Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മതം മാറുക അല്ലെങ്കിൽ മരിക്കുക'; മുതുമന ഇല്ലത്തുവെച്ച് ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നിരവധിപേരെ വെട്ടി സർപ്പക്കാവിലെ കിണറ്റിലിട്ടു; ഈ കിണറ്റിൽനിന്ന് ഇഴഞ്ഞു പുറത്തുകടന്ന് കാതങ്ങൾ നടന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ കേളപ്പന്റെ മൊഴി നിർണ്ണായകമായി; ഹിന്ദുക്കളെ ബലമായി ഇസ്ലാം മതത്തിൽ ചേർക്കുകയും വഴങ്ങാത്തവരെ കൊലപ്പെടുത്തുകയും ചെയ്തതെന്ന വിധി പ്രസ്താവത്തിൽ കോടതിയും; മലബാർ കലാപം വർഗീയമാണെന്നതിന് കൂടുതൽ തെളിവുമായി മാപ്പിള കലാപം സീരീസ്

'മതം മാറുക അല്ലെങ്കിൽ മരിക്കുക'; മുതുമന ഇല്ലത്തുവെച്ച് ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നിരവധിപേരെ വെട്ടി സർപ്പക്കാവിലെ കിണറ്റിലിട്ടു; ഈ കിണറ്റിൽനിന്ന് ഇഴഞ്ഞു പുറത്തുകടന്ന് കാതങ്ങൾ നടന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ കേളപ്പന്റെ മൊഴി നിർണ്ണായകമായി; ഹിന്ദുക്കളെ ബലമായി ഇസ്ലാം മതത്തിൽ ചേർക്കുകയും വഴങ്ങാത്തവരെ കൊലപ്പെടുത്തുകയും ചെയ്തതെന്ന വിധി പ്രസ്താവത്തിൽ കോടതിയും; മലബാർ കലാപം വർഗീയമാണെന്നതിന് കൂടുതൽ തെളിവുമായി മാപ്പിള കലാപം സീരീസ്

എം മാധവദാസ്

തിരുവനന്തപുരം: ഫേസ്‌ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയ ലേഖന പരമ്പരയാണ് ശാസ്ത്ര പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ മനോജ് ബ്രൈറ്റ് എഴുതുന്ന മാപ്പിള കലാപം സീരീസ്. നിലവിലുള്ള എല്ലാ ചരിത്ര പുസ്തകങ്ങളെയും ഖണ്ഡിച്ചുകൊണ്ട്, മലബാർ കലാപത്തിന്റെ വസ്തുതകളിലേക്ക് കടക്കുന്ന അദ്ദേഹം, അക്കാലത്തെ രേഖകളുടെ തർജ്ജമാത്രമാണ് ഉപയോഗിക്കുന്നത്. അതിൽ പ്രകാരം ജന്മിത്വത്തോടും സാമ്രാജ്വത്തോടുമുള്ള വിയോജിപ്പാണ് മലബാർ കലാപത്തിന് ഇടയാക്കിയയെന്നും, ഇത് സ്വാതന്ത്ര്യ സമരമാണെന്നുമുള്ള ഇടതുപക്ഷ ചരിത്രകാരന്മാരുടെ അടക്കം വാദം പൊളിയുകയാണ്. വർഗീയതയും ഇസ്ലാമിലേക്കുള്ള മതപരിവർത്തനവും തന്നെയാണ്, കലാപകാരികൾ ലക്ഷ്യമിട്ടതെന്നാണ്, അക്കാലത്തെ ഇംഗ്ലീഷ് പത്രങ്ങളും, പുസ്തകങ്ങളും, ബ്രിട്ടീഷ് രേഖകളും ഉദ്ധരിക്കുന്ന ഡോ ബ്രൈറ്റിന്റെ സീരീസ് വായിച്ചാൽ ബോധ്യമാവുക. രേഖകൾ തർജ്ജമ ചെയ്യുക എന്നാലെ യാതൊരു കമന്റും ഡോ മനോജ് ബ്രൈറ്റ് നടത്തുന്നില്ലെങ്കിലും സൈബർ ലോകത്ത് കടുത്ത വിമർശനങ്ങളും അദ്ദേഹം നേരിടുന്നുണ്ട്. മാപ്പിള കലാപം സീരിസിന്റെ 17ാം ലക്കത്തിൽ മതം മാറാൻ കൂട്ടാക്കാത്തതുകൊണ്ട് കഴുത്തിനു വെട്ടു കിട്ടിയ കേളപ്പനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാൽ മതം മാറ്റമോ, അങ്ങനൊന്നും നടന്നിട്ടേയില്ല എന്ന പ്രതികരണം പല ഭാഗത്തുന്നിന്നും ഉയർന്നു. ഇതോടെ മലബാർ കലാപത്തിലെ ഒരു കോടതി വിധി പൂർണ്ണമായും തർജ്ജമ ചെയ്യുകയാണ് ഡോ മനോജ് ബ്രൈറ്റ്് ചെയ്യുന്നത്. ഇതിൽ ഇസ്ലാമിലേക്ക് മതം മാറ്റത്തതുകൊണ്ടാണ് പ്രതികൾ ആക്രമിച്ചതെന്ന് വ്യക്തമായി പറയുന്നുണ്ട്.

1922 ഡിസംബർ 7, വ്യാഴാഴ്ച ഐ.സി.എസ് സീനിയർ സ്പെഷ്യൽ ജഡ്ജി ജി.എച്ച്.ബി. ജാക്സൺ പുറപ്പെടുവിച്ച വിധിയാണ് ലേഖകൻ ഉദ്ധരിക്കുന്നത്.' 1921 ഒക്ടോബർ മുപ്പത്തൊന്നാം തീയ്യതി പുത്തൂർ അംശത്തിലെ മുതുമന ഇല്ലത്തു വച്ച് ഹിന്ദുക്കളെ ബലമായി ഇസ്ലാം മതത്തിൽ ചേർക്കാനും, അതിനു വഴങ്ങാത്തവരെ കൊലപ്പെടുത്താനുമുള്ള പൊതുവായ ഉദ്ദേശത്തോടെ നിയമവിരുദ്ധമായി ഒത്തുചേർന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികളായ മൂന്നു പേരും. ഈ പൊതു ഉദ്ദേശം നടപ്പിക്കുന്നതിനിടയിൽ ഈ സംഘത്തിലെ അംഗങ്ങൾ നാലു ഹിന്ദുക്കളെ കൊലപ്പെടുത്തി. കുറ്റാരോപിതരായ മൂന്നു പേരും ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 302,149 പ്രകാരം കൊലപാതകം ചെയ്തതായി തെളിഞ്ഞിരിക്കുന്നു.'- ഇങ്ങനെയാണ് വധി പ്രസ്താവം തുടങ്ങുന്നത്.

1921ൽ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു നടന്ന മാപ്പിള ലഹള, മലബാർകലാപം, ഖിലാഫത്ത് ലഹള എന്നൊക്കെ പേരിട്ട കലാപത്തെക്കുറിച്ച്, ഇഎംഎസ് അടക്കമുള്ള ഇടത് എഴുത്തുകാർ തൊട്ട് ലിബറൽ ബുദ്ധിജീവികൾ വരെ വിലയിരുത്തിയത്, ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ കലാപമായും സ്വാതന്ത്ര്യ സമരമായിട്ടുമായിരുന്നു. അതിനിടിയിൽ കുറെ അക്രമപ്രവർത്തനങ്ങൾ ഉണ്ടായെന്നുമാണ് അവർ വിലയിരുത്തിയത്. എന്നാൽ ഇഎംഎസും, ഡോ കെ കെ എൻ കുറുപ്പും, ഡോ എം ഗംഗാധരനും അടക്കമുള്ള ചരിത്രകാരന്മാരുടെ വീക്ഷണത്തിന് നേർ വിപരീതമാണ് ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയുടെ ഉള്ളടക്കം. കൃത്യമായ വർഗീയ അജണ്ടയും, ഇസ്ലാമിലേക്കുള്ള മത പരിവർത്തനവും തന്നെയാണ് മലബാർ കലാപത്തിന്റെ അന്തർധാരയായി പ്രവർത്തിച്ചത് എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.സമാനതകളില്ലാത്ത ക്രൂരതയെ മറച്ചുവെച്ചുകൊണ്ട് ്ഉള്ളവനും ഇല്ലാത്താവനും തമ്മിലുള്ള കലാപമാക്കി ഇതിനെ മാറ്റിയത് ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് സീരീസ് വായിക്കുമ്പോൾ വ്യക്തമാവും.

ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച The Moplah Rebellion,1921 എന്ന പുസ്തകവും. അക്കാലത്തെ പത്ര വാർത്തകളും, ഔദോഗിക റിപ്പോർട്ടുകളും തീയതി അനുസരിച്ച് ക്രോഡീകരിച്ചാണ് ഡോ മനോജ് ബ്രൈറ്റ് തന്റെ ലേഖന പരമ്പര തയ്യാറാക്കിയിട്ടുള്ളത്.

ഡോ. മനോജ് ബ്രൈറ്റിന്റെ പോസ്ററിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:


മാപ്പിള കലാപം സീരീസ് (ഭാഗം 21)

സീനിയർ സ്പെഷ്യൽ ജഡ്ജിയുടെ കോടതിയുടെ മുൻപാകെ, കോഴിക്കോട്

1922 ഡിസംബർ 7, വ്യാഴാഴ്ച.

സന്നിഹിതൻ: ജി.എച്ച്.ബി. ജാക്സൺ അവർകൾ, എം.എ., ഐ.സി.എസ്.
സീനിയർ സ്പെഷ്യൽ ജഡ്ജി

കേസ് നമ്പർ 32- അയും, ആയും 1922.

പ്രതികൾ:- (1) പാലക്കൻതൊടി അവോക്കാർ മുസലിയാർ എന്ന അബുബക്കർ മുസലിയാർ

(2) എലത്തൂർ കുഞ്ഞിരായൻ മുസലിയാർ

(3) വീരുംപള്ളി അത്തൂട്ടി

കുറ്റം:- അനധികൃതമായി ഒത്തു ചേർന്ന ഒരു സംഘത്തിലെ അംഗങ്ങളായിരിക്കെ, കൊലപാതകം സെക്ഷൻ 302, കൂടെ സെക്ഷൻ 149, ഇന്ത്യൻ പീനൽ കോഡ്, കൊലപാതകത്തിനു ഒത്താശ ചെയ്യൽ, സെക്ഷൻ 107,109 ഇന്ത്യൻ പീനൽ കോഡ്,എന്നിവ ആരോപിക്കപ്പെട്ടിരിക്കുന്നു.

തീർപ്പ്:- കുറ്റം തെളിഞ്ഞിരിക്കുന്നു. സെക്ഷൻ 302,149,109,114,34, ഇന്ത്യൻ പീനൽ കോഡ്.

ശിക്ഷ:- പ്രതികളെ ഹൈക്കോടതിയുടെ അനുമതിയോടെ മരണം വരെ തൂക്കാൻ വിധിച്ചിരിക്കുന്നു. സെക്ഷൻ 302,149,109,114,34, ഇന്ത്യൻ പീനൽ കോഡ്.

പ്രതികൾക്കു വേണ്ടി കോടതി നിയമിച്ച വക്കീൽ മിസ്റ്റർ മുഹമ്മദ് ഉസ്മാൻ സാഹിബ്ബ് ഹാജരായി.

വിധിപ്രസ്താവം:- 1921 ഒക്ടോബർ മുപ്പത്തൊന്നാം തീയ്യതി പുത്തൂർ അംശത്തിലെ മുതുമന ഇല്ലത്തു വച്ച് ഹിന്ദുക്കളെ ബലമായി ഇസ്ലാം മതത്തിൽ ചേർക്കാനും, അതിനു വഴങ്ങാത്തവരെ കൊലപ്പെടുത്താനുമുള്ള പൊതുവായ ഉദ്ദേശത്തോടെ നിയമവിരുദ്ധമായി ഒത്തുചേർന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികളായ മൂന്നു പേരും. ഈ പൊതു ഉദ്ദേശം നടപ്പിക്കുന്നതിനിടയിൽ ഈ സംഘത്തിലെ അംഗങ്ങൾ നാലു ഹിന്ദുക്കളെ കൊലപ്പെടുത്തി. കുറ്റാരോപിതരായ മൂന്നു പേരും ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 302,149 പ്രകാരം കൊലപാതകം ചെയ്തതായി തെളിഞ്ഞിരിക്കുന്നു.

ഇതേ സമയത്തും, സ്ഥലത്തും ഒന്നും, രണ്ടും പ്രതികൾ നേരത്തെ പറഞ്ഞ നാലു ഹിന്ദുക്കളെ കൊലപ്പെടുത്തിയതിനാൽ സെക്ഷൻ 302 പ്രകാരം കുറ്റക്കാരാണ്. അതേപോലെതന്നെ അവരെ കൊലപ്പെടുത്താൻ ഉത്തരവിടുകയും ചെയ്തു.(പ്രേരണ സെക്ഷൻ 107,109 ഇന്ത്യൻ പീനൽ കോഡ്) അവരുടെ കൊലക്ക് ഉത്തരവിടുകയും, കൊല ചെയ്യാനുള്ള ഇടത്തേക്ക് അവരെ നയിക്കുകയും, അതിനു ശേഷം കൊലപ്പെടുത്തുകയും, ഈ പ്രവർത്തികൾ ചെയ്ത എല്ലാവരുടെയും പൊതുവായുള്ള ലക്ഷ്യം നടപ്പിലാക്കാൻ ഇതുമായി പരസ്പരം സഹകരിക്കുകയും (സെക്ഷൻ 33,34,37 ഇന്ത്യൻ പീനൽകോഡ്), കൊലപാതകങ്ങൾക്കു പ്രേരിപ്പിച്ച ശേഷം ആവശ്യമെങ്കിൽ സഹായിക്കാനായി പ്രധാനികളുടെ അടുത്തു തന്നെ നിൽക്കുകയും ചെയ്തു.

അതേ സമയത്തും, സ്ഥലത്തും തെയ്യൻ എന്ന ആളുടെ കഴുത്തു വെട്ടികൊന്ന്, മൂന്നാം പ്രതി ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 പ്രകാരം കൊലപാതകം എന്ന കുറ്റം ചെയ്തിരിക്കുന്നു.

2. നാലു ഹിന്ദുക്കളെ, പ്രോസിക്യൂഷൻ സാക്ഷികൾ 2,3,4,5 എന്നിവരെ മാപ്പിളമാർ യഥാക്രമം 31, 28, 30, 29 തീയ്യതികളിൽ പിടികൂടി മുതുമന ഇല്ലത്തേക്കു കൊണ്ടുപോയി. ഇതിൽ ആദ്യത്തെയാളെ, അതായത് രണ്ടാം പ്രോസിക്യൂഷൻ സാക്ഷി കേളപ്പനെ ഇല്ലത്തിന്റെ തെക്കേ മുറ്റത്ത് കസേരയിൽ ഇരിക്കുകയായിരുന്ന ഒന്നും, രണ്ടും പ്രതികളുടെ മുന്നിൽ കൊണ്ടുവന്നു. നാലു തടവുകാരെ, ഉണിച്ചനു, തെയ്യൻ, കുട്ടീശരൻ, കണാരൻ എന്നിവരെയും അവരുടെ മുന്നിൽ കൊണ്ടുവന്നു. ഒന്നും, രണ്ടും പ്രതികൾ അവരോട് ഇസ്ലാം മതത്തിൽ ചേരാൻ ആജ്ഞാപിച്ചു. അവർ നിരസിച്ചു. ഒന്നാം പ്രതി അവരെ കൊല്ലാൻ ഉത്തരവിടുകയും, രണ്ടാം പ്രതി ഉത്തരവ് ആവർത്തിക്കുകയും ചെയ്തു. കേളപ്പനും ഇസ്ലാമിൽ ചേരാൻ നിരസിച്ചു. ഒന്നും, രണ്ടും പ്രതികൾ അദ്ദേഹത്തിനും വധശിക്ഷ വിധിച്ചു. ഒന്നും, രണ്ടും പ്രതികളുടെ ഉത്തരവു പ്രകാരം മുപ്പതോളം മാപ്പിളമാർ അഞ്ചു പേരെയും ഇല്ലത്തിന്റെ വടക്കു ഭാഗത്തുള്ള സർപ്പകാവിലേക്കു കൊണ്ടുപോയി. മൂന്നാം പ്രതി ഈ കൂട്ടത്തിലുണ്ടായിരുന്നു. നാലുപേരെ വെട്ടിക്കൊന്നു. മൂന്നാം പ്രതിയാണ് തെയ്യനെ വെട്ടിക്കൊല്ലുകയും, ശരീരങ്ങളെല്ലാം അടുത്തുള്ള കിണറ്റിൽ തള്ളുകയും ചെയ്തത്. കേളപ്പനെ രണ്ടു തവണ വെട്ടി കിണറ്റിലിട്ടെങ്കിലും അദ്ദേഹം മരിച്ചില്ല.

3. ഒന്നും, രണ്ടും പ്രതികൾ ഈ ആളുകളെ കൊല്ലാൻ ഉത്തരവിടുന്നതിന് മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികൾ ദൃക്‌സാക്ഷികളായി. ഒന്നാം പ്രതി അവരോട് കൊലപാതകങ്ങൾ നടത്തുന്നത് കാണാനും പറഞ്ഞു. എല്ലാവരെയും വെട്ടി കിണറ്റിലിടുന്നത് അവർ കണ്ടു. തെയ്യനെ മൂന്നാം പ്രതി വെട്ടിക്കൊല്ലുന്നതും അവർ കണ്ടു

അവസാനത്തെ ദൃക്‌സാക്ഷിയായ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി തടവുകാരെ ഒന്നും, രണ്ടും പ്രതികളുടെ മുന്നിൽ കൊണ്ടുവരുന്നതു കണ്ടു. എന്താണ് പറഞ്ഞതെന്നു കേട്ടില്ലെങ്കിലും, കൊലപാതകങ്ങൾ ഇരുപതടി ദൂരത്തു നിന്ന് കണ്ടു. കേളപ്പന്റെ തൊഴിച്ച് ബാക്കി തലകൾ പൂർണ്ണമായും വേർപ്പെട്ടതും, തെയ്യന്റെ തല മൂന്നാം പ്രതി വെട്ടുന്നതും കണ്ടു.

4. പ്രഥമ വിവരം കിട്ടുന്നത് ആറാം പ്രോസിക്യൂഷൻ സാക്ഷിയായ താമരശ്ശേരി സബ് ഇൻസ്‌പെക്ടർക്കാണ്. 1921 നവംബർ ഒന്നാം തീയ്യതി കേളപ്പൻ കുന്നമംഗലത്തേക്കു നടന്നു വരുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. ഇല്ലം നിൽക്കുന്ന കൊടിയത്തൂർ ദേശം (പ്രതിഭാഗം സാക്ഷി 2) കുന്നമംഗലത്തു നിന്ന് ഏതാണ്ട് എട്ടു മൈൽ ദൂരെയാണ്. (സമർപ്പിച്ച സർവ്വേ പ്ലാനിൽ കാണാം. ഒരു ഇഞ്ച് ഒരു മൈൽ. സെക്ഷൻ 57, എവിഡൻസ് ആക്റ്റ്) മുതുമന ഇല്ലത്തു വച്ച് ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വേറെ ചിലരോടൊപ്പം തന്നെയും വെട്ടി, വേറെ പത്തോ, പതിനഞ്ചോ പേരെക്കൂടി വെട്ടിത്തള്ളി ഒരു കിണറ്റിൽ ഇട്ടെന്നും, താൻ അതിൽ നിന്ന് ഇഴഞ്ഞു പുറത്തു കടന്നെന്നും അറിയിച്ചു. അദ്ദേഹം ഇപ്പോളത്തെ പ്രതികളല്ലാത്ത രണ്ടു മാപ്പിളമാരുടെ പേരു പറഞ്ഞു. കിണറ്റിൽ വേറെയും ശവങ്ങൾ ഉണ്ടായിരുന്നതായി കരുതുന്നു. ഹാജരാക്കിയ പ്രമാണം ആ യിൽ കേളപ്പനോടൊപ്പം പത്തോ, പതിനഞ്ചോ പേരെ ഇട്ടു എന്നത് പത്തോ, പതിനഞ്ചോ ആളുകൾ ഉണ്ടായിരുന്നു എന്ന അർത്ഥത്തിൽ ഞാൻ എടുക്കുന്നില്ല. എന്തായാലും മലയാളത്തിൽ പത്തു പതിനഞ്ച് എന്നു പറഞ്ഞാൽ കൃത്യമായ ഒരു സംഖ്യയല്ല.

5. 1921 ഡിസംബർ പത്താം തീയ്യതി സബ് ഇൻസ്‌പെക്ടർ ഇദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയിൽ സന്ദർശിച്ചു. പ്രമാണം ഇ. പ്രമാണം ആ പൂർണ്ണമായ പ്രഥമ വിവരണമായതിനാൽ പിന്നീടുള്ള പ്രസ്താവനകൾ ഇ.ഇ.ജ സെക്ഷൻ 162 പ്രകാരം അനുവദിക്കാനാകില്ല എന്ന് പ്രതിഭാഗം ഈ രേഖയെ എതിർക്കുന്നുണ്ട്. പ്രമാണം ഇ, പ്രമാണം ആ യുടെ തുടർച്ചയാണ് എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കാവുന്നതാണ് എന്നു ഞാൻ കരുതുന്നു. അവരുടെ വാദത്തിൽ വലിയ കഴമ്പില്ല. കേളപ്പൻ നുണ പറയുകയാണെങ്കിൽ അദ്ദേഹത്തിന് കഴിഞ്ഞ ഡിസംബറിൽ തന്നെ അങ്ങനെ ചെയ്യാമായിരുന്നു. അതേ സമയം പ്രമാണം ആ യിൽ വിട്ടു പോയ കാര്യങ്ങൾ ഗൗരവമുള്ളതാണ് എന്നു കരുതാൻ ന്യായമൊന്നുമില്ല. അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നു എന്നതു തന്നെ അത്ഭുതമാണ്. ആദ്യത്തെ തീയ്യതിയിൽ തന്നെ സംഭവം നടന്ന സ്ഥലവും, കൊലപാതകങ്ങളുടെ കാരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

6. കേളപ്പന് ഇത്രയും ദൂരം ഒരിക്കലും നടക്കാനാവില്ല എന്നൊരു വാദം വന്നിരുന്നു. അസിസ്റ്റന്റ് സർജ്ജൻ (മുറിവുകൾ ആദ്യം പരിശോധിച്ച ഒന്നാം പ്രോസിക്യൂഷൻ സാക്ഷി. പ്രമാണം അ) ആദ്യം ഈ അഭിപ്രായത്തിന് ബലം നൽകിയിരുന്നു. പക്ഷെ അദ്ദേഹം സംസാരിക്കുന്നത് വസ്തുതകൾ വ്യക്തമായി മനസ്സിലാക്കാതെയാണ്. അഭിപ്രായം പറയുന്നതിനു മുൻപ് ആദ്യം കേളപ്പന്റെ മൊഴി കേൾക്കാൻ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. കേളപ്പന് രണ്ടു മണിക്കൂർ വിശ്രമിച്ച ശേഷം നടക്കാൻ കഴിഞ്ഞിരിക്കാം എന്ന് അദ്ദേഹം സമ്മതിച്ചു. മുതുമന ഇല്ലത്താണ് സംഭവം നടന്നത് എന്ന് കേളപ്പന് നുണ പറയേണ്ട ഒരു കാരണവും ഞാൻ കാണുന്നില്ല എന്നതുകൊണ്ട് കേളപ്പൻ നടന്നു എന്നു തന്നെയാണ് ഞാൻ കരുതുന്നത്.

അദ്ദേഹം നിരത്തുന്ന തെളിവ് അത്യന്തം സ്‌തോഭജനകമാണ്. ഈ കലാപത്തിലെ ഏറ്റവും സ്‌തോഭജനകമായ സംഭവങ്ങളിലൊന്ന്. എങ്കിലും ആ കാരണത്താൽ ഇതിന് അമിത പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. അത് പൂർണ്ണമായി ഒഴിവാക്കിയാലും (അങ്ങനെ ചെയ്യാൻ കാരണമൊന്നുമില്ലെങ്കിലും) മറ്റു മൂന്നു ദൃക്‌സാക്ഷികളുടെ മൊഴികളിൽ നിന്നുതന്നെ ഈ സംഭവം പൂർണ്ണമായും സ്ഥിതീകരിക്കാനാകും. അവർക്കെതിരെ ഉയർത്താവുന്ന ഏക കാര്യം മതം മാറ്റാൻ ശ്രമിച്ച വിവരവും, അവരുടെ സങ്കടങ്ങളും വിവരിക്കുന്നതിനിടക്ക് ഈ കൊലപാതകങ്ങൾ വിശദമായി പ്രതിപാദിച്ചില്ല എന്നതാണ്. അവരങ്ങനെ ചെയ്യേണ്ട ഒരു കാര്യവുമില്ല. പട്ടാളം വന്ന് അവരെ രക്ഷപ്പെടുത്തിയതിനു ശേഷം (മൂന്നാം പ്രോസിക്യൂഷൻ സാക്ഷി) ഏതാണ്ട് ഇരുപതു ദിവസം കഴിഞ്ഞാണ് അവർ മൊഴി കൊടുക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ അത് വളരെ വലിയ അമാന്തം എന്നു പറയാനാവില്ല. ഈ കുറ്റകൃത്യം കണ്ടോ എന്ന് അവരോട് ആരും ചോദിച്ചിട്ടില്ല, അവരതു മറന്നു പോയതാകാം. അവരുടെ മൊഴികൾ ഒന്നുകിൽ സത്യമാകാം, അല്ലെങ്കിൽ മനഃപൂർവ്വം കെട്ടിച്ചമച്ചതാകാം. പക്ഷെ അങ്ങനെ അനുമാനിക്കാൻ കാരണമൊന്നുമില്ല.

7. ഒന്നാം പ്രതി കുറ്റം നിഷേധിച്ചു. കേളപ്പൻ വിരോധം കൊണ്ട് നുണ പറയുന്നു എന്ന് ആരോപിച്ചെങ്കിലും അതിനുള്ള കാരണമൊന്നും കാണിച്ചില്ല. അദ്ദേഹത്തിന്റെ സാക്ഷികളൊന്നും അദ്ദേഹത്തിനു സഹായമായില്ല. അദ്ദേഹത്തിന്റെ വക്കീൽ തന്നെ അവരെ ഒഴിവാക്കി. അതുപോലെ തന്നെ രണ്ടാം പ്രതിയുടെ സാക്ഷികളും അദ്ദേഹം ആ സമയം വേറെയിടത്തായിരുന്നു എന്നു തെളിയിച്ചില്ല.

8. മൂന്നാം പ്രതി മുതുമനയിൽ നിന്ന് അഞ്ചു മൈൽ അകലെയുള്ള കിഴക്കോട്ട് കാവൽക്കാരനായി സേവനം ചെയ്യുകയായിരുന്നു എന്ന് നാലു സാക്ഷികൾ പറയുന്നു. (പ്രതിഭാഗം സാക്ഷി 2) സ്വന്തം അംശത്തിൽ കാവൽ ജോലി ചെയ്തുകൊണ്ടു തന്നെ അടുത്ത അംശത്തിൽ പോയി ഉപദ്രവങ്ങൾ ചെയ്യാൻ സാധ്യമാണ്. മൂന്നാം പ്രതി ഒരിക്കലും സ്ഥലം വിട്ടിട്ടില്ല എന്ന് തെളിയിച്ചിട്ടില്ല. കാവൽക്കാരുടെ നേതാവ് പ്രതിഭാഗം സാക്ഷി ഒന്നാമൻ അവരെ ദിവസവും പരിശോധിക്കാറുണ്ടെങ്കിലും, ഒരു നിശ്ചിത സമയത്തല്ല അത് നടത്താറുള്ളത്. ഹാജർ വിളിച്ചുള്ള പരിശോധനയും ഉണ്ടായിട്ടില്ല. അദ്ദേഹം ഒക്ടോബർ മുപ്പത്തൊന്നാം തീയതി മൂന്നാം പ്രതിയെ തന്റെ അംശത്തിൽ കണ്ടിട്ടുണ്ടാകാം. പക്ഷെ അത് കൃത്യം നടക്കുന്ന സമയത്ത് ഇദ്ദേഹം അവിടെ ഇല്ലായിരുന്നു എന്നതിനു തെളിവല്ല. ഒരു സഹ കാവൽക്കാരനായ പ്രതിഭാഗം സാക്ഷി രണ്ടാമൻ ഇരുപത്തഞ്ചോ, മുപ്പതോ ആളുകൾ ജോലിയിലുണ്ടായിരുന്നു എന്നു പറയുന്നു. എത്ര പേർ ഉണ്ടായിരുന്നു എന്ന് കൃത്യമായി അറിയില്ലെങ്കിൽ മൂന്നാം പ്രതി നിശ്ചയമായും അവിടെ ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ചു പറയാനാകില്ല. മറ്റൊരു കാവൽക്കാരനും ഇതേ കാര്യങ്ങൾ തന്നെ പറയുകയും, നേതാവ് മുഴുവൻ സമയവും തങ്ങളോടൊപ്പമുണ്ടായിരുന്നു, അദ്ദേഹം പറയുന്നപോലെ റോന്തു ചുറ്റാൻ പോയിട്ടില്ല എന്നും പറയുന്നു.

9. ഒരു നായർ, പ്രതിഭാഗം സാക്ഷി നാലാമൻ മൂന്നാം പ്രതിയും, അയാളുടെ മകനും അദ്ദേഹത്തെ അവരുടെ അംശത്തിൽ സഹായിച്ചതായി പറയുന്നു. ഇദ്ദേഹം മാന്യമായി പെരുമാറാറുണ്ട് എന്ന് ഇത് തെളിയിക്കുന്നു. പക്ഷെ മൂന്നു തീയ്യന്മാരും, ഒരു നായരും എന്തുകൊണ്ട് മുൻ ശത്രുതയൊന്നും ഇല്ലാത്ത നിരുപദ്രവകാരിയായ ഒരു മാപ്പിളയെ തിരഞ്ഞു പിടിച്ച് കുറ്റമാരോപിക്കുന്നു എന്ന് വിശദീകരിക്കുന്നില്ല. മതം മാറാൻ നിർബന്ധിക്കപ്പെട്ടവർ മുതുമന ഇല്ലത്ത് ധാരാളം മാപ്പിളമാരെ കാണുകയും അവരോടു വെറുപ്പു തോന്നുകയും ചെയ്തിരിക്കാം. ഇവർ നുണ പറയുകയാണെങ്കിൽ അവരുടെ ആരുടെയെങ്കിലും പേരു പറയുന്നതിനായിരുന്നു സാധ്യത. മൂന്നാം പ്രതിയെ ചൂണ്ടിക്കാട്ടാനുള്ള കാരണം അയാളാണ് തെയ്യനെ കൊന്നത് എന്നതാണ് സാധ്യമായ യുക്തിപൂർവ്വമായ നിഗമനം.

10. കേളപ്പനെയും, ഉപ്പേരനെയും ജനുവരി മുപ്പതാം തീയ്യതി അതിവേഗ കോടതിയിലെ മജിസ്ട്രേറ്റ് ചോദ്യം ചെയ്തിരുന്നു.

11. പ്രോസിക്യൂഷന്റെ തെളിവുകൾ സത്യമാണെന്നും, മൂന്നു പേരും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടുണ്ടെന്നും ഞാൻ കരുതുന്നു.

12. കൊലപാതകം ചെയ്യാനായി പൊതുവായ കാരണമുണ്ടെന്നും, അതു നടപ്പിലാക്കാനായി നാലു ഹിന്ദുക്കളെ കൊല ചെയ്തു എന്നതിലും ഒട്ടും സംശയമില്ല. പ്രായോഗികമായി സെക്ഷൻ 302,149 പ്രകാരം കുറ്റം തെളിഞ്ഞാൽ മതിയാകും. പക്ഷെ നിയമപ്രകാരം അവർ പ്രധാന കുറ്റവാളികളാണ്. തെയ്യന്റെ തല വെട്ടിയതു കൊണ്ട് മൂന്നാം പ്രതിയും, ഒന്നും, രണ്ടും പ്രതികൾ സഹായം ചെയ്തതുകൊണ്ടും ഇന്ത്യൻ കോഡ് സെക്ഷൻ 109 പ്രകാരം വധശിക്ഷക്ക് അർഹരാണ്. ഇല്ലത്തിന്റെ കരട് രൂപരേഖ പ്രമാണം ഉ സമർപ്പിച്ച സബ് ഇൻസ്‌പെക്ടർ ഒന്നും, രണ്ടും പ്രതികൾ ഇരുന്ന മുറ്റവും, കൊലപാതകം നടന്ന സ്ഥലവും തമ്മിലുള്ള ദൂരം ഇരുന്നൂറു വാര എന്ന് അളന്നിട്ടുണ്ട്. കൊലപാതകം നടത്തിയ സംഘത്തിന് പ്രോത്സാഹനം കൊടുക്കാൻ മാത്രം അടുത്തായിരുന്നു ഒന്നും, രണ്ടും പ്രതികൾ എന്നു ഞാൻ കരുതുന്നു. വിചാരണയും, ശിക്ഷ നടപ്പാക്കലും തമ്മിലുള്ള സമയവ്യത്യാസം രണ്ടു മണിക്കൂറാണെന്ന് അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി ഉപ്പേരൻ പറയുന്നു. മരണശിക്ഷ വിധിച്ചതും, കൊലപാതകം നടത്തിയതും, പൊതുവായുള്ള ഉദ്ദേശം നടപ്പിലാക്കാനുള്ള ഒരൊറ്റ കുറ്റകൃത്യമായി ഞാൻ കാണുന്നു. അതിനാൽ ഓരോ പ്രതിയും അവർ ഒറ്റക്കു ചെയ്താലെന്ന പോലെ കൊലപാതകങ്ങൾക്ക് ഉത്തരവാദികളാണ്.

13.ഹൈക്കോടതിയുടെ അനുമതിയോടെ ഓരോ പ്രതിയെയും മരണം വരെ തൂക്കിലിടാൻ ഞാൻ വിധിക്കുന്നു. അപ്പീലിനായി ഏഴു ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നു. സെക്ഷൻ 302,149,109,114,34, ഇന്ത്യൻ പീനൽ കോഡ്.

(ഒപ്പ്) ജി. എച്ച്. ബി. ജാക്സൺ, സീനിയർ സ്പെഷ്യൽ ജഡ്ജി.

താഴെപ്പറയുന്ന സാക്ഷികളെ വിസ്തരിച്ചു.

പ്രോസിക്യൂഷനു വേണ്ടി

1) എം. ദത്താരിയ
(2) പി. കേളപ്പൻ
(3) എൻ. ഉക്കണ്ടൻ നായർ
(4) എം. ചന്ദപ്പൻ
(5) പി. ഉപ്പേരൻ
(6) യു. നാരായണൻ (പൊലീസ് സബ് ഇൻസ്‌പെക്ടർ)

പ്രതിഭാഗത്തിനു വേണ്ടി

(1) എം. കോയ
(2) ടി.കോയമ്മദ്
(3) എം.ചേക്കുട്ടി
(4) പി. ചാത്തു നായർ

ഇനി പറയുന്ന രേഖകൾ സമർപ്പിക്കപ്പെട്ടു.

(A) കേളപ്പന്റെ വൂണ്ട് സർട്ടിഫിക്കറ്റ്. കോഴിക്കോട്ടെ സബ് അസിസ്റ്റന്റ് സർജ്ജൻ നൽകിയത്. തീയ്യതി 1921 ഡിസംബർ 16.

(B) താമരശ്ശേരിയിലെ ആക്ടിങ് സബ് ഇൻസ്‌പെക്ടർ 1921 നവംബർ ഒന്നാം തീയ്യതി കാലത്ത് രേഖപ്പെടുത്തിയ പി. കേളപ്പന്റെ മൊഴി.

(C) താമരശ്ശേരിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ 1921 ഡിസംബർ പത്താം തീയ്യതി കാലത്ത് പത്തുമണിക്ക് പി. കേളപ്പൻ നൽകിയ മൊഴി.

(D) സംഭവ സ്ഥലത്തിന്റെ രൂപരേഖ

പ്രതിഭാഗത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട രേഖകൾ

ഒന്നുമില്ല.

(ഒപ്പ്) ജി.എച്ച്.ബി. ജാക്സൺ, സീനിയർ സ്പെഷ്യൽ ജഡ്ജി.

#മാപ്പിളകലാപംസീരീസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP