Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രേംകുമാറിന്റെയും രേണു രാജിന്റെ വഴിയേ ദേവികുളത്തെ നിയമലംഘനങ്ങൾക്ക് എതിരെ സബ് കലക്ടർ എസ്.പ്രേംകൃഷ്ണൻ; മുഖം നോക്കാതെ നടപടികളിലേക്ക് സബ്കലക്ടർ നീങ്ങുമ്പോൾ സഹകരിക്കാൻ മടിച്ച് ഉദ്യോഗസ്ഥർ; അടിമാലിയിലെ അനധികൃത മണ്ണെടുപ്പ് തടയാൻ നിർദ്ദേശം നൽകിയിട്ടും നടപടി എടുക്കാതെ റവന്യൂ ഉദ്യോഗസ്ഥർ; മന്നാംകണ്ടം വില്ലേജ് ഓഫീസറോട് കൃത്യവിലോപത്തിന് വിശദീകരണം തേടി; ഉടക്കുമായി സിപിഎമ്മും; കലക്ടർമാർ വാഴാത്ത ദേവികുളത്തെ പുതിയ ഉദ്യോഗസ്ഥനും തെറിക്കുമോ?

പ്രേംകുമാറിന്റെയും രേണു രാജിന്റെ വഴിയേ ദേവികുളത്തെ നിയമലംഘനങ്ങൾക്ക് എതിരെ സബ് കലക്ടർ എസ്.പ്രേംകൃഷ്ണൻ; മുഖം നോക്കാതെ നടപടികളിലേക്ക് സബ്കലക്ടർ നീങ്ങുമ്പോൾ സഹകരിക്കാൻ മടിച്ച് ഉദ്യോഗസ്ഥർ; അടിമാലിയിലെ അനധികൃത മണ്ണെടുപ്പ് തടയാൻ നിർദ്ദേശം നൽകിയിട്ടും നടപടി എടുക്കാതെ റവന്യൂ ഉദ്യോഗസ്ഥർ; മന്നാംകണ്ടം വില്ലേജ് ഓഫീസറോട് കൃത്യവിലോപത്തിന് വിശദീകരണം തേടി; ഉടക്കുമായി സിപിഎമ്മും; കലക്ടർമാർ വാഴാത്ത ദേവികുളത്തെ പുതിയ ഉദ്യോഗസ്ഥനും തെറിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം: കൈയേറ്റക്കാരുടെയും നിയമലംഘകരുടെയും പറുദീസയാണ് ദേവികുളം താലൂക്ക്. നിയമത്തിന്റെ വഴിയേ നീങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി നീങ്ങുന്നവരാണ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തേക്ക് മാത്രം സബ് കലക്ടർ കസേരയിൽ ഇരിക്കാനാണ് ഇവിടെ എത്തുന്ന ഉദ്യോഗസ്ഥരുടെ യോഗം. ദേവികുളത്തെ കൈയേറ്റങ്ങൾക്കും മറ്റ് നിയമലംഘനങ്ങൾക്കും എതിരെ നീങ്ങിയവരെല്ലാം തെറിച്ച അവസ്ഥയാണുള്ളത്. പുതിയ സബ്കലക്ടർക്കും അതേ ഗതിയാണോ എന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. കാരണം, നിയമലംഘനങ്ങൾ തടയാൻ സബ് കളക്ടർ എസ്.പ്രേംകൃഷ്ണൻ നിർദ്ദേശിച്ചിട്ടു നടപടി കൈക്കൊള്ളാൻ ഉദ്യോഗസ്ഥർ മടിക്കുന്ന അവസ്ഥയാണ്.

അടിമാലിയിൽ അർധരാത്രയിൽ നടന്ന അനധികൃത മണ്ണെടുപ്പ് തടയാൻ സബ് കളക്ടർ എസ്.പ്രേംകൃഷ്ണൻ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടും നടപടിയൊന്നുമെടുത്തില്ല. ഇതിന് ചുമതലയേൽപ്പിച്ച മന്നാംകണ്ടം വില്ലേജ് ഓഫീസറോട് സബ് കളക്ടർ കൃത്യവിലോപത്തിന് വിശദീകരണം തേടി. അധികൃതരുടെ കണ്ണുവെട്ടിക്കാൻ മൂന്നാർ, അടിമാലി മേഖലകളിൽ ഇപ്പോൾ രാത്രിയിലാണ് പാറപൊട്ടിക്കലും മണ്ണെടുപ്പും. അവധിദിവസം നോക്കി കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും അരങ്ങേറുന്നു. പലയിടത്തും സബ് കളക്ടർ രാത്രിയിലും നേരിട്ടെത്തിയാണ് റെയ്ഡ് നടത്തുന്നത്. എന്നാൽ ഇതിനോട് സഹകരിക്കാൻ ചില ജീവനക്കാർ തയ്യാറാകാത്തത് നിയമലംഘകർക്ക് സഹായമാകുന്നുണ്ട്.

ബുധനാഴ്ച അർധരാത്രി അടിമാലി മച്ചിപ്ലാവിൽ പെട്രോൾ പമ്പ് നിർമ്മാണത്തിനായി മണ്ണെടുക്കുന്നതായി സബ് കളക്ടർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സ്ഥലത്തുള്ള അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുക്കാൻ അദ്ദേഹം വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി. സഹായത്തിനായി പൊലീസിനെയും വിട്ടു. എന്നാൽ സ്ഥലത്തെത്തിയ വില്ലേജ് ഓഫീസർ പൊലീസിനെ മടക്കിഅയച്ചു. വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയോ മറ്റ് നടപടികളോ സ്വീകരിച്ചില്ല.

അടിമാലിയിലെ സർക്കാർ ഓഫീസുകൾ ദേവികുളത്തേക്ക് മാറ്റണമെന്ന സബ് കളക്ടറുടെ റിപ്പോർട്ടിനെതിരേ രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അടിമാലിയിൽ നിന്ന് സർക്കാർ ഓഫീസുകൾ മാറ്റാൻ സബ് കളക്ടർ നൽകിയ റിപ്പോർട്ട് ജനവികാരം പരിഗണിക്കാതെയാണെന്ന് ദേവികുളം എംഎ‍ൽഎ. എസ്.രാജേന്ദ്രൻ പറഞ്ഞു. കോൺഗ്രസ്, സിപിഎം. നേതൃത്വങ്ങളും പഞ്ചായത്ത് പ്രസിഡന്റുമാരും ഈ നീക്കത്തിന് എതിരാണ്. വട്ടവടയിലെ മാതൃകാഗ്രാമം പദ്ധതിയുടെ മറവിൽ ഭൂമികൈയേറ്റവും അഴിമതിയും നടക്കുന്നെന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതോടെ സബ് കളക്ടർക്കെതിരേ സിപിഎം. പ്രാദേശിക നേതൃത്വം ശക്തമായി രംഗത്തുണ്ട്.

സബ് കലക്ടർമാരെ വാഴിക്കാതെ താലൂക്കാണ് ദേവികുളം. 9 വർഷത്തിനിടെ ദേവികുളത്ത് 15 സബ് കലക്ടർമാരാണു വന്നു പോയത്. ഡോ. രേണു രാജിനെയാണ് ഒടുവിലായി മാറ്റിയത്. ദേവികുളത്ത് ചുമതലയേറ്റ് ഒരു വർഷം തികയുന്നതിനു മുൻപാണു രേണു രാജിനെ മാറ്റിയതും. ഭൂമി കയ്യേറ്റങ്ങൾ വ്യാപകമായ ദേവികുളം മേഖലയിൽ കയ്യേറ്റക്കാർക്കും ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കലക്ടറുടെ കസേരയിൽ ഇരുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകില്ലെന്നുള്ളതാണു ദേവികുളത്തെ ചരിത്രം. സിപിഎമ്മുമായി ഇടയുന്നവർക്കാണു തിക്താനുഭവങ്ങൾ കൂടുതലും. പാർട്ടി ഓഫിസിന്റെ സ്ഥലം പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പോലും മാറ്റി.

ഇടതു സർക്കാർ അധികാരമേറ്റ ശേഷം 3 വർഷത്തിനുള്ളിൽ 5 പേരെയാണു മാറ്റിയത്. സബിൻ സമീദ്, എൻടിഎൽ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമൻ, വി.ആർ. പ്രേംകുമാർ, ഡോ. രേണു രാജ് എന്നിവരാണു ഇതുവരെ സ്ഥലംമാറ്റപ്പെട്ടവർ. മൂന്നാർ ടൗണിൽ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിൻ സമീദിനെ സ്ഥലം മാറ്റി. ഒരു മാസം തികച്ചു പോലും കസേരയിൽ ഇരിക്കാൻ എൻടിഎൽ റെഡ്ഡിയെ അനുവദിച്ചില്ല.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലും ശ്രീറാം വെങ്കിട്ടരാമൻ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായി. മന്ത്രി എം.എം. മണി, മുൻ ഇടുക്കി എംപി ജോയ്‌സ് ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ദേവികുളത്തെ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ എന്നിവർ ശ്രീറാമിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു. ജോയ്‌സ് ജോർജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമി വിവാദത്തിൽ ഹിയറിങ് നടത്തുന്നതിനായി നോട്ടിസ് അയച്ചതോടെയാണു ശ്രീറാമിനെ മാറ്റാൻ സിപിഎം നേതൃത്വത്തിൽ ശക്തമായ നീക്കം തുടങ്ങിയത്.

ശ്രീരാമിന് പകരം വന്ന വി.ആർ. പ്രേംകുമാറും ചില്ലറക്കാരനായിരുന്നില്ല. അദ്ദേഹം കൃത്യമായ നടപടികൾ സ്വീകരിച്ചതോടെ രാഷ്ട്രീയക്കാരുടെ എതിർപ്പിന് പാത്രമായി. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് വി.ആർ. പ്രേംകുമാർനോട്ടിസ് നൽകിയെങ്കിലും ജോയ്‌സ് ജോർജ് ഹാജരായില്ല. ജോയ്‌സ് ജോർജിന്റെയും കുടുംബത്തിന്റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം, പ്രേംകുമാർ റദ്ദാക്കി. പട്ടയം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങളിൽ നിന്നും കടുത്ത സമ്മർദം ഉയർന്നെങ്കിലും പ്രേംകുമാർ വഴങ്ങിയില്ല. ഇതേ തുടർന്നാണു പ്രേംകുമാറിനെയും മാറ്റിയത്.

ഇതിന് ശേഷമാണ് രേണു രാജ് ഇവിടെ ചാർജ്ജെടുത്തത്. കയ്യേറ്റക്കാർക്കു വഴങ്ങാതെ പ്രവർത്തിച്ച ഡോ. രേണു രാജ്, രണ്ടാഴ്ച മുൻപാണു ജോയ്‌സ് ജോർജിന്റെ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടിസ് നൽകിയെങ്കിലും ജോയ്‌സ് ജോർജ് ഹാജരായില്ല. ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണു രേണു രാജ് സ്വീകരിച്ചത്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ പേരിൽ എസ്. രാജേന്ദ്രൻ എംഎൽഎയുമായി രേണു രാജ് കൊമ്പുകോർത്തു. സബ് കലക്ടർ ബുദ്ധിയില്ലാത്തവളാണെന്നുള്ള എസ്.രാജേന്ദ്രന്റെ പരാമർശം വൻ വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP