Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനുവരി 31-ന് തന്നെ ബ്രെക്‌സിറ്റ്; ഇനി ഒട്ടും മായം ചേർക്കില്ല; ഡിസംബറിന് മുമ്പ് ട്രാൻസിഷൻ പിരീഡും തീരും; ഒന്നരക്കൊല്ലം കൊണ്ട് വാക്കുകൾ പാലിക്കും; നൂറ്റിയെട്ട് പുതിയ എംപിമാരെ വിരുന്നിന് ക്ഷണിച്ച് വാഗ്ദാനങ്ങളിലുറച്ച് ബോറിസ് ജോൺസൺ

ജനുവരി 31-ന് തന്നെ ബ്രെക്‌സിറ്റ്; ഇനി ഒട്ടും മായം ചേർക്കില്ല; ഡിസംബറിന് മുമ്പ് ട്രാൻസിഷൻ പിരീഡും തീരും; ഒന്നരക്കൊല്ലം കൊണ്ട് വാക്കുകൾ പാലിക്കും; നൂറ്റിയെട്ട് പുതിയ എംപിമാരെ വിരുന്നിന് ക്ഷണിച്ച് വാഗ്ദാനങ്ങളിലുറച്ച് ബോറിസ് ജോൺസൺ

സ്വന്തം ലേഖകൻ

തുവിധേനയും ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന ഉറച്ച തീരുമാനവുമായാണ് തെരേസ മേയിൽനിന്ന് ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. എന്നാൽ, സ്വന്തം പാർട്ടിയിലെ വിമതരുടെയും പ്രതിപക്ഷത്തിന്റെയും ചെറുത്തുനിൽപ്പ് ബോറിസിനെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അനുവദിച്ചില്ല. അതോടെ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബോറിസ്, അതിശക്തനായാണ് തിരിച്ച് അധികാരത്തിലേക്കുവന്നത്. വിമതശബ്ദങ്ങളെല്ലാം അടക്കി, പ്രതിപക്ഷത്തിന് ഒരുതരത്തിലും എത്തിപ്പിടിക്കാനാവാത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബോറിസ്, തന്റെ ആദ്യനടപടിയും പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വിടുതൽ.

ജനുവരി 31-ന് തന്നെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് പുതിയതായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 109 എംപിമാർക്ക് നൽകിയ വിരുന്നിൽ ബോറിസ് പ്രഖ്യാപിച്ചു. വിട്ടുവീഴ്ചകളോ വെള്ളംചേർക്കലുകളോ ഇല്ലാതെ പൂർണാർഥത്തിൽത്തന്നെ ബ്രെക്‌സിറ്റ് നടപ്പിലാക്കും. ട്രാൻസിഷൻ പിരീഡ് 2020 ഡിസംബറിന് അപ്പുറം പോകാത്ത രീതിയിൽ ബിൽ ഭേദഗതിചെയ്താകും അവതരിപ്പിക്കുക. കാനഡയുടെ രീതിയിൽ സ്വതന്ത്രമായ വ്യാപാരക്കരാറോടെയാകും ബ്രെക്‌സിറ്റ് ബില്ലിന് രൂപം നൽകുക. ഒരുതരത്തിലുള്ള രാഷ്ട്രീയ ബന്ധവും യൂറോപ്പുമായി ബ്രിട്ടൻ തുടരുകയിലിലെന്നും ബോറിസിന്റെ വക്താവ് വ്യക്തമാക്കി.

ബോറിസ് നടപ്പാക്കുക അയഞ്ഞ ബ്രെക്‌സിറ്റാകുമെന്ന അഭ്യൂഹങ്ങളെ ബോറിസിന്റെ വക്താവ് തള്ളി. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിൽനിന്ന് സർക്കാരിനെ നിയമപരമായി വിലക്കുന്ന തരത്തിലുള്ളതാകും പിന്മാറ്റക്കരാറെന്നും പ്രധാനമന്ത്രിയോടടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. ഇതനുസരിച്ചാണ് ട്രാൻസിഷൻ പിരീഡ് അടുത്ത ഡിസംബറിനപ്പുറം പോകില്ലെന്ന് ഉറപ്പിച്ചിട്ടുള്ളത്. ബ്രെക്‌സിറ്റ് നടപ്പാക്കിയാലും കുറച്ചുകാലംകൂടി യൂറോപ്യൻ യൂണിയൻ നിയമത്തിലെ ചില വ്യവസ്ഥകൾ ബ്രിട്ടനിൽ ബാധകമായിരിക്കും. ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കുറച്ചുസാവകാശം ലഭിക്കും. ഈ കാലയളവാണ് ട്രാൻസിഷൻ പിരീഡായി കണക്കാക്കുന്നത്.

സ്ഥിരതയുള്ള സർക്കാർ ബ്രിട്ടനിൽ വന്നതോടെ യൂറോപ്യൻ യൂണിയനും നിലപാടുകളിൽ അയവുവരുത്തേണ്ടിവരുമെന്നാണ് സൂചന. തെരേസ മേയുടെയും പിന്നീട് ബോറിസ് ജോൺസണിന്റെയും ന്യൂനപക്ഷ സർക്കാരുകളോട് പുലർത്തിയ കടുംപിടിത്തം ഇപ്പോഴത്തെ സർക്കാരിനോട് തുടരാകില്ലെന്ന് ബ്രസ്സൽസിലും ഉറപ്പുണ്ട്. ബ്രെക്‌സിറ്റ് നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ള ആദ്യവോട്ടെടുപ്പ് ഈ വെള്ളിയാഴ്ച തന്നെ നടക്കുമെന്നാണ് സൂചന. അതോടെ, പാർലമെന്റിന്റെ വിശ്വാസം നേടി കരുത്തോടെ ചർച്ചകളിലേക്ക് കടക്കുകയാവും ബോറിസ് ചെയ്യുകയെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ബ്രെക്‌സിറ്റ് നടപ്പിലാക്കിയാലും വ്യാപാരക്കരാറുകളിലും മറ്റും അന്തിമതീരുമാനമെടുക്കുന്നതിന് ട്രാൻസിഷൻ പിരീഡ് 2022 ഡിസംബർ വരെ ദീർഘിപ്പിക്കുകയായിരുന്നു തെരേസ മേയുടെ ലക്ഷ്യം. ഇതേ വ്യവസ്ഥ ബോറിസ് ജോൺസണും നിലനിർത്തിയിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ 2020 ഡിസംബറിനപ്പുറം ട്രാൻസിഷൻ പിരീഡ് കൊണ്ടുപോകുന്നതിനോട് ബോറിസിന് താത്പര്യമില്ല. 80 സീറ്റുകളുടെ ഭൂരിപക്ഷം ജനങ്ങൾ നൽകിയത് ബ്രെക്‌സിറ്റ് തീരുമാനം എത്രയും വേഗം അവർ ആഗ്രഹിച്ചതുപോലെ നടപ്പിലാക്കാനാണെന്ന് ബോറിസിന് വ്യക്തമായറിയാം. അതുകൊണ്ടുതന്നെ ആ നിലയ്ക്കുള്ള ശ്രമങ്ങളാകും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

ട്രാൻസിഷൻ പിരീഡ് ദീർഘിപ്പിക്കണോ എന്ന കാര്യത്തിൽ എംപിമാർക്ക് വോട്ടിനിട്ട് തീരുമാനിക്കാൻ ഒരവസരം കൂടി നൽകുന്ന വ്യവസ്ഥ നേരത്തെയുള്ള ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു. എ്ന്നാൽ, പുതിയ പിന്മാറ്റക്കരാറിൽ അത്തരമൊരു വ്യവസ്ഥയില്ല. അതനുസരിച്ച് ട്രാൻസിഷൻ പിരീഡിന്റെ കാലാവധി ഒരിക്കൽ നിശ്ചയിച്ചാൽ പിന്നീട് ദീർഘിപ്പിക്കാനാവില്ല. യൂറോപ്യൻ യൂണിയന് മേൽക്കോയ്മയുള്ള വ്യാപാര കരാറിനാകില്ല ബോറിസ് രൂപം നൽകുകയെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഏതൊക്കെ മേഖലകളിൽ അയവവുവരുത്താമെന്നത് ബ്രിട്ടൻ തീരുമാനിക്കുമെന്നും അതിനവകാശം ബ്രിട്ടനുമാത്രമായിരിക്കുമെന്നും കേന്ദ്രങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP