Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർക്കാണ് പൗരത്വ ഭേദഗതി നിയമം ബാധകമാകുക? ഇന്ത്യൻ മുസ്ലീങ്ങളെ പടിപടിയായി പുറത്താക്കാനുള്ളതാണോ നിയമം? പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് ഒരിക്കലും ഇന്ത്യൻ പൗരത്വം ലഭിക്കില്ലേ? അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളെ പുറത്താക്കുമോ? പൗരത്വ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമുണ്ടോ? 10 ചോദ്യങ്ങൾക്ക് ഉത്തരവുമായി കേന്ദ്രസർക്കാർ

ആർക്കാണ് പൗരത്വ ഭേദഗതി നിയമം ബാധകമാകുക? ഇന്ത്യൻ മുസ്ലീങ്ങളെ പടിപടിയായി പുറത്താക്കാനുള്ളതാണോ നിയമം? പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് ഒരിക്കലും ഇന്ത്യൻ പൗരത്വം ലഭിക്കില്ലേ? അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളെ പുറത്താക്കുമോ? പൗരത്വ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമുണ്ടോ? 10 ചോദ്യങ്ങൾക്ക് ഉത്തരവുമായി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ പുതിയ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി കേന്ദ്രസർക്കാർ രം​ഗത്ത്. രാജ്യത്ത് പൊതുവായി ഉയരുന്ന 10 ചോദ്യങ്ങൾ കേന്ദ്രസർക്കാർ മറുപടി നൽകിയിരിക്കുന്നത്. പുതിയ പൗരത്വ നിയമ ഭേദഗതിയേപ്പറ്റി നിരവധി വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നതിനാലാണ് സർക്കാർ വിശദമായ മറുപടി പുറത്തിറക്കി രം​ഗത്തെത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി പ്രതിഷേധത്തിന്റെ ഭാ​ഗമായി രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

ചോദ്യം: 1 പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും ഇന്ത്യൻ പൗരനെ ബാധിക്കുന്നതാണോ?

ഉത്തരം: അല്ല, ഇന്ത്യയിലെ പൗരന്മാരെ ഒരുതരത്തിലും ബാധിക്കുന്നതല്ല ഇത്. ഇന്ത്യയിലെ പൗരന്മാർക്ക് ഭരണഘടന നൽകിയിട്ടുള്ള മൗലികാവകാശങ്ങൾ പൗരത്വ നിയമ ഭേദഗതി മൂലം ആർക്കും നഷ്ടപ്പെടില്ല. അത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. മുസ്ലീമുകൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഒരു പൗരനെയും നിയമം ബാധിക്കില്ല.

ചോദ്യം:2, ആർക്കാണ് പൗരത്വ ഭേദഗതി നിയമം ബാധകമാകുക?

ഉത്തരം: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനം നേരിട്ട് 31.12.2014 ന് മുമ്പ് വരെ ഇന്ത്യയിലെത്തിയിട്ടുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ മതവിശ്വാസികളായിട്ടുള്ള വിദേശികൾക്കാണ് നിയമം ബാധകമാകുന്നത്. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള മുസ്ലീങ്ങൾ അടക്കമുള്ള മറ്റ് കുടിയേറ്റക്കാർക്ക് ഇത് ബാധകമല്ല.

ചോദ്യം:3 ഈ മൂന്ന് രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് നിയമം എത്രത്തോളം പ്രയോജനകരമാണ്?

ഉത്തരം: ഇവർക്ക് പാസ്‌പോർട്ട് അടക്കമുള്ള മതിയായ യാത്രാ രേഖകൾ ഇല്ലെങ്കിൽപോലും തിരികെ ചെന്നാൽ മതപീഡനം നേരിടേണ്ടി വരുന്നവരാണെങ്കിൽ പൗരത്വത്തിന് അപേക്ഷിക്കാം. പൗരത്വ ഭേദഗതി നിയമം ഈ കുടിയേറ്റക്കാർക്ക് അതിനുള്ള നിയമപരമായ അവകാശം നൽകുന്നു. സ്വാഭാവികമായ വഴിയിലൂടെ ഇവർക്ക് വേഗത്തിൽ പൗരത്വം ലഭിക്കാൻ വഴിയൊരുങ്ങും. പൗരത്വം ലഭിക്കാൻ 12 വർഷത്തോളം ഇന്ത്യയിൽ താമസിച്ചിരിക്കണമെന്ന വ്യവസ്ഥ ഇവരുടെ കാര്യത്തിൽ ആറുവർഷമായി കുറച്ചിട്ടുണ്ട്.

ചോദ്യം: 4, പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് ഒരിക്കലും ഇന്ത്യൻ പൗരത്വം ലഭിക്കില്ലെന്നാണോ ഇത് അർഥമാക്കുന്നത്?

ഉത്തരം: അല്ല, പൗരത്വ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമുള്ള സ്വാഭാവിക നിയമ നടപടിക്രമങ്ങളിൽ കൂടിയോ, നിയമത്തിലേതന്നെ അഞ്ചാം വകുപ്പിലെ രജിസ്‌ട്രേഷൻ നടപടികളിൽ കൂടിയോ ഏതൊരാൾക്കും ഇന്ത്യൻ പൗരത്വം നേടാവുന്നതാണ്. പൗരത്വ ഭേഗദതി നിയമം ഇക്കാര്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മുസ്ലിം കുടിയേറ്റക്കാർക്ക് ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ട്. യോഗ്യരാണെന്ന് വ്യക്തമായാൽ ഭാവിയിലും കുടിയേറ്റക്കാർക്ക് അവരുടെ മതമോ എണ്ണമോ നോക്കാതെ പൗരത്വം ലഭ്യമാക്കും. 2014ലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കരാർ പ്രകാരം 14,864 ബംഗ്ലാദേശുകാർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്. ഇവരെല്ലാവരും മുസ്ലീങ്ങളായിരുന്നു.

ചോദ്യം:5, അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളെ പൗരത്വ ഭേദഗതി നിയമപ്രകാരം പുറത്താക്കുമോ?

ഉത്തരം: ഇല്ല, വിദേശികളെ ഇന്ത്യയിൽ നിന്ന് നാടുകടത്തുന്നതിനെപ്പറ്റി പൗരത്വ ഭേദഗതി നിയമത്തിൽ ഒന്നും പറയുന്നില്ല. മതമോ, രാജ്യമോ നോക്കാതെ 1946ലെ ഫോറിനേഴ്‌സ് ആക്ട്, 1920ലെ പാസ്‌പോർട്ട് നിയമം തുടങ്ങിയ നിയമപ്രകാരമാണ് ആളുകളെ നാടുകടത്തുന്നത്. ഈ രണ്ട് നിയമപ്രകാരമാണ് ഇന്ത്യയിലേക്കുള്ള വിദേശികളുടെ വരവും താമസവും, ഇന്ത്യയ്ക്കകത്തുള്ള യാത്രകളും, പുറത്ത് പോകുന്നതും നിയന്ത്രിക്കുന്നത്, അതിൽ മതമോ രാജ്യമോ പരിഗണിക്കാറില്ല.

ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളെ നാടുകടത്താനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. ലോക്കൽ പൊലീസിന്റേയോ പ്രദേശിക ഭരണകൂടത്തിന്റെയോ അന്വേഷണത്തിൽ വിദേശിയെന്ന് കണ്ടെത്തുന്നവരെ കോടതി നടപടികൾ വഴിയാണ് നാടുകടത്തുന്നത്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന വിദേശിയുടെ പക്കൽ അയാളുടെ രാജ്യത്തിന്റെ എംബസിയുടെ യാത്രാ രേഖകൾ ഉണ്ടായിരിക്കണമെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നാടുകടത്തപ്പെട്ടാൽ ആ വ്യക്തിയുടെ രാജ്യത്തെ ഉദ്യോഗസ്ഥർക്ക് അയാളെ കൈമാറിയെന്ന് ഉറപ്പ് വരുത്താനാണിത്.

അസ്സമിൽ, 1946ലെ ഫോറിനേഴ്‌സ് നിയമപ്രകാരം വിദേശിയെന്ന് കണ്ടെത്തിയ ആളെ മാത്രമേ നാടുകടത്തലിന് വിധേയനാക്കു. ഇക്കാര്യത്തിൽ യാതൊരുതരത്തിലുമുള്ള വിവേചനവുമുണ്ടായിരിക്കില്ല. സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ തുടങ്ങിയവർക്ക് 1920 പാസ്‌പോർട്ട് നിയമ പ്രകാരം അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന വിദേശിയെന്ന് കണ്ടെത്തുന്നവരെ നാടുകടത്താനാകും.

ചോദ്യം: 6, ഈ മൂന്ന് രാജ്യങ്ങൾക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മതപീഡനം നേരിടുന്ന ഹിന്ദുക്കൾക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകുമോ?

ഉത്തരം: ഇല്ല. അത്തരക്കാർക്ക് മറ്റ് വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടാൻ ചെയ്യേണ്ട നടപടിക്രമങ്ങളിൽ കൂടി പൗരത്വം നേടാം. 1955ലെ പൗരത്വ നിയമത്തിലോ പുതിയ പൗരത്വ ഭേദഗതിയിലോ അവർക്ക് പ്രത്യേക പരിഗണന ഇല്ല.

ചോദ്യം: 7 വംശം, ലിംഗം, രാഷ്ട്രീയ പാർട്ടികളിലോ സാമൂഹിക സംഘടനകളിലോ അംഗത്വം, ഭാഷ, ഗോത്രം തുടങ്ങിയ വിഷയങ്ങളുടെ പേരിൽ വിവേചനമോ പീഡനമോ നേരിടുന്നവർക്ക് പൗരത്വ ഭേദഗതി നിയമം സംരക്ഷണം നൽകുന്നുണ്ടോ?

ഉത്തരം: ഇല്ല, മുമ്പ് പരാമർശിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് മതപരമായ പീഡനത്തെ തുടർന്ന് എത്തിയവർക്കുവേണ്ടി മാത്രമാണ് പൗരത്വ ഭേദഗതി. ഏതെങ്കിലും തരത്തിൽ വിവേചനമോ പീഡനമോ നേരിടുന്ന മറ്റ് ഏതൊരു രാജ്യത്തുനിന്നുള്ളവർക്കും 1955ലെ പൗരത്വ നിയമപ്രകാരമുള്ള നടപടികളിലൂടെ പൗരത്വത്തിന് അപേക്ഷ സമർപ്പിക്കാം.

ചോദ്യം: 8. പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലീങ്ങളെ പടിപടിയായി പുറത്താക്കാനുള്ളതാണോ?

ഉത്തരം: അല്ല, ഇന്ത്യയിലെ ഒരുപൗരനുപോലും പൗരത്വ ഭേദഗതി നിയമം ബാധകമാകില്ല. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഭരണഘടന നൽകിയിട്ടുള്ള മൗലികാവകാശങ്ങളുണ്ട്. ഒരുപൗരന്റെയും പൗരത്വം എടുത്തുമാറ്റുന്നതിനുള്ളതല്ല പൗരത്വ ഭേഗഗതി നിയമം. ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളിൽ നിന്ന് പ്രത്യേക സാഹചര്യത്താൽ വന്നിട്ടുള്ള ചിലർക്ക് വേണ്ടി മാത്രമുള്ള പ്രത്യേക നിയമം മാത്രമാണ് ഇത്.

ചോദ്യം: 9. പൗരത്വ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റർ വരികയും മുസ്ലീങ്ങൾ ഒഴികെയുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകുകയും മുസ്ലീങ്ങളെ ഡിറ്റൻഷൻ ക്യാമ്പുകളിലാക്കുകയും ചെയ്യുമോ?

ഉത്തരം: പൗരത്വ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമില്ല. എൻആർസിയെ സംബന്ധിച്ച് 1955 ലെ പൗരത്വ നിയമത്തിന്റെ ഭാഗമായ നിയമപരമായ വ്യവസ്ഥകൾ 2004 ഡിസംബർ മുതൽ നിലവിലുണ്ട്. കൂടാതെ, ഈ നിയമ വ്യവസ്ഥകൾ പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ നിയമ ചട്ടക്കൂട് 2003ൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരമാണ് ഇന്ത്യൻ പൗരന്മാരെ രജിസ്റ്റർ ചെയ്ത് അവർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത്. ഇതിനായുള്ള നിയമ വ്യവസ്ഥകളിൽ കഴിഞ്ഞ 15-16 വർഷങ്ങളായി നിലവിലുണ്ട്. ഇവയ്‌ക്കൊക്കെയുള്ള ബദൽ നിയമമല്ല പൗരത്വ ഭേദഗതി നിയമം.

ചോദ്യം:10. പൗരത്വ ഭേദഗതി നിയമത്തിന്റെ വ്യവസ്ഥകൾ എന്തൊക്കെയാണ്?

ഉത്തരം: പൗരത്വ ഭേദഗതിക്ക് ആവശ്യമായ ചട്ടങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. നിയമത്തിലെ വിവിധ വ്യവസ്ഥകൾക്ക് അനുസൃതമായി അവ നടപ്പിലാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP