Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശയക്കുഴപ്പത്തിന്റെ നീണ്ട നിര നാളെ മുതൽ: ടോളുകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം; ടാഗ് പതിപ്പിച്ച് ഇതുവരെ ആക്ടിവേറ്റ് ചെയ്തത് ആകെ വാഹനങ്ങളുടെ പകുതിയോളം മാത്രം: ഫാസ്ടാ​ഗ് ക്ഷാമം രൂക്ഷം

ആശയക്കുഴപ്പത്തിന്റെ നീണ്ട നിര നാളെ മുതൽ: ടോളുകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം; ടാഗ് പതിപ്പിച്ച് ഇതുവരെ ആക്ടിവേറ്റ് ചെയ്തത് ആകെ വാഹനങ്ങളുടെ പകുതിയോളം മാത്രം: ഫാസ്ടാ​ഗ് ക്ഷാമം രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : ടോൾ പ്ലാസകളിൽ പണമടച്ച് യാത്ര ചെയ്യാൻ ഇനി സമയം കളയേണ്ട എന്ന് പറഞ്ഞ സ്ഥാനത്ത് ഇപ്പോൾ ഫാസ്ടാ​ഗിനായിട്ടുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. ടോൾ പിരിവിന് ഫാസ്ടാഗ് നാളെ മുതൽ നിർബന്ധമാക്കാനിരിക്കെയാണ് ഫാസ്ടാ​ഗ് കിട്ടാകനിയായി തുടരുന്നത്, ഇതുവരെ ടാഗ് പതിപ്പിച്ച് ആക്ടിവേറ്റ് ചെയ്തത് ആകെ വാഹനങ്ങളുടെ പകുതിയോളം മാത്രം. ഫാസ്ടാഗ് കിട്ടാനില്ലാത്തതാണു പ്രധാന തടസ്സമായി വരുന്നത്. കേരളത്തിലെ ടോൾ ബൂത്തുകളിൽ ടാഗ് ഉപയോഗിക്കുന്നത് 25% പേർ മാത്രമാണെന്നും കണക്കുകൾ വരുന്നത്.

ആദ്യഘട്ടങ്ങളിൽ വാഹന ഉടമകൾ ഫാസ്ടാഗ് ഉപയോ​ഗിക്കാൻ വിമുഖത കാണിച്ചിരുന്നു. എന്നാൽ, കൂടുതൽ പേർ വാങ്ങാൻ ആരംഭിച്ചതോടെ ടാഗ് സ്റ്റോക്കില്ലാതെയായി. അതേസമയം, ചില അക്ഷയകേന്ദ്രങ്ങൾ, പൊതുജനസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ മൂവായിരത്തോളം ടാഗ് കെട്ടിക്കിടക്കുന്നുവെന്നും വിവരമുണ്ട്. ആക്ടിവേറ്റ് ചെയ്യാൻ അറിയാത്തതാണു കാരണം.

ഫാസ്ടാഗ് വാഹനത്തിൽ ഒട്ടിച്ചതു കൊണ്ടു മാത്രം കാര്യമില്ല. അക്കൗണ്ട് ആക്ടിവേറ്റ് ചെയ്താൽ മാത്രമേ പ്ലാസയിൽ പ്രവർത്തിക്കൂ. ഏറെപ്പേർ ഒരുമിച്ചു ടാഗ് എടുത്തതോടെ സെർവറിൽ തിരക്കേറി ആക്ടിവേഷൻ വൈകുകയും മുടങ്ങുകയും ചെയ്യുന്നുണ്ട്. ഏജൻസിയുടെ വോലറ്റ് വഴിയാണ് ദേശീയപാത അഥോറിറ്റിക്കു പണം ലഭിക്കുന്നത്. ഏജൻസിയുടെ വോലറ്റിൽ മതിയായ തുക ഇല്ലെങ്കിൽ പണം കൈമാറ്റം നടക്കില്ല. ഈ സാഹര്യത്തിൽ അക്കൗണ്ട് ആക്ടിവേഷൻ മുടങ്ങും.

ടോൾ പ്ലാസകളിലൂടെ പോകുന്ന വാഹനങ്ങളിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നവയുടെ എണ്ണം:

∙ പാമ്പാംപള്ളം (വാളയാർ, പാലക്കാട്): 28%

∙ പാലിയേക്കര (തൃശൂർ): 20%

∙ പൊന്നാരിമംഗലം (എറണാകുളം): 15%

∙ കുമ്പളം (എറണാകുളം): 25%

എന്താണ് ഫാസ്ടാഗ്

പ്രീപെയ്ഡ് ശൈലിയിൽ ടോൾബൂത്തുകളിൽ പണമടയ്ക്കാതെ കടന്നുപോകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിൻഡ് സ്‌ക്രീനിൽ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുൻകൂട്ടി പതിപ്പിക്കണം.

വാഹനങ്ങളിലെ ഫാസ്ടാഗിനെ ആർഎഫ്‌ഐഡി റീഡർ വഴി റീഡ് ചെയ്ത് അക്കൗണ്ടിലൂടെ ഡിജിറ്റൽ പണമിടപാട് നടത്തുകയാണ് ഇവിടെ. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടിൽ മുൻകൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇതു വഴി സാധ്യമാകുന്നു. രാജ്യത്തെ ഏത് ടോൾപ്ലാസയിലും ടോൾ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അഥോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ് ടാഗി‌ന്റെ നേട്ടങ്ങൾ

ടോൾ നൽകുന്നതിന് വാഹനങ്ങളുടെ കാത്തുനിൽപ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിർത്താതെതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ഉണ്ട്. ഓൺലൈൻ സേവനം വഴിയുള്ള ഇടപാട് ആയതിനാൽ പണം കയ്യിൽ കരുതേണ്ടതില്ല.

ഇലക്ട്രോണിക് ടോൾ കലക്‌ഷൻ സംവിധാനമായ ഫാസ്ടാഗിലൂടെ ടോൾബൂത്തുകളിലെ തിരക്ക് ഒഴിവാക്കി നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ വാഹനങ്ങൾക്ക് ടോൾപ്ലാസ മറികടക്കാം. ഇപ്പോൾ ഒരു വാഹനത്തിന് ടോൾബൂത്ത് മറികടക്കാൻ 15 സെക്കൻഡാണ് ദേശീയപാത അഥോറിറ്റി നിർദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീർഘിക്കാറുമുണ്ട്. ഫാസ്ടാഗിൽ ഇത് മൂന്ന് സെക്കൻഡ്ഡായി ചുരുങ്ങും. നിലവിൽ ഒരു ടോൾ ബൂത്തിലൂടെ മണിക്കൂറിൽ 240 വാഹനങ്ങൾക്കു വരെ കടന്നുപോകാം. ഫാസ്ടാഗ് വരുന്നതോടെ 1200 വാഹനങ്ങൾക്കുവരെ കടന്നുപോകാനാകും.

ഫാസ്ടാഗ് എങ്ങനെ വാങ്ങാം

പുതിയ വാഹനങ്ങളിൽ ഡീലർ തന്നെ ഫാസ്ടാഗ് വച്ചു നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ ടോൾപ്ലാസകളിലും ഉപയോഗിക്കാവുന്ന, വാഹനങ്ങളിൽ പതിപ്പിക്കുന്ന ഫാസ്ടാഗ് ടോൾപ്ലാസകളിൽനിന്നും മുൻനിര ബാങ്കുകളിൽനിന്നും വാങ്ങാം. മിക്ക ബാങ്കുകളും 500 രൂപയാണ് ഫാസ്ടാഗിന് ഈടാക്കുന്നത്. ഇതിൽ 200 രൂപ നിങ്ങളുടെ ടാഗ് അക്കൗണ്ടിൽ നിക്ഷേപിക്കും. ആർസി ബുക്കും ഉടമയുടെ ഐഡി പ്രൂഫും സമർപ്പിച്ചാൽ ഫാസ്ടാഗ് ലഭിക്കും. അഞ്ചുവർഷം കാലാവധിയാണ് ഫാസ്ടാഗ് അക്കൗണ്ടിനുള്ളത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഫാസ്ടാഗ് അക്കൗണ്ടിൽ ലോഗ്ഇൻ ചെയ്ത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം. ഉടൻ തന്നെ ഇതിനായി ഒരു ആപ്പും പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ഇളക്കി മറ്റൊരു വാഹനത്തിൽ പിടിപ്പിക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP