Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏകാശ്രയം നഷ്ടപ്പെട്ടവർക്ക് കൈതാങ്ങാകാൻ 'അതിജീവിക'; 50 വയസിൽ താഴെയുള്ള അനാരോഗ്യം നിമിത്തം ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് അപേക്ഷിക്കാം; ഒരു കുടുംബത്തിന് 50,000 രൂപ വരെ ആശ്വാസം നൽകുന്ന പദ്ധതിയുമായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

ഏകാശ്രയം നഷ്ടപ്പെട്ടവർക്ക് കൈതാങ്ങാകാൻ 'അതിജീവിക'; 50 വയസിൽ താഴെയുള്ള അനാരോഗ്യം നിമിത്തം ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് അപേക്ഷിക്കാം; ഒരു കുടുംബത്തിന് 50,000 രൂപ വരെ ആശ്വാസം നൽകുന്ന പദ്ധതിയുമായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളിൽ ഗൃഹനാഥൻ ഗുരുതരമായ അസുഖത്താൽ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോൾ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാൻ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച 'അതിജീവിക' പദ്ധതിയിലേക്ക് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിമൺ പ്രൊട്ടക്ഷൻ ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശു വികസന പദ്ധതി ഓഫീസർ, സൂപ്പർവൈസർ എന്നിവർ അപേക്ഷ സ്വീകരിക്കുന്നതാണ്. ഇവ ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് കൈമാറും. ലഭ്യമായ അപേക്ഷകളിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ വിശദമായ അന്വഷണം നടത്തി ദുരിതമനുഭവിക്കുന്നവരാണെന്ന് ഉറപ്പാക്കി റിപ്പോർട്ട് തയ്യാറാക്കുന്നു. ജില്ലാതല മോണിറ്ററിങ് കമ്മിറ്റി കൂടി ഈ അപേക്ഷകൾ പരിഗണിച്ചാണ് ധന സഹായത്തിന് വനിത ശിശു വികസന ഡയറക്ടർക്ക് ശുപാർശ ചെയ്യുന്നത്. സംസ്ഥാനതല സമിതിയുടെ അംഗീകാരത്തിന് വിധേയമായാണ് ധനസഹായം അനുവദിക്കുന്നത്.

ഭർത്താവിന്റെ അല്ലെങ്കിൽ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്ക് 50,000 രൂപ വരെ ഒറ്റത്തവണ സഹായം നൽകുന്നതിനാണ് അതിജീവിക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സ്ത്രീകളുടെ ചുമതലയിലാകുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി വർദ്ധിച്ചു വരുന്നതായാണ് അങ്കണവാടികൾ മുഖേന നടത്തുന്ന കുടുംബ സർവേ പ്രകാരം സൂചിപ്പിക്കുന്നത്. പെട്ടന്നുണ്ടാകുന്ന സാഹചര്യങ്ങളിൽ സ്ഥിരവരുമാനം ഇല്ലാതാകുന്നതോടെ നിത്യചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകൾക്കും മറ്റും മാർഗമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ സംജാതമാകുന്നു. ബാങ്ക് ലോണെടുത്തും മറ്റും നിർമ്മിച്ച വീടുകളുടെ തിരിച്ചടവ്, ഭർത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി എടുത്ത ലോൺ തിരിച്ചടവ് എന്നിവ മുടങ്ങുന്നത് കാരണം ഈ കുടുംബങ്ങൾ ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. ഇത് പലപ്പോഴും കൂട്ട ആത്മഹത്യയിലേയ്ക്ക് എത്തിച്ചേരുന്ന സന്ദർഭങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ഈ പദ്ധതിക്ക് രൂപം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

ഗുണഭോക്താക്കൾ

50 വയസിൽ താഴെയുള്ള അനാരോഗ്യം നിമിത്തം ജോലി ചെയ്യാൻ സാധിക്കാത്തവരെയാണ് ഈ സ്‌കീമിൽ പരിഗണിക്കുക. ഭർത്താവ്, കുട്ടികൾ, കുടുംബനാഥ എന്നിവർ രോഗബാധിതരായി കിടപ്പു രോഗിയുള്ള കുടുംബം, പ്രകൃതി ദുരന്തത്താലോ, മനുഷ്യ വിപത്തിനാലോ വീട് നഷ്ടപ്പെട്ട് നാശം സംഭവിച്ച് വാടകയ്ക്ക് താമസിക്കാൻ കഴിയാതെ ബുദ്ധിമിട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കട ബാധ്യത മൂലം കുടുംബനാഥ ജപ്തി ഭീഷണി നേരിടുന്ന കുടുംബം, ഭർത്താവിന്റെ അസുഖം/വിയോഗം മൂലം മക്കളുടെ പഠനത്തിന് ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബനാഥയായ കുടുംബം, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകൾ (വിധവകളെ കൂടാതെ അവിവാഹിതർ, ഭർത്താവ് ഉപേക്ഷിച്ചവർ വിവാഹ മോചിതർ) എന്നിവരാണ് ഗുണഭോക്താക്കൾ.

അർഹത മാനദണ്ഡം

അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ താഴെയായിരിക്കണം. അപേക്ഷകർക്ക് പ്രായ പൂർത്തിയായ തൊഴിൽ ചെയ്യുന്ന മക്കൾ ഉണ്ടായിരിക്കരുത്.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ

നിശ്ചിത ഫോമിനോടൊപ്പം തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, സർക്കാർ തലത്തിൽ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി) ലഭിച്ചിട്ടില്ലായെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, നിലവിലെ ജീവിതാവസ്ഥ സംബന്ധിച്ച് വെള്ള പേപ്പറിൽ തയ്യാറാക്കിയ റിപ്പോർട്ട്, വയസ് തെളിയിക്കുന്ന രേഖ എന്നിവയും ഹാജരാക്കേണ്ടതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP