Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉല്ലാസത്തിനായി പബ്ബുകൾ കൊണ്ടുവരണമെന്ന വാദിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ഡിജെ പാർട്ടി നടത്തിയാൽ പടിക്ക് പുറത്ത്! മകന്റെ വിവാഹം അടിപൊളിയാക്കാൻ ആഡംബര സൽക്കാരവും ഡിജെ പാർട്ടിയും ഒരുക്കിയ സിപിഎം നേതാവിന് സസ്‌പെൻഷൻ; കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ പാർട്ടി സസ്‌പെൻഡ് ചെയ്തത് ആറു മാസത്തേക്ക്; താനല്ല മകനാണ് സൽക്കാരം ഒരുക്കിയതെന്ന മനോഹരന്റെ വിശദീകരണവും തള്ളി ഏരിയ കമ്മിറ്റി; ആലപ്പുഴയിലെ സിപിഎം ഖാപ്പ് പഞ്ചായത്തോ?

ഉല്ലാസത്തിനായി പബ്ബുകൾ കൊണ്ടുവരണമെന്ന വാദിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ഡിജെ പാർട്ടി നടത്തിയാൽ പടിക്ക് പുറത്ത്! മകന്റെ വിവാഹം അടിപൊളിയാക്കാൻ ആഡംബര സൽക്കാരവും ഡിജെ പാർട്ടിയും ഒരുക്കിയ സിപിഎം നേതാവിന് സസ്‌പെൻഷൻ; കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ പാർട്ടി സസ്‌പെൻഡ് ചെയ്തത് ആറു മാസത്തേക്ക്; താനല്ല മകനാണ് സൽക്കാരം ഒരുക്കിയതെന്ന മനോഹരന്റെ വിശദീകരണവും തള്ളി ഏരിയ കമ്മിറ്റി; ആലപ്പുഴയിലെ സിപിഎം ഖാപ്പ് പഞ്ചായത്തോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഐടി മേഖലയിൽ ഉള്ളവർക്ക് ഉല്ലസിക്കാനായി ബാംഗ്ലൂർ മോഡൽ പബ്ബുകൾ കൊണ്ടുവരുമെന്ന് പറഞ്ഞത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിന് വലിയ പിന്തുണയാണ് യുവാക്കളിൽ നിന്നടക്കം കിട്ടിയത്. ഇങ്ങനെ യുവാക്കളുടെ ഉല്ലാസത്തിനായി പബ്ബു സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കാൻ തയ്യാറായി മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ സ്വന്തം മകന്റെ വിവാഹം ആഡംബരമായി എന്ന കാരണത്താൽ പാർട്ടി നേതാവിനെ സസ്‌പെന്റ് ചെയ്തിരിക്കയാണ് സിപിഎം. ആലപ്പഴയിലാണ് ഈ സംഭവം.

കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് പാർട്ടി സസ്‌പെൻഡ് ചെയ്തത്. ആറുമാസത്തേക്കാണ് പാർട്ടിയുടെ നടപടി. ഇന്നലെ ചേർന്ന ഏര്യകമ്മിറ്റി യോഗത്തിലാണ് തീരുമാനം ആയത്. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സിവി മനോഹരനെതിരെ ആക്ഷേപം ഉയർന്നിരുന്നു. വിവാഹതതിന്റെ ഭാഗമായി ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതാണ് ആരോപണത്തിന് വഴിവെച്ചത്. പാർട്ടിക്കിടെ ചിലർ തമ്മിൽതല്ല് ഉണ്ടാക്കിയെന്നും ആക്ഷേപമുണ്ട്. 12 നായിരുന്നു വിവാഹം. തൊട്ടടുത്ത ദിവസം നടന്ന വിവാഹ സൽക്കാരമാണ് വിവാദത്തിലായത്.

പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി, വിവാഹ സൽക്കാരം ആഡംബരമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിവി മനോഹരനെതിരെ സിപിഎം നടപടി എടുത്തത്. ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റി യോഗം ഇക്കാര്യം പ്രത്യേകം ചർച്ച ചെയ്യുകയും മനോഹരനെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ആയിരുന്നു. എന്നാൽ, താനല്ല, മകനാണ് വിവാഹത്തോട് അനുബന്ധിച്ച ഡിജെ പാർട്ടി നടത്തിയത് എന്നാണ് മനോഹരൻ വിശദീകരിച്ചത്. എന്നാൽ, ഈ വിശദീകരണം പാർട്ടി തള്ളുകയാണ് ചെയ്തത്.

ചേർത്തല അരീപ്പറമ്പിൽ, 13ന് വൈകുന്നേരം ആയിരുന്നു വിവാഹസൽക്കാരം. ഡിജെ പാർട്ടിയും ഒരുക്കിയിരുന്നു. ഇതിൽ പങ്കെടുത്ത ചിലർ തമ്മിൽ, വാക്കേറ്റവും തമ്മിലടിയും ഉണ്ടായതായും ആരോപണമുണ്ട്. ഇതേതുടർന്ന് മേഖലയിലെ ചില വീടുകൾ, ഇന്നലെ ആക്രമിക്കപ്പെട്ടിരുന്നു. ഇതാണ് പൊടുന്നനെയുള്ള നടപടിക്ക് പാർട്ടിയെ നിർബന്ധിതരാക്കിയത്. വിവാഹസൽക്കാരത്തിലെ ധൂർത്ത് സമൂഹത്തിന് നൽകുന്ന സന്ദേശം തെറ്റാണെന്നും, നേതാവിന് ചേർന്ന സമീപനമല്ല മനോഹരന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും ഏരിയ കമ്മിറ്റി വിലയിരുത്തി. തുടർന്നായിരുന്നു അച്ചടക്ക നടപടിക്കുള്ള തീരുമാനം.

അതേസമയം ഏര്യാക്കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പാണ് ഉയരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ബലാത്സംഗ പരാതി ഉയർന്നപ്പോൾ രാജി ആവശ്യവും ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ, മകൻ ചെയ്ത തെറ്റിന് അച്ഛൻ എന്തുപിഴച്ചു എന്ന ചോദ്യമാണ് സിപിഎം തിരിച്ചു ചോദിച്ചത്. മുതിർന്ന നേതാക്കൾക്ക് ബാധകമായ ഈ വാദം എന്തുകൊണ്ടാണ് മനോഹരന്റെ കാര്യത്തിൽ ഉണ്ടാകാത്തത് എന്ന ചോദ്യാണ് സിപിഎം സൈബർ ഇടങ്ങളിൽ നിന്നു തന്നെ ഉയരുന്നത്.

സിപിഎം തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഖാപ്പ് പഞ്ചായത്തിനെ പോലെയാണെന്നും ഉള്ള വിമർശനമാണ് ഉയരുന്നത്. ഇടതു സർക്കാറിന്റെ നേതൃത്വത്തിൽ തന്നെ വലിയ ധൂർത്തുകൾ നടക്കുന്നുണ്ട്. ഇത് കാണാതെ പോകുന്നവരാണ് ആഡംബര വിവാഹത്തിന്റെ പേരിൽ നടപടി എടുത്തത് എന്നും വിമർശകർ പറയുന്നു. മനോഹരന്റെ സസ്‌പെൻഷൻ കഞ്ഞിക്കുഴിയിലെ പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. വിഭാഗീയതയാണ് യഥാർത്ഥ പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന വാദവും ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP