Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബൻവാരി ദേവി കാട്ടിയ ചെറുത്തു നിൽപ്പ് പോഷ് നിയമത്തിൽ എത്തിയപ്പോൾ..........സ്ത്രീപീഡനം ഒരു നിത്യസംഭവമാകുമ്പോൾ, ചരിത്രമായ മാറിയ ഒരു സ്ത്രീപീഡനം സ്മരിക്കുന്നു; വിൽസൺ കരിമ്പന്നൂർ എഴുതുന്നു

ബൻവാരി ദേവി കാട്ടിയ ചെറുത്തു നിൽപ്പ് പോഷ് നിയമത്തിൽ എത്തിയപ്പോൾ..........സ്ത്രീപീഡനം ഒരു നിത്യസംഭവമാകുമ്പോൾ, ചരിത്രമായ മാറിയ  ഒരു സ്ത്രീപീഡനം സ്മരിക്കുന്നു; വിൽസൺ കരിമ്പന്നൂർ എഴുതുന്നു

വിൽസൺ കരിമ്പന്നൂർ  

സ്ത്രീകൾക്ക് തൊഴിൽ ഇടങ്ങളിൽ സംരക്ഷണം നൽകുവാൻ വേണ്ടി നടപ്പിലാക്കിയ പോഷ് ആക്ടിനെ പറ്റിയുള്ള അന്വേഷണത്തിലാണ് ബൻവാരി ദേവിയെ പറ്റി കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചത്. ബൻവാരി ദേവിയുടെ നിലപാടുകൾ കാരണം അവർക്കു ജീവിതത്തിൽ വളരെയധികം പ്രശ്‌നങ്ങൾ നേരിട്ടുവെങ്കിലും, അത് ഇന്ത്യയിലെ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ ഉണ്ടാവുന്ന ലൈംഗികപീഡനങ്ങൾക്ക് കുറെയെങ്കിലും അറുതി വരുത്തവാനും, കുറ്റക്കാർക്ക് ശിക്ഷ ലഭിക്കുവാനും പര്യാപ്തമായ ഒരു നിയമം രാജ്യത്ത് ഉണ്ടാകുവാൻ കാരണമായി.അതിനാൽ ബൻവാരി ദേവിയുടെ ജീവിതം കൂടുതൽ ശ്രദ്ധ അർഹിക്കുന്നുണ്ട് .

രാജസ്ഥാനിലെ ജയ്‌പ്പൂരിനടുത്തുള്ള ഭട്ടെരി ഗ്രാമത്തിൽ കുശവ (ദളിത് ) സമുദായത്തിൽ ജനിച്ച ബൻവാരി ദേവിക്ക് യാതൊരുവിധ പ്രാഥമികവിദ്യാഭ്യാസവും ലഭിച്ചിരുന്നില്ല. 5-ആം വയസ്സിൽ എട്ടു വയസുള്ള മോഹൻലാൽ പ്രജാപതുമായിട്ടുള്ള വിവാഹം നടന്നു. ചെറുപ്പകാലം മുതലേ ബാലവിവാഹം,അയിത്തം,ജാതിവിവേചനം,ശിശു ഹത്യ.ഭ്രുണഹത്യ ഇത്യാദി സാമൂഹ്യതിന്മകൾക്കെതിരെ ബൻവാരി ദേവി പോരാടിയതിനാൽ നാട്ടിലെ പുരുഷന്മാരുടെ കണ്ണിലെ കരടായി അവർ മാറി.

ഒരിക്കൽ അവിടുത്തെ ഭൂരിപക്ഷ സമുദായമായ ഗുജ്ജാർ സമുദായത്തിലെ രാംകരണിന്റെ 9 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ വിവാഹം ബൻവാരി ദേവി ഇടപ്പെട്ടു തടഞ്ഞു. അന്ന് ആ വിവാഹം നടന്നില്ല. എന്നാൽ അതിന്റെ അടുത്ത ദിവസം ആ വിവാഹം വീട്ടുകാർ നടത്തുകതന്നെ ചെയ്തു.

കലി അടങ്ങാഞ്ഞ ഭൂരിപക്ഷസമുദായക്കാർ ബൻവാരി ദേവിയെയും ഭർത്താവിനെയും ആക്രമിക്കുക ആയിരുന്നു. അതിനു ഏതാനം ദിവസങ്ങൾക്കു ശേഷം കൃത്യമായി പറഞ്ഞാൽ 1992 സെപ്റ്റംബർ മാസം 22 നു സന്ധ്യക്ക് ഭർത്താവിനോടൊപ്പം പാടത്ത് പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ആ സംഭവം നടന്നത്. അപ്പോൾ കുപിതരായ ജനക്കൂട്ടം അവിടെ എത്തി. അഞ്ചു പേരുടെ സംഘത്തിൽ 2 പേര് മോഹൻലാലിനെ വലിയ വടികൾ ഉപയോഗിച്ച് തല്ലുന്നത് കണ്ട ബൻവാരി ദേവി അത് തടയുവാൻ ശ്രമിച്ചു. അപ്പോൾ മറ്റു മൂന്നു പേരും കൂടി ബൻവാരി ദേവിയെ തള്ളിയിട്ടു മാറി മാറി ക്രൂരമായി പീഡിപ്പിച്ചു.

ബൻവാരി ദേവിയും ഭർത്താവും തോറ്റു പിന്മാറുവാൻ തയ്യറല്ലയിരുന്നു. അവർ പൊലീസിൽ പരാതി നൽകി. ഗുജ്ജർ ഭൂരിപക്ഷപ്രദേശമായ ഭട്ടെരി ഗ്രാമത്തിലെ പൊലീസ് അവരോടു നീതി കാട്ടിയില്ല. മണിക്കൂറുകൾ അവർ അവിടെ കാത്തിരിക്കേണ്ടി വന്നു .

പൊലീസുകാർ തെളിവിനു എന്ന് പറഞ്ഞു ബൻവാരി ദേവിയുടെ ഉടുതുണി അവിടെ വെപ്പിച്ചിട്ടാണ് വിട്ടത്. രാത്രി ഒരു മണിക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് ഭർത്താവിന്റെ,ചോരക്കറ പിടിച്ച തുണിയുടെ ഒരു ഭാഗം പുതച്ചു കൊണ്ടാണ് അവർ വീട്ടിലേക്കു തിരിച്ചത്. എന്നാൽ അവരുടെ ശരീരത്തെ മുറിവുകളും ക്ഷതങ്ങളും പരാതിയിൽ രേഖപ്പെടുത്തിയിരുന്നില്ല

പീഡനം നടന്നു 52 മണിക്കൂർ കഴിഞ്ഞാണ് മെഡിക്കൽ പരിശോധന പോലും നടത്തിയത്. ഔദ്യോഗിക ഭാഗത്ത് നിന്ന് പ്രതികൂലമനോഭാവം മാത്രമാണ് ലഭിച്ചത്.

ഒടുവിൽ വിചാരണക്കോടതിയുടെ വിധി വന്നപ്പോൾ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കോടതി ജഡ്ജി പ്രതികൾക്കനുകൂലമായി വിധിക്കാൻ പറഞ്ഞ കാരണങ്ങൾ ആയിരുന്നു അതിവിചിത്രം!

1.ഗ്രാമത്തലവൻ റേപ്പ് ചെയ്യില്ല

2.വ്യത്യസ്തജാതിയിൽ പെട്ട ആണുങ്ങൾ കൂട്ട ബലാൽസംഘത്തിൽ ഏർപെടാറില്ല

3.അറുപതിനും എഴുപതിനും ഇടയിൽ പ്രായമുള്ള പുരുഷന് ബലാൽസംഘത്തിൽ ഏർപ്പെടാൻ സാധിക്കില്ല

4.ഒരു മനുഷ്യന് അവന്റെ ബന്ധുവിന്റെ സാന്നിദ്ധ്യത്തിൽ ബലാൽസംഘത്തിൽ ഏർപ്പെടുവാൻ കഴിയില്ല. (പ്രതികളിൽ ഒരു അമ്മാവനും അനിന്തരവാനും ഉണ്ടായിരുന്നു.)

5.പരിശുദ്ധി നോക്കുന്നതിനാൽ ഒരു ഉയർന്ന ജാതിക്കാരൻ താഴ്ന്ന ജാതിക്കാരിയെ ഒരിക്കലും റേപ്പ് ചെയ്യില്ല

6.ഒരു ഭർത്താവും തന്റെ ഭാര്യ പീഡിപ്പിക്കുന്നത് നോക്കി നിൽക്കുവാൻ തയ്യാറാകത്തില്ല, അതിനാൽ ഭർത്താവിന്റെ മുമ്പിൽ പീഡനം എന്ന സംഭവം നടന്നിട്ടില്ല

കേസ് തള്ളുന്നതിനു മുമ്പേ സമൂഹം മുഴുവനും എതിരായിരുന്നു.കേസ് തള്ളിയതിനു ശേഷം ബന്ധുക്കൾ പോലും എതിരായി. കുടുംബത്തിലെ ഒരു ചടങ്ങുകൾക്കും അവരെ ഭവനത്തിൽ കയറ്റില്ലായിരുന്നു. അത് വിവാഹം ആയാലും ശവസംസ്‌കാരമായാലും ഒരുപോലെ അകറ്റി നിർത്തപ്പെട്ടു.

രാജസ്ഥാൻ പോലുള്ള പല സംസ്ഥാനങ്ങളിലും നീതിയും ന്യായവും തെറ്റും കുറ്റവും ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ കാണാറുള്ളു. ഭൂരിപക്ഷസമുദായ അംഗം കാണിക്കുന്ന തെറ്റ് ആ സമുദായാംഗങ്ങൾക്ക് ശരിയാണ്.

1985 മുതൽ ഭൻവാരി ദേവി രാജസ്ഥാൻ ഗവർമെന്റിന്റെ സ്ത്രീ ശാക്തീകരണ പ്രോഗ്രാമിന്റെ ( Women's Development Programme -WDP ) ഒരു ജോലിക്കാരി കൂടി ആയിരുന്നു. *സാഥിൻ* (സുഹൃത്ത് ) എന്ന പേരിൽ അറിയപ്പെടുന്ന അവരുടെ ജോലി എല്ലാ ഭവനങ്ങളിലും കടന്നു ചെന്ന് സാമൂഹ്യതിന്മകളെപ്പറ്റി ബോധവൽക്കരിക്കുകയായിരുന്നു.

രാജ്യസ്ഥാനിലെ ഏറ്റവും വലിയ സാമൂഹ്യതിന്മയാണ് ശൈശവവിവാഹം. ഇന്നും, പിറന്ന് മാസങ്ങൾ പ്രായമുള്ള കുഞ്ഞുങ്ങളെ ഇങ്ങനെ വിവാഹം ചെയ്യിക്കുന്ന പതിവ് അവിടെ നിലനിൽക്കുന്നുണ്ട്. അതിനെതിരെ ഇടപെട്ടതായിരുന്നു ബൻവാരി ദേവിക്കെതിരെ നാട്ടുകാർ തിരിയാൻ കാരണം.

സർക്കാരിന്റെ തന്നെ ഒരു സാമൂഹ്യപ്രവർത്തക കൂടിയായ ബൻവാരി ദേവിക്ക് സർക്കാരിൽ നിന്ന് പോലും നീതി ലഭിക്കാതെ വന്നപ്പോൾ അവിടുത്തെ സ്ത്രീ സംഘടനകൾ എല്ലാം പ്രതിഷേധവുമായി രംഗത്തു വന്നു. കേസ് പല കോടതികൾ വഴി സുപ്രിം കോടതിയിൽ എത്തി. രാജസ്ഥാനിലെ സ്ത്രീകളുടെ ഇടയിൽ പ്രവർത്തിക്കുന്ന *വിശാഖാ* എന്ന സംഘടനയുടെ ശ്രമഫലമായിട്ടാണ് ഈ കേസ് സുപ്രിം കോടതിയിൽ എത്തിയത്.

രാജസ്ഥാൻ ഗവർമെന്റിന്റെ ജോലിക്കാരിയായതിനാൽ ആണ് ഭൻവാരി ദേവിക്ക് ഈ ആക്രമണം നേരിടേണ്ടി വന്നത്. അവർ അവരുടെ ജോലിയുടെ ഭാഗമായിട്ടാണ്, ഭവനങ്ങളിൽ കയറിയിറങ്ങി ബാലവിവാഹത്തിനെതിരെ പോരാടിയത്.അതിനാൽ സ്ത്രീകൾക്ക് എതിരെ തൊഴിൽ രംഗത്തുണ്ടാകുന്ന ലൈംഗികഅതിക്രമമായി ഈ കേസിനെ സുപ്രിം കോടതി കാണുകയും, സുപ്രിം കോടതി *വിശാഖാ ഗൈഡ്ലൈൻ* എന്ന പേരിൽ സ്ത്രീകൾക്ക് തൊഴിൽ മേഖലകളിൽ ലഭിക്കേണ്ട പരിഗണനയുടെ ഒരു മാർഗ്ഗരേഖ നൽകി 1997 - ൽ വിധി ഉണ്ടായി (Vishaka and others v State of Rajasthan case in 1997 ) .

'വിശാഖാ ഗൈഡ്ലൈൻ' നിയമം ആണ് 2013 -ൽ പോഷ് ആക്ട് ആയി പാര്‌ലമെന്റ് പാസ്സാക്കിയതും തൊഴിൽ രംഗത്തു് സ്ത്രീകൾക്ക് നേട്ടമായി മാറിയതും.

ബൻവാരി ദേവിയുടെ പ്രവർത്തനം ഇന്നും തുടരുകയാണ്. ഇന്ന് 65 -ൽ അധികം പ്രായം വരുന്ന ബൻവാരിദേവി 2019 ഫെബ്രുവരി മാസത്തിൽ ഇന്ത്യയിലെ 24 സംസഥാനങ്ങൾ സന്ദർശിച്ച് ലൈംഗിക പീഡനത്തിന് വിധയപ്പെട്ട ഇരകൾക്ക് ആശ്വാസം നൽകുന്ന വലിയ ഒരു ഉദ്യമം നടത്തി. അവർ ഈ പ്രായത്തിലും വളരെ സജീവമായി സ്ത്രീകൾക്ക് വേണ്ടി രംഗത്തു് ഉണ്ടെന്നത് അഭ്യസ്തവിദ്യരായ നമ്മൾക്ക് ഒരു ആത്മപരിശോധനയ്ക്കു കാരണമാണ്.

ബൻവാരിദേവിക്ക് ദേശീയവും അന്താരാഷ്ട്രീയവുമായ അനേകഅവാർഡുകൾ ലഭിച്ചിട്ടുണ്ട്.അതിൽ പ്രധാനമാണ്, 1994 ൽ ലഭിച്ച ധീരതയ്കുള്ള നീരജ ഭാനോട്ട് അവാർഡ്. കൂടാതെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1995 സെപ്റ്റംബർ 4 മുതൽ 15 വരെ ചൈനയിലെ ബെയ്ജിങ്ങിൽ വച്ച് നടന്ന സ്ത്രീകളുടെ ലോകസമ്മേളനത്തിൽ (World Conference on Women, 1995 ) പങ്കെടുക്കുവാനും സാധിച്ചു.

ബൻവാരിദേവിയുടെ അനുഭവകഥ വച്ച് ഹിന്ദിയിൽ ബവാൻഡർ (ചുഴലിക്കാറ്റ് ) എന്ന പേരിൽ 2000 ൽ ഒരു സിനിമ ഇറങ്ങിയിരുന്നു. ഇന്ന് സമൂഹത്തിൽ സ്ത്രീപീഡനം ഒരു നിത്യസംഭവമായി മാറിയിരിക്കുമ്പോൾ, നാം ബൻവാരിദേവി ഉയർത്തിയ പോരാട്ടവീര്യം സ്മരിക്കണം. സാമൂഹ്യനീതിക്ക് വേണ്ടി പോരാടുവാൻ നമുക്കും കഴിയണം. നമ്മുടെ ഇച്ഛശക്തിയാണ് എല്ലാത്തിനേക്കാളും വലിയ പോരാട്ടവീര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP