Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അകലക്കുന്നം പഞ്ചായത്തിൽ 'ഗോളടിച്ച്' ജോസ് കെ മാണി; രണ്ടില ചിഹ്നത്തിൽ പി ജെ ജോസഫ് നിർത്തിയ സ്ഥാനാർത്ഥിയെ മലർത്തി അടിച്ച് വിജയിച്ചത് ഫുട്‌ബോൾ ചിഹ്നത്തിൽ മത്സരിച്ച ജോസിന്റെ സ്ഥാനാർത്ഥി; കാസർകോട്ടെ ലീഗിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ഇടതുമുന്നണി; തലശ്ശേരിയിൽ ബിജെപിക്ക് പ്രഹരമേൽപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

അകലക്കുന്നം പഞ്ചായത്തിൽ 'ഗോളടിച്ച്' ജോസ് കെ മാണി; രണ്ടില ചിഹ്നത്തിൽ പി ജെ ജോസഫ് നിർത്തിയ സ്ഥാനാർത്ഥിയെ മലർത്തി അടിച്ച് വിജയിച്ചത് ഫുട്‌ബോൾ ചിഹ്നത്തിൽ മത്സരിച്ച ജോസിന്റെ സ്ഥാനാർത്ഥി; കാസർകോട്ടെ ലീഗിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ഇടതുമുന്നണി; തലശ്ശേരിയിൽ ബിജെപിക്ക് പ്രഹരമേൽപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരവേ കേരളാ കോൺഗ്രസ് വടംവലിയിൽ അപ്രതീക്ഷിത നേട്ടവുമായി ജോസ് കെ മാാണി. കേരള കോൺഗ്രസ് എമ്മിൽ ജോസഫ്- ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പേര് തുടരുന്നതിനിടെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ജോസ്.കെ മാണി പക്ഷത്തിന് വിജയം. പി.ജെ ജോസഫ് ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ മത്സരിപ്പിച്ച സ്ഥാനാർത്ഥിയെ തോൽപിച്ചാണ് ജോസ്.കെ മാണി വിഭാഗം വിജയം നേടിയത്. അകലക്കുന്നം പഞ്ചായത്തിലെ ആറാം വാർഡിൽ ജോസ്.കെ മാണിയുടെ സ്ഥാനാർത്ഥി ജോർജ് മൈലാടി 63 വോട്ടിന് വിജയിച്ചത്. ജോസഫ് പക്ഷത്തെ ബിബിൻ തോമസിനെയാണ് ജോർജ് പരാജയപ്പെടുത്തിയത്.

320 വോട്ട് ജോർജ് തോമസ് മൈലാടിക്കും ബിബിൻ തോമസിന് 257 വോട്ടുമാണ് ലഭിച്ചത്. ഫുട്ബോൾ ചിഹ്നമായിരുന്നു ജോർജ് തോമസിന്. അതേസമയം സിപിഎം സ്ഥാനാർത്ഥിക്ക് 29 വോട്ടും ബിജെപിക്ക് 15 വോട്ടും മാത്രമെ നേടാനായുള്ളൂ. അതേസമയം സിപിഎം സ്ഥാനാർത്ഥിക്ക് 29 വോട്ടും ബിജെപിക്ക് 15 വോട്ടും മാത്രമെ നേടാനായുള്ളൂ. ഇരുവിഭാഗത്തിന് വേണ്ടിയും പ്രചാരണത്തിനിറങ്ങാതെ കോൺഗ്രസ് മന:സാക്ഷി വോട്ടിന് ആഹ്വാനം ചെയ്തു. ജോസഫ് വിഭാഗത്തിൽ ബിപിൻ ആനിക്കൽ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.

കാസർഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എൽഡിഎഫിന് യുഡിഎഫ് വാർഡുകളിൽ അട്ടിമറി വിജയം നേടാനായി. കാസർകോട് മുനിസിപ്പാലിറ്റിയിൽ ഹൊന്നമൂല വാർഡ് ലീഗിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്വതന്ത്രൻ കംപ്യുട്ടർ മൊയ്തിനാആണ് വിജയി. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ എം അബ്ദുൾ റഹിമാൻ ക്രിക്കറ്റ് അസോസിയേഷൻ ട്രഷർ ആയപ്പോൾ രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്..അബ്ദുൾ മുനീർ ആയിരുന്നു ലീഗ് സ്ഥാനാർത്ഥി.

പത്തനംതിട്ടയിൽ കടപ്ര പഞ്ചായത്ത് ഷുഗർ ഫാക്ടറി രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ നിർമല (സിപിഐ എം സ്വതന്ത്ര) അട്ടിമറി വിജയം നേടി വിജയിച്ചു. പട്ടികജാതി വനിതാ സംവരണ വാർഡ് ആയ ഇവിടെ കേരള കോൺ ഗ്രസ് പ്രതിനിധി പ്രസന്നകുമാരി യുഡിഎഫിലെ തമ്മിലടി കാരണം രാജി വയ്ക്കുകയായിരുന്നു. ടി കെ ഉഷ യായിരുന്നു യു ഡി എഫ് (കേരള കോൺഗ്രസ് ജോസ് ) സ്ഥാനാർത്ഥി.. ബിജെപിക്ക് സ്ഥാനാർത്ഥി ഉണ്ടായില്ല.

കോന്നി പഞ്ചായത്ത് എലിയറയ്ക്കൽ വാർഡിൽ ലീലാമണി (യു ഡി എഫ്) 56 വോട്ടിനു വിജയിച്ചു. രാജി എസ് മണ്ണിൽ (എൽഡിഎഫ്) ,സുജാ ബായി ( ബിജെപി ) എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ. സിപിഐ എം ലെ ബീനാ ജി നായരുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

ആലപ്പുഴ ജില്ലയിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 17 കരുവറ്റും കുഴിയിൽ യുഡിഎഫിന്റെ വാർഡ് എൽ ഡി എഫ് പിടിച്ചെടുത്തു. സിപിഐ എം ലെ കെ ബി പ്രശാന്താണ് വിജയം.പരാജയപ്പെടുത്തിയത് .കോൺഗ്രസ്സ് സ്ഥാനാർത്ഥി ബിജി സുനിലിനെ.കഴിഞ്ഞ തവണ യുഡിഎഫ് ലെ പി ഡി സുനിൽ മൂന്ന് വോട്ടിന് വിജയിച്ച വാർഡാണിത്. സുനിലിന്റെ ഭാര്യയാണ് യു ഡി എഫ് സ്ഥാനാർത്ഥി.

ആലപ്പുഴ ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 12 കുമ്പിളിശ്ശേരിയിൽ സുധാ രാജീവ് ( യുഡിഎഫ് ) വിജയിച്ചു. ഇന്ദിരാഭായി (എൽഡിഎഫ്--സിപിഐ എം)യെയാണ് പരാജയപ്പെടുത്തിയത് .യുഡിഎഫിലെ രാജീവ് 44 വോട്ടിന് ജയിച്ച വാർഡ്, രാജീവിന്റെ മരണത്തെ തുടർന്ന് ഭാര്യ സുധയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. പഞ്ചായത്ത് കക്ഷി നില എൽഡിഎഫ് 7, , യുഡിഎഫ് 6, യുഡിഎഫ് സ്വത.1, ബിജെപി -1, നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണമാണിവിടെ.

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് (ഹൈസ്‌കൂൾ വാർഡ്) എൽഡിഎഫ് സ്ഥാനാർത്ഥി ഒ കെ ബഷീർ(സിപിഐഎം) വിജയിച്ചു. . യുഡിഎഫ് സ്ഥാനാർത്ഥി എൻ എം ബഷീർ (കോൺഗ്രസ്), എസ്ഡിപിഐ സ്ഥാനാർത്ഥി ഷാജഹാൻ, ബിജെപിയിലെ ഇ കെ വിനോദ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്.സിപിഐഎമ്മിലെ വി എ രാജന്റെ വേർപാടാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് 16 ചതുർത്യാകരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബി മോഹനദാസ് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. ബിജെപി അംഗം കെ ജയകുമാറിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അനിൽ പൊന്നൻ വാടയിൽ എൽഡിഎഫ് (എൻസിപി), സജിതാ ജയകുമാർ (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.

പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിൽ എൽഡിഎഫും യുഡിഎഫും സീറ്റ് നിലനിർത്തി. എൽഡിഎഫിന്റെ സിറ്റിങ് വാർഡായ ഒറ്റപ്പാലം നഗരസഭ മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ആർ ശോഭന വിജയിച്ചു. 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് വിജയം. ബി സുജാത രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി സി ശ്രീലതയും ബിജെപിയിലെ പി സത്യഭാമയും മത്സര രംഗത്തുണ്ടായിരുന്നു..

ഷൊർണൂർ നഗരസഭ 11 വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ടി സീന വിജയിച്ചു.യുഡിഎഫ് അംഗം സി കെ സുനിൽകുമാർ മരണപ്പെട്ട ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പി അബ്ദുൾ റസാക്കായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപിയിലെ എം കെ ഷാജിയും മത്സരിച്ചു.

വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഫ് സ്ഥാനാർത്ഥി ബാലൻ മാവിലോട് 102 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.വിജയിച്ചു . വാർഡ് മെമ്പറായിരുന്ന എൽഡിഎഫിലെ കെ വി രാജൻ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. പട്ടികവർഗ സംവരണ സീറ്റാണ്. സുരേഷ് കോക്കുഴിയായിരുന്നു യുഡിഎഫ് സ്ഥനാർഥി. മഞ്ജു ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചു.

എൽഡിഎഫിനാണ് പഞ്ചായത്ത് ഭരണം. 13 അംഗ ബോർഡിൽ എൽഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങൾ വീതവും ബിജെപിക്ക് ഒരംഗവുമായിരുന്നു. ഒരാൾ രാജിവച്ചതോടെ എൽഡിഎഫ് അംഗസംഖ്യ അഞ്ചായി. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ഇരുമുന്നണികളും വീണ്ടും ഒപ്പത്തിനൊപ്പമായി.

കണ്ണൂരിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി പ്രമോദ് (സിപിഐ എം) വിജയിച്ചു. യുഡിഎഫിലെ വി വി ഉണ്ണികൃഷ്ണനാ(കോൺഗ്രസ്) യിരുന്നു എതിർ സ്ഥാനാർത്ഥി. സിപിഐ എമ്മിലെ പരത്തി ദാമോദരന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.ഭൂരിപക്ഷം 176. ആകെ പോൾ ചെയ്തത് 814 വോട്ട്.എൽഡിഎഫ് 495,യുഡിഎഫ് 31.

കണ്ണൂർ കോർപറേഷനിലെ എടക്കാട് ഡിവിഷനിൽ ടി പ്രശാന്ത്(സിപിഐ എം)വിജയിച്ചു. ഷിജു സതീഷ്(കോൺഗ്രസ്),അരുൺ ശ്രീധർ(ബിജെപി) എന്നിവരെയാണ് പരാജയപ്പെടുത്തിയത്. .സിപിഐ എമ്മിലെ ടി എം കുട്ടികൃഷ്ണന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വന്നത്. എൽഡിഎഫ്-- 27, യുഡിഎഫ്-- 27, സ്വതന്ത്രൻ-- 1 എന്നിങ്ങനെയായിരുന്നു കണ്ണൂർ കോർപറേഷനിലെ കക്ഷിനില. കുട്ടികൃഷ്ണന്റെ മരണത്തെ തുടർന്ന് എൽഡിഎഫ് അംഗസംഖ്യ 26 ആയി കുറഞ്ഞു. ഇതിനു പിന്നാലെ നേരത്തേ എൽഡിഎഫിനു പിന്തുണ നൽകിയിരുന്ന സ്വതന്ത്രൻ യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞതോടെ എൽഡിഎഫിനു ഭരണം നഷ്ടമായി.കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് നിലവിൽ മേയർ. തെരഞ്ഞെടുപ്പു ഫലം കോർപറേഷൻ ഭരണത്തെബാധിക്കില്ലെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതോടെ മുന്നണിയുടെ അംഗസംഖ്യ വീണ്ടും 27 ആയി.

തലശേരി നഗരസഭ ടെമ്പിൾവാർഡിൽ ബിജെപിക്ക് തിരിച്ചടി. സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ അജേഷിനെ മു്സ്ലിംലീഗിലെ എ കെ സക്കരിയ 63 വോട്ടിന് തോൽപ്പിച്ചു. ആകെ പൊൾ ചെയ്ത 1480 വോട്ടിൽ 663 വോട്ട് യുഡിഎഫിനും 600 വോട്ട് ബിജെപിക്കും ലഭിച്ചു. എൽഡിഎഫിലെ കെ വി അഹമ്മദ് 187 വോട്ടുമായി മൂന്നാമതെത്തി. മുസ്ലിംലീഗ് വിമതനായ സ്വതന്ത്രസ്ഥാനാർത്ഥി മുസ്താഖ് കല്ലേരി 30 വോട്ട് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപിയിലെ ഇ കെ ഗോപിനാഥ് ജയിച്ച വാർഡാണിത്. ഗോപിനാഥിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്

മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് മലയാറ്റൂർ നീലിശ്വരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് തോട്ടുവയിൽ എൽ ഡി എഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബിജു കണിയാൻകുടി (യുഡിഎഫ്) വിജയിച്ചു.എൽ ഡി എഫ് സ്ഥാനാത്ഥി കെ ജെ ജൈജുമോനാണ് പരാജയപ്പെട്ടത്. എൽഡിഎഫ് അംഗമായിരുന്ന മിനി സുരേന്ദ്രൻ ആഗസ്തിൽ ഗ്രാമസഭക്കിടെ കുഴഞ്ഞ് വീണ് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.

കാസർകോട് മുനിസിപ്പാലിറ്റിയിലെ തെരുവത്ത് വാർഡിൽ 175 വോട്ടിന് യുഡിഎഫിലെ ആർ റീത്ത വിജയിച്ചു. എൽ ഡി എഫിലെ എം ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. റീത്തയ്ക്ക് 321 വോട്ടും ബിന്ദുവിന് 146 വോട്ടും ലഭിച്ചു.

ബളാൽ പഞ്ചായത്തിൽ മലോത്ത് വാർഡിൽ കേരള കോൺഗ്രസിലെ (ജോസ്മോൻ വിഭാഗം ) ജോയ് മൈക്കിൾ വിജയിച്ചു.കേരള കോൺ.മാണി വിഭാഗം ജില്ല പ്രസിഡന്റ് പി വി മൈക്കിൾ മരിച്ചപ്പോൾ വന്ന ഒഴിവാണ്. മരിച്ച മൈക്കിളിന്റെ മകനാണ് ജോയ്. എൽഡിഎഫ് സ്വതന്ത്രൻ ജോർജ്കുട്ടി തോമസ് ആയിരുന്നു എതിർ സ്ഥാനാർത്ഥി. ചിഹ്നതർക്കം കാരണം യുഡിഎഫ് സ്ഥാനാർത്ഥി സ്വതന്ത്രനായാണ് മൽസരിച്ചത്.

കോഴിക്കോട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാർഡുകളിൽ നാലെണ്ണത്തിൽ എൽഡിഎഫിന് ജയം. ചോറോട് പഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി പി ചന്ദ്രശേഖരൻ 84 വോട്ടിന് ജയിച്ചു. പി പി ചന്ദ്രശേഖരൻ (എൽഡിഎഫ്)-- 728. അഖിൽ കൊളങ്ങാട്ട് താഴെ (യുഡിഎഫ്, ആർഎംപി)-- 644. ബാബു മണിയാറത്ത്(ബിജെപി) -- 20. കഴിഞ്ഞ തവണ 49 വോട്ടായിരുന്നു ഭൂരിപക്ഷം.

മണിയൂർ പഞ്ചായത്തിലെ പതിയാരക്കര നോർത്ത്, എടത്തുംകര വാർഡുകൾ എൽഡിഎഫ് നിലനിർത്തി. പതിയാരക്കര നോർത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ഷിജു 378 വോട്ടിന് ജയിച്ചു. പി ഷിജു(എൽഡിഎഫ്)-- 746, പി കെ ശ്രീധരൻ(യുഡിഎഫ്) -- 368, കഴിഞ്ഞ തവണ 423 വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്. എടത്തുംകര വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധു ചാത്തോത്ത് 286 വോട്ടിന് വിജയിച്ചു. സിന്ധു ചാത്തോത്ത്(എൽഡിഎഫ്)-- 726, ഷൈജ(യുഡിഎഫ്)-- 442, ഗിൽന ബിജു(ബിജെപി)-- 76. 217 വോട്ടിനായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫ് ജയം.

വില്യാപ്പള്ളി പഞ്ചായത്തിലെ കൂട്ടങ്ങാരം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി പത്മനാഭൻ 308 വോട്ടിന് വിജയിച്ചു. പി പത്മനാഭൻ(എൽഡിഎഫ്) -- 582, പി വാസുദേവൻ(യുഡിഎഫ്)-- 202, കെ സി വിനോദൻ(ബിജെപി) -- 274. കഴിഞ്ഞ തവണ എൽഡിഎഫ് ഭൂരിപക്ഷം 334 വോട്ടിനായിരുന്നു എൽഡിഎഫ് ജയം.

ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത് വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ജുനൈദ് ഒറവങ്കര 82 വോട്ടിന് വിജയിച്ചു. അഹമ്മദ് ജുനൈദ് ഒറവങ്കര(യുഡിഎഫ്)-- 665, കെ കെ അബ്ദുൾ ഗഫൂർ(എൽഡിഎഫ്) -- 583, എ പി ഷൈനി(ബിജെപി) -- 55. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്.

തൃശൂർ ജില്ലയിൽ മാടക്കത്തറ പൊങ്ങണംകാട് 16ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ കെ സത്യൻ വിജയിച്ചു.യുഡിഎഫ് സീറ്റ് നിലനിർത്തി. 233 വോട്ടാണ് ഭൂരിപക്ഷം.എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ മനോഹരൻ അമ്പഴപ്പുള്ളിയും ബിജെപി സ്ഥാാനർഥി അഭിലാഷ് കോന്നിപ്പറമ്പിലും ആയിരുന്നു. യുഡിഎഫിലെ ഒ എസ് രവീന്ദ്രൻ മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മുല്ലശേരി താണവീഥി എട്ടാം വാർഡിൽ ബിജെപിയിലെ പ്രവീൺ 20 വോട്ടിനു വിജയിച്ചു .സിപിഐയിലെ വിവേക് വെളിവാരത്ത് ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.. യുഡിഎഫിലെ ഷാജി ചീരോത്തും മത്സരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി 48 വോട്ടിന് വിജയിച്ചതാണ് . നിലവിലെ അംഗം രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

കോട്ടയം ജില്ലയിൽ മൂന്ന് വർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് വാർഡുകളിൽ ഓരോന്നു വീതം എൽഡിഎഫും യുഡിഎഫും നിലനിർത്തി. ഒന്നിൽ ബിജെപി വിജയിച്ചു. വൈക്കം നഗരസഭ വൈക്കം നഗരസഭ 21-ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി കെ ആർ രാജേഷ് 257 വോട്ടിന് വിജയിച്ചു.നിലവിൽ കോൺഗ്രസിന്റെതായിരുന്നു വാർഡ്. പ്രീത രാജേഷ് (കോൺഗ്രസ്സ്) ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. ഷാനി സുരേഷ് (സിപിഐ എം),എൽഡി എഫിൽ നിന്നും മത്സരിച്ചു. നിലവിൽ കോൺഗ്രസ്സ് വാർഡ്. അംഗത്തിന്റെ മരണമാണ് തെരെഞ്ഞെടുപ്പിന് ഇടയാക്കിയത്.

വിജയപുരം പഞ്ചായത്ത് നാൽപാമറ്റം വാർഡ് എൽഡിഎഫ് നിലനിർത്തി. ഉഷാ സോമൻ (സിപിഐ എം) 57 വോട്ടിന് വിജയിച്ചു.യുഡിഎഫിലെ രശ്മി എ നായർ (കോൺഗ്രസ്സ്) ബിജെപിയിലെ അഞ്ജലി മംഗലത്ത് എന്നിവരായിരുന്നു എതിരാളികൾ. സിപിഐ എം വാർഡ്. അംഗത്തിന്റെ മരണം തെരെഞ്ഞെടുപ്പിന് വഴിയൊരുക്കി.

സംസ്ഥാനത്താകെ 28 വാർഡകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എല്ലാ ഡിവിഷനുകളിലുമായി ആകെ 90 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത് കണ്ണൂർ കോർപറേഷനിലെ ഒരു വാർഡിലും വൈക്കം, ഷൊർണൂർ, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡിലും കാസർകോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 21 പഞ്ചായത്ത് വാർഡുകളിലുമായരുന്നു തെരഞ്ഞെടുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP