Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജാമിയ മിലിയ സർവകലാശാലയിൽ പ്രതിഷേധം വീണ്ടും ആളിക്കത്തുന്നു; വിദ്യാർത്ഥികളും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ; നാലുബസുകൾക്ക് തീയിട്ടു; അഗ്നിശമനസേനയുടെ വാഹനങ്ങളും തകർത്തു; വിദ്യാർത്ഥികളെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; അക്രമം പൊട്ടിപ്പുറപ്പെട്ടത് സുഖ്‌ദേവ് വിഹാറിലും ഫ്രണ്ടസ് കോളനിയിലും; പുറത്തുനിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് വിദ്യാർത്ഥികൾ; രണ്ട് അഗ്നിശമനസേനാംഗങ്ങൾക്കും പരിക്ക്; ബംഗാളിലും സംഘർഷം തുടരുന്നു

ജാമിയ മിലിയ സർവകലാശാലയിൽ പ്രതിഷേധം വീണ്ടും ആളിക്കത്തുന്നു; വിദ്യാർത്ഥികളും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ; നാലുബസുകൾക്ക് തീയിട്ടു; അഗ്നിശമനസേനയുടെ വാഹനങ്ങളും തകർത്തു; വിദ്യാർത്ഥികളെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; അക്രമം പൊട്ടിപ്പുറപ്പെട്ടത് സുഖ്‌ദേവ് വിഹാറിലും ഫ്രണ്ടസ് കോളനിയിലും; പുറത്തുനിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് വിദ്യാർത്ഥികൾ; രണ്ട് അഗ്നിശമനസേനാംഗങ്ങൾക്കും പരിക്ക്; ബംഗാളിലും സംഘർഷം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ ചൊല്ലി ജാമിയ മിലിയ സർവകലാശാലയിൽ വീണ്ടും സംഘർഷം. തെക്ക് -കിഴക്കൻ ഡൽഹിയിലെ മഥുര റോഡിലാണ് അക്രമം. വിദ്യാർത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടൽ പ്രതിഷേധക്കാർ നാല് ബസുകൾക്ക് തീയിട്ടു. ഒരുഅഗ്നിശമനസേന വാഹനവും തകർത്തു. ജാമിയ നഗറിൽ പ്രക്ഷോഭകരെ അടിച്ചമർത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. വിദ്യാർത്ഥികളെ കൂടാതെ നാട്ടുകാരും പ്രതിഷേധത്തിൽ പങ്കുചേർന്നതോടെ റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി.

സുഖ്‌ദേവ് വിഹാർ, ഫ്രണ്ടസ് കോളനി എന്നിവിടങ്ങളിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പുറത്തുനിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. രണ്ട് അഗ്നിശമനസേനാംഗങ്ങൾക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ആം ആദ്മി എംഎൽഎയും പ്രതിഷേധത്തിൽ പങ്കെടുത്തു.

അതേസമയം, പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള പ്രക്ഷോഭത്തിനും കൊള്ളിവയ്പിനും പിന്നിൽ കോൺഗ്രസും സഖ്യകക്ഷികളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസും സഖ്യകക്ഷികളും പ്രക്ഷോഭം ആളിക്കത്തിക്കാൻ നോക്കിയിട്ടും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അതുതള്ളിക്കളഞ്ഞു. പാർലമെന്റിൽ സ്വീകരിച്ച തീരുമാനങ്ങൾ ശരിയായിരുന്നുവെന്നാണ് കോൺഗ്രസിന്റെ പ്രവർത്തികൾ തെളിയിക്കുന്നത്, മോദി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ബോധവാന്മാരാകാതെ, പ്രതിപക്ഷ നേതാക്കൾ തങ്ങൾക്കായി കൊട്ടാരങ്ങൾ പണിതിരിക്കുകയാണ്. തന്റെ പാർട്ടിയും സർക്കാരും സംഭാവന ചെയ്ത വികസന പ്രവർത്തനങ്ങളെ കുറിച്ചും മോദി വിശദീകരിച്ചു.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗാളിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. മാൽഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, ഹൗറ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. നോർത്ത് 24 പർഗാനാസിലെ ബരാസാത്, ബാസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസിലെ ബരുയ്പൂർ, കാനിങ് സബ്ഡിവിഷനുകളിലും ഇന്റർനെറ്റ് കിട്ടുന്നില്ല. പ്രതിഷേധങ്ങളുടെ ഭാഗമായി മുർഷിദാബാദിൽ യാത്രക്കാരില്ലാത്ത അഞ്ചു ട്രെയിനുകളാണു തീവെച്ചു നശിപ്പിച്ചത്. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയ്ക്കു സമീപത്തെ ഹൗറയിൽ 15 ഓളം ബസുകൾക്കും പ്രതിഷേധക്കാർ തീയിട്ടു. പുറംനാട്ടുകാരാണ് സംസ്ഥാനത്തു പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് ബംഗാൾ സർക്കാർ ആരോപിച്ചു.

തുടർച്ചയായുള്ള അപേക്ഷകൾ പരിഗണിക്കാതെ ക്രമസമാധാന നില തകർക്കുന്നതിനു ചിലർ ശ്രമം നടത്തുന്നുവെന്നാണ് മമതാ ബാനർജി ആരോപിക്കുന്നത്. പൗരത്വ നിയമത്തെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ നിലപാട് മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. പൗരത്വ നിയമത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമർശം. 'കോൺറാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താൻ അവർ നിർബന്ധിച്ചപ്പോൾ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണാൻ അവരോട് പറഞ്ഞിട്ടുണ്ട്. '-ഷാ പറഞ്ഞു.

ക്രിയാത്മകമായ ചർച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകില്ലെന്ന നിലപാട് മാറ്റാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. മറിച്ച് അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ പ്രക്ഷോഭക്കാക്കാർ പ്രധാനമായും ഉന്നയിക്കുന്നത് കുടിയേറ്റക്കാരായ ആർക്കം പൗരത്വം നൽകരുതെന്ന വാദമാണ്. കുടിയേറ്റം തങ്ങളുടെ സംസ്‌ക്കാരത്തെ തകർക്കുമെന്നും അവർ പറയുന്നു. ഈ ആശങ്ക പരിഹരിക്കാനുള്ള ഇടപെടലാകും അമിത്ഷായുടെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നാണ് ലഭിക്കുന്ന സൂചനകൾ.

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധം അറിയിക്കാൻ അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നുണ്ട്. അസമിൽ അടക്കം ബിജെപി നേതാക്കൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിലാണ് പ്രതിഷേധം കനക്കുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ മോദിയെ ധരിപ്പിക്കുമെന്ന് സർബാനന്ദ സോനോവാൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആഭ്യന്തരമന്ത്രി അമിത്ഷായെയും കാണും. അതേസമയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ നിയമത്തിനെതിരായ പ്രതിഷേധം കനക്കുകയാണ്. അസമിന്റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്തത്ര ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. മൂന്ന് റെയിൽവേ സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസ്, ബസ് ടെർമിനൽ എന്നിവ പ്രതിഷേധക്കാർ തീവെച്ചു നശിപ്പിച്ചു. അതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തു.പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.

പൗരത്വബില്ലിലെ എതിർത്തും മുസ്ലിങ്ങളെ ഒഴിവാക്കിയതിനുമല്ല അസമിലടക്കം വടക്കുകിഴക്കൻ മേഖയിൽ പ്രക്ഷോഭം നടക്കുന്നത്. കുടിയേറ്റക്കാർ ആരും വേണ്ട എന്നാണ് അവരുടെ ആവശ്യം. മുസ്ലിങ്ങൾക്കു കൂടി പൗരത്വം നൽകിയാൽ പ്രക്ഷോഭം ഒന്നുകൂടി ആളിക്കത്തും. എന്നാൽ കേരളത്തിലെ ചില പത്രങ്ങളും മതമൗലിക വാദ ഗ്രൂപ്പുകളും ഇതും പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭമായാണ് ചിത്രീകരിക്കുന്നത്. ബിജെപി 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണം. മണിപ്പൂർ, ത്രിപുര, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗിരിവർഗ്ഗ മേഖലകളിൽ ബംഗാളി അഭയാർത്ഥികളെ പൗരന്മാരായി അംഗീകരിക്കുന്നത് തദ്ദേശിയരുടെ ജീവിതത്തിനും സംസ്‌കാരത്തിനും ആഘാതമേൽപ്പിക്കും എന്ന പരാതിയാണ് മിക്കയിടത്തും പ്രക്ഷോഭത്തിന് ആധാരം.

വിദേശ അഭയാർത്ഥികളെ കൊണ്ടുവന്ന് തട്ടാനുള്ള സ്ഥലമല്ല (dumping yard) തങ്ങളുടെ പ്രദേശം എന്നാണവർ തെരുവുകളിൽ ഇറങ്ങി പ്രഖ്യാപിക്കുന്നത്. പൗരത്വ നിയമഭേദഗതി ഈ സംസ്ഥാനങ്ങളിലെ അഭയാർത്ഥികളുടെ കാര്യത്തിൽ ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രക്ഷോഭം തുടരുകയാണ്.നിലവിൽ ആസാമിലെ പ്രക്ഷോഭം ഹിന്ദു ആയാലും, മുസ്ലിം ആയാലും പൗരത്വം തെളിയിക്കാൻ പറ്റാത്ത 20 ലക്ഷം ആളുകളെയും ആസാമിൽ നിന്ന് ഓടിക്കാനാണ് . ബിജെപി അതിലെ 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് അവർ പറയുന്നു. ഈ ഹിന്ദുക്കളെ പൗരത്വം കൊടുത്ത് നിലനിറുത്തിയാൽ വടക്ക് കിഴക്കൻ സസ്ഥാനങ്ങൾ വീണ്ടും തീവ്രവാദത്തിലേക്ക് പോകും .ഇവരെ കൈവിട്ടാൽ തീവ്ര ഹൈന്ദവത എതിരാകും. കൈവിട്ടില്ലെങ്കിൽ നോർത്ത് ഈസ്റ്റും എതിരാവും. അതയാത് ബിജെപിയും ഈ വിഷയത്തിൽ വെട്ടിലാണെന്ന് ചുരുക്കം.

ബംഗാളി-അസാമി വിവേചനം ഇവിടെ ഇന്നും ശക്തമാണ്. ബിജെപിക്കാകട്ടെ ബംഗാളികൾക്കിടയിൽ നല്ല വേരുണ്ട്. ബംഗാളി സംസാരിക്കുന്ന ബരാക് താഴ്‌വരയിലെ സിൽചാറിൽ നിന്നാണ് ആർഎസ്എസും അസമിലെ ബിജെപിയും അവരുടെ പടയോട്ടം തുടങ്ങിയത്. വടക്കുകിഴക്കൻ മേഖലയിലെ അവരുടെ വികാസം ഹിന്ദു ബംഗാളികൾക്കിടയിൽ ഈ അടിത്തറയിൽ നിന്നാണ് സംഭവിച്ചത്. 1947ലും 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്തുമൊക്കെ ഇവിടേക്ക് വൻതോതിൽ അഭയാർഥി പ്രവാഹം ഉണ്ടായിട്ടുണ്ട്. ഈ ബംഗാളി ഹിന്ദുക്കളുടെ വോട്ടുകളുടെ ഏകീകരണമാണ് അസം മാത്രമല്ല വ്ടക്കുകിഴക്കൻ സംസ്ഥാനളിൽ മൊത്തമായി ബിജെപിയെ തുണച്ചത്.

അണികളിൽനിന്ന് വ്യത്യസ്തമായി, അസമിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തൊട്ടുള്ള മന്ത്രിമാരിൽ ഭൂരിഭാഗവും ആൾ അസം സ്റ്റുഡൻസ് യൂണിയന്റെ മുൻ നേതാക്കളാണ്. അസം ഗണപരിഷത്തിന്റെ നേതാക്കളായും പ്രവർത്തിച്ച ഇവർ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ഇവർ എല്ലാതന്നെ ബംഗാളി വിരുദ്ധ സമരത്തിലൂടെയാണ് മുഖ്യധാരയിലേക്കക്ക് കടന്നുവന്നത്. അവരിൽ ഈ വികാരം ഇപ്പോഴും ശക്തമാണുതാനും. പൗരത്വ വിഷയത്തിൽ സമരം തുടങ്ങിയതോടെ ബിജെപിയിൽനിന്ന് പ്രമുഖർ രാജിവെച്ചു കഴിഞ്ഞു. പല ബിജെപി ആർഎസ്എസ് ഓഫീസുകളും ആക്രമിക്കപ്പെടുയാണ്.

ബംഗാളികളും അസാമികളും ഗോത്രവർഗക്കാരും ഗോത്രേതരരും തമ്മിലുള്ള സംഘർഷത്തിന്റെ ചരിത്രം ഇപ്പോൾ വടക്കുകിഴക്കൻ ഇന്ത്യയിൽ വളരെ പഴയതാണ്. അവിടത്തെ രാഷ്ട്രീയം വംശീയ രാഷ്ട്രീയത്തിന്റെ ആധിപത്യമാണ്. എന്നാൽ ബിജെപി അത് ദേശീയ രാഷ്ട്രീയത്തിന്റെ വിശാല സപെക്ട്രത്തിലേക്കാണ് കൊണ്ടുപോയത്. അപ്പോളും വംശീയ രാഷ്ട്രീയം കനലായി കിടക്കയായിരുന്ന. പൗരത്വ ബിൽ പാസാക്കിയതോടെ ബിജെപിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഈ വംശീയ രാഷ്ട്രീയം പുറത്തുചാടി. അസമിനെ ''വിദേശികളിൽ'' നിന്ന് രക്ഷിക്കുകയെന്നത് പ്രാഥമിക രാഷ്ട്രീയ ആശങ്കയായി തുടരുന്നു.

പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ അസമിൽ മൂന്ന് ആർഎസ്എസ് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടു. ദിൽബ്രുഗയിൽ ആർഎസ്എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാർ ഇന്നലെ രാത്രി തീയിട്ടപ്പോൾ തേജ്പൂർ, സദിയ എന്നിവിടങ്ങളിൽ ആർഎസ്എസ് ഓഫീസുകൾ അടിച്ചുതകർത്തു. ബിജെപി ഓഫീസുകൾക്കും പൊലീസിനും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. കേന്ദ്രമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണം നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP