Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉന്നാവ് ബലാൽസംഗക്കേസ്: ബിജെപി മുൻ എംഎൽഎ സെൻഗർ കുറ്റക്കാരൻ; ശിക്ഷ വ്യാഴാഴ്ച; സെൻഗർ കുറ്റക്കാരനെന്ന് വിധിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ; ഒൻപത് പ്രതികളിൽ ഒരാളെ വെറുതെ വിട്ടു; വിധി പറഞ്ഞത് ഡൽഹി തിസ് ഹസാരി കോടതി; സംഭവം രാജ്യശ്രദ്ധയാകർഷിച്ചത് ഇരയായ പെൺകുട്ടി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയതോടെ; പെൺകുട്ടിയും കുടുംബവും ഇപ്പോൾ ഡൽഹി വനിത കമ്മീഷന്റെ സംരക്ഷണയിൽ

ഉന്നാവ് ബലാൽസംഗക്കേസ്: ബിജെപി മുൻ എംഎൽഎ സെൻഗർ കുറ്റക്കാരൻ; ശിക്ഷ വ്യാഴാഴ്ച; സെൻഗർ കുറ്റക്കാരനെന്ന് വിധിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ; ഒൻപത് പ്രതികളിൽ ഒരാളെ വെറുതെ വിട്ടു; വിധി പറഞ്ഞത് ഡൽഹി തിസ് ഹസാരി കോടതി; സംഭവം രാജ്യശ്രദ്ധയാകർഷിച്ചത് ഇരയായ പെൺകുട്ടി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയതോടെ; പെൺകുട്ടിയും കുടുംബവും ഇപ്പോൾ ഡൽഹി വനിത കമ്മീഷന്റെ സംരക്ഷണയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവ് ബലാൽസംഗക്കേസിൽ ബിജെപി മുൻ എംഎൽഎ സെൻഗർ കുറ്റക്കാരനെന്ന് ഡൽഹി തിസ് ഹസാരി കോടതി. ശിക്ഷ വ്യാഴാഴ്ച വിധിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിലാണ് കുൽദീപ് സെൻഗാർ കുറ്റക്കാരനെന്ന് കോടതി പറഞ്ഞത്. ഒൻപത് പ്രതികളിൽ ഒരാളെ വെറുതെ വിട്ടുഡൽഹി തീസ് ഹസാരി കോടതി ജഡ്ജി ധർമേഷ് ശർമ്മയാണ് വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 376ാം വകുപ്പ്, പോക്‌സോ ആക്ടിന്റെ 5,6 വകുപ്പുകൾ പ്രകാരമാണ് സെൻഗർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. കുറ്റപത്രം വൈകിയതിൽ സിബിഐയെ വിചാരണ കോടതി വിമർശിച്ചു. സുപ്രീം കോടതിയുടെ നിർദേശാനുസരണം ലക്നൗവിൽ നിന്ന് കേസിന്റെ വിചാരണ ഡൽഹിയിലേക്കു മാറ്റിയ ഓഗസ്റ്റ് 5 മുതൽ ജില്ലാ ജഡ്ജി ധർമേഷ് ശർമ കേസിൽ തുടർച്ചയായി വാദം കേൾക്കുകയായിരുന്നു.

2017 ലാണ് സെൻഗർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നത്. കേസിൽ എംഎൽഎയുടെ കൂട്ടാളി ശശി സിങിനെയും പ്രതി ചേർത്തിട്ടുണ്ട്. പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം രാജ്യശ്രദ്ധയാകർഷിച്ചത്.

കേസിൽ എംഎൽഎയ്ക്കെതിരെ മൊഴി നൽകിയ പെൺകുട്ടിയെയും കുടുംബത്തെയും വാഹനാപകടത്തിൽ കൊല്ലാൻ ശ്രമിച്ച കേസിലും കുൽദീപ് സെൻഗർ പ്രതിയാണ്. ജൂലൈയിലാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയത്. ഉത്തർപ്രദേശിലെ ഉന്നാവിൽ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണ സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഡൽഹിയിലേക്ക് മാറ്റിയത്.

2017ൽ എംഎൽഎയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുൽദീപ് സെംഗാർ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് കേസ്. ഡിസംബർ 10-നാണ് കേസിന്റെ വിചാരണ പൂർത്തിയായത്. ഉത്തർപ്രദേശിൽ നടന്ന് വന്നിരുന്ന കേസിന്റെ വിചാരണ ഇരയായ യുവതി ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ ശേഷം സുപ്രീംകോടതി ഇടപെട്ട് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. ഈ അപകടത്തിന് പിന്നിൽ യുവതിയെ തുടർച്ചയായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന കുൽദീപ് സെംഗാറിന്റെ അനുജനും അനുയായികളുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് സെംഗാറിനെ അടക്കം പ്രതി ചേർത്ത ഈ വാഹനാപകടക്കേസിന്റെ വിചാരണ മറ്റൊരു കോടതിയിൽ പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് 5 മുതലാണ് കേസ് ഡൽഹിയിലെ പ്രത്യേക കോടതി വിചാരണയ്ക്ക് എടുത്തത്. തുടർച്ചയായി ദിവസം തോറും വാദം കേട്ട ശേഷമാണ് കേസിൽ കോടതി വിധി പറയാനൊരുങ്ങുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് സെംഗാർ തട്ടിക്കൊണ്ടുപോകുന്നത് 2017-ലാണ്. കേസിൽ സെംഗാറിനെ സഹായിച്ച ശശി സിംഗാണ് രണ്ടാം പ്രതി. ഉത്തർപ്രദേശിലെ ബംഗർമാവ് എന്ന മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായിരുന്നു കുൽദീപ് സിങ് സെംഗാർ. ബലാത്സംഗപ്പരാതി ഉയർന്നപ്പോൾ എംഎൽഎയ്ക്ക് എതിരെ നടപടി എടുക്കാതിരുന്ന ബിജെപി യുവതി വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായതോടെയാണ് എംഎൽഎയെ സസ്‌പെൻഡ് ചെയ്തത്. കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോകൽ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തൽ, (376) ബലാത്സംഗം, പോക്‌സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതും കുറ്റപത്രം നൽകിയിരിക്കുന്നത്.

ഈ വർഷം ജൂലൈ 28-നാണ് ജയിലിലായ തന്റെ അമ്മാവനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം പോയി മടങ്ങവെ ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ യുവതി സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിക്കുന്നത്. കുട്ടിയുടെ ബന്ധുക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ജീവനായി മല്ലടിച്ചു. ലഖ്‌നൗവിലെ ആശുപത്രിയിൽ നിന്ന് യുവതിയെ ഡൽഹിയിലെ ആശുപത്രിയിലെത്തിച്ചു. രണ്ട് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് യുവതിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായത്.

ബലാത്സംഗപ്പരാതി ഉയർന്നതിന് പിന്നാലെ 2018 ഏപ്രിൽ 3-ന് യുവതിയുടെ അച്ഛനെ പൊലീസ് അനധികൃതമായി ആയുധം കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 9-ന് ഇവരുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അതിജീവിച്ച പെൺകുട്ടി എഴുതിയ കത്ത് പ്രകാരമാണ് കേസുകളുടെ വിചാരണ ഡൽഹിയിലേക്ക് മാറ്റിയത്. വിചാരണ പൂർണമായും ചിത്രീകരിച്ചിട്ടുണ്ട്. 13 പ്രോസിക്യൂഷൻ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും കോടതി വിസ്തരിച്ചു. യുവതിയും അമ്മയും അമ്മാവനും തന്നെയാണ് കേസിലെ പ്രധാന സാക്ഷികൾ. യുവതിയുടെ കുടുംബത്തിന് സിആർപിഎഫ് സുരക്ഷ നൽകിയിട്ടുണ്ട്. ഡൽഹിയിൽത്തന്നെ ഡൽഹി വനിതാ കമ്മീഷന്റെ സംരക്ഷണയിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് അതിജീവിച്ച യുവതിയും കുടുംബവും ഇപ്പോൾ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP