Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരമിക്കുന്നതിന്റെ തൊട്ടു തലേന്ന് സപ്ലൈകോ ഉദ്യോ​ഗസ്ഥയെ പിരിച്ചു വിട്ട നടപടി കോടതി റദ്ദാക്കി: വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിച്ച് ഉത്തരവ്: അനുകൂല തീരുമാനമുണ്ടായിരിക്കുന്നത് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം; 3 മാസത്തിനുള്ളിൽ പലിശ സഹിതം തുക നൽകാനും ഉത്തരവ്

വിരമിക്കുന്നതിന്റെ തൊട്ടു തലേന്ന് സപ്ലൈകോ ഉദ്യോ​ഗസ്ഥയെ പിരിച്ചു വിട്ട നടപടി കോടതി റദ്ദാക്കി: വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിച്ച് ഉത്തരവ്: അനുകൂല തീരുമാനമുണ്ടായിരിക്കുന്നത് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം; 3 മാസത്തിനുള്ളിൽ പലിശ സഹിതം തുക നൽകാനും ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സപ്ലൈകോ ഉദ്യോഗസ്ഥയെ പിരിച്ചുവിട്ട നടപടി കോടതി റദ്ദാക്കി. വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിച്ച് കോടതി ഉത്തരവ്. വിരമിക്കുന്നതിന് മുമ്പ് സപ്ലൈകോ സർവീസിൽ നിന്ന് ഉദ്യോഗസ്ഥയെ പിരിച്ചു വിട്ട നടപടിയാണ് റദ്ദാക്കിയത് . അനന്തരാവകാശികൾക്കു പൂർണ വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പിരിച്ചുവിട്ട് 11 വർഷത്തിനു ശേഷമാണ് അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്. അപ്പീൽ പരിഗണനയിലിരിക്കെ മരിച്ച മുണ്ടക്കയം പുഞ്ചവയൽ സ്വദേശി ജെ. കുമാരിക്കു വേണ്ടി കേസ് നടത്തിയ മകൻ സി.ജി. ഭാസ്കരൻ ഉൾപ്പെടെ 5 അനന്തരാവകാശികൾക്കു 3 മാസത്തിനുള്ളിൽ പലിശ സഹിതം തുക നൽകാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) മാവേലി സ്റ്റോറിലെ മാനേജർ ഇൻ ചാർജ് ആയിരുന്ന കുമാരിയെ 2008ൽ ആണ് പിരിച്ചുവിട്ടത്. ജാതിയുടെ പേരിൽ ബലിയാടാക്കിയെന്ന് ആരോപിച്ച് 8 വർഷത്തിനു ശേഷം അവർ സംസ്ഥാന പട്ടിക ജാതി, വർഗ കമ്മിഷനെ സമീപിച്ചു. പിഎഫ് ഉൾപ്പെടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനും സപ്ലൈകോ ഡയറക്ടർക്ക് അപ്പീൽ നൽകിയാൽ വൈകിയെന്നതു കണക്കിലെടുക്കാതെ പരിഗണിക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.

ഉത്തരവനുസരിച്ചു തുക നൽകിയിരുന്നു. എന്നാൽ, അപ്പീൽ പരിഗണിച്ച കോർപറേഷൻ 2017ൽ അതു തള്ളി. ക്രമക്കേട് ആരോപണത്തിൽ ഉൾപ്പെട്ട തുക ഈടാക്കാൻ നടപടി തുടങ്ങിയതും ചോദ്യം ചെയ്താണ് ഹർജി. ഏറെ വൈകിയതിനാൽ ഇനി റിക്കവറി പാടില്ലെന്നും അതേസമയം പുറത്താക്കലിൽ ഇടപെടുന്നില്ലെന്നും സിംഗിൾ ജഡ്ജി വിധിച്ചതാണ് അപ്പീലിൽ കലാശിച്ചത്.

1.34 ലക്ഷത്തിന്റെ സാധനങ്ങളുടെ കുറവുണ്ടെന്നു കണ്ട് 2007 ജൂലൈയിൽ സസ്പെൻഡ് ചെയ്തതിനെതിരെ നേരത്തേ ഹർജി നൽകിയപ്പോൾ സപ്ലൈകോ നിവേദനം പരിഗണിച്ചു തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. നിവേദനം പരിഗണിച്ച സപ്ലൈകോ, 2 ദിവസത്തിനകം 1.34 ലക്ഷം രൂപ അടച്ചാൽ ജോലിയിൽ പ്രവേശിക്കാമെന്ന് 2008 സെപ്റ്റംബർ 24ന് ഉത്തരവിറക്കി. കുമാരിക്കു തുക അടയ്ക്കാനായില്ല. അഞ്ചാം ദിവസം പിരിച്ചുവിട്ടു. പിറ്റേന്നു വിരമിക്കുകയും ചെയ്തു.

പൊതു സ്ഥാപനം ജീവനക്കാരിയെ ഇത്തരത്തിൽ പുറത്താക്കിയതു ശരിയല്ലെന്ന് ഡിവിഷൻ ബെ‍ഞ്ച് വ്യക്തമാക്കി. രേഖാമൂലം കാരണം അറിയിക്കാതെ പിരിച്ചുവിടാൻ പാടില്ലെന്നാണു ചട്ടം. സസ്പെൻഷനുമായി ബന്ധപ്പെട്ടു മാത്രമേ ഹിയറിങ് നടത്തിയുള്ളൂ. പിരിച്ചുവിടും മുൻപു നോട്ടിസ് നൽകിയില്ല. സ്വാഭാവിക നീതി നിഷേധം വ്യക്തമാണ്. 2008ൽ പിരിച്ചു വിട്ടതു 2016 വരെ ചോദ്യം ചെയ്തില്ല എന്ന കാരണത്താൽ സ്വേച്ഛാപരമായ നടപടി അംഗീകരിക്കാനാവില്ല. ആഭ്യന്തര എൻക്വയറി നടത്തിയില്ല. പട്ടികജാതി, വർഗ കമ്മിഷന്റെ ഉത്തരവനുസരിച്ചു സപ്ലൈകോ അധികൃതർ അപ്പീൽ പരിഗണിച്ചു തീരുമാനമെടുത്തത് 2017ൽ ആയതിനാൽ ചോദ്യം ചെയ്യാൻ വൈകിയതിനു ന്യായമുണ്ടെന്നും കോടതി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP