Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മകന്റെയും സുഹൃത്തിന്റെയും അപകടമരണത്തിന് പിന്നിൽ അവയവ മാഫിയ തന്നെ; കേസ് അട്ടിമറിച്ചത് മൂന്ന് എസ്‌ഐമാരും ഒരു ഡിവൈഎസ്‌പിയും ചേർന്ന്; പൊലീസുദ്യോഗസ്ഥരുടെ പേരുകൾ അക്കമിട്ട് നിരത്തി മരണപ്പെട്ട നജ്മുദ്ദീന്റെ പിതാവ് ഉസ്മാൻ; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മൃതദേഹം പോസ്റ്റ്മോർട്ടംചെയ്ത ഡോക്ടറേയും നേഴ്സുമാരേയും വീണ്ടും ചോദ്യംചെയ്യും

മകന്റെയും സുഹൃത്തിന്റെയും അപകടമരണത്തിന് പിന്നിൽ അവയവ മാഫിയ തന്നെ; കേസ് അട്ടിമറിച്ചത് മൂന്ന് എസ്‌ഐമാരും ഒരു ഡിവൈഎസ്‌പിയും ചേർന്ന്; പൊലീസുദ്യോഗസ്ഥരുടെ പേരുകൾ അക്കമിട്ട് നിരത്തി മരണപ്പെട്ട നജ്മുദ്ദീന്റെ പിതാവ് ഉസ്മാൻ; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മൃതദേഹം പോസ്റ്റ്മോർട്ടംചെയ്ത ഡോക്ടറേയും നേഴ്സുമാരേയും വീണ്ടും ചോദ്യംചെയ്യും

ജംഷാദ് മലപ്പുറം

മലപ്പുറം: മകന്റെയും സുഹൃത്തിന്റെയും അപകടമരണത്തിന് പിന്നിൽ അവയവ മാഫിയ തന്നെയെന്ന ആരോപണവുമായി ഉസ്മാൻ. കേസ് അട്ടമറിച്ചത് മൂന്ന് എസ്‌ഐമാരും ഒരു ഡി.വൈ.എസ്‌പിയും ചേർന്ന്.പൊലീസുദ്യോഗസ്ഥരുടെ പേരുകൾ അക്കമിട്ട് നിരത്തി മരണപ്പെട്ട നജ്മുദ്ദീന്റെ പിതാവ് ഉസ്മാൻ. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മൃതദേഹം പോസ്റ്റ്മോർട്ടംചെയ്ത ഡോക്ടറേയും നേഴ്സുമാരേയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. പെരുമ്പടപ്പിലുണ്ടായ അപകടത്തിൽ ചാവക്കാട് അവിയൂർ സ്വദേശികളായ നജീബുദ്ധീൻ(16),വാഹിദ്(16) എന്നീ പ്ലസ്വൺ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്.

മലപ്പുറം പെരുമ്പടപ്പിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് പ്ലസ്വൺ വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ ഉൾപ്പെടെ ക്രൈംബ്രാഞ്ച് സംഘം ഉടൻ ചോദ്യംചെയ്യും. അപകടത്തിന് പിന്നിൽ അവയവ മാഫിയയുടെ പങ്ക് സംശയിച്ചാണ് മൂന്നുവർഷം മുമ്പ് നടന്ന അപകട മരണം ക്രൈംബ്രാഞ്ച് സംഘം പുനഃരന്വേഷണം നടത്തുന്നത്. അപകടത്തിൽപരുക്കേറ്റ ശേഷം കുട്ടികളെ പരിശോധിച്ച മുഴുവൻ ഡോക്ടർമാരേയും നേഴ്സുമാരേയും ഉടൻ ചോദ്യംചെയ്യുമെന്ന് അന്വേഷണ സംഘത്തലവനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി. അബ്ദുൾ ഖാദർ പറഞ്ഞു.

നിലവിൽ അപകടത്തിൽമരിച്ച കുട്ടികളുടെ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തു. കുട്ടികളുടെ മരണത്തിന് പിന്നിൽ അവയവ മാഫിയയുടെ പങ്കുണ്ടെന്ന് ഇവരെല്ലാംമൊഴി നൽകിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ചു വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അപകടത്തെ തുടർന്ന് കുട്ടികളെ പ്രവേശിപ്പിച്ച വിവിധ ആശുപത്രികളിലെ ഡോക്ടർമാരേയും നേഴ്സുമാരേയും, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറേയും ചോദ്യംചെയ്യുന്നതോടെ നിർണായകമായ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കുട്ടികളുടെ അപകടമരണം കൊലപാതകമാണെന്നും അവയവ മാഫിയയാണ് ഇതിനുപിന്നില്ലെന്നുമുള്ള നജമുദ്ദീന്റെ പിതാവ് ഉസ്മാൻ മുഖ്യമന്ത്രിക്കുംസംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് രണ്ടുമാസം മുമ്പ് പുനരന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം ആദ്യഘട്ടത്തിൽ അപകടം നടന്ന പെരുമ്പടപ്പ് ബ്ലോക്ക് ജംങ്ഷനിലും സമീപത്തും പരിശോധന നടത്തി. അപകടം നടന്നസ്ഥലം പരിശോധിച്ച സംഘം പ്രദേശവാസികളിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വാഹിദ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാംദിവസമാണ് നജീബുദ്ധീന്റെ മരണം. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അപകടസമയത്ത് നജീബുദ്ധീന്റെ ശരീരത്തിൽ ഇല്ലാതിരുന്ന മുറിവുകൾ പിന്നീട് കണ്ടതോടെയാണ് മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ജോസഫ് സിനിമാ മോഡലിൽ അവയവ മാഫിയ നടത്തിയ കൊലപാതകാണെന്നും ആരോപിച്ച് ഉസ്മാൻ രംഗത്തെത്തിയത്. അപകടസമയത്തെടുത്ത ചിത്രങ്ങളിൽ കുട്ടിയുടെ മുഖത്താണ് മുറിവുണ്ടായിരുന്നത്. എന്നാൽ മരണശേഷമുള്ള ചിത്രങ്ങളിൽ ശരീരമാസകലം ശസ്ത്രക്രിയ നടത്തിയതുപോലെ മുറിവുകൾ കണ്ടെത്തിയിരുന്നു.

പക്ഷേ പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുമില്ല. ചികിത്സയ്ക്കിടെ മകന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടർമാർ പറഞ്ഞതുമില്ലെന്നും ഉസ്മാൻ പറയുന്നു. ഇതിന് പുറമെ നേരത്തെ മൂന്ന് എസ്‌ഐമാരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ തെളിവുകളെല്ലാം നശിപ്പിച്ചുവെന്നും നിർണായക തെളിവുകൾ ലഭ്യമാകുന്ന സി.സി.സി.ടി ദുശ്യങ്ങളൂം, ഇൻക്വസ്റ്റ് നടത്തിയ സമയത്ത് എടുത്ത ഫോട്ടോകളും അന്വേഷണ സംഘം നശിപ്പിച്ചുകളഞ്ഞതായും ഉസ്മാൻ പറയുന്നു. ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോഴാണ് സുഹൃത്തുക്കളായ വിദ്യാർത്ഥികൾ അപകടത്തിൽപെടുന്നത്. നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടം മാത്രമായി പെരുമ്പടപ്പ് പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും മകന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊരുത്തക്കേടു കണ്ടെത്തിയതോടെ ഉസ്മാൻ കൂടുതൽ തെളിവുകൾ ശേഖരിക്കുകയായിരുന്നു.

അപകട സമയത്തും മരണശേഷവും എടുത്ത ചിത്രങ്ങളും വിവരാവകാശ രേഖകളിലൂടെ ശേഖരിച്ച വിവരങ്ങളും സഹിതമാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്. കഴുത്തിലും വയറിന്റെ ഇരുവശങ്ങളിലും ഉൾപ്പെടെ നജീബുദ്ദീനിന്റെ ശരീരത്തിൽ എട്ടിടങ്ങളിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണു പിതാവിന്റെ ആരോപണം. മരിച്ച വാഹിദിന്റെ ഇരു കൈകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടായിരുന്നെന്നും ഉസ്മാൻ പറയുന്നു.

അപകടത്തിൽ പരുക്കേറ്റ നജീബുദ്ദീനിനെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്നതു സംബന്ധിച്ച് ഈ രണ്ട് ആശുപത്രികളിലും രേഖകളില്ല. ഈ രണ്ടുആശുപത്രികളിലും കുട്ടിയെ പരിശോധിച്ച ഡോക്ടർമാരുടേയും നേഴ്സുമാരുടേയും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. നേരത്തെ കേസ് അന്വേഷിച്ചിരുന്ന എസ്‌ഐമാരായ ശിവദാസൻ, വിനോദ് വാലയാറ്റൂർ, രാജേന്ദ്രൻ നായർ, ഡിവൈ.എസ്‌പി ബിജു ഭാസ്‌കർ എന്നിവരാണ് കേസിന്റെ തെളിവുകൾ നശിച്ചിച്ചതെന്ന് ഉസ്മാൻ മുഖ്യമന്ത്രിക്ക് നൽകി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

യഥാർഥ്യം പുറത്തുകൊണ്ടുവരണം: ആക്ഷൻ കൗൺസിൽ

പെരുമ്പടപ്പിലുണ്ടായ വിദ്യാർത്ഥികളുടെ അപകട മരണത്തിൽ നിരവധി ദൂരൂഹതകൾ ഉണ്ടെന്നും അവയവ മാഫിയതന്നെയാണ് ഇതിന് പിന്നിലെന്നു സംശയിക്കുന്നതായും നജീബുദ്ദീൻ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മലപ്പുറത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിൽ നേരത്തെ കേസന്വേഷിച്ചലോക്കൽ പൊലീസ് ഒത്തുകളിച്ചിട്ടുണ്ടെന്നും തെളിവുകൾ നശിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ചെയർമാൻ ടി.വി.സുരേന്ദ്രൻ,ഭാരവാഹികളായ ഇ.മോഹനചന്ദ്രൻ, മുഹമ്മദ് റാഫി, ഷഫീർ നമ്പിശേരി, ഷൺമുഖൻ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP