Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ നിയമത്തിൽ രാജ്യത്തെങ്ങും സമരം ആളിക്കത്തുമ്പോൾ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; അറുപതോളം ഹർജികളിൽ സുപ്രീംകോടതി എന്തു തീരുമാനമെടുക്കും എന്ന ആകാംക്ഷയിൽ രാജ്യം; കോടതിവിധി എന്തായാലും നിയമം പിൻവലിക്കാൻ ഒറ്റക്കെട്ടായി സമരം ചെയ്യാൻ മുസ്ലിം സംഘടനകളുടെ തീരുമാനം; അക്രമത്തിന് ശേഷം ജാമിയയിൽ സമരം സമാധാനപരം; മദ്രാസ്, ഉസ്മാനിയ യൂണിവേഴ്‌സിറ്റികളിലും വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയതോടെ പിന്തുണയുമായി വിദേശ സർവകലാശാലകളും

പൗരത്വ നിയമത്തിൽ രാജ്യത്തെങ്ങും സമരം ആളിക്കത്തുമ്പോൾ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; അറുപതോളം ഹർജികളിൽ സുപ്രീംകോടതി എന്തു തീരുമാനമെടുക്കും എന്ന ആകാംക്ഷയിൽ രാജ്യം; കോടതിവിധി എന്തായാലും നിയമം പിൻവലിക്കാൻ ഒറ്റക്കെട്ടായി സമരം ചെയ്യാൻ മുസ്ലിം സംഘടനകളുടെ തീരുമാനം; അക്രമത്തിന് ശേഷം ജാമിയയിൽ സമരം സമാധാനപരം; മദ്രാസ്, ഉസ്മാനിയ യൂണിവേഴ്‌സിറ്റികളിലും വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയതോടെ പിന്തുണയുമായി വിദേശ സർവകലാശാലകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും സമരം ആളിക്കത്തുമ്പോൾ ഇന്ന് രാജ്യം കണ്ണും കാതും കാതോർക്കുന്നത് സുപ്രീംകോടതിയുടെ വാക്കുകൾകകായി. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുമ്പോൾ പൗരത്വഭേദഗതിനിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹർജികൾ സുപ്രിംകോടതിയിൽ എത്തിയിരിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാർട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരുമെല്ലാം ഹർജി നൽകിയിട്ടുണ്ട്.

ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വാദങ്ങൾ നയിക്കുക. നിയമം ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തരമായി സ്റ്റേചെയ്യണമെന്നും വാദമുന്നയിക്കാനാണ് സാധ്യത. ഹർജികളിൽ വാദംകേൾക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കിൽ കേന്ദ്രസർക്കാരിന് നോട്ടീസയച്ച ശേഷമാകും തുടർനടപടികൾ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ് ഈ വിഷയത്തിൽ നിയമ പോരാട്ടവുമായി മുന്നോട്ടു പോകുന്നവരിൽ പ്രമുഖർ.

ഇവരെ കൂടാതെ കേരള മുസ്ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ), ജയ്റാം രമേഷ് (കോൺഗ്രസ്), രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ, ഡിവൈഎഫ്ഐ., ലോക് താന്ത്രിക് യുവജനതാദൾ, എസ്.ഡി.പി.ഐ., ഡി.എം.കെ., അസദുദ്ദീൻ ഒവൈസി , തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാർ ഝാ (ആർ.ജെ.ഡി.), മഹുവ മോയിത്ര (തൃണമൂൽ കോൺഗ്രസ്), അസം സ്റ്റുഡന്റ്സ് യൂണിയൻ, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷൻ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ് , മുസ്ലിം അഡ്വക്കറ്റ്സ് അസോസിയേഷൻ തുടങ്ങിയവരും നിയമ പോരാട്ടവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

നിയമത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ മുസ്‌ലിം സംഘടനകളുടെ തീരുമാനം

ഇന്ത്യയൊട്ടാകെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ രാജ്യത്തെ മുസ്‌ലിം സംഘടനാ നേതാക്കന്മാരുടെ തീരുമാനം. ഇന്ന് സുപ്രീം കോടതിയിൽ നിന്നും എന്ത് വിധി ഉണ്ടായാലും പ്രക്ഷോഭ രംഗത്തേക്ക് നീങ്ങാനാണ് മുസ്ലിം സംഘടനകൾ ഒരുങ്ങുന്നത്. ന്യൂഡൽഹിയിൽ ചേർന്ന വിവിധ സംഘടനാ നേതാക്കന്മാരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഭരണഘടന തത്വങ്ങൾക്കും മൂല്യങ്ങൾക്കുമെതിരായ പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി അപലപിച്ച നേതാക്കാൾ സമാധാനപ്രിയരായ ജനങ്ങൾ ഈ നിയമത്തെ എതിർക്കാനും സർക്കാറിൽ സമ്മർദം ചെലുത്താനും മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് സെയ്യദ് സാദത്തുല്ല ഹുസൈനി വിളിച്ചുചേർത്ത യോഗത്തിൽ മൗലാന മഹ്മൂദ് മദനി (ജം ഇയത്തുൽ ഉലമാ എ ഹിന്ദ്), മൗലാന തൗഖീർ റസാ ഖാൻ (ഉത്തിഹാദെ മില്ലത്ത് കൗൺസിൽ), ഡോ. സഫറുൽ ഇസ്‌ലാം ഖാൻ (ഡൽഹി ന്യൂനപക്ഷ കമ്മിഷൻ), ഡോ. മുഹമ്മദ് മൻസൂർ ആലം (ആൾ ഇന്ത്യ മില്ലി കൗൺസിൽ), നവൈദ് ഹാമിദ് (ആൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ), മൗലാന ഷീസ് തൈമി (മർകസി ജംഇയത്ത് അഹ്‌ലെ ഹദീസ്), ഡോ. എസ്.ക്യൂ.ആർ. ഇല്ല്യാസ്, കമാൽ ഫാറൂഖി ( ആൾ ഇന്ത്യ മുസ്‌ലിം പെഴ്‌സണൽ ലോ ബോർഡ്) മൗലാന നിയാസ് അഹമ്മദ് ഫാറൂഖി (ജംഇയത്തുൽ ഉലമാ എ ഹിന്ദ്), ഡോ. സെയദ് സഫർ മഹമൂദ് (സകാത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ), മുഹമ്മദ് ജാഫർ , മുജ്തബ ഫാറൂഖി, അബ്ദുൽ ജബ്ബാർ സിദ്ദീഖി (ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്) തുടങ്ങിയവർ ചേർന്നാണ് യോജിച്ച പ്രക്ഷോഭത്തിന് തീരുമാനിച്ചത്.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭമുയർന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേർന്നത്. ജാമിഅ മില്ലിയയിലും അലിഗഡിലും പൊലീസ് വിദ്യാർത്ഥികൾക്കു നേരേ നടത്തിയ തേർവാഴ്ചയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യോഗം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യപരവും സമാധാനപരവുമായി പ്രക്ഷോഭം നടത്തണമെന്ന് വിദ്യാർത്ഥികളോട് നേതാക്കൾ ആഹ്വാനം ചെയ്തു. സാമൂഹ്യ വിരുദ്ധർ സമരത്തെ വഴിതിരിച്ചുവിടാൻ നടത്തുന്ന തന്ത്രങ്ങളിൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.

അസം ശാന്തമാകുന്നു.. ബംഗാൾ പ്രക്ഷുബ്ധം

അസമിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശാന്തമായ സമരപരിപാടികൾ തുടരുമ്പോഴും ബംഗാളിൽ ഇപ്പോഴും സമരരംഗത്ത് പ്രക്ഷുബ്ധം. ട്രെയിൻ സർവീസും മൊബൈൽ ഇന്റർനെറ്റും ഇല്ലാതായതോടെ ഓൺലൈൻ ഇടപാടുകൾ ഒന്നും നടത്താനാവാതെ ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. ബംഗാളിൽ റോഡ്, റെയിൽവേ ഗതാഗതം സമരക്കാർ തടസ്സപ്പെടുത്തി. അക്രമം നടത്തിയതിന് ഇതുവരെ 354 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര ബംഗാളിലേക്ക് ട്രെയിനുകൾ ഓടുന്നതേയില്ല. പൗരത്വ നിയമ ഭേദഗതിയോടും ദേശീയ പൗര പട്ടികയോടും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി ബംഗാൾ സർക്കാർ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. അസമിൽ ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോയും മോദിയും പങ്കെടുക്കുന്നതിനായി നിർമ്മിച്ച വേദി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീവച്ചു നശിപ്പിച്ചു.

പ്രക്ഷോഭം തുടങ്ങിയതിനു പിന്നാലെ ആബെയുടെ പരിപാടി റദ്ദാക്കിയിരുന്നു. ഗുവാഹത്തിയിലും മറ്റും ഇപ്പോൾ കർഫ്യു നിലവിലില്ല. കടകമ്പോളങ്ങൾ പതിവുപോലെ പ്രവർത്തിച്ചു. ഗതാഗതവും പഴയപടിയായി. ഏതാനും ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു. എന്നാൽ മൊബൈൽ ഇന്റർനെറ്റ് സംവിധാനം എല്ലായിടത്തും പുനഃസ്ഥാപിച്ചിട്ടില്ല. ഓൺലൈൻ ബാങ്കിങ്, ഓൺലൈൻ ടാക്‌സി തുടങ്ങിയ എല്ലാ മേഖലകളും ഇന്റർനെറ്റ് സൗകര്യമില്ലാതായതോടെ നിശ്ചലമായി. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇകൊമേഴ്‌സ് മേഖല സ്തംഭിച്ചുകിടക്കുകയാണ്. ബ്രോഡ്ബാൻഡ് സേവനം ഇന്നലെയാണ് പുനരാരംഭിച്ചത്. ഒല, ഊബർ, സ്വിഗ്ഗി തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാം വരുമാനനഷ്ടത്താൽ ബുദ്ധിമുട്ടുകയാണ്.

പ്രക്ഷോഭകാരികളെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ നേതാക്കൾ അമർഷം രേഖപ്പെടുത്തി. ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പലയിടത്തും കൂട്ട സത്യഗ്രഹവും മാർച്ചും നടത്തി. എല്ലാ ദിവസവും ഇതുപോലെ ഒത്തുകൂടുമെന്നും പരമ്പരാഗത വേഷം തന്നെ ധരിക്കുമെന്നും നേതാക്കൾ പറഞ്ഞു. മേഘാലയയിലെ ഷില്ലോങ്ങിൽ കർഫ്യൂ സമയം കുറച്ചെങ്കിലും മൊബൈൽ ഇന്റർനെറ്റിനുള്ള വിലക്ക് നീക്കിയിട്ടില്ല. തിങ്കളാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് അക്രമസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല.

ജാമിയ ശാന്തം, മദ്രാസ് യൂണിവേഴ്‌സിറ്റി അടച്ചു

അക്രമത്തിന് വഴിമാറിയ സമരത്തിന് ശേഷം ജാമിയ മില്ലിയയിൽ സമരം തുടരുകയാണ്. എന്നാൽ ശാന്തമായ അന്തരീക്ഷത്തിലാണ് ഇപ്പോൾ ജാമിയയിൽ സമരം നടക്കുന്നത്. ജാമിയ മില്ലിയ പരിസരത്ത് ഇന്നലെയും വിദ്യാർത്ഥിപ്രതിഷേധം. പ്രദേശവാസികളും ഏതാനും രക്ഷിതാക്കളും പങ്കുചേർന്നു. ത്രിവർണ പതാകകളും പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രകടനം. പൗരത്വഭേദഗതി നിയമം റദ്ദാക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പരിസരങ്ങളിൽ കനത്ത പൊലീസ് സന്നാഹമൊരുക്കിയിരുന്നു. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ വിദ്യാർത്ഥികൾ തന്നെ ശ്രദ്ധിച്ചു. കുറേ വിദ്യാർത്ഥികൾ ക്യാംപസ് വിട്ടെങ്കിലും ഭൂരിഭാഗവും തുടരുകയാണ്. ഹോസ്റ്റലുകൾ അടച്ചതിനാൽ സുഹൃത്തുക്കളുടെ വീടുകളിലും പരിസരങ്ങളിലെ വീടുകളിലുമാണു താമസം. സമരം ശാന്തമായെങ്കിലും ജാമിയ മില്ലിയ പരിസരം സാധാരണ നിലയിലായിട്ടില്ല. ബട്‌ല ഹൗസ്, ന്യൂഗോൾ, അബുഫസൽ, സാക്കിർ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ കടകളിൽ ആളില്ല.

അതേസമയം നിയമത്തിനെതിരെ മദ്രാസ് സർവകലാശാല കാമ്പസിൽ രാത്രിയിലും വിദ്യാർത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞദിവസം ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരേ പൊലീസ് അതിക്രമമുണ്ടായതോടെയാണ് മദ്രാസ് സർവകലാശാലയിലും സമരം ശക്തമാക്കിയത്. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സർവകലാശാലയ്ക്ക് ഡിസംബർ 23 വരെ രജിസ്ട്രാർ അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പൊലീസ് പിടികൂടിയ രണ്ട് വിദ്യാർത്ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബീച്ച് റോഡ് വഴി സർവകലാശാലയിലേക്ക് എൺപതോളം വിദ്യാർത്ഥികൾ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇവരിൽ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് കാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായത്. ഇതിനിടെ സർവകലാശാല രജിസ്ട്രാറും സിൻഡിക്കറ്റ് അംഗവും വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

രാത്രിയും കാമ്പസിനകത്ത് വിദ്യാർത്ഥി സമരം തുടരുന്നതിനാൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെ കാമ്പസിന് പുറത്തായിരുന്ന പൊലീസ് സംഘം പിന്നീട് കാമ്പസിനുള്ളിൽ പ്രവേശിച്ച് നിലയുറപ്പിച്ചു. കഴിഞ്ഞദിവസവും മദ്രാസ് സർവകലാശാല വിദ്യാർത്ഥികൾ മാർച്ച് നടത്തിയിരുന്നു. മദ്രാസ് ഐഐടി, ലയോള കോളേജ് തുടങ്ങിയ കാമ്പസുകളിലെ വിദ്യാർത്ഥികളും കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഉസ്മാനിയ സർവ്വകലാശാലയിലും വിദ്യാർത്ഥികൾ നിയമത്തിനെതിരെ സമരവുമായി തെരുവിൽ ഇറങ്ങി.

പിന്തുണയുമായി വിദേശ സർവകലാശാലകൾ

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ ക്യാംപസുകളിൽ നടക്കുന്ന പ്രതിഷേധത്തിന്റെ അലയൊലികൾ വിദേശ സർവകലാശാലകളിലേക്കും. ജാമിയ മില്ലിയ, അലിഗഡ് സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഎസിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള നാനൂറോളം വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും പ്രസ്താവനയിറക്കി. പൊലീസിന്റെ അധികാര ദുർവിനിയോഗത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഹാർവഡ്, യേൽ, കൊളംബിയ, സ്റ്റാൻഫോർഡ്, പെൻസിൽവേനിയ, പ്രിൻസ്റ്റൺ, ഷിക്കാഗോ, ബോസ്റ്റൺ, ന്യൂയോർക്ക്, മിഷിഗൻ തുടങ്ങിയ സർവകലാശാലകളിലെ ഗവേഷണ വിദ്യാർത്ഥികൾ പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.

ഹാർവഡ് സർവകലാശാലയിലെ വിദ്യാർത്ഥികൾ കേന്ദ്രസർക്കാരിനു തുറന്ന കത്തെഴുതി. മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ മൗനജാഥ നടത്തി. പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രിട്ടനിൽ ഓക്‌സ്ഫഡ് സർവകലാശാലയിലെ വിദ്യാർത്ഥികൾ ലണ്ടനിലെ ഇന്ത്യ ഹൗസിലേക്കു മാർച്ച് നടത്തി. ജർമനിയിലെ ബർലിനിലും സ്വിറ്റ്‌സർലൻഡിലെ സൂറിക്കിലും പ്രതിഷേധം അരങ്ങേറി. ഇന്ത്യക്കാരായ വിദ്യാർത്ഥികളാണു നേതൃത്വം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP