Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ നിയമ ഭേദഗതിയെ മറയാക്കി രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങി 17ന് ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തിരിച്ചടി; പേരില്ലാത്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി സമസ്തയും കാന്തപുരം വിഭാഗവും; സമസ്ത സഹകരിക്കുമെന്ന പേരിൽ വാട്‌സ്ആപ്പ് വഴി നടക്കുന്നത് കുപ്രചരണമെന്ന് നാസർ ഫൈസി കൂടത്തായി; ഹർത്താൽ നടത്തുന്നതിന് പ്രവർത്തകർ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് നിർദ്ദേശിച്ച് യൂത്ത് ലീഗ് നേതൃത്വവും; വാട്‌സ് ആപ്പ് ഹർത്താലുകാരുമായി സഹകരിച്ചാൽ ബിജെപിക്ക് വടി നൽകലാകുമെന്ന് വിലയിരുത്തൽ

പൗരത്വ നിയമ ഭേദഗതിയെ മറയാക്കി രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങി 17ന് ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തിരിച്ചടി; പേരില്ലാത്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി സമസ്തയും കാന്തപുരം വിഭാഗവും; സമസ്ത സഹകരിക്കുമെന്ന പേരിൽ വാട്‌സ്ആപ്പ് വഴി നടക്കുന്നത് കുപ്രചരണമെന്ന് നാസർ ഫൈസി കൂടത്തായി; ഹർത്താൽ നടത്തുന്നതിന് പ്രവർത്തകർ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് നിർദ്ദേശിച്ച് യൂത്ത് ലീഗ് നേതൃത്വവും; വാട്‌സ് ആപ്പ് ഹർത്താലുകാരുമായി സഹകരിച്ചാൽ ബിജെപിക്ക് വടി നൽകലാകുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഈ മാസം 17ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കയാണ് വിവിധ സംഘടനകൾ. മുസ്ലിം സ്വത്വം പേറുന്ന വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ഡിഎച്ച്ആർഎം, ജമാഅത്ത് കൗൺസിൽ എന്നിങ്ങനെ 35ഓളം സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ഹർത്താലുമായി സഹകരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് സംഘടനകൾ രംഗത്തുണ്ട് താനും. എന്നാൽ, മുമ്പ് കത്വ വിഷയത്തിൽ വാട്‌സ് ആപ്പ് ആഹ്വാനം ചെയ്തത കൂട്ടരുമായി സഹകരിക്കേണ്ട കാര്യമല്ലെന്നാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. സംസ്ഥാനത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ ഒരുമിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുമ്പോൾ എന്തിനാണ് ഈ സംഘടനകളുടെ പേരിൽ സഹകരിക്കേണ്ടത് എന്നതാണ് ഉയരുന്ന ചോദ്യം. ഇതോടെ ഹർത്താലുമായി സഹകരിക്കില്ലെന്നാണ് മുസ്ലിം സംഘടനകൾ ഒരുങ്ങുന്നത്.

സംസ്ഥാനത്ത് ഈ മാസം പതിനേഴിന് പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്നാണ് സമസ്തയും എ പി കാന്തപുരം വിഭാഗവും വ്യക്തമാക്കിയത്. ഹർത്താലുമായി സഹകരിക്കണം എന്നാവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി വ്യാപക പ്രചരണം നടക്കുന്നുണ്ട് വസ്തുതകൾക്ക് നിരക്കാത്ത പ്രചരണവും ശക്തമായി നടക്കുന്ന ഘട്ടത്തിലാണ് സമസ്തയും യൂത്ത് ലീഗും അടക്കമുള്ളൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. സമസ്തയും കീഴ്ഘടകങ്ങളും ഹർത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. വാട്‌സ് ആപ്പ് വഴി നടക്കുന്ന പ്രചരണം വ്യാജമാണെന്നും സമസ്ത നേതാവ് പറഞ്ഞു.

സമസ്ത നേതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

പൗരത്വഭേതഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് ഡിസം: 17 ന് ചിലർ നടത്തുന്ന ഹർത്താലിന് ആഹ്വാനം ചെയ്ത വാർത്തയിൽ ചില തെറ്റിദ്ധാരണകൾ തിരുത്തപ്പെടേണ്ടതുണ്ട്. സ്വയം സന്നദ്ധരായി മാത്രം നടത്തുന്ന സമരമാണ് ഹർത്താൽ (ബന്ദല്ല) എങ്കിൽ സഹകരിക്കാമെന്ന് സമസ്ത നേതൃത്വത്തിന്റെ അനുമതി പ്രകാരം സംഘടകരോട് അറിയിച്ചിരുന്നതാണ്. എന്നാൽ സമസ്തയുടേയോ ഒരു ഘടകത്തിന്റേയോ ഔദ്യോഗികത നൽകരുതെന്നും അറിയിച്ചിരുന്നു. ഔദ്യോഗിക പത്രക്കുറിപ്പിൽ അങ്ങിനെ തന്നെയാണെങ്കിലും ചില വാട്സാപ്പ് മെസേജുകളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന് ചേർത്തു കാണുന്നത് തെറ്റാണ്.അപ്രകാരം മുഖ്യ മത,രാഷ്ട്രീയ സംഘടനയിലെ വ്യക്തികളൊക്കെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.എന്നാൽ അതും ഇല്ലെന്നറിയുന്നത് രാത്രി 11 മണിക്ക് വാട്സാപ്പ് മെസേജുകളിലൂടെയാണ്. അപ്പോൾ തന്നെ അതിലെ അനൗചിത്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അതിനാൽ നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിന്റെ വിഷയമാണെന്ന് ഉൾക്കൊണ്ട് വാഹനങ്ങൾ റോഡിലിറക്കാതെയും കടകൾ തുറക്കാതെയും ജോലിക്ക് ഹാജരാവാതെ മറ്റുള്ളവരെ നിർബന്ധിക്കാതെ സ്വയം സന്നദ്ധമാകുന്ന സമരത്തോട് യോജിക്കാമെന്നും സംഘടനയുടെ ഔദ്യോഗിക നിർദ്ദേശമായി ഗണിക്കപ്പെടേണ്ടതില്ലെന്നും സവിനയം അറിയിക്കുന്നു.

അതേസമയം 17ന് നടക്കുന്ന ഹർത്താലുമായി സഹകരിക്കേണ്ടെന്നാണ് യൂത്ത് ലീഗിന്റെയും നിലപാട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബർ 17 ന് പ്രഖ്യാപിച്ച ഹർത്താലുമായി മുസ്ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് യൂത്ത് ലീഗ് അറിയിച്ചു. പ്രസ്തുത ഹർത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളിലോ ഹർത്താൽ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവർത്തകർ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നതായി പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും അടങ്ങുന്നവർ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എസ്വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 17ാം തീയതിയാണ് ഹർത്താലിന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തത്. എന്നാൽ 17 ന് പ്രഖ്യാപിക്കപ്പെട്ട ഹർത്താൽ ആരാണ് ആഹ്വാനം ചെയ്തതെന്നറിയില്ലെന്ന് പറഞ്ഞ അദ്ദേഹം, പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കുമെന്നും അഭിപ്രായപ്പെട്ടു. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

ഇന്ത്യാ രാജ്യത്തോട് മുസ്ലിങ്ങൾ മോശമായി എന്താണ് ചെയ്തതെന്ന് കാന്തപുരം ചോദിച്ചു. മുസ്ലീങ്ങൾ സ്വാതന്ത്ര്യ സമര കാലത്ത് ചെയ്ത ത്യാഗം ചരിത്രത്തിൽ നിന്ന് മായ്ക്കാനാവുമോ? രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടു. പ്രതികൾ മുസ്ലീങ്ങളായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അയോധ്യ വിധിക്കെതിരെ മുസ്ലിങ്ങൾ എന്തെങ്കിലും മോശമായി ചെയ്‌തോയെന്നും കാന്തപുരം ചോദിച്ചു. രാജ്യത്തിന്റെ കടമ നിർവ്വഹിക്കാനാണ് ഇത്തരം സമ്മേളനങ്ങൾ. അല്ലാതെ നമ്മളെ ആരെങ്കിലും ജയിലിലടക്കും എന്ന് കരുതിയിട്ടില്ലെന്നും കാന്തപുരം വിശദീകരിച്ചു. ഒരു സ്ഥലത്തും നാം അക്രമം നടത്തില്ലെന്ന് പറഞ്ഞ കാന്തപുരം, അക്രമം നടത്താൻ പാടില്ലെന്നും പ്രവർത്തകരെ ഓർമ്മിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമപരമായി നേരിടാമെന്ന ഉറപ്പും അദ്ദേഹം നൽകി.

അതേസമയം പേരില്ലാത്ത ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായം നിരവധി പേരാണ് രേഖപ്പെടുത്തിയത്. പക്ഷേ മുസ്ലിം ചെറുപ്പക്കാരെ ജയിലഴികൾക്കുള്ളിലാക്കുകയും, കരിനിയമങ്ങളിൽ കുരുക്കുകയും ചെയ്യാൻ ഇടയാക്കിയത് എസ്ഡിപിഐ പോലുള്ള സംഘടനകളുടെ നിലപാടാണെന്ന് സോഷ്യൽ മീഡിയയിലും കുറ്റപ്പെടുത്തലുകൾ ഉയരുന്നുണ്ട്. കപിൽ സിബൽ മുതൽ, മമത ബാനർജി തുടങ്ങി, പിണറായി വിജയൻ, ശശി തരൂർ തുടങ്ങിയവരിൽ തന്നൊണ് മുസ്ലിം സമൂഹത്തിന്റെ പ്രതിക്ഷയെന്ന് പറയുന്നവരുമുണ്ട്.

അതേസമയം എസ്ഡിപിഐ ഹർത്താൽ വിജയിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിയമം രാജ്യത്ത് നടപ്പാക്കിയതിൽ പ്രതിഷേധിച്ച് ഡിസംബർ 17 ന് സംസ്ഥാനത്ത് നടക്കുന്ന ജനകീയ ഹർത്താൽ വിജയിപ്പിക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു. പൗരത്വം നിയമമായതോടെ ആർ എസ്എസ്സിന്റെ വിചാരധാര വിജയിക്കുകയും രാജ്യത്തിന്റെ ഭരണഘടന പരാജയപ്പെടുകയും ചെയ്തിരിക്കുകയാണ്. മതത്തിന്റെ പേരിൽ മാത്രം ഒരു വിഭാഗത്തിനെ പടിക്കുപുറത്ത് നിർത്തുന്നത് ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതിയുടെ ലംഘനമാണ്.

ഇന്ത്യയുടെ ഭരണഘടനയേയും ബഹുസ്വരതയേയും മാനിക്കുന്ന യഥാർഥ രാജ്യസ്നേഹികളെ ഏറെ വേദനിപ്പിക്കുന്നതാണ് പുതിയ നിയമം. അതുകൊണ്ടുതന്നെ അതിനെതിരായ പ്രതിഷേധത്തിൽ പങ്കാളിയാവുക എന്നത് പൗരന്റെ ബാധ്യതയാണ്. ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതു മുതൽ രാജ്യത്ത് അരാജകത്വവും സംഘർഷവും പടർന്നിരിക്കുകയാണ്. വാർത്താവിനിമയ നിയന്ത്രണവും ഇന്റർനെറ്റ് വിഛേദിച്ചും വിമത ശബ്ദങ്ങളെ മൂടിവെക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന ഈ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് പാർട്ടി സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റുമാരായ എം കെ മനോജ് കുമാർ, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, റോയ് അറയ്ക്കൽ, സംസ്ഥാന സെക്രട്ടറിമാരായ പി ആർ സിയാദ്, കെ എസ് ഷാൻ, കെ കെ അബ്ദുൽ ജബ്ബാർ, ഖജാഞ്ചി അജ്മൽ ഇസ്മായീൽ, പി കെ ഉസ്മാൻ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP