Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയുടെ രാജവീഥികളിലൂടെ ഓടിയ ബസിനുള്ളിൽ നിർഭയ ക്രൂരമായി പീഡനത്തിനിരയായിട്ട് ഏഴു വർഷം; തൂക്കു കയറും കാത്ത് നാലുപേർ അഴിക്കുള്ളിൽ; മുഖ്യപ്രതി രാംസിംങ് തൂങ്ങിമരിച്ചതല്ലെന്ന വെളിപ്പെടുത്തലുമായി തിഹാർ ജയിൽ മുൻ നിയമ ഓഫീസർ സുനിൽ ഗുപ്ത

ഡൽഹിയുടെ രാജവീഥികളിലൂടെ ഓടിയ ബസിനുള്ളിൽ നിർഭയ ക്രൂരമായി പീഡനത്തിനിരയായിട്ട് ഏഴു വർഷം; തൂക്കു കയറും കാത്ത് നാലുപേർ അഴിക്കുള്ളിൽ; മുഖ്യപ്രതി രാംസിംങ് തൂങ്ങിമരിച്ചതല്ലെന്ന വെളിപ്പെടുത്തലുമായി തിഹാർ ജയിൽ മുൻ നിയമ ഓഫീസർ സുനിൽ ഗുപ്ത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്നും രാജ്യത്തിന് നടുക്കത്തോടെ മാത്രം ഓർക്കാനും പറയാനും കഴിയുന്ന ദിനമാണ് 2012 ഡിസംബർ 16. ഡൽഹിയിൽ ബസിൽ വച്ചു ക്രൂരമായ പീഡനത്തിനിരയായി മരിച്ച 'നിർഭയ'യുടെ ഓർമകൾ ഇന്നും രാജ്യത്തെ വേട്ടയാടുന്നതാണ്. ആ പേടിപ്പെടുത്തുന്ന രാത്രിക്ക് ഏഴു വർഷം തികയുകയാണ്. വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. അതേസമയം വധശിക്ഷയെ എതിർത്ത് പ്രതികളിലൊരാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള അവസാന ഘട്ടത്തിലാണ് തിഹാർ ജയിൽ അധികൃതർ. തൂക്കുകയർ നിർമ്മിക്കാൻ ബക്സർ ജയിലധികൃതരെ സമീപിച്ചിരുന്നു. യു.പി സർക്കാർ ആരാച്ചാരെ വിട്ടു നൽകാൻ തയ്യാറായിരിക്കയാണ്.

ഇതിനിടെയാണ് നിർഭയ കേസിലെ പ്രതി രാംസിങ് തൂങ്ങി മരിച്ചതല്ലെന്ന വിവാദ വെളിപ്പെടുത്തലുമായി തിഹാർ ജയിൽ മുൻ നിയമ ഓഫീസർ സുനിൽ ഗുപ്ത രംഗത്തെത്തിയത്. 'ബ്ലാക്ക് വാറന്റ് കൺഫഷൻസ് ഒഫ് എ തിഹാർ ജയിലർ' എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിർഭയ മരിച്ചിട്ട് ഏഴു വർഷം തികയുന്നതിനിടെയാണ് ജയിലറുടെ പുസ്തകം ചർച്ചയാകുന്നത്.''ജയിൽ ഐ.ജിയായിരുന്ന വിമൽ മെഹ്റയെ ആ കേസ് വല്ലാതെ തളർത്തിയിരുന്നു. അവർ കരഞ്ഞു. പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാൻ അവർ സമ്മതിച്ചില്ല. ആരെങ്കിലും പ്രതികളെ കൊലപ്പെടുത്തിയാലോ എന്ന് ചോദിച്ചപ്പോൾ 'അവർ ചെയ്യട്ടെ, അതുകൊണ്ട് നിങ്ങൾക്കെന്ത് പറ്റാൻ' എന്നായിരുന്നു മെഹ്റയുടെ മറുപടി.'പുസ്തകത്തിലെ ഈ ഭാഗമാണ് ചർച്ചയാകുന്നത്.

5 പ്രതികളെ ജയിലിലടച്ച് 3 മാസത്തിന് ശേഷം 2013 മാർച്ച് 11നാണ് രാം സിങ് തൂങ്ങിമരിച്ചത്. 5 പേർ താമസിക്കുന്ന സെല്ലിൽ മറ്റുള്ളവർ അറിയാതെ ഒരാൾ എങ്ങനെ മരിക്കുമെന്ന് സുനിൽ ചോദിക്കുന്നു. മരിച്ച രാംസിംഗിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. കൈയ്ക്ക് സ്വാധീനമില്ലാത്ത രാംസിങ് 12 അടി ഉയരത്തിൽ കുരുക്കിട്ടത് എങ്ങനെ തുടങ്ങിയ നിരവധി സംശയങ്ങളാണ് സുനിൽ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത്.നിർഭയയെ ആക്രമിച്ചതെന്തിനാണെന്ന ചോദ്യത്തിന്'നല്ല മനുഷ്യർ അവിടില്ല. അവരെല്ലാം മദ്യപിക്കും. വഴക്കുണ്ടാക്കും. ഞാനും അങ്ങനെ അവരെപ്പോലെയായി, ഒരു മൃഗത്തെപ്പോലെ' എന്നായിരുന്നു സിംഗിന്റെ പ്രതികരണമെന്നും പുസ്തകത്തിലുണ്ട്.

2012 ഡിസംബർ 16, രാത്രി 9.00 മണി, ഡൽഹി വസന്ത് വിഹാർ

സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്നു ആ ഫിസിയോതെറപ്പി വിദ്യാർത്ഥിനി. പതിവു സർവീസ് നടത്തുന്ന ബസാണെന്നു കരുതി അവളും സുഹൃത്തും കയറിയത് 'നരകവാഹന'ത്തിൽ. ബസിലുണ്ടായിരുന്ന ആറു പേർ അവളെ പിച്ചിച്ചീന്തി. 40 മിനിറ്റ് നീണ്ട പൈശാചികതയ്‌ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെ ബസിൽ നിന്നു പുറത്തേക്കെറിഞ്ഞു. രാജ്യം പിന്നീട് അവളെ 'നിർഭയ' എന്നു വിളിച്ചു. പിശാചിന്റെ രൂപം പൂണ്ട ആ ആറു പേർ ഇവരായിരുന്നു ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ, 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരാൾ.

പ്രാർത്ഥന, പ്രതിഷേധം

ശരീരം കീറി നുറുങ്ങി, ആന്തരാവയവങ്ങൾക്കും ഗുരുതര പരുക്കേറ്റ നിർഭയ സഫ്ദർജങ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പുറത്ത് രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടി. അവളുടെ ജീവനു വേണ്ടിയുള്ള പ്രാർത്ഥനകളുമായി തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയർത്തിയ ഇന്ത്യൻ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു. മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും പൊലീസ് ആസ്ഥാനത്തും പ്രതിഷേധങ്ങൾക്കു ശേഷം ആയിരക്കണക്കിനു യുവാക്കൾ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവൻ ലക്ഷ്യമാക്കി മാർച്ച് ചെയ്തു. ഇന്ത്യാ ഗേറ്റിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ നിർഭയയെ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി.

തലകുനിച്ച് രാജ്യം

ഡിസംബർ 29, പുലർച്ചെ 2.15ന് രാജ്യം തലകുനിച്ച് ആ വാർത്ത കേട്ടു സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ നിർഭയ മരിച്ചു. ഒരു പെൺകുട്ടിയോട് ഇങ്ങനെ ചെയ്തല്ലോ എന്നോർത്ത് രാജ്യം ഒന്നടങ്കം സങ്കടപ്പെട്ടു.

130 ദിവസം വിചാരണ

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി. അതിനിടെ മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു. 2017 മെയ്‌ 5 ന് നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP