Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ബംഗാൾ കത്തുന്നു; മുർഷിദാബാദിൽ അഗ്നിക്കിരയാക്കിയത് അഞ്ച് തീവണ്ടികൾ; ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് പലയിടങ്ങളും ഒറ്റപ്പെട്ടു; നാടൻപാട്ട് കലാകാരൻ ആത്മഹത്യ ചെയ്തത് ഇന്ത്യയിൽ നിന്നും പുറത്താകേണ്ടി വരുമോ എന്ന ഭയത്താൽ; ഇന്ത്യയിലേക്ക് പോകുമ്പോൾ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകി കൂടുതൽ രാജ്യങ്ങൾ; മിസോറാമിൽ നടക്കാനിരുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ മാറ്റി; പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യം നീങ്ങുന്നത് അരാജകത്വത്തിലേക്കോ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ബംഗാൾ കത്തുന്നു; മുർഷിദാബാദിൽ അഗ്നിക്കിരയാക്കിയത് അഞ്ച് തീവണ്ടികൾ; ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് പലയിടങ്ങളും ഒറ്റപ്പെട്ടു; നാടൻപാട്ട് കലാകാരൻ ആത്മഹത്യ ചെയ്തത് ഇന്ത്യയിൽ നിന്നും പുറത്താകേണ്ടി വരുമോ എന്ന ഭയത്താൽ; ഇന്ത്യയിലേക്ക് പോകുമ്പോൾ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകി കൂടുതൽ രാജ്യങ്ങൾ; മിസോറാമിൽ നടക്കാനിരുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ മാറ്റി; പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യം നീങ്ങുന്നത് അരാജകത്വത്തിലേക്കോ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമം ഭേദഗതി ചെയ്തതിന് പിന്നാലെ ബംഗാളിൽ ആരംഭിച്ച പ്രതിഷേധം രൂക്ഷമായ അക്രമത്തിലേക്ക് വഴിതിരിയുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മമത ബാനർജി തന്നെ സമാധാനത്തിന് ആഹ്വാനം ചെയ്‌തെങ്കിലും പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന മുർഷിദാബാദ് ജില്ലയിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. ഇന്ന് ഉച്ചയോടെ ബംഗാളിൽ റയിൽവെ സ്‌റ്റേഷന് തീയിട്ടതിന് പിന്നാലെ വൈകിട്ടോടെ മുർഷിദാബാദിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ തീയിട്ടു. ഇതിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

മുർഷിദാബാദ് ജില്ലയിലെ പൊരാദംഗ, ജാംഗിപൂർ, ഫരാക്ക എന്നീ റെയിൽവേ സ്റ്റേഷനുകളിലും ഹൗറ ജില്ലയിലെ ബാവ്‌രിയ, നൽപൂർ സ്റ്റേഷനുകളിലും പ്രതിഷേധക്കാർ തീവണ്ടിട്രാക്കുകൾ തടസ്സപ്പെടുത്തിയതിനാൽ തീവണ്ടിഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഹൗറയും മുർഷിദാബാദും അടക്കമുള്ള ജില്ലകളിൽ മൂന്ന് സ്റ്റേറ്റ് ബസ്സുകളടക്കം പതിനഞ്ച് ബസ്സുകൾ ആളുകളെ ഇറക്കി വിട്ട ശേഷം പ്രതിഷേധക്കാർ കത്തിച്ചു.

അക്രമാസക്തമായ സമരങ്ങളാണ് പശ്ചിമബംഗാളിന്റെ പലയിടങ്ങളിലും നടക്കുന്നത്. ഗതാഗതം പൂർണമായി സ്തംഭിച്ച് ഒറ്റപ്പെട്ട നിലയിലാണ്. റോഡ്, റെയിൽ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. കൊൽക്കത്ത നഗരത്തിലെ ഹൗറയ്ക്ക് അടുത്ത് നൂറ് കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനിടെ ഒരു സംഘമാളുകൾ സംക്‌റെയിൽ റെയിൽവേ സ്റ്റേഷന്റെ ഒരു ഭാഗത്തിന് തീയിട്ടു. തൊട്ടടുത്തുള്ള ചില കടകളും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. ടിക്കറ്റ് കൗണ്ടറിന് തീയിടാൻ ശ്രമിച്ച അക്രമികളെ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും തടയാൻ ശ്രമിച്ചെങ്കിലും ഇവരെ സമരക്കാർ അടിച്ചോടിക്കുകയായിരുന്നു.

മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്ദീപ് ധൻകറും സമാധാനം പാലിക്കണമെന്ന് പല കുറി ആവശ്യപ്പെട്ടിട്ടും സംഘർഷത്തിന് അയവില്ല. രാജ്യത്തെ പാർലമെന്‌റ് ഒരു നിയമം പാസ്സാക്കിക്കഴിഞ്ഞാൽ അതിനെതിരെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും എന്നാൽ സമരങ്ങൾ അക്രമത്തിലേക്ക് വഴിമാറരുതെന്നും ഗവർണർ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത് നാടൻപാട്ടുകാരൻ

ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയത്താൽനാടൻപാട്ടുകാരൻ ആത്മഹത്യ ചെയ്തു. പൗരത്വം തെളിയിക്കാനുള്ള രേഖകളെ കുറിച്ചുള്ള ആധിയെ തുടർന്ന് 69കാരനായ സഹാബുദ്ദീൻ മുഹമ്മദ് ആണ് ആത്മഹത്യ ചെയ്തത്. ബംഗാളിലെ അതിർത്തി ഗ്രാമമായ ജൽപൈഗുരിയിലാണ് സംഭവം. വ്യാഴാഴ്ച വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിക്കുക ആയിരുന്നു സഹാബുദ്ദീൻ മുഹമ്മദ്. പൗരത്വ ബിൽ പാർലമെന്റിൽ എത്തിയതു മുതൽ അസ്വസ്ഥനായിരുന്നു ഇയാൾ.

ഇത്രയും നാൾ ജീവിച്ച നാട്ടിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയമായിരുന്നു ഇയാൾക്ക്. കഴിഞ്ഞ കുറച്ച് ദിവസമായി പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾക്കായി ആവർത്തിച്ച് തെരച്ചിൽ നടത്തുകയായിരുന്നു അദ്ദേഹമെന്ന് വീട്ടുകാർ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പരിഭ്രാന്തനായി കാണപ്പെട്ടിരുന്ന ഇയാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്നതിനായി സ്വന്തം രേഖകളെല്ലാം തെരയുകയായിരുന്നു ഇയാളെന്ന് ബന്ധുക്കൾ പറയുന്നു. ഇയാൾക്ക് മൂന്ന് മക്കളുണ്ട്.

ഒവൈസി സുപ്രീംകോടതിയിൽ

പൗരത്വ നിയമഭേദഗതിക്ക് എതിരെ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിയും സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വ നിയമഭേദഗതിയുടെ ഭരണഘടനാപരമായ സാധുത പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അതേസമയം, ജാമിയ മിലിയ സർവകലാശാലയിൽ ഇന്നും പ്രതിഷേധം തുടരുകയാണ്.

അസമിൽ ഉദ്യോഗസ്ഥസമരം

ഡിസംബർ 18ന് ജോലി ചെയ്യാതെ സമരമിരിക്കുമെന്ന് അസമിലെ സർക്കാർ ഉദ്യോഗസ്ഥർ. പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കാട്ടി സദൗ അസം കർമചാരി പരിഷദ് എന്ന പ്രമുഖ ഉദ്യോഗസ്ഥ സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മുൻദിവസങ്ങളെ അപേക്ഷിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് താരതമ്യേന സംഘർഷത്തിന് അയവുണ്ടായിരുന്നു. ആയിരക്കണക്കിന് പേർ കർഫ്യൂ ലംഘിച്ച് തെരുവിൽ പ്രതിഷേധിച്ചതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ശക്തമായ സുരക്ഷാ സംവിധാനമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്.

മെട്രോ സ്റ്റേഷനുകൾ അടച്ചു

സംഘർഷ സാധ്യത ഉണ്ടെന്ന എന്ന ഡൽഹി പൊലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് രണ്ട് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ജാമിയ മിലിയ ഇസ്ലാമിയ, ജൻപഥ് എന്നീ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഈ സ്റ്റേഷനുകളിലെ എൻട്രി ഗേറ്റുകളും എക്‌സിറ്റ് ഗേറ്റുകളും അടയ്ക്കും എന്നാണ് ഡിഎംആർസി അറിയിച്ചിരിക്കുന്നത്. ഇത് വഴി പുറത്തേക്കുള്ള ഗതാഗതവും അനുവദിക്കില്ല. ട്രെയിൻ ഈ സ്റ്റോപ്പുകൾ നിർത്താതെ പോകുമെന്നും ഡിഎംആർസി അറിയിച്ചു.

സന്തോഷ് ട്രോഫി ഫൈനൽ മാറ്റി

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വ്യാപക അക്രമങ്ങളെ തുടർന്ന് ജനുവരിയിൽ മിസോറാമിൽ നടക്കാനിരുന്ന സന്തോഷ് ട്രോഫി ഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു. ഫൈനൽ റൗണ്ട് മത്സരങ്ങളാണ് അടുത്ത മാസം മിസോറാമിൽ നടക്കേണ്ടിയിരുന്നത്. ഏപ്രിലിൽ മിസോറാമിൽ തന്നെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടത്താനാണ് സംഘാടകരുടെ തീരുമാനം.

ജനുവരി 10 മുതൽ 23വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങൾ കാരണം ഐഎസ്എല്ലിലെ ഏതാനും മത്സരങ്ങളും മാറ്റിവെച്ചിരുന്നു.

ജാമിയ മിലിയ സർവകലാശാല അടച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല അടുത്ത മാസം അഞ്ച് വരെ അടച്ചു. നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സെമസ്റ്റർ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളും പൊലീസും രണ്ടു മണിക്കൂറോളം ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പരിക്കേറ്റു. സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

ക്യാമ്പസിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ചിന് വന്ന വിദ്യാർത്ഥികൾ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി കണ്ണീർ വാതകം പ്രയോഗിച്ചു. വിദ്യാർത്ഥികൾ കല്ലെറിഞ്ഞതോടെ കാമ്പസിൽ കയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു.പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച ക്യാമ്പസിൽ ബില്ലിന്റെ പകർപ്പുകൾ കത്തിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന് സമീപത്തെ പട്ടേൽചൗക്ക്, ജനപഥ് മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു. ജാമിയയിൽ നിന്നു സുകേന്ദു വിഹാർ വരെയും മധുര റോഡിൽ നിന്നു സരായ് ജുലൈന വരെയുമുള്ള റോഡിലെ ഗതാഗതവും തടഞ്ഞു.

മറ്റിടങ്ങളിൽ സ്ഥിതി ശാന്തമാകുന്നു

പശ്ചിമ ബംഗാളിൽ ക്രമസമാധാന നില അതീവഗുരുതരമാകുമ്പോഴും ബംഗാൾ ഒഴികെ മേഖലയിലെ മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി ശാന്തമാകുന്നു. ബില്ലിനെതിരെ അക്രമാസക്തമായ പ്രതിഷേധം രൂപപ്പെട്ട ഗുവാഹത്തിയിൽ, ഈ വാരമാദ്യം ഏർപ്പെടുത്തിയ നിശാനിയമം നീക്കി. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലു വരെ കർഫ്യു ഇളവ് ചെയ്തതായി പൊലീസ് വക്താവ് പറഞ്ഞു. എങ്കിലും സ്‌കൂളുകളും ഓഫിസുകളും അടച്ചിട്ടു.

ക്രമസമാധാനത്തെ ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനും വേണ്ടി അസമിലുടനീളമുള്ള ഇന്റർനെറ്റ് സേവനങ്ങൾ ഡിസംബർ 16 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അടുത്തയാഴ്ച നടത്താനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്ത്യ ജപ്പാൻ ചർച്ചകളുടെ വേദിയായി നിശ്ചയിച്ചിരുന്ന ഗുവാഹത്തിയിലെ ക്രമസമാധാന നില പരിഗണിച്ചാണ് ഇത്.

നാഗാലാൻഡിലെ സ്‌കൂളുകളും കോളജുകളും കടകമ്പോളങ്ങളും അടക്കം അടച്ചിട്ടിരിക്കുകയാണ്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്യുന്ന ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. ബിൽ വിവേചനപരമാണെന്നും ഭരണഘടപരമായ അവകാശം ലംഘിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.

ജാഗ്രത നിർദ്ദേശവുമായി ലോകരാജ്യങ്ങൾ

പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറിയതിന് പിന്നാലെ ഇന്ത്യയിൽ തങ്ങുന്നവരും വരാനിരിക്കുന്നവരുമായ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് അസമിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെ കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട അസമിലേക്കുള്ള സന്ദർശനത്തിന് യുഎസ് സർക്കാർ താൽകാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അക്രമ സാധ്യത നിലനിൽക്കുന്ന പ്രദേശത്തേക്ക് സന്ദർശനം നടത്തരുതെന്ന് ഡൽഹിയിലെ യുഎസ് എംബസിയും പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നാണ് യുകെ, ഇസ്രയേൽ, കാനഡ, സിംഗപ്പൂർ എംബസികൾ പൗരന്മാർക്ക് യാത്രാ മാർഗനിർദ്ദേശം പുറത്തിറക്കിയത്. പൗരത്വ ഭേദഗതി ബില്ല് അംഗീകരിച്ചതിന് ശേഷം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ പൗരന്മാർ അതീവ ജാഗ്രതപുലർത്തണം. ചില പ്രദേശങ്ങളിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കൻ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ നിലച്ചിരിക്കുകയാണെന്നും യാത്രാ സൗകര്യങ്ങളില്ലെന്നും വിവിധരാജ്യങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം, മേഘാലയ, മണിപ്പൂർ, മിസോറം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് പോകരുതെന്നാണ് പ്രസ്താവനയിൽ പറയുന്നത്.

പൗരത്വ ബില്ല് പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പൗരന്മാർക്ക് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുകയാണ്. അസമിലെ എല്ലാ ജില്ലകളിലും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.

1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്ന പുതിയ ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം അസമിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേർ പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം. മുൻപ് കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്ക് മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വർഷമായി ചുരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP