Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതം; നിയമ ഭേദഗതി ഒരു സമുദായത്തെയും ലക്ഷ്യം വച്ചിട്ടുള്ളതല്ല; ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാ വരും ബാധ്യസ്ഥർ; ജനങ്ങൾക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതിയുണ്ട്; നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ പ്രക്ഷോഭം ദേശീയ തലത്തിൽ തുടരാൻ മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ തീരുമാനം

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതം; നിയമ ഭേദഗതി ഒരു സമുദായത്തെയും ലക്ഷ്യം വച്ചിട്ടുള്ളതല്ല; ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാ വരും ബാധ്യസ്ഥർ; ജനങ്ങൾക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതിയുണ്ട്; നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ പ്രക്ഷോഭം ദേശീയ തലത്തിൽ തുടരാൻ മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ തീരുമാനം

പ്രകാശ് ചന്ദ്രശേഖർ

ആലുവ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരതമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിൽ ഒരു സമുദായത്തെയു ലക്ഷ്യം വച്ചിട്ടുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങർക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ടെന്നും അദ്ദേഹം ആലുവയിൽ പറഞ്ഞു. ബിൽ സംബന്ധിച്ച് ആശങ്ക വേണ്ട. കേരളം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും നാളെ സംയുക്തപ്രക്ഷോഭം നടത്താനിരിക്കെയാണ് നിയമത്തെ പിന്തുണച്ചും നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിയും ഗവർണർ രംഗത്തെത്തിയത്. നാളെ രാവിലെ പത്ത് മുതലാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംയുക്തപ്രതിഷേധം. പിണറായി സർക്കാർ വന്നശേഷം ഇതാദ്യമായാണ് ഭരണ-പ്രതിപക്ഷങ്ങൾ കൈകോർത്ത് കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നത്. അതേസമയം, സർക്കാരുമായി ചേർന്നുള്ള സമരത്തിൽ കോൺഗ്രസ്സിലും യുഡിഎഫിലും ഭിന്നാഭിപ്രായങ്ങളുമുണ്ട്. ഒറ്റക്കുള്ള സമരമായിരുന്നു ഗുണമെന്നും സംയുക്ത സമരത്തിലൂടെ സർക്കാരിന്റെ പ്രതിച്ഛായക്കാണ് നേട്ടമുണ്ടാകുകയെന്നുമാണ് വിമർശകരുടെ നിലപാട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംയുക്ത സമരത്തിന് മുൻകയ്യെടുത്തത്.

അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് മുസ്‌ലിം സംഘടനകൾ അറിയിച്ചു. നിയമം പിൻവലിക്കുന്നത് വരെ സമരം തുടരാനും ദേശീയ തലത്തിൽ തന്നെ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് തീരുമാനം. വിവിധ മുസ് ലിം സംഘടനാ നേതാക്കളുടെ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. ജനുവരി രണ്ടിന് കൊച്ചിയിൽ സമര പ്രഖ്യാപന സമ്മേളനം നടത്തും. മതേതര പാർട്ടികളുടെയും സംഘടനകളുടെയും ആലോചനാ യോഗം ഡൽഹിയിൽ ചേരും. സമര പരിപാടികളുടെ ഏകോപനത്തിനായി കെ.പി.എ. മജീദ് കൺവീനറായ സബ് കമ്മിറ്റി രൂപീകരിച്ചു. വരാനിരിക്കുന്ന എല്ലാ സമരങ്ങളും സൗഹാർദപരമായും സമാധാനപരമായും ആക്കിത്തീർക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തിൽ നടപ്പിലാക്കില്ലെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റേത് കരിനിയമമാണ്. സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്നാണ് ഭരണഘടനാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയതും.

രാഷ്ട്രപതി ഒപ്പുവെച്ചതോടെ പൗരത്വ നിയമഭേദഗതി പ്രാബല്യത്തിക്കഴിഞ്ഞു. ഇനി നടപ്പാക്കില്ലെന്ന നിലപാടുമായി കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളാണ് രംഗത്തുള്ളത്. പൗരത്വം കേന്ദ്രസർക്കാറിന്റെ അധികാരപരിധിയിൽപെട്ട വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് തടയാൻ കഴിയില്ലെന്ന് കേന്ദ്രം. അതേസമയം, കേന്ദ്രവുമായി സംസ്ഥാന സർക്കാറുകൾ ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചാൽ നിയമഭേദഗതി നടത്തിപ്പ് അഴിയാക്കുരുക്കാകും. പശ്ചിമബംഗാൾ, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് പൗരത്വനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. അതതു സംസ്ഥാനങ്ങളിലെ ജനവികാരവും കേന്ദ്രത്തെ പോലെതന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളും അതിനുപിന്നിലുണ്ട്. അതേസമയം, കേന്ദ്രനിയമം സംസ്ഥാനം നടപ്പാക്കാതിരുന്നാൽ സംസ്ഥാന സർക്കാറിനെ പിരിച്ചു വിടാൻ പോലും കേന്ദ്രസർക്കാറിന് സാധിക്കും.

പാർലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങൾക്ക് ബാധകമാണെന്ന് ഭരണഘടനയുടെ 256-ാം അനുച്ഛേദം നിഷ്‌കർഷിക്കുന്നു. 257-ൽ കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനഭരണം തടസ്സംനിൽക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നു. ഏതെങ്കിലും കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനം തടസ്സംനിൽക്കുകയോ അത് നടപ്പാക്കാൻവരുന്ന ഉദ്യോഗസ്ഥനെ തടയുകയോ ചെയ്താൽ സംസ്ഥാനത്തിന് കർശന നിർദ്ദേശം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നിട്ടും തടസ്സംതുടർന്നാൽ സംസ്ഥാനസർക്കാരിനെ പിരിച്ചുവിടാൻപോലും ഇത് കാരണമാക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കേന്ദ്രനിയമം നടപ്പാക്കില്ലെന്ന നിലപാട് സത്യപ്രതിജ്ഞാലംഘനവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാകുമെന്ന വ്യാഖ്യാനവും നിയമജ്ഞർ ഉയർത്തുന്നു. പൗരത്വത്തിനായുള്ള അപേക്ഷയ്ക്ക് സംസ്ഥാനസർക്കാർ തടസ്സംനിന്നാൽ അപേക്ഷകന് കോടതിവഴി നിയമപരമായ പരിരക്ഷ ലഭിക്കുകയും ചെയ്യും.

ഭരണഘടനയുടെ മൗലികസ്വഭാവംതന്നെ ഇല്ലാതാക്കുന്നതാണ് പൗരത്വനിയമമെന്നാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം. ഈ നിയമത്തിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥയ്ക്കെതിരേ കോടതിയെ സമീപിക്കാൻ സംസ്ഥാനസർക്കാരിന് അവകാശമുണ്ട്. പുതിയ പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ട ഒരു കേസ് ഉടനടി കേരളത്തിൽ വരാനുള്ള സാധ്യതയില്ലെന്നാണു വിലയിരുത്തൽ. അയൽരാജ്യങ്ങളിൽനിന്ന് മതപരമായ വിവേചനംമൂലം പലായനം ചെയ്യേണ്ടിവന്ന നിശ്ചിത ന്യൂനപക്ഷവിഭാഗങ്ങൾ കേരളത്തിൽ വന്ന് താമസിക്കുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കേന്ദ്രനിയമം നടപ്പാക്കാൻ ഏതെങ്കിലും സംസ്ഥാനം തടസ്സംനിന്നാൽ സംസ്ഥാനസർക്കാരിനെ പിരിച്ചുവിടാനുള്ള 356-ാം വകുപ്പ് പ്രയോഗിക്കാനുള്ള കാരണമായിപ്പോലും അത് മാറാം. അമിത്ഷായെ പോലൊരു ഭരണാധികാരി അതിന് മടിക്കില്ലെന്ന കാര്യവും ഉറപ്പാണ്. പാർലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങൾക്കു ബാധകമാണെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ല. ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകേണ്ടത് കളക്ടർക്കാണ്. സ്ഥിരതാമസക്കാരനാണെന്നു തെളിയിക്കുന്ന രേഖകളടക്കം പരിശോധിച്ച് കളക്ടർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകണം. സംസ്ഥാനസർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഇതയക്കും. കേന്ദ്രസർക്കാർ അപേക്ഷ സ്വീകരിക്കുകയും പൗരത്വത്തിന് അർഹതയുണ്ടെന്നു വ്യക്തമാക്കി കത്തുനൽകുകയും ചെയ്താൽ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വമുണ്ടെങ്കിൽ അതുപേക്ഷിക്കണം. ഇതിന്റെ രേഖ ഹാജരാക്കിക്കഴിയുമ്പോഴാണ് ഇന്ത്യൻ പൗരനാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കുക.

അപേക്ഷയിലുള്ള തീരുമാനം നീട്ടിക്കൊണ്ടുപോകാനാകില്ല. ഓരോഘട്ടത്തിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന് അപേക്ഷ താമസിപ്പിക്കാനോ നിരസിക്കാനോ കഴിയില്ല. ഭരണഘടനയുടെ ഏഴാം പട്ടികയിൽപെട്ട വിഷയമാണ് പൗരത്വം. കേന്ദ്രനിയമം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ എതിർപ്പ് അവഗണിച്ച് മുന്നോട്ടുപോകാൻ പക്ഷേ, കേന്ദ്രത്തിന് കഴിയില്ല. പൗരത്വം പോലുള്ള സുപ്രധാന കാര്യങ്ങളിൽ കേന്ദ്രനിയമം അവഗണിച്ച് ജനതാൽപര്യം സംരക്ഷിക്കാൻ സംസ്ഥാനത്തിന് പൂർണമായി കഴിയുകയുമില്ല. കോടതി കയറിയാൽ കേന്ദ്രത്തിന് അനുകൂലമാണ് ഭരണഘടന വ്യവസ്ഥ. അതേസമയം, നിയമനടപടിയുടെ കുരുക്ക് അഴിച്ചെടുക്കാൻ സമയമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP