Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാട്ട് ആൻ ഐഡിയ സർജി... ! ബസുകളിൽ മുമ്പിലും പിന്നിലും പോകുന്ന വാഹനങ്ങളുടെ നമ്പർ ബോർഡ് ഷൂട്ട് ചെയ്യാവുന്ന ഡാഷ് ക്യാമറകൾ; പിടിക്കുന്ന നിയമലംഘനങ്ങൾക്കു 250 രൂപ തോതിൽ ഈടാക്കിയാൽ 10000 രൂപ അധിക വരുമാനം; കെ എസ് ആർ ടി സിയെ കുട്ടിച്ചോറാക്കാൻ പുതിയ മണ്ടത്തരവുമായി ഗതാഗത സെക്രട്ടറി; മന്ത്രിക്കെഴുതിയ നോട്ട് കണ്ട് ഞെട്ടി മലയാളികൾ; ആനവണ്ടിയെ മണ്ടത്തരത്തിലൂടെ നയിക്കുന്നവരുടെ ലക്ഷ്യം ക്യാമറ വാങ്ങലിലെ അഴിമതി പണമോ? ജ്യോതിലാലിന്റെ ഉട്ടോപ്യൻ നിർദ്ദേശം മറുനാടൻ പുറത്തു വിടുന്നു

വാട്ട് ആൻ ഐഡിയ സർജി... ! ബസുകളിൽ മുമ്പിലും പിന്നിലും പോകുന്ന വാഹനങ്ങളുടെ നമ്പർ ബോർഡ് ഷൂട്ട് ചെയ്യാവുന്ന ഡാഷ് ക്യാമറകൾ; പിടിക്കുന്ന നിയമലംഘനങ്ങൾക്കു 250 രൂപ തോതിൽ ഈടാക്കിയാൽ 10000 രൂപ അധിക വരുമാനം; കെ എസ് ആർ ടി സിയെ കുട്ടിച്ചോറാക്കാൻ പുതിയ മണ്ടത്തരവുമായി ഗതാഗത സെക്രട്ടറി; മന്ത്രിക്കെഴുതിയ നോട്ട് കണ്ട് ഞെട്ടി മലയാളികൾ; ആനവണ്ടിയെ മണ്ടത്തരത്തിലൂടെ നയിക്കുന്നവരുടെ ലക്ഷ്യം ക്യാമറ വാങ്ങലിലെ അഴിമതി പണമോ? ജ്യോതിലാലിന്റെ ഉട്ടോപ്യൻ നിർദ്ദേശം മറുനാടൻ പുറത്തു വിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ് ആർ ടിസിയെ തകർക്കുന്നത് ഗതാഗത സെക്രട്ടറിയുടെ വികലമായ നയം തന്നെ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടുത്താൻ പുതിയ ആശയവുമായി ഗതാഗതവകുപ്പ് ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറ വച്ച് റോഡിലെ നിയമലംഘനങ്ങൾ പകർത്തി പിഴ ഈടാക്കാനാണ് നീക്കം. ഉടോപ്യയൻ മണ്ടത്തരമാണ് ഇത്. നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മാത്രമേ അധികാരമുള്ളൂ. അത് കണ്ടെത്തേണ്ടതും ഈ രണ്ട് ഏജൻസികളാണ്. അതുകൊണ്ട് തന്നെ നിയമപരമായി ഇതിന് കഴിയില്ല.

പൊലീസും മോട്ടോർ വാഹന വകുപ്പുമാണ് നിലവിൽ പരിശോധനകൾ റോഡിൽ നടത്തുന്നത്. ഗതാഗത നിയമ ലംഘനത്തിന് പിഴ അവർ ഈടാക്കാറുമുണ്ട്. ഈ തുക മുഴുവൻ സർക്കാരിലേക്ക് നൽകുകയാണ് പൊലീസും ഗതാഗത വകുപ്പും. അവർക്ക് സ്വന്തമായി ചെലവാക്കാൻ അധികാരവുമില്ല. ഇതാണ് സാഹചര്യം. എന്നാൽ എല്ലാം അറിയുന്ന ഗതാഗത സെക്രട്ടറി വിചിത്ര ഉത്തരവുമായി എത്തുകയാണ്. പ്രതിദിനം ശരാശരി 40 നിയമലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പിൽനിന്നു പിഴവിഹിതമായി 250 രൂപ തോതിൽ ഈടാക്കിയാൽ 10000 രൂപ അധികവരുമാനം ലഭിക്കും. ഇത് ശമ്പളം നൽകാനും മറ്റും ഉപയോഗിക്കാമെന്നാണ് ഗതാഗത സെക്രട്ടറിയുടെ  ഉട്ടോപ്യൻ ആശയം.

ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ തയാറാക്കിയ പദ്ധതി കെഎസ്ആർടിസി എംഡിയുമായി ചർച്ച ചെയ്യാൻ മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശിച്ചു. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ബസുകളിലും ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുൻപിൽ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കൂടി പകർത്താൻ ഡാഷ് ക്യാമറകൾക്കു കഴിയും എന്നതിനാൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയും ലൈൻ തെറ്റിച്ചും വാഹനമോടിക്കുന്നതും അനധികൃത പാർക്കിങ്ങും കണ്ടെത്താം. ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പിൽ നിന്ന് കോംപൗണ്ടിങ് ഫീ ഈടാക്കാമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ ഇത്തരമൊരു ഫീസ് നിയമ ലംഘനങ്ങളുടെ പിഴയിൽ നിന്ന് ആർക്കും കൊടുക്കാൻ മോട്ടർ വാഹന വകുപ്പിനാകില്ല.

കേരളത്തിലെ സർക്കാർ തീരുമാനം അനുസരിച്ച് ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്താൽ 500 രൂപ പിഴ കൊടുക്കണം. ഇങ്ങനെ ഹെൽമറ്റ് വയ്ക്കാത്തതിന് കിട്ടുന്ന 500 രൂപയും സർക്കാരിന് അവകാശപ്പെട്ട പിഴ തുകയാണ്. അതിൽ നിന്ന് കമ്മിഷനോ മറ്റ് സർവ്വീസ് ചാർജോ മറ്റാർക്കെങ്കിലും കൊടുക്കാൻ സർക്കാരിന് കഴിയില്ല. ഇത് കണ്ടത്തേണ്ട ചുമതല പൊലീസിനും മോട്ടർ വാഹന വകുപ്പിനും മാത്രം. അധികാരം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇതെല്ലാം അറിയാവുന്ന ഗതാഗത സെക്രട്ടറിയുടെ നോട്ടിന് പിന്നിൽ എത്രയും വേഗം ക്യാമറകൾ വാങ്ങി ബസുകളിൽ ഫിറ്റ് ചെയ്യാനുള്ള തിടുക്കമാണെന്ന വാദവും സജീവമാണ്. അഴിമതിയൂടെ സാധ്യതകളും ഇവിടെ തെളിയുകയാണ്.

വളരെ കാലമായി കെ എസ് ആർ ടി സി നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിന് മാറ്റം വരുത്താൻ ടോമൻ തച്ചങ്കരിയെ കെ എസ് ആർ ടി സി എംഡിയായി നിയമിച്ചു. ഇതോടെ മാറ്റങ്ങളും കണ്ടു തുടങ്ങി. കത്തുന്ന പുരയുടെ കഴുക്കോൽ അഴിച്ചെടുക്കാൻ കൂട്ടു നിൽക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്ത് അധികാരമേറ്റ തച്ചങ്കരി അഴിമതിക്കെതിരെ കർശന നിലപാടാണ് കെ എസ് ആർ ടി സിയിൽ എടുത്തത്. ഊരാളുങ്കലിന്റെ കരാർ റദ്ദാക്കൽ ഉൾപ്പെടെ പലതും ചെയ്തു. ആനവണ്ടിയെ ലാഭത്തിലാക്കുകയും അഴിമതി തടയാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ തച്ചങ്കരിക്ക് സമൂഹമാധ്യമങ്ങളുടെ കൈയടിയും കിട്ടി. ശബരിമലയിലെ തീർത്ഥാടന കാലം അതീവ കരുതലോടെ കൈകാര്യം ചെയ്തു. ഇതോടെ ശബരിമലയുടെ വരുമാനം ഗണ്യമായി ഉയർന്നു. സർക്കാർ സഹായത്തോട് നോ പറഞ്ഞ് കെ എസ് ആർ ടി യിൽ സ്വ്ന്തം നിലയ്ക്ക് ശമ്പളവും നൽകി. ഇതോടെ കൂടുതൽ ജനകീയ പരിവേഷം തച്ചങ്കരിക്ക് വന്നു.

കോർപ്പറേഷനിൽ 35,000-ത്തോളം ജീവനക്കാരാണുള്ളത്. ഇതിൽ 50 ശതമാനത്തിലധികം സിഐ.ടി.യു.ക്കാരാണ്. സിഐ.ടി.യു. ഉൾപ്പെടെ എല്ലാ യൂണിയൻ നേതാക്കളും എതിരായിട്ടും മുഖ്യമന്ത്രി തച്ചങ്കരിയോട് നയങ്ങളുമായി മുന്നോട്ടുപോകാനാണ് ആവശ്യപ്പെട്ടത്. പണിയെടുക്കാതെ യൂണിയൻ പ്രവർത്തനം നടത്തുന്ന പലർക്കും അതൃപ്തിയുണ്ടാവാമെങ്കിലും തച്ചങ്കരിയുടെ നയങ്ങൾ കോർപ്പറേഷന് ഗുണമുണ്ടാക്കിയെന്ന് ഒരുവിഭാഗം തൊഴിലാളികൾ തിരിച്ചറിഞ്ഞു. കൂട്ട സ്ഥലംമാറ്റം, പ്രൊമോഷൻ മരവിപ്പിക്കൽ, ആനുകൂല്യം വെട്ടിച്ചുരുക്കൽ തുടങ്ങിയ നയങ്ങളാണ് കെ.എസ്.ആർ.ടി.സി.യുടെ തളർച്ച മാറ്റാൻ തച്ചങ്കരി കൊണ്ടുവന്നത്. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിച്ചു. ജീവനക്കാരിൽ പലരും സ്ഥലംമാറ്റത്തിന് വിധേയരായി. ഡ്യൂട്ടിസമയം വെട്ടിക്കുറച്ചു. ഇൻസ്‌പെക്ടർമാർ കൃത്യമായി യാത്രചെയ്യേണ്ടിവന്നു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന് നടപടി കർശനമാക്കി. യൂണിയൻ രാജ് നിർത്തലാക്കി. ഇതൊക്കെ തൊഴിലാളികളിലും നേതാക്കളിലും അങ്കലാപ്പുണ്ടാക്കിയിരുന്നു. ഇതെല്ലാം മനസ്സിലാക്കി ഗതാഗത സെക്രട്ടറിയായ ജ്യോതിലാൽ ചരടുവലികൾ നടത്തി. യൂണിയനുകളെ കൂട്ടുപിടിച്ച് തച്ചങ്കരിയെ പുറത്താക്കി.

നിലവിലെ 93 ഡിപ്പോകളിൽ 35 എണ്ണം നിലനിർത്തിയിരിക്കുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻവേണ്ടിമാത്രമാണ്. ഇവ മറ്റു ഡിപ്പോകളിൽ ലയിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിച്ചാൽ വർഷം 219.24 കോടി രൂപ നേട്ടമുണ്ടാകുമെന്ന് തച്ചങ്കരി കണ്ടെത്തിയിരുന്നു. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകിയാൽ വർഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ തച്ചങ്കരി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്‌സിന്റെ നിർദ്ദേശങ്ങൾ, പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ, കെ.എസ്.ആർ.ടി.സി.യിലെ വിവിധവിഭാഗങ്ങൾ നടത്തിയ പഠനങ്ങൾ എന്നിവയായിരുന്നു റിപ്പോർട്ടിന് അടിസ്ഥാനം. കെറ്റിഡിഎഫ്സിയിൽ നിന്നാണ് കെ എസ് ആർ ടി സി ലോണുകൾ എടുക്കുന്നത്. കെ എഫ് സിയിൽ നിന്ന് പലിശയ്ക്ക് പണമെടുത്തുകൊള്ളലാഭത്തിന് കെറ്റിഡിഎഫ്സി കെ എസ് ആർ ടി സിക്ക് നൽകുന്നു. ഇത് മാറി ലോണുകൾ സർക്കാർ നേരിട്ട് നൽകണം. ഇതോടെ കൊള്ളപ്പലിശ കൊടുക്കുന്നത് ഒഴിവാക്കാം. ഇതും കെ എസ് ആർ ടി സിക്ക് വലിയൊരു ആശ്വാസമായി മാറും. ഇത്തരം വിഷയങ്ങളിൽ സർക്കാരിന്റെ നയപരമായ തീരുമാനം അനിവാര്യമാണ്. അത് ലഭിച്ചാൽ കെ എസ് ആർ ടി സിയെ വലിയ ലാഭത്തിലേക്ക് എത്തിക്കാമെന്നായിരുന്നു തച്ചങ്കരിയുടെ വിലയിരുത്തൽ.

ഡിപ്പോ ലയനത്തിലൂടെ മാസശമ്പളത്തിൽ 12.21 കോടി ലാഭിക്കാം. പ്രവർത്തനച്ചെലവിൽ മാസം 6.06 കോടി ലാഭമുണ്ടാകും. അങ്ങനെ വാർഷിക നേട്ടം 219.24 കോടിയാകും. അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകുന്നതാണ് മെച്ചം. ഒരു കിലോമീറ്റർ ഓടാൻ: 12.16 രൂപയാണ് ബസ് അറ്റകുറ്റപ്പണിക്കുള്ള നിലവിലെ ചെലവ്. നാലുരൂപയ്ക്ക് ഏറ്റെടുക്കാൻ വാഹനനിർമ്മാതാവ് തയ്യാറാണ്. കിലോമീറ്ററിന് 8.16 രൂപ മിച്ചം. വർഷം ഇതുവഴി 434 കോടി രൂപ ലാഭം കിട്ടുമെന്നും തച്ചങ്കരി കണ്ടെത്തിയിരുന്നു. ഒരു ബസിൽനിന്നുള്ള ശരാശരി ദിവസവരുമാനം 13,000 രൂപയാണ്. ദിവസം നേടാവുന്ന പരമാവധി വരുമാനം ആറരക്കോടി രൂപ. ബസുകൾ വാങ്ങാൻ അനുവദിച്ച തുക പെൻഷനുവേണ്ടി വിനിയോഗിക്കുകയാണ്. കിലോമീറ്ററിന് 15 രൂപ വാടക നൽകി ദീർഘദൂര പാതകളിലെ സ്വകാര്യബസുകൾ റൂട്ടടക്കം ഏറ്റെടുത്താൽ നിലവിലെ നഷ്ടം നികത്താൻ കഴിയുമെന്നും തിരിച്ചറിഞ്ഞു. ഇത്തരം ശാസ്ത്രീയമായ പഠനങ്ങളെല്ലാം തള്ളിക്കളഞ്ഞതിന് പിന്നിൽ ഗതാഗത സെക്രട്ടറിയുടെ ഇടപെടലായിരുന്നു. അങ്ങനെ തച്ചങ്കരി പോയി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം കിട്ടുന്നതും മുടങ്ങി. ഇതോടെ സിഐടിയുവും സമരത്തിലായി. ഗതാഗത സെക്രട്ടറിയുടെ ഇടപെടലിൽ സംശങ്ങളും സജീവമായി.

ഇതിനിടെയാണ് ജീവനക്കാരുടെ കണ്ണിൽ പൊടിയിടാൻ പുതിയ നോട്ടുമായി ഗതാഗത സെക്രട്ടറി എത്തുന്നത്. ഓരോ നിയമ ലംഘനത്തിനും കൃത്യമായ പിഴ നിയമത്തിലുണ്ട്. അത് ഒടുക്കുന്നവരിൽ നിന്ന് അതിൽ ഒരു ഭാഗം കെ എസ് ആർ ടി സിക്ക് കമ്മീഷൻ കൊടുക്കുകയെന്നത് തീർത്തും വിചിത്രമായ നിർദ്ദേശമാണെന്നാണ് ഉയരുന്ന അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP