Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്ലിഫ് ഹൗസിലെ ഉപയോഗ ശൂന്യമായ നീന്തൽകുളം നവീകരിക്കാൻ ഖജനാവിൽ നിന്നും പൊടിച്ചത് 26 ലക്ഷം രൂപ! നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തത് സിപിഎം നിയന്ത്രിക്കുന്ന ഊരാളുങ്കൽ ലേബർ സഹകരണ സംഘത്തിനും; കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചികിത്സയുടെ ഭാഗമായി പണിത നീന്തൽക്കുളം പിന്നീട് മുഖ്യമന്ത്രിയായ ഇ കെ നായനാർ ഉപയോഗിച്ചത് പട്ടിയെ കുളിപ്പിക്കാൻ; ആർക്കും വേണ്ടാതെ ഉപയോഗ ശൂന്യമായിക്കിടന്ന നീന്തൽക്കുളം നവീകരിച്ചതും ഊരാളുങ്കലിലേക്ക് പണമൊഴുക്കാനോ?

ക്ലിഫ് ഹൗസിലെ ഉപയോഗ ശൂന്യമായ നീന്തൽകുളം നവീകരിക്കാൻ ഖജനാവിൽ നിന്നും പൊടിച്ചത് 26 ലക്ഷം രൂപ! നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തത് സിപിഎം നിയന്ത്രിക്കുന്ന ഊരാളുങ്കൽ ലേബർ സഹകരണ സംഘത്തിനും; കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചികിത്സയുടെ ഭാഗമായി പണിത നീന്തൽക്കുളം പിന്നീട് മുഖ്യമന്ത്രിയായ ഇ കെ നായനാർ ഉപയോഗിച്ചത് പട്ടിയെ കുളിപ്പിക്കാൻ; ആർക്കും വേണ്ടാതെ ഉപയോഗ ശൂന്യമായിക്കിടന്ന നീന്തൽക്കുളം നവീകരിച്ചതും ഊരാളുങ്കലിലേക്ക് പണമൊഴുക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം ഊരാളുങ്കൽ ലേബർ സഹകരണ സംഘത്തിന് ടെണ്ടറില്ലാതെ കരാർ ഇഷ്ടം പോലെ കൊടുക്കുകയായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തിന് വേണ്ടി സർക്കാർ നിയമം തെറ്റിക്കുന്നു എന്നതായിരുന്നു പ്രതിപക്ഷ ആരോപണം. ഇപ്പോഴിതാ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ക്ലിഫ് ഹൗസിൽ ഉപയോഗശൂന്യമായ നീന്തൽക്കുളം നവീകരിക്കാൻ വേണ്ടി ധൂർത്തു നടത്തിയത്. 26 ലക്ഷം രൂപയാണ് നീന്തൽക്കുളം നവീകരിക്കാൻ വേണ്ടി മുടക്കിയത്.

സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന സർക്കാർ കുളം നവീകരണത്തിനായി ഖജനാവിലെ പണം ധൂർത്തടിക്കുകയാണെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഉപയോഗ ശൂന്യമായതിനാൽ സാധാരണ നിലയിലുള്ള നവീകരണ ജോലികളാണ് നടത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം. ടൂറിസം വകുപ്പാണ് പ്രവർത്തികളുടെ മേൽനോട്ടം നിർവഹിച്ചത്. നീന്തൽകുളത്തിലെ നവീകരണ പ്രവൃത്തികൾക്ക് മാത്രമായി പതിനെട്ട് ലക്ഷം രൂപ അനുവദിച്ചു. അനുബന്ധ ജോലികൾക്കായി 8 ലക്ഷവും അനുവദിച്ചു. 26 ലക്ഷം രൂപയാണ് ആകെ പദ്ധതി തുക.

സിപിഐഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ സഹകരണ സംഘത്തിനാണ് കരാർ നൽകിയത്. പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതെങ്കിലും പ്രവൃത്തികളുടെ മേൽനോട്ടം ടൂറിസം വകുപ്പിനാണ് നൽകിയത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസ് വളപ്പിൽ നീന്തൽക്കുളം നിർമ്മിച്ചത്. നിർമ്മാണഘട്ടത്തിൽ കുളം വൻ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.

കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വാഹന അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. കേരളത്തിലെ ചികിത്സക്ക് ശേഷം അദ്ദേഹം അമേരിക്കയിലേക്ക് പോകുകയായിരുന്നു. മാസങ്ങളോളം കരുണാകരൻ അവിടെ ചികിത്സ നേരിടേണ്ടിവന്നു. അതിന് ശേഷമാണ് ക്ലിഫ്ഹൗസിൽ ചികിത്സയുടെ ഭാഗമായി നീന്തൽക്കുളം പണിതത്. എന്നാൽ, കരുണാകരന് അധികനാൾ അത് ഉപയോഗിക്കേണ്ടി വന്നില്ല. ചാരക്കേസും വന്നതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായി. അദ്ദേഹം ഈ നീന്തൽക്കുളം ഉപയോഗിക്കുകയും ചെയ്തില്ല. പിന്നീട് വന്ന മുഖ്യമന്ത്രി ഇ.കെ.നായനാർ ആ നീന്തൽക്കുളം പട്ടിയെ കുളിപ്പിക്കാനാണ് ഉപയോഗിച്ചത്. ഉമ്മൻ ചാണ്ടിയും വിഎസും ഒക്കെ മുഖ്യമന്ത്രി ആയപ്പോഴും ഈ നീന്തൽക്കുളം ഉപയോഗിച്ചിരുന്നില്ല.

അതിന് ശേഷം ഇപ്പോഴാണ് നീന്തൽക്കുളം നവീകരിക്കാൻ വേണ്ടി പണം ചെലവാക്കുന്നത്. ഈ നവീകരണം നടത്തുന്നത് ഊരാളുങ്കലിലേക്ക് പണം ഒഴിക്കാൻ വേണ്ടിയാണോ എന്ന ആക്ഷേപം ഉയരുന്നുണ്ട്. അടുത്തകാലത്ത് നവോത്ഥാനത്തിന്റെ പേരിൽ അടക്കം ഇടതു സർക്കാർ വൻ ധൂർത്താണ് നടത്തിയത്. ഈ വർഷം ഇതാ നവോത്ഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയങ്ങൾ കെട്ടിപ്പൊക്കാനുള്ള പുറപ്പാടിലുമാണ്. തിനായി 700 കോടി രൂപയാണ് കിഫ്ബി വഴി വകയിരുത്തിയിരിക്കുന്ന വിവരവും പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് ശേഷം എസ്എഫ്‌ഐക്കാർക്ക് വിദേശയാത്രയ്ക്ക് അവസരമൊരുക്കിയിരുന്നു ഇടതു സർക്കാർ. ഉപദേഷ്ടാവിനെ നിയമിക്കൽ, പുതിയ തസ്തികകൾ സൃഷ്ടിക്കൽ, മന്ത്രിമാരുടെ വിദേശയാത്ര തുടങ്ങി ഒന്നിനുപിറകെ ഒന്നായി വന്ന സർക്കാർ ധൂർത്തിനെതിരെ വ്യാപക പ്രതിഷേം ഉയരുന്ന സാഹചര്യത്തിലാണ് എസ്എഫ്‌ഐക്കാരെ ലണ്ടനിലേക്ക് അയയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനവും. 66 സർക്കാർ കോളേജുകളിലെയും ഒമ്പത് സർവകലാശാലകളിലെയും 75 യൂണിയൻ ചെയർമാന്മാരെയാണ് കാർഡിഫ് സർവകലാശാലയിൽ നേതൃത്വ പരിശീലനത്തിനായി അയയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പാസ്‌പോർട്ട് വിവരമടക്കം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ളെയർ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇൻഡെക്ഷൻ പരിശീലനമെന്ന നിലയ്ക്കാണ് വിദേശയാത്ര. ഉന്നത വിദ്യാഭ്യാസമന്ത്രി പദ്ധതിയെക്കുറിച്ച് സൂചന നൽകിയപ്പോൾ തന്നെ വിവാദമായിരുന്നു. സാധാരണക്കാരുടെ പോക്കറ്റ് കീറുമ്പോഴാണ് സർക്കാർ മറുഭാഗത്തുകൂടി ധൂർത്ത് നടത്തുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താൻ രാജ്യത്ത് തന്നെ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് സർക്കാർ എസ്എഫ്‌ഐ നേതാക്കളെ വിദേശത്തേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP