Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആ ഹോഴ്‌സ് പവറിൽ എന്റെ പുതുപുത്തൻ ബ്രാൻഡ് ന്യൂ കാറിന്റെ ബോഡി ചളുങ്ങി! കാറിന് പകരം തൊഴി കൊണ്ടത് ബൈക്ക് യാത്രക്കാർക്കോ വിദ്യാർത്ഥികൾക്കോ ആയിരുന്നെങ്കിലോ? കുതിര ചവുട്ടിയപ്പോൾ കാർ ചളുങ്ങിയെന്ന പരാതി വന്നപ്പോൾ അക്കിടി പറ്റിയ പോലെ തലസ്ഥാനത്തെ കുതിരപ്പൊലീസ്; കേസ് എടുത്ത് മനുഷ്യാവകാശ കമ്മിഷൻ; ആകാംക്ഷയോടെ കുതിര പ്രേമികളും നഗരവാസികളും

'ആ ഹോഴ്‌സ് പവറിൽ എന്റെ പുതുപുത്തൻ ബ്രാൻഡ് ന്യൂ കാറിന്റെ ബോഡി ചളുങ്ങി! കാറിന് പകരം തൊഴി കൊണ്ടത് ബൈക്ക് യാത്രക്കാർക്കോ വിദ്യാർത്ഥികൾക്കോ ആയിരുന്നെങ്കിലോ?  കുതിര ചവുട്ടിയപ്പോൾ കാർ ചളുങ്ങിയെന്ന പരാതി വന്നപ്പോൾ അക്കിടി പറ്റിയ പോലെ തലസ്ഥാനത്തെ കുതിരപ്പൊലീസ്; കേസ് എടുത്ത് മനുഷ്യാവകാശ കമ്മിഷൻ; ആകാംക്ഷയോടെ കുതിര പ്രേമികളും നഗരവാസികളും

എം മനോജ് കുമാർ

തിരുവനന്തപുരം: പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് തലസ്ഥാന നഗരിയിലെ കുതിര പൊലീസിന്റെ പട്രോളിങ്. നഗരത്തിലെ കൗതുകം ജനിക്കുന്ന കാഴ്ചകളിൽ ഒന്ന് കൂടിയാണിത്. കുതിരയെ കാണാൻ തന്നെ ആളുകൾ ഇപ്പോഴും തെരുവോരത്ത് നിൽക്കാറുമുണ്ട്. ചരിത്രത്തിൽ ആദ്യം എന്ന് തന്നെ പറയാം. കുതിര പൊലീസിനെതിരെയും പരാതി വന്നിരിക്കുന്നു. കുതിര കാറിനെ ആഞ്ഞു തൊഴിച്ചപ്പോൾ ബ്രാൻഡ് ന്യൂ കാറിന്റെ ബോഡി ചതഞ്ഞു എന്നാണ് കാർ ഉടമയുടെ പരാതി. പരാതിയുടെ കോപ്പികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും ഒക്കെ പോവുകയും ചെയ്തു. കാറിനെ പിൻകാലുകൊണ്ട് ആഞ്ഞു തൊഴിച്ച് കുതിരപൊലീസിലെ കുതിര കടന്നു കളഞ്ഞോ?

കാർ ഉടമയുടെ പരാതിക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോ? കാറിനെ തൊഴിച്ച കുതിര നിർത്താതെ പോയി എന്ന വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്? ഇത്തരം ചോദ്യങ്ങളാണ് പരാതിക്ക് പിറകെ ഉയരുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ പരാതി വന്നതോടെ കുതിര പൊലീസിലെ കുതിര വാർത്തയിൽ കടന്നുവരുകയും ചെയ്തു. കഴിഞ്ഞ അഞ്ചിന് നടന്ന സംഭവമാണ് കുതിര പൊലീസിനെ പിടിച്ചു കുലുക്കിയത്. കുതിരകൾ കാറിനെ അക്രമിച്ചില്ലെന്നും പരിഭ്രാന്തരായ കുതിരകളിൽ ഒന്ന് അസ്വസ്ഥമാവുക മാത്രമാണ് ചെയ്തത് എന്നാണ് കുതിര പൊലീസ് നൽകുന്ന വിശദീകരണം. രാവിലെയുള്ള പട്രോൾ ഡ്യൂട്ടിക്കിടെ രാവിലെ ഏഴു മണിയോടെയാണ് സംഭവം നടക്കുന്നത്. വഴുതക്കാട് ജംഗ്ഷനിൽ നിന്നും ജഗതിയിലെക്ക് പോകുന്ന വഴിക്ക് ആണ് പരാതിക്ക് ആധാരമായ സംഭവം.

പ്രശ്‌നത്തെക്കുറിച്ച് കുതിര പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: അഞ്ചാം തീയതിയും പതിവുപോലെ പട്രോൾ ഡ്യുട്ടിക്ക് ഉണ്ടായിരുന്നത് രണ്ടു കുതിരകൾ ആയിരുന്നു. കുതിരകൾ ജംഗ്ഷനിൽ എത്തിയപ്പോൾ രണ്ടു മൂന്നു കാറുകൾ അതി സ്പീഡിൽ പാസ് ചെയ്ത് പൊയി. പിറകിൽ നിന്നും വന്ന കാറുകൾ കുതിരകളെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് പോയത്. അതിൽ ഒരു കുതിരയുടെ കാൽ ഉയർന്നു പൊങ്ങിയതായി മുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് മനസിലായി. അവർ കുതിരകളെ നിർത്തി. പരിശോധിച്ചപ്പോൾ കുതിരകൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. കാറിനെ തട്ടിയിരുന്നെങ്കിൽ കാറുകൾ തിരികെ വരുമെന്ന് അവർ കരുതി പത്ത് മിനിട്ടോളം കാത്തു നിന്നു. എന്താണ് സംഭവിച്ചത് എന്ന് കുതിരപ്പുറത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് മനസിലായിട്ടുമില്ല. എന്തായാലും സംഭവം അവർ കുതിരപൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. പക്ഷെ ആരും കുതിര പൊലീസിൽ വിളിക്കുകയോ എന്തെങ്കിലും പരാതി പറയുകയോ ചെയ്തിട്ടില്ല. ഇപ്പോൾ മാധ്യമ വാർത്ത വരുമ്പോഴാണ് കുതിര പൊലീസിലുള്ളവർ കാര്യം അറിയുന്നത്.

ഈ കാര്യത്തിൽ ഒന്നും ചെയ്യാനില്ലാ എന്നാണ് കുതിര പൊലീസ് പ്രതികരിക്കുന്നത്. വർഷങ്ങളായി ഇവർ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ട്. ഒരു അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. നഗരവാസികൾക്ക് കുതിരകളെ ഇഷ്ടമാണ്. ഒപ്പം കുതിര പൊലീസിനേയും. ഈ കുതൂഹലം ഇപ്പോഴും കൈമോശം വന്നിട്ടില്ല. അതിനാൽ തന്നെ ഡ്യൂട്ടിയിൽ എന്തെങ്കിലും മാറ്റങ്ങളോ മുൻ കരുതലോ എടുക്കണമെന്ന് ഇവർക്ക് തോന്നിയിട്ടുമില്ല. 23 ഓളം കുതിരകളുമുണ്ട് കുതിര പൊലീസിൽ. പന്ത്രണ്ടോളം കുതിരകൾ ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ട്. രാവിലെ, വൈകീട്ട്, രാത്രി എല്ലാം പട്രോൾ ഡ്യൂട്ടിയുണ്ട്. വളവിൽ യാദൃശ്ചികമായി സംഭവിച്ച ഒന്നായേ ഇവർ ഈ പരാതിയെ കാണുന്നുള്ളൂ. കുതിരയ്ക്ക് പരുക്കുണ്ടോ എന്ന് ഡോക്ടർ പരിശോധിക്കേണ്ടതുണ്ട്. അതിനാലാണ് പൊലീസുകാർ സംഭവം റിപ്പോർട്ട് ചെയ്തത്. അഞ്ചര മുതൽ ഏഴര വരെ വൈകീട്ട് പട്രോൾ ഡ്യൂട്ടിയുണ്ട്. അതുപോലെ രാത്രി പതിനൊന്നു മണിമുതൽ രാവിലെ മൂന്നു വരേയുമുണ്ട്. അത് കഴിഞ്ഞു രാവിലെയുള്ള അഞ്ചര മുതൽ ഏഴര വരെയുള്ള പട്രോൾ ഡ്യൂട്ടി സമയത്താണ് ഈ സംഭവങ്ങൾ നടക്കുന്നത്. ഈ കാര്യങ്ങൾ മാത്രമേ കുതിരപൊലീസിനു അറിയൂ. മറ്റുള്ളത് വാർത്തയിലാണ് വന്നത്. ഡിജിപിക്കും മുഖ്യമന്ത്രിക്കും ഒക്കെ പരാതി വന്നതായി വാർത്തയിൽ വന്നതേ കുതിര പൊലീസിനും അറിയൂ.

കവടിയാർ പാലസ് ഗാർഡൻ ഐവിവില്ലയിലെ ടിനു ഐവി ജേക്കബാണ് തന്റെ പുതുപുത്തൻ ബ്രാൻഡ് ന്യൂ കാറിന്റെ ബോഡിയിൽ കുതിര പൊലീസിലെ കുതിര ചതവുകൾ വീഴ്‌ത്തി എന്ന പരാതിയുമായി രംഗത്ത് വന്നത്. പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും നൽകുകയും ചെയ്തു. പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ആ ഹോഴ്‌സ് പവറിൽ തന്റെ പുതുപുത്തൻ ബ്രാൻഡ് ന്യൂ കാറിന്റെ ബോഡി ചതങ്ങി എന്നാണ് പരാതിയിൽ പറയുന്നത്. ചതങ്ങിയ കാറിന്റെ ചിത്രം സഹിതമാണ് പരാതി നൽകിയത്. ബൈക്കു യാത്രികരുടെ നേർക്കോ , വിദ്യാർത്ഥികൾക്ക് നേരെയോ ഇത്തരം കുതിരയുടെ ആക്രമണം വന്നാൽ സ്ഥിതി എന്താകും എന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു അപകടം ഉണ്ടാകും മുൻപ് തന്റെ ആശങ്കകൾക്ക് പരിഹാരം വേണമെന്നാണ് കാർ ഉടമയുടെ പരാതി. ഈ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്ത സ്ഥിതിക്ക് എന്ത് നടപടി വരും എന്നാണ് കുതിര പ്രേമികളും നഗരവാസികളും ആകാംക്ഷയോടെ നോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP