Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റ്; ഭക്ഷണവും താമസവും ഷോപ്പിംഗിനും പണം; വഞ്ചിയൂർ എസ്‌ഐ കാരിയർ ആയി മാറിയത് ദുബായ് വാസത്തിനും ആഡംബര ജീവിതത്തിനും; സഹയാത്രികയായ പെൺ സുഹൃത്തുമായി ബന്ധമില്ലെന്ന കള്ളം പൊളിഞ്ഞപ്പോൾ ശ്രമിച്ചത് അവരെ സുരക്ഷിതയാക്കാൻ; സ്വർണ്ണകടത്ത് കേസിൽ അറസ്റ്റിലായ എ.എം.സഫീറിന് സ്വർണം കടത്ത് സംഘവുമായി ഉറ്റ ബന്ധം; ഡിആർഐയ്ക്ക് മുന്നിൽ എല്ലാം തുറന്നു സമ്മതിക്കുമ്പോൾ മറനീക്കുന്നത് പൊലീസ്-സ്വർണക്കടത്ത് മാഫിയാ ബന്ധങ്ങൾ

അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റ്; ഭക്ഷണവും താമസവും ഷോപ്പിംഗിനും പണം; വഞ്ചിയൂർ എസ്‌ഐ കാരിയർ ആയി മാറിയത് ദുബായ് വാസത്തിനും ആഡംബര ജീവിതത്തിനും; സഹയാത്രികയായ പെൺ സുഹൃത്തുമായി ബന്ധമില്ലെന്ന കള്ളം പൊളിഞ്ഞപ്പോൾ ശ്രമിച്ചത് അവരെ സുരക്ഷിതയാക്കാൻ; സ്വർണ്ണകടത്ത് കേസിൽ അറസ്റ്റിലായ എ.എം.സഫീറിന് സ്വർണം കടത്ത് സംഘവുമായി ഉറ്റ ബന്ധം; ഡിആർഐയ്ക്ക് മുന്നിൽ എല്ലാം തുറന്നു സമ്മതിക്കുമ്പോൾ മറനീക്കുന്നത് പൊലീസ്-സ്വർണക്കടത്ത് മാഫിയാ ബന്ധങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസിൽ അറസ്റ്റിലായ വഞ്ചിയൂർ എസ്‌ഐ എ.എം.സഫീറിന് സ്വർണം കടത്ത് സംഘവുമായി ഉറ്റ ബന്ധം. തിരുവനന്തപുരം കേന്ദ്രമായ സ്വർണ്ണക്കടത്ത് സംഘവുമായാണ് സഫീറിന് ഉറ്റ ബന്ധം ഉള്ളത്. അടിച്ചു പൊളിച്ചുള്ള ജീവിതത്തിനും ദുബായ് വാസത്തിനുമാണ് സഫീർ സ്വയം സ്വർണം കടത്തിന്റെ കാരിയർ ആയി മാറിയത്. ദുബായിൽ നിന്നും സ്വർണം കടത്ത് കേസിൽ ഡിആർഐയുടെ പിടിയിലായപ്പോഴാണ് തിരുവനന്തപുരം കേന്ദ്രമായ സ്വർണം കടത്ത് സംഘവുമായുള്ള ബന്ധം സഫീർ തുറന്നു പറഞ്ഞത്.

തന്റെ കയ്യിൽ നിന്നും സ്വർണം പിടികൂടാത്ത കാലത്തോളം താൻ സുരക്ഷിതനായിരിക്കും എന്ന കണക്കുകൂട്ടൽ സഫീറിനുണ്ടായിരുന്നു. സ്വർണം ഉള്ളത് സീറ്റിന്നടിയിലാണ്. സീറ്റിന്നടിയിൽ ആർക്കും എന്തും വയ്ക്കാം. ഇത് ഒരിക്കലും തന്റെ പേരിൽ വരില്ല. സീറ്റിന്നടിയിലെ സ്വർണം ആർക്കും കൈമാറേണ്ട ആവശ്യവുമില്ല. ഇതോടെയാണ് കാരിയർ ആയി മാറാൻ വഞ്ചിയൂർ എസ്‌ഐ തയ്യാറായത്. പക്ഷെ ശാസ്ത്രീയമായ ചോദ്യം ചെയ്യലും തെളിവ് നിരത്തലും വന്നതോടെ സഫീർ കുറ്റം സമ്മതിക്കുകയായിരുന്നു. ഡിആർഐബുദ്ധിക്ക് മുന്നിൽ പൊലീസ് ബുദ്ധി കീഴടങ്ങിയ കാഴ്ചയാണ് സഫീറിന്റെ അറസ്റ്റിൽ തെളിയുന്നതും. സിമിയുമായുള്ള ബന്ധത്തിന്റെ തെളിവുകളും സ്വർണം കടത്തുന്നതിൽ സഫീറിന്റെ ബന്ധത്തിനുള്ള തെളിവുകളുമാണ് ഡിആർഐ സഫീറിന് മുന്നിൽ നിരത്തിയത്. പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ സഫീർ എല്ലാം ഡിആർഐയ്ക്ക് മുന്നിൽ സമ്മതിക്കുകയായിരുന്നു.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാനടിക്കറ്റ്. ഭക്ഷണവും താമസവും ഷോപ്പിംഗിനും അടക്കമുള്ള ചെലവ്ക്കുള്ള പണം. ഇതാണ് കരിയർ ആയി മാറാൻ സഫീറിനെ പ്രേരിപ്പിച്ചത്. എസ്‌ഐ ആയതിനാൽ പൊലീസ് ബുദ്ധി തന്നെ തുണയ്ക്കും എന്നും സഫീർ കരുതി. സഫീറിന്റെ കയ്യിൽ നിന്നും സ്വർണം പിടിച്ചില്ല. സഫീറിന്റെ കൂടെയുള്ള സിമിയുടെ സീറ്റിനു അടിയിൽ നിന്നാണ് സ്വർണം കിട്ടുന്നത്. സീറ്റിന്റെ അടിയിൽ നിന്ന് സ്വർണം കിട്ടിയാൽ കുറ്റം തന്റെ പേരിൽ വരില്ലെന്ന് സഫീർ കണക്കുകൂട്ടുകയും ചെയ്തു. സഫീർ സ്വർണം ആർക്കും കൈമാറിയില്ല. പക്ഷെ സ്വർണം താൻ അല്ല വെച്ചത് എന്ന് തെളിയിക്കാൻ സഫീറിന് കഴിഞ്ഞില്ല. സഫീറിന്റെ കയ്യിൽ സ്വർണം ഉള്ള വിവരം ഡിആർഐയ്ക്ക് അറിയാമായിരുന്നു. തെളിവുകൾ ഓരോന്നോയി സഫീറിന് കൈമാറിയപ്പോഴാണ് സഫീർ എല്ലാം തുറന്നു സമ്മതിച്ചത്.

സ്വർണക്കടത്തിനു പിടിയിലായപ്പോൾ സഫീറിനെയും വനിതാ സുഹൃത്ത് കഴക്കൂട്ടം സ്വദേശി സിമി പ്രജിയേയും ഡിആർഐ ചോദ്യം ചെയ്തത് മണിക്കൂറുകൾ. ചോദ്യം ചെയ്യലിൽ സഫീർ സ്വർണം കടത്തിയ കാര്യം സമ്മതിച്ചതേയില്ല. സിമി പ്രജിയെ അറിയില്ലാ എന്നാണ് സഫീർ പറഞ്ഞത്. സിമി പ്രജിയും സഫീറും തമ്മിലുള്ള ബന്ധം ഇഴനീക്കി കാണിച്ചപ്പോൾ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഒടുവിൽ സഫീർ കുറ്റം ഏറ്റെടുക്കുകയായിരുന്നു. സീറ്റിന്നടിയിൽ ഉപേക്ഷിച്ചു പോകുന്ന സ്വർണം വിമാനത്തിൽ നിന്നും മറ്റാരോ ആണ് കരിയർമാർക്ക് കൈമാറുന്നത്. ഇത് ആരെന്നറിയാൻ ഡിആർഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ദുബായിൽ നിന്നുള്ള എമിറെറ്റ്‌സ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സ്വർണം കടത്തിന്റെ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഡിആർഐ സംഘം വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. സിമി പ്രജിയുടെ സീറ്റിനു അടിയിൽ നിന്നാണ് ഡിആർഐ രണ്ടു കിലോഗ്രാം സ്വർണം കണ്ടെത്തിയത്.

സിമിയുടെ സീറ്റിനു കീഴിൽ സ്വർണം വെച്ചത് താൻ തന്നെയാണെന്ന് സഫീർ സമ്മതിച്ചു. സിമിക്ക് കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്തു. താൻ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ സിമിയും നിലപാടിൽ ഉറച്ചു നിന്നു. സിമിയും സഫീറും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് തന്നെയാണ് ദുബായിലേക്ക് പോയത്. സഫീർ ദുബായിലേക്ക് പോകുമ്പോൾ സിമിയെയും ഒപ്പം കൂട്ടുകയായിരുന്നു. സിമിക്ക് സ്വർണം കടത്ത് അറിയുമായിരുന്നുവെന്നാണ് ഡിആർഐയുടെ നിഗമനം. പക്ഷെ എല്ലാം സഫീർ ഏറ്റെടുത്തതോടെ ഡിആർഐ സിമിയെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു. സിമി പ്രജി ഇതിനു മുൻപ് ദുബായിൽ പോകാത്തതും ഡിആർഐ പരിഗണിക്കുകയായിരുന്നു. സഫീറും നിരന്തരം സ്വർണം കടത്തുന്ന കരിയർ അല്ലെന്ന കാര്യവും ഡിആർഐ പരിഗണിച്ചു. ഇതോടെയാണ് സിമിയെ കേസിൽ നിന്ന് ഒഴിവാക്കാനും സഫീറിനു ജാമ്യത്തിൽ ഇറങ്ങാനും അവസരം ലഭിച്ചത്.

സഫീറിനെ ഡിആർഐ ഇന്നലെ തന്നെ ജാമ്യത്തിൽ വിട്ടു. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമുള്ള കുറ്റം ആയതിനാലാണ് സഫീറിന് ജാമ്യം നൽകി വിട്ടയച്ചത്. താൻ സ്വർണം കടത്തിന്റെ വാഹകനാണെന്ന് സഫീർ സമ്മതിക്കുകയും ചെയ്തു. ഇതിനു മുൻപ് കഴിഞ്ഞ ഡിസംബറിൽ ആണ് സഫീർ ദുബായിലേക്ക് പോയത്. സഫീറിന്റെ ബന്ധുക്കൾ ദുബായിലുണ്ട്. അവരെ കാണാൻ എന്ന് പറഞ്ഞാണ് അന്നും സഫീർ ദുബായിൽ പോയത്. പക്ഷെ ഇക്കുറി തന്റെ പെൺ സുഹൃത്തായ സിമിയെയും കൂട്ടുകയായിരുന്നു. കേസ് അന്വേഷണത്തിന്നിടെയാണ് സിമിയെ കണ്ടെത്തുകയും പരിചയപ്പെടുകയും ചെയ്തത് എന്നാണ് സഫീർ മൊഴി നൽകിയത്.

ഈ ബന്ധം പിന്നീട് ദൃഡപ്പെടുകയായിരുന്നു. ഈ ഉറ്റ സൗഹൃദമാണ് ദുബായിലേക്ക് ഒരുമിച്ചുള്ള യാത്രയായി മാറിയത്. കുടുംബപരമായ അസ്വസ്ഥതകൾ സഫീറിനുണ്ട്. സിമിയും കുടുംബപരമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. സമാനഹൃദയർ എന്ന വികാരമാണ് ഇരുവരെയും അടുപ്പിച്ചത്. പക്ഷെ താൻ കുടുങ്ങിയപ്പോൾ തന്റെ പെൺസുഹൃത്തിനെ സഫീർ സുരക്ഷിതമായി നിർത്തി. എല്ലാ കുറ്റവും സഫീർ ഏറ്റതോടെ പിന്നെ സിമിയെ കൂടി പിടികൂടെണ്ട ആവശ്യം ഡിആർഐയ്ക്ക് മുന്നിൽ വന്നതുമില്ല. ഇതോടെയാണ് സിമി സ്വതന്ത്രയായത്.

സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണ് ഇരുവരുമെന്ന് ഡി.ആർ.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ചികിത്സയ്‌ക്കെന്നു പറഞ്ഞ് രണ്ടാഴ്ചത്തെ അവധിയെടുത്ത ശേഷം കഴിഞ്ഞ പത്തിനാണ് സഫീർ ദുബായിലേക്ക് പോയത്. പഴ്‌സിനുള്ളിൽ ബിസ്‌കറ്റ് രൂപത്തിൽ പത്ത് കഷണങ്ങളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. യാത്രക്കാരാരും കുറ്റം സമ്മതിച്ചില്ല. തുടർന്ന് സഫീറും സിമിയും ഇരുന്ന നിരയിലുണ്ടായിരുന്ന 9 പേരെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.തങ്ങൾക്ക് പരസ്പരം അറിയില്ലെന്ന് സിമിയും സഫീറും പറഞ്ഞതാണ് ഇവരെ കുടുക്കിയത്. രണ്ടു പേർക്കും പരസ്പരം അറിയാമെന്ന് ഡി.ആർ.ഐ ശാസ്ത്രീയമായി തെളിയിച്ചതോടെ കുടുങ്ങുകയായിരുന്നു.

വിമാനത്താവളം വഴി നേരത്തേ സ്വർണക്കടത്ത് നടത്തിയ കഴക്കൂട്ടത്തെ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഡി.ആർ.ഐ പറഞ്ഞു. സഫീറും കഴക്കൂട്ടം സ്വദേശിയാണ്. അതേസമയം സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണർ ശംഖുംമുഖം അസി. കമ്മിഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP