്ലവെള്ളമല്ലെങ്കിലും പലപ്പോഴും ഗതികേട് കൊണ്ട് ഈ വെള്ളമാണ് ഈ കുടുംബം ഉപയോഗിക്കുന്നത്. രാത്രിയിലാണ് ഏറെ ദുരിതം. കുഞ്ഞുങ്ങളിൽ ആർക്കെങ്കിലും അസുഖം വന്നാൽ വാഹനം എത്തുന്ന പൊതുവഴിയിലേക്കെത്താൻ പോലും നന്നേ ബുദ്ധിമുട്ടുകയാണ് ഇവർ.

സഹപാഠിയെ കാണാൻ കുട്ടികൾ എത്തുന്നു

ശാരീരിക അവശത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ അശ്വിൻ മധുവിന്റെ വീട്ടിൽ എത്തിയത്. തങ്ങളുടെ പ്രായമുള്ള കുട്ടിയെ കണ്ട് ഇവർ വിഷമിച്ചു. പിന്നീട് ഈ കുരുന്നുകളുടെ ചർച്ചകൾ ഇവന്റെ ചികിത്സയെ കുറിച്ചായി. അങ്ങനെയാണ് ആരോഗ്യമന്ത്രിക്ക് കത്തെഴുതാം എന്ന് ഇവർ തീരുമാനിച്ചത്.

മെച്ചപ്പെട്ട ചികിത്സ കിട്ടാൻ മന്ത്രി ഇടപെട്ടാൽ നടക്കും എന്നാണ് ഇവർ പറയുന്നത്. പണം കണ്ടെത്താനും ഇവർ വഴി കണ്ടുപിടിച്ചു. വീട്ടിൽ നിന്നും എന്നും ഒരു രൂപ വീതം വാങ്ങി സൂക്ഷിക്കുക. ഈ ഒറ്റ രൂപ നാണയങ്ങൾ കൊണ്ട് തങ്ങളുടെ കൂട്ടുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനാകും എന്നാണ് ഇവർ കരുതുന്നത്.

കാണുന്നവരോടും കടകളിലും എല്ലാം ഈ കുട്ടികൾ ഇപ്പോൾ പറയുന്നത് തങ്ങളുടെ കൂട്ടുകാരനെ കുറിച്ചാണ്. അവനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഒരുരൂപ നാണയം മാറ്റി വെക്കണം എന്നാണ്. അശ്വിനെ കുറിച്ച് പലരും അറിയുന്നത് തന്നെ ഈ കുട്ടികൾ പറഞ്ഞാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP