Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാമിയ മിലിയയ്ക്ക് പിന്നാലെ അലിഗഡിലും പ്രതിഷേധം ആളിക്കത്തുന്നു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത് ജാമിയയിൽ രണ്ടുവിദ്യാർത്ഥികൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നതോടെ; ജനുവരി അഞ്ച് വരെ സർവകലാശാലയ്ക്ക് അവധി; വിദ്യാർത്ഥികൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയെന്നും ജാമിയ അധികൃതർ; ബസ് കത്തിച്ചത് പൊലീസെന്നും അല്ലെന്നും വാദം; പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള അക്രമത്തിന് പിന്നിൽ ആം ആദ്മിയെന്ന് ബിജെപി; നിഷേധിച്ച് ആപ്പും

ജാമിയ മിലിയയ്ക്ക് പിന്നാലെ അലിഗഡിലും പ്രതിഷേധം ആളിക്കത്തുന്നു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത് ജാമിയയിൽ രണ്ടുവിദ്യാർത്ഥികൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നതോടെ; ജനുവരി അഞ്ച് വരെ സർവകലാശാലയ്ക്ക് അവധി; വിദ്യാർത്ഥികൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയെന്നും ജാമിയ അധികൃതർ; ബസ് കത്തിച്ചത് പൊലീസെന്നും അല്ലെന്നും വാദം; പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള അക്രമത്തിന് പിന്നിൽ ആം ആദ്മിയെന്ന് ബിജെപി; നിഷേധിച്ച് ആപ്പും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്. കനലുകൾ ഊതിപ്പെരുപ്പിക്കുന്നത് പ്രതിപക്ഷമെന്ന് ബിജെപി ആരോപിക്കുമ്പോൾ വടക്ക് കിഴക്കും, അസമിലുമായി തുടങ്ങിയ പ്രക്ഷോഭം ബംഗാളിലും ഡൽഹിയിലുമായി വ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് സമാധാനം നിലനിർത്താൻ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. ജാമിയ മിലിയ സർവകലാശാലയിൽ അക്രമവും കൊള്ളിവയ്പും അരങ്ങേറിയതിന് പിന്നാലെ അലിഗഡിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അലിഗഢിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ക്യാമ്പസിൽ നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്. ജാമിയ മിലിയ ക്യാമ്പസിൽ രണ്ടു വിദ്യാർത്ഥികൾ പൊലീസ് വെടിവയ്‌പ്പിൽ മരിച്ചുവെന്ന് ഊഹാപോഹങ്ങൾ പരന്നതോടെയാണ് പ്രകോപനമുണ്ടായത്. ഇതേതുടർന്ന് അലിഗഢിൽ ജനുവരി അഞ്ചുവരെ ക്ലാസുകളും പരീക്ഷയും ഉണ്ടാവില്ലെന്ന് രജിസ്ട്രാർ അബ്ദുൾ ഹമീദ് അറിയിച്ചു.

ഡൽഹി ജാമിയ നഗറിൽ വൻ സംഘർഷമാണുണ്ടായത്. അഞ്ച് ബസുകൾക്ക് തീവെച്ചു. വൈകിട്ട് 5 മണിക്കാണ് ജാമിയ നഗറിൽ കടുത്ത പ്രതിഷേധം അരങ്ങേറിയത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ 5 ബസുകൾ കത്തിച്ചു. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പ്രതിഷേധക്കാരാണ് ബസിന് തീവെച്ചതെന്നു പൊലീസും പൊലീസാണ് തീവെച്ചതെന്ന് പ്രതിഷേധക്കാരും ആരോപിച്ചു. പ്രതിഷേധക്കാരുടെ കല്ലേറിൽ അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പരുക്ക് പറ്റി. വിദ്യാർത്ഥികൾ അക്രമം ഉണ്ടാക്കിയിട്ടില്ലെന്നു സർവകലാശാല യൂണിയൻ പ്രതികരിച്ചു.അക്രമം നടത്തിയത് നാട്ടുകാരും ജാമിയ പൂർവ വിദ്യാർത്ഥി അസോസിയേഷൻ നേതാക്കളുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷത്തിന് ശേഷം ജാമിയ സർവകലാശാലയിലും അക്രമമുണ്ടായി.

ജാമിയയിലെ മസ്ജിദിൽ നിന്ന് വിദ്യാർത്ഥികളെ പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയതായി ആരോപണമുയർന്നു. എന്നാൽ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്ന് ഡി.സി.പി ചിന്മോയ് ബിസ്വാൾ പറഞ്ഞു . പൊലീസിന്റെ മേൽനോട്ടത്തിലാണ് ബസുകൾക്ക് തീവച്ചതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആംആദ്മി പാർട്ടിയാണ് അക്രമത്തിനു പിന്നിലെന്നായിരുന്നു ബിജെപി ആരോപണം
ഡൽഹിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. ജെ.എൻ യു വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനത്തേക്ക് എത്തുന്നത് തടയാൻ പൊലീസ് മെട്രോ സ്റ്റേഷനുകൾ അടച്ചു. ജാമിയ നഗറിൽ നടന്ന അക്രമത്തിൽ വിദ്യാർത്ഥികൾക്ക് പങ്കില്ലെന്ന് ജാമിയ മിലിയ സർവകലാശാല വ്യക്തമാക്കി. പൊലീസ് അനുവാദമില്ലാതെ ക്യാംപസിൽ കടന്നത് അപലപനീയമാണെന്ന് വൈസ് ചാൻസലർ പ്രതികരിച്ചു. പൊലീസ് വിദ്യാർത്ഥികളെ മർദിച്ചെന്നും ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നും സർവകലാശാല അധികൃതർ ആരോപിച്ചു.

അതേസമയം, ദക്ഷിണ ഡൽഹിയിലെ അക്രമത്തിന് പിന്നിൽ ആം ആദ്മി പാർട്ടിയെന്നു ബിജെപി ആരോപിച്ചു. പ്രകോപനമുണ്ടാക്കിയത് എഎപി എംഎൽഎ ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ ആരോപണം എഎപി എംഎൽ അമാനത്തുള്ള ഖാൻ തള്ളി. അക്രമത്തെ അംഗീകരിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ലഫ്.ഗവർണറുമായി സംസാരിച്ച് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തെ തുടർന്നു ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു.

ബസ് കത്തിച്ചത് പൊലീസോ?

ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങൾക്കു പിന്നിൽ പൊലീസെന്ന് പ്രചരണം. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കന്നാസുകളിൽ മണ്ണണ്ണയുമായെത്തിയ പൊലീസ് സ്റ്റേറ്റ് ബസുകൾക്കു മേൽ മണ്ണെണ്ണയൊഴിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.

വാഹനങ്ങളുടെ നേർക്ക് പൊലീസുകാർ തന്നെയാണ് അക്രമം നടത്തുകയും അവ അഗ്നിക്കിരയാക്കുകയും ചെയ്‌തെന്ന് സ്ഥലത്തുണ്ടായിരുന്ന ചില ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരം ചെയ്തിരുന്ന വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്. അക്രമ സംഭവങ്ങളിൽ പങ്കില്ലെന്നും അക്രമരഹിതവും സമാധാനപരവുമായ സമരമാണ് വിദ്യാർത്ഥികൾ നടത്തിയതെന്നും വിദ്യാർത്ഥി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അക്രമ സംഭവങ്ങൾക്കു പിന്നിൽ പൊലീസിന്റെ ഇടപടൽ നടന്നിട്ടുണ്ടെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

പ്രക്ഷോഭങ്ങളെ തുടർന്ന് സർവകലാശാലയിൽ ശീതകാല അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശീതകാല അവധി ഡിസംബർ 16 മുതൽ ജനുവരി അഞ്ച് വരെയാണ്. ഈ തീയതിക്ക് മുമ്പ് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതിക്കിയ തീയതികൾ പിന്നീട് അറിയിക്കും.

പ്രതിപക്ഷത്തെ പഴിച്ച് മോദിയും അമിത്ഷായും

അതേസമയം, പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള പ്രക്ഷോഭത്തിനും കൊള്ളിവയ്പിനും പിന്നിൽ കോൺഗ്രസും സഖ്യകക്ഷികളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസും സഖ്യകക്ഷികളും പ്രക്ഷോഭം ആളിക്കത്തിക്കാൻ നോക്കിയിട്ടും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അതുതള്ളിക്കളഞ്ഞു. പാർലമെന്റിൽ സ്വീകരിച്ച തീരുമാനങ്ങൾ ശരിയായിരുന്നുവെന്നാണ് കോൺഗ്രസിന്റെ പ്രവർത്തികൾ തെളിയിക്കുന്നത്, മോദി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരാകാതെ, പ്രതിപക്ഷ നേതാക്കൾ തങ്ങൾക്കായി കൊട്ടാരങ്ങൾ പണിതിരിക്കുകയാണ്. തന്റെ പാർട്ടിയും സർക്കാരും സംഭാവന ചെയ്ത വികസന പ്രവർത്തനങ്ങളെ കുറിച്ചും മോദി വിശദീകരിച്ചു.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗാളിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. മാൽഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, ഹൗറ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. നോർത്ത് 24 പർഗാനാസിലെ ബരാസാത്, ബാസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസിലെ ബരുയ്പൂർ, കാനിങ് സബ്ഡിവിഷനുകളിലും ഇന്റർനെറ്റ് കിട്ടുന്നില്ല. പ്രതിഷേധങ്ങളുടെ ഭാഗമായി മുർഷിദാബാദിൽ യാത്രക്കാരില്ലാത്ത അഞ്ചു ട്രെയിനുകളാണു തീവെച്ചു നശിപ്പിച്ചത്. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയ്ക്കു സമീപത്തെ ഹൗറയിൽ 15 ഓളം ബസുകൾക്കും പ്രതിഷേധക്കാർ തീയിട്ടു. പുറംനാട്ടുകാരാണ് സംസ്ഥാനത്തു പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ബംഗാൾ സർക്കാർ ആരോപിച്ചു.

തുടർച്ചയായുള്ള അപേക്ഷകൾ പരിഗണിക്കാതെ ക്രമസമാധാന നില തകർക്കുന്നതിനു ചിലർ ശ്രമം നടത്തുന്നുവെന്നാണ് മമതാ ബാനർജി ആരോപിക്കുന്നത്. പൗരത്വ നിയമത്തെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ നിലപാട് മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. പൗരത്വ നിയമത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമർശം. 'കോൺറാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്നോട് പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താൻ അവർ നിർബന്ധിച്ചപ്പോൾ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണാൻ അവരോട് പറഞ്ഞിട്ടുണ്ട്. '-ഷാ പറഞ്ഞു.

ക്രിയാത്മകമായ ചർച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്‌നം പരിഹരിക്കാമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകില്ലെന്ന നിലപാട് മാറ്റാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. മറിച്ച് അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ പ്രക്ഷോഭക്കാക്കാർ പ്രധാനമായും ഉന്നയിക്കുന്നത് കുടിയേറ്റക്കാരായ ആർക്കം പൗരത്വം നൽകരുതെന്ന വാദമാണ്. കുടിയേറ്റം തങ്ങളുടെ സംസ്‌ക്കാരത്തെ തകർക്കുമെന്നും അവർ പറയുന്നു. ഈ ആശങ്ക പരിഹരിക്കാനുള്ള ഇടപെടലാകും അമിത്ഷായുടെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നാണ് ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP