Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈബ്രറിയിലേക്ക് കണ്ണീർ വാതക ഷെല്ലുകൾ എറിഞ്ഞ് കുട്ടികളെ പുകച്ച് പുറത്തു ചാടിച്ചു; വിദ്യാർത്ഥിനികളെ വളഞ്ഞിട്ട് തല്ലിയത് പുരുഷ പൊലീസ്; ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിലെ വിദ്യാർത്ഥികളുടെ സമരത്തിലേക്ക് നുഴഞ്ഞു കയറിയ ചില 'പുറത്തു നിന്നുള്ളവരെ' അറസ്റ്റ് ചെയ്യാനെത്തി നടത്തിയത് നരനായാട്ട്; പ്രതിഷേധിച്ച് കമ്മീഷണർ ഓഫീസ് ഉപരോധിച്ചവർക്ക് മുമ്പിൽ മുട്ടുമടക്കി ഡൽഹി പൊലീസ്; കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചത് എല്ലാം കൈവിട്ടപ്പോൾ; പൗരത്വ നിയമത്തിൽ ഡൽഹിയിൽ ഇന്നും പ്രതിഷേധ സാധ്യത

ലൈബ്രറിയിലേക്ക് കണ്ണീർ വാതക ഷെല്ലുകൾ എറിഞ്ഞ് കുട്ടികളെ പുകച്ച് പുറത്തു ചാടിച്ചു; വിദ്യാർത്ഥിനികളെ വളഞ്ഞിട്ട് തല്ലിയത് പുരുഷ പൊലീസ്; ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിലെ വിദ്യാർത്ഥികളുടെ സമരത്തിലേക്ക് നുഴഞ്ഞു കയറിയ ചില 'പുറത്തു നിന്നുള്ളവരെ' അറസ്റ്റ് ചെയ്യാനെത്തി നടത്തിയത് നരനായാട്ട്; പ്രതിഷേധിച്ച് കമ്മീഷണർ ഓഫീസ് ഉപരോധിച്ചവർക്ക് മുമ്പിൽ മുട്ടുമടക്കി ഡൽഹി പൊലീസ്; കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചത് എല്ലാം കൈവിട്ടപ്പോൾ; പൗരത്വ നിയമത്തിൽ ഡൽഹിയിൽ ഇന്നും പ്രതിഷേധ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ രാജ്യതലസ്ഥാനം യുദ്ധക്കളമായി. രാത്രിയിൽ ഡൽഹി പൊലീസ് ആസ്ഥാനമായ ഐടിഒ ജെഎൻയു ഉൾപ്പെടെയുള്ള ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ ഉപരോധിച്ചു. ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിലേക്ക് ഇരച്ചുകയറി പൊലീസ് വെടിവച്ചിരുന്നു. അതിന് ശേഷം 60ഓളം പേരെ കസ്റ്റഡിയിൽ എടുത്തു. ഇതിനെതിരെയായിരുന്നു ഡൽഹി പൊലീസ് ആസ്ഥാനത്തെ പ്രതിഷേധം. ഒടുവിൽ അറസ്റ്റ ്‌ചെയ്തവരെ എല്ലാം പൊലീസ് വിട്ടയിച്ചു. ഇതോടെ പ്രതിഷേധം അവസാനിച്ചു. എന്നാൽ ഇന്ന് രാവിലെ മുതൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വീണ്ടും തുടരാൻ സാധ്യതയുണ്ട്.

ഡൽഹിയിൽ ഇന്നലെ അഞ്ച് ബസും നിരവധി വാഹനങ്ങളും കത്തിച്ചു. ക്യാമ്പസിലെ പള്ളിക്കുള്ളിൽ കടന്ന് മർദിച്ചെന്ന് വിദ്യാർത്ഥികൾ ഫെയ്‌സ് ബുക്കിലൂടെ വെളിപ്പെടുത്തി. മെസ്സിലും ലൈബ്രറിയിലും പൊലീസ് കയറി വിദ്യാർത്ഥികളെ മർദിച്ചു. പെൺകുട്ടികളടക്കം പുരുഷ പൊലീസിന്റെ ക്രൂരമർദനത്തിനിരയായി. ബിബിസി ലേഖിക അടക്കം മാധ്യമ പ്രവർത്തകർക്കും മർദനമേറ്റു. .അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ നിയന്ത്രണം ഞായറാഴ്ച രാത്രി പൊലീസ് ഏറ്റെടുത്തിരുന്നു. ക്യാമ്പസിന്റെ എല്ലാ ഗേറ്റുകളും പൂട്ടി. അക്രമം നടത്തിയ പുറത്തുനിന്നുള്ളവർ ക്യാമ്പസിൽ ഉണ്ടെന്നും അവരെ പിടികൂടാനാണ് നടപടിയെന്നുമാണ് പൊലീസ് ഭാഷ്യം. ക്യാമ്പസിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇതിന് ശേഷമായിരുന്നു പൊലീസ് അതിക്രമം.

പൊലീസ് അനുവാദമില്ലാതെ ക്യാമ്പസിൽ കടന്ന് അക്രമം നടത്തുകയായിരുന്നെന്ന് ജാമിയ മിലിയ ഇസ്ലാമിയ ചീഫ് പ്രോക്ടർ വസീം അഹമ്മദ് ഖാൻ പറഞ്ഞു. വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദിച്ച പൊലീസ് അവരെ ക്യാമ്പസിന് പുറത്താക്കാൻ ശ്രമിച്ചെന്നും വസിം പറഞ്ഞു. വിദ്യാർത്ഥികളും അദ്ധ്യാപകരും ജാമിയ നഗറിൽനിന്ന് ജന്തർ മന്ദറിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ലാത്തിചാർജ്ജിലും കണ്ണീർ വാതക പ്രയോഗത്തിലും നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിലരുടെ നില ഗുരുതരം. മഥുര റോഡ്, കാളിന്ദികുഞ്ച് റോഡ്, ന്യൂ ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. ഒക്ല അണ്ടർപാസ് മുതൽ സരിത വിഹാർ വരെയുള്ള പാതയിലൂടെയുള്ള ഗതാഗതം പൊലീസ് തടഞ്ഞു.

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പൊലീസ് ക്യാമ്പസിനകത്ത് കയറി ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്‌തെന്നും വിദ്യാർത്ഥികൾ പറയുന്നു. അക്രമം ഉണ്ടായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്നും പുറത്ത് നിന്നെത്തിയവരും പൊലീസുമാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സർവകലാശാലയിലെ പൊലീസ് നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് വൈസ് ചാൻസലർ നജ്മ അക്തറും ചീഫ് പ്രോക്ടർ വസിം ഖാനും രംഗത്തെത്തി. പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണമാണ് സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്. അക്രമത്തിന് പിന്നിൽ വിദ്യാർത്ഥികളല്ല പുറത്തുനിന്നുള്ളവരാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല പ്രതികരിച്ചു. പൊലീസ് ക്യാംപസിൽ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചത് എന്ന് സർവകലാശാല ചീഫ് പ്രോക്ടർ വസീം അഹമദ് ഖാൻ പറഞ്ഞു. പൊലീസ് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചെന്നും ചീഫ് പ്രോക്ടർ പറഞ്ഞു. പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ച ലൈബ്രറി ചീഫ് പ്രോക്ടർ സന്ദർശിച്ചു. ലൈബ്രറിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെയെല്ലാം പുറത്തെത്തിച്ചെന്നും പൊലീസ് നടപടി അപലപനീയമെന്നും വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു.

അതേസമയം, പൊലീസ് നടപടിയിൽ വിദ്യാർത്ഥികൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. അത്തരം വിവരങ്ങൾ സർവകലാശാലയ്ക്ക് ലഭിച്ചിട്ടില്ല എന്നും സർവകലാശാല വൃത്തങ്ങൾ അറിയിക്കുന്നു. ആകെ സംഘർഷത്തിൽ 35 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. 11 പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്. അതേസമയം, ഒരു സംഘം അക്രമികളെത്തി ബസ്സ് ആക്രമിക്കുകയായിരുന്നെന്ന് ജാമിയക്ക് സമീപം കത്തിച്ച ബസ്സുകളിലൊന്നിന്റെ ഡ്രൈവർ പറഞ്ഞു. ബസ്സിൽ നിറയെ ആളുണ്ടായിരുന്നു. ബസ്സിന് നേരെ കല്ലേറുണ്ടായി. പിന്നീട് പതിനഞ്ചോളം പേരടങ്ങുന്ന സംഘം എത്തി ആളുകളെ ഇറക്കി വിട്ട് ബസ്സ് കത്തിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു.

ഡൽഹിയിലാകെ 11 മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഐടിഒ, ഐഐടി, ജിടിബി നഗർ, ശിവജി സ്റ്റേഡിയം, വസന്ത് വിഹാർ, മുനിർക്ക, ആർ കെ പുരം, സുഖ്‌ദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‌ല വിഹാർ, ജസോള ഷഹീൻ ബാഘ് എന്നീ മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇവിടങ്ങളിലൊന്നും മെട്രോ ട്രെയിനുകൾ നിർത്താതെ പോകുമെന്നും എൻട്രി - എക്‌സിറ്റ് ഗേറ്റുകൾ അടച്ചിടുമെന്നും ഡിഎംആർസി അറിയിച്ചു. അതിനിടെ ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടാം ദിനവുമുണ്ടായ സമരങ്ങൾ അക്രമാസക്തമായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ. ക്യാമ്പസിനകത്ത് കയറി വിദ്യാർത്ഥികളുടെ സമരത്തിലേക്ക് നുഴഞ്ഞു കയറിയ ചില 'പുറത്തു നിന്നുള്ളവരെ' അറസ്റ്റ് ചെയ്യാനാണ് പൊലീസ് അകത്തേക്ക് കയറിയതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അക്രമാസക്തമായ സമരത്തിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് സർവകലാശാലയും വിശദീകരിക്കുന്നു. എന്തായാലും ക്യാമ്പസിനകത്തേക്ക് കയറിയ പൊലീസ് ജാമിയയിലെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് പ്രതിഷേധം പുതിയ തലത്തിലെത്തിയത്.

വൈകിട്ടോടെയാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരത്തിനിടെ അക്രമമുണ്ടായത്. ക്യാമ്പസിനടുത്തുള്ള പ്രദേശങ്ങളിൽ നാല് ബസ്സുകൾ അടക്കം പത്ത് വാഹനങ്ങൾ കത്തിച്ചു. സുഖ്‌ദേബ് ബിഹാർ, ഫ്രണ്ട്‌സ് കോളനി പരിസരങ്ങളിൽ വൻ അക്രമം അരങ്ങേറി. പൊലീസ് ക്യാമ്പസിനകത്തേക്ക് തുടർച്ചയായി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. എല്ലാ ഗേറ്റുകളും പൊലീസ് അടച്ചു. ഫയർഫോഴ്‌സിന്റേതടക്കമുള്ള വാഹനങ്ങൾ കത്തിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി എന്നാണ് ആരോപിക്കപ്പെടുന്നത്. തിരികെ പൊലീസ് ക്യാമ്പസിനകത്തേക്ക് വെടി വച്ചതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇത് തെളിയിക്കാനുള്ള ചില ദൃശ്യങ്ങളും വിദ്യാർത്ഥികൾ പുറത്തുവിടുന്നു. നിരവധി വിദ്യാർത്ഥികൾക്കും മൂന്ന് പൊലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.

ലൈബ്രറിയിലേക്കും പൊലീസ് ഇരച്ചുകയറിയതായി വിദ്യാർത്ഥികൾ പറയുന്നു. ഇത് വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലൈബ്രറിക്ക് അകത്തേക്ക് കണ്ണീർ വാതകഷെല്ലുകൾ എറിഞ്ഞ്, അത് മുറികൾക്കുള്ളിൽ പരക്കുന്ന ദൃശ്യങ്ങളാണ് വിദ്യാർത്ഥികൾ പുറത്തുവിടുന്നത്. ഇതിനിടെ വിദ്യാർത്ഥിനികളെ പുരുഷ പൊലീസ് വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥിനികളെ പുരുഷ പൊലീസ് തല്ലുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെന്നും ആരോപണങ്ങളുയരുന്നു. ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറമേ, അലിഗഢ് സർവകലാശാലയിലും വൻ സംഘർഷം ഉണ്ടായി.

സർവകലാശാലയ്ക്ക് പുറത്തുള്ള ബാബ് - എ - സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. വിദ്യാർത്ഥികൾ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഘർഷത്തെത്തുടർന്ന് സർവകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP