Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറും ലോറിയും കൂട്ടിയിടിച്ച് പൊളിഞ്ഞത് വെള്ളമുണ്ടയിലെ രണ്ട് യുവ സഹോദരങ്ങളുടെ ജീവൻ; ഇരുമ്പനത്ത് ടാങ്കർ ലോറി എടുത്തത് വീട്ടമ്മയുടെയും അമ്മായി അമ്മയുടെയും ജീവൻ; ആലപ്പുഴയിൽ ലോറിക്കും വാനിനും ഇടയിൽ കുടുങ്ങി മരണത്തിലേക്ക് നടന്നത് പ്രതിശ്രുതവരനായ യുവാവും അച്ഛനും: കനത്ത പിഴയുമായി പൊലീസ് രംഗത്ത് എത്തിയിട്ടും നാടു മുഴുവൻ ചോരക്കളമായി മാറുന്നത് ഇങ്ങനെ

കാറും ലോറിയും കൂട്ടിയിടിച്ച് പൊളിഞ്ഞത് വെള്ളമുണ്ടയിലെ രണ്ട് യുവ സഹോദരങ്ങളുടെ ജീവൻ; ഇരുമ്പനത്ത് ടാങ്കർ ലോറി എടുത്തത് വീട്ടമ്മയുടെയും അമ്മായി അമ്മയുടെയും ജീവൻ; ആലപ്പുഴയിൽ ലോറിക്കും വാനിനും ഇടയിൽ കുടുങ്ങി മരണത്തിലേക്ക് നടന്നത് പ്രതിശ്രുതവരനായ യുവാവും അച്ഛനും: കനത്ത പിഴയുമായി പൊലീസ് രംഗത്ത് എത്തിയിട്ടും നാടു മുഴുവൻ ചോരക്കളമായി മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹന നിയമങ്ങൾ തെറ്റിക്കുന്നവർക്ക് കനത്ത പിഴയുമായി പൊലീസ് രംഗത്ത് എത്തിയിട്ടും കേരളം ചോരക്കളമായി മാറുന്നു. ദിവസം തോറും കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ നിരവധി ജീവനുകളാണ് റോഡിൽ പൊലിയുന്നത്. ഇന്നലെ കാറും ലോറിയും കൂട്ടിയിടിച്ച് വെള്ളമുണ്ടയിൽ സഹോദരങ്ങൾ മരിച്ചു. ഇരുമ്പനത്ത് ടാങ്കർ ലോറി എടുത്തത് വീട്ടമ്മയുടെയും അമ്മായി അമ്മയുടെയും ജീവനാണ്. ആലപ്പുഴയിൽ ലോറിക്കും വാനിനും ഇടയിൽ കുടുങ്ങി മരണത്തിലേക്ക് നടന്നത് പ്രതിശ്രുതവരനായ യുവാവും അച്ഛനുമായിരുന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തതാണ് ഈ മരണങ്ങൾ. ഇത്തരം വേറെയും പല അപകടങ്ങളിലും രണ്ട് പേരെങ്കിലും മരിക്കുന്നതുകൊണ്ടാണ് ലോക്കൽ വിട്ട് വാർത്ത വരുന്നത്.

താമരശ്ശേരിയിൽ ദേശീയപാതയിൽ പെരുമ്പള്ളിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് സഹോദരങ്ങൾ മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാൽ വല്ലാട്ട് ജോസ്‌മേരി ദമ്പതികളുടെ മക്കളായ ജിനിൽ ജോസ് (35), ജിനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെയാണു അപകടം. ഇവരുടെ മറ്റൊരു സഹോദരൻ ജിനൂപിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്നലെ.

ചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്തെ ജോലി സ്ഥലത്ത് നിന്നു വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. വയനാട് ഭാഗത്തു നിന്നു വരികയായിരുന്ന ടിപ്പറുമായി കൂട്ടിയിടിച്ച് കാർ മതിലിടിച്ച് മറിയുകയായിരുന്നു. വിദേശത്ത് നഴ്‌സായിരുന്ന ജിനിൽ അവധിക്കു നാട്ടിലെത്തിയതായിരുന്നു. ഭാര്യ: വിനീത(നഴ്‌സ്). ജിനീഷ് സ്വകാര്യ കാർ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു. സംസ്‌കാരം ഇന്ന് 3ന് പുളിഞ്ഞാൽ ക്രിസ്തുരാജാ പള്ളിയിൽ.

ഇരുമ്പനത്ത് ടാങ്കർ ലോറി എടുത്തത് വീട്ടമ്മയുടെയും അമ്മായി അമ്മയുടെയും ജീവൻ
ഇരുമ്പനം: കൊച്ചിയിൽ സീപോർട്ട്-എയർപോർട്ട് റോഡിൽ കാർ ടാങ്കർ ലോറിയിൽ ഇടിച്ച് കാർ യാത്രികരായ വീട്ടമ്മയും ഭർതൃമാതാവും മരിച്ചു. മറൈൻ ഡ്രൈവ് ഫെഡറൽ ബാങ്ക് റീജനൽ മാനേജർ തൊടുപുഴ ഇടവെട്ടി പുത്തനറയിൽ അസീസിന്റെ ഭാര്യ ഷൈല (48), ഭർതൃ മാതാവ് ബൽക്കീസ് (74) എന്നിവരാണ് മരിച്ചത്. കാറോടിച്ച അസീസിനെ പരുക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് അപകടം. കാർ ടാങ്കർ ലോറിയുമായി ഇടിക്കുക ആയിരുന്നു. ഇരുമ്പനം ഭാഗത്തു നിന്നു കാക്കനാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ നിന്ന് ഇന്ധനം നിറച്ച് കൊല്ലം ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കറുമായി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ നാട്ടുകാരും പൊലീസും ചേർന്ന് പരുക്കേറ്റവരെ ആംബുലൻസിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫെഡറൽ ബാങ്ക് മറൈൻഡ്രൈവ് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടിയ അസീസ് വീട്ടുസാധനങ്ങളുമായി എറണാകുളത്തെ പുതിയ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഭാര്യ മരിച്ച ഷൈല. അസീസിന്റെ മക്കൾ: സഫ്‌ന (ഫെഡറൽ ബാങ്ക്, അഞ്ചൽ), ആഷിക് (നെതർലൻഡ്‌സ്). മരുമകൻ: അംജത് (റിലയൻസ്, തിരുവനന്തപുരം).പരേതനായ മുഹമ്മദിന്റെ ഭാര്യയാണ് മരിച്ച ബൽക്കീസ്. ബൽക്കീസിന്റെ മറ്റു മക്കൾ: കാസിം, ലൈല (റെയ്‌കോ, തൊടുപുഴ). മറ്റു മരുമക്കൾ: മൂസ മുണ്ടയ്ക്കൽ (റിട്ട. കെഎസ്ആർടിസി, തൊടുപുഴ ), താഹിറ.

ആലപ്പുഴയിൽ ലോറിക്കും വാനിനും ഇടയിൽ കുടുങ്ങി മരണത്തിലേക്ക് നടന്നത് പ്രതിശ്രുതവരനായ യുവാവും അച്ഛനും
ആലപ്പുഴ: ആലപ്പുഴയിൽ ലോറിക്കും വാനിനും ഇടയിൽ കുടുങ്ങി പ്രതിശ്രുത വരനും അച്ഛനും മരിച്ചു. വാടയ്ക്കൽ നിലവീട്ടിൽ വെളിയിൽ കെ.ബാബു (61), മകൻ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്. റോഡിൽ പൂച്ചയെ കണ്ട് പെട്ടെന്നു നിർത്തിയ ലോറിക്കു പിന്നിൽ ഇടിച്ചു നിന്ന ബൈക്കിലേക്ക് വാൻ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ കളപ്പുര ജംക്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

റോഡിലേക്കു ചാടിയ പൂച്ചയെ രക്ഷിക്കാൻ മുന്നിൽ പോയ ലോറി ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. അജിത് ഓടിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന വാൻ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കും വാനിനും ഇടയിൽ അജിത്തും ബാബുവും ഞെരുങ്ങി. തുടർന്ന് ബൈക്ക് തെന്നി ലോറിക്കടിയിലേക്കു വീണു.

അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻവശം പൂർണമായും തകർന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജിത് ആശുപത്രിയിലേക്കുള്ള വഴിയിലും ബാബു ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. അജിത്തുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയാരുന്നു ഇരുവരും എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ടെക്‌നോപാർക്കിലാണ് അജിത് ജോലി ചെയ്യുന്നത്.

ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ്. ബാബുവിന്റെ ഭാര്യ ഉഷാകുമാരി. ഇളയ മകൻ അരുൺ ബാബു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP