Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ നിന്ന് മുഴുവൻ മുസ്ലിംങ്ങളെ പുറത്താക്കാനുള്ള നീക്കമാണോ ഇത്? മുസ്ലിംങ്ങൾ ഇനി മുതൽ രണ്ടാംതരം പൗരന്മാരാണോ? ഇന്ത്യക്ക് രാഷ്ട്രീയ അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ലേ; ഒരു കുടിയേറ്റക്കാരനും ഇവിടെ വേണ്ട എന്ന നിലപാട് ഉയർത്തിയാണ് വടക്കുകിഴക്ക് പ്രക്ഷോഭം നടക്കുന്നത് എന്നകാര്യം എന്തിന് മറച്ചുവെക്കുന്നു? വാട്സാപ്പ് ഹർത്താൽ നടത്തിയ അതേസംഘം വീണ്ടും ഹർത്താലുമായി എത്തുമ്പോൾ സൂക്ഷിക്കാൻ ഏറെ; പൗരത്വ ബില്ലിനേക്കാൾ അതിഭീകരം കുപ്രചാരണം തന്നെ! ബേക്കറി ലഹളപോലെ പൗരത്വലഹളയും സൂക്ഷിക്കണം

ഇന്ത്യയിൽ നിന്ന് മുഴുവൻ മുസ്ലിംങ്ങളെ പുറത്താക്കാനുള്ള നീക്കമാണോ ഇത്? മുസ്ലിംങ്ങൾ ഇനി മുതൽ രണ്ടാംതരം പൗരന്മാരാണോ? ഇന്ത്യക്ക് രാഷ്ട്രീയ അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ലേ; ഒരു കുടിയേറ്റക്കാരനും ഇവിടെ വേണ്ട എന്ന നിലപാട് ഉയർത്തിയാണ് വടക്കുകിഴക്ക് പ്രക്ഷോഭം നടക്കുന്നത് എന്നകാര്യം എന്തിന് മറച്ചുവെക്കുന്നു? വാട്സാപ്പ് ഹർത്താൽ നടത്തിയ അതേസംഘം വീണ്ടും ഹർത്താലുമായി എത്തുമ്പോൾ സൂക്ഷിക്കാൻ ഏറെ; പൗരത്വ ബില്ലിനേക്കാൾ അതിഭീകരം കുപ്രചാരണം തന്നെ! ബേക്കറി ലഹളപോലെ പൗരത്വലഹളയും സൂക്ഷിക്കണം

എം മാധവദാസ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ രാജ്യം കടുത്ത പ്രക്ഷോഭങ്ങൾക്ക് വഴിപ്പെടുന്ന കാലമാണിത്. ഇത് യാതൊരു രീതിയിൽ ബാധിക്കപോലും ചെയ്യാത്ത കേരളത്തിൽ പോലും അതിന്റെ പേരിൽ ഈ മാസം 17ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കയാണ്. സമത്വം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലും, പാക്കിസ്ഥാനെപ്പോലെ ഒരു മതരാഷ്ട്രമല്ല നാം എന്നതിനാലും, നെഹ്‌റുവിയൻ ചിന്താധാരയാണ് നാം പിന്തുടരുന്നത് എന്നതിനാലും, വിശാലമായ അർഥത്തിൽ മതേതര വിശ്വാസികളിൽ കൂടതലും പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നവർ തന്നെയാണ്. അത് മനുഷ്യത്വം എന്ന അടിസ്ഥാന സൂചികവച്ചാണ്. അനധികൃത കുടിയേറ്റക്കാർ ആണെങ്കിൽ പോലും മതത്തിന്റെ പേരിൽ ഒരു വിവേചനവും രാജ്യത്ത് പാടില്ല എന്ന വിശാല ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ഇവിടെ എന്താണ് ഹർത്താൽ ആഹ്വാനം ചെയ്ത എസ്ഡിപിഐ തൊട്ട് ജമാഅത്തെ ഇസ്ലാമിവരെയുള്ളവർ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസങ്ങളായി സോഷ്യൽ മീഡിയ നോക്കിയാൽ പേടിയാവും. ഇത് ഇന്ത്യയിലെ മുസ്ലിംങ്ങളെ മുഴുവൻ ഓടിക്കാനുള്ള പദ്ധതിയാണെന്ന് ഇത്തരക്കാർ ആഞ്ഞുതള്ളുകയാണ്. ഇന്ത്യൻ മുസ്ലീങ്ങൾ ഇതോടെ രണ്ടാംതരം പൗരന്മാർ ആവുമെന്ന നട്ടാൽ മുളക്കാത്ത നുണകളാണ് ഇവർ പ്രചിപ്പിക്കുന്നത്. ഇതിൽ മതമൗലികവാദ ഗ്രൂപ്പുകൾ മാത്രമല്ല എം മുകുന്ദനും സാറാ ജോസഫും പോലുള്ള എഴുത്തുകാരും ഉണ്ടെന്ന് ഓർക്കണം! പൗരത്വ ബില്ലിലെ എതിർത്തും മുസ്ലിങ്ങളെ ഒഴിവാക്കിയതിനുമല്ല അസമിലടക്കം വടക്കുകിഴക്കൻ മേഖലിയിൽ പ്രക്ഷോഭം നടക്കുന്നത്. കുടിയേറ്റക്കാർ ആരും വേണ്ട എന്നാണ് അവിടുത്തുകാരുടെ നിലപാട്. എന്നിട്ടും ഈ ഗ്രൂപ്പുകളും അവരുടെ പത്രങ്ങളും പ്രചരിപ്പിക്കുന്നത് ഇതും പൗരത്വഭേദഗതിക്കെതിരായ സമരമാണെന്നാണ്. ഈ രീതിയിലുള്ള  നുണകളുടെ കൂമ്പാരമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

കേരളത്തിൽ വാട്സാപ്പ് ഹർത്താൽ നടത്തിയ അതേ സംഘം തന്നെ ആളുകളെ തെറ്റിദ്ധരിപ്പിച്ച്
വീണ്ടും ഹർത്താലുമായി ഇറങ്ങുമ്പോൾ സൂക്ഷിക്കാൻ ഏറെയുണ്ട്. സുഡാപ്പികൾ എന്ന് സോഷ്യൽ മീഡിയയിൽ പരിഹസിക്കപ്പെടുന്ന ഇസ്ലാമിക മതമൗലിക വാദികളുടെ തന്ത്രം വേറെയാണ്. അവർക്ക് വ്യക്തമായി അറിയാം. നിലവിലുള്ള നിയമം അസം ഒഴികെയുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്നത് അല്ല എന്ന്. എന്നാലും ഇതൊരു സുവർണ്ണാവസരമാണ്. കേരളത്തിൽ അവരുടെ അടിത്തറ വർദ്ധിപ്പിക്കാൻ നോക്കുന്നതാണ് പൗരത്വ ബിൽ എന്ന് പറയേണ്ടി വരും. പക്ഷേ അതിൽ എഴുത്തുകാരും ബുദ്ധിജീവികളും അടക്കമുള്ളവർ വീണുപോവുന്നതിലാണ് അത്ഭുദം.

ശബരിമല കേരളത്തിലെ സംഘികളുടെ സുവർണ്ണാവസരമായിരുന്നെങ്കിൽ മൗദൂദികളുടെയും സുഡാപ്പികളുടെയും സുവർണ്ണാവസരമാണ് ഈ പൗരത്വ ബിൽ എന്ന് കേരളത്തിലെ മതേതര വാദികൾ തിരിച്ചറിയണം.' നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ മാത്രമേ ഒള്ളു' എന്ന് കാണിച്ച് മുസ്ലിം മുഖ്യധാരയിലേക്ക് കസേര വലിച്ചിട്ടിരിക്കാൻ വേണ്ടി നോക്കുന്നതാണ്. ഇത് ശുദ്ധ തട്ടിപ്പാണ്. മാത്രവുമല്ല അതുതന്നെയാണ് ബിജെപി ആഗ്രഹിക്കുന്നതും. കൗണ്ടർ വർഗ്ഗീയത വളർത്താൻ അവർക്കും കിട്ടുന്ന അവസരം. അതുകൊണ്ടുതന്നെ 17ന്റെ പൗരത്വ ഹർത്താൽ പരാജയപ്പെടുത്തേണ്ടത് കേരളത്തിലെ മതേതര വാദികളുടെ കൂടി ആവശ്യമാണ്. ഇപ്പോൾ രണ്ടുകാര്യങ്ങളാണ് ചർച്ച നടത്തുന്നത്. അസമിൽ നടപ്പാക്കിയ പൗരത്വം തെളിയിക്കൽ നിയമം (എൻ ആർ സി ), പാർലമെന്റിൽ അവതരിപ്പിച്ച നാഷണൽ സിറ്റിസൻ ആ്ക്റ്റിൽ 1955 ൽ ചില ഭേദഗതികളും. ഇതുരണ്ടും രണ്ടാണെന്ന് അറിയാതെയാണ് തള്ളലും കുപ്രചാരണവും നടക്കുന്നത്.

ഇന്ത്യൻ ഭരണഘടന നിലനിൽക്കുമ്പോൾ മുസ്ലീങ്ങളെ പുറത്താക്കാൻ കഴിയമോ?

വ്യാപകമായ തെറ്റിദ്ധാരണയാണ് ചില കേന്ദ്രങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെ മുസ്ലിങ്ങളെ ഘട്ടം ഘട്ടമായി പുറത്താക്കാനുള്ള നീക്കമാണ് ഇതെന്നാണ്. പക്ഷേ ഇത് പൂർണ്ണമായും അടിസ്ഥാന രഹിതമാണ്. നിലവിലുള്ള പൗരന്മാരെ ഇത് യാതൊരു രീതിയിലും ബാധിക്കുന്നില്ല. ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടനയുടെ പൂർണ സംരക്ഷണം ഉണ്ട്. മതത്തിന്റെയോ ജാതിയുടെയോ പോലുള്ള ഒരു വിവേചനവും ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏത് കണ്ണുപൊട്ടനും അറിയാം അത്തരം ഒരു നിയമം കൊണ്ടുവന്നാൽ അത് കോടതിയിൽ നിലനിൽക്കില്ല എന്ന്. ബിജെപിയല്ല ആരും വിചാരിച്ചാലും ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്ന കാലത്തോളം ഇന്ത്യയിലെ ഒരു പൗരനെയും മതത്തിന്റെ അടിസ്ഥാനത്തിൽ പുറന്തള്ളാൻ കഴിയില്ല. (എന്നാൽ ഇസ്ലാമിക രാജ്യങ്ങളുടെ അവസ്ഥ അങ്ങനെയല്ല. അവിടെ മറ്റ് മതക്കാർ കൃത്യമായും രണ്ടാംതരം പൗരന്മാർ തന്നെയാണ്. ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ സമ്മർദം മൂലം ഇപ്പോൾ കുറേയെറെ മാറിവരുന്നുണ്ടെങ്കിലും) ഇനി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബിജെപി ഭരണഘടന ഭേദഗതി ചെയ്താലോ എന്ന ചോദ്യം ഉയരുന്നുണ്ട്. അപ്പോഴും നമ്മുടെ ഭരണഘടനയുടെ കോർ മാറ്റാൻ കഴിയില്ല. അത് അൺ അമൻഡബിളാണ്.

ഭരണഘടനാ ശിൽപ്പികളായ നെഹ്‌റുവും അംബേദ്ക്കറും സമത്വംപോലുള്ള ആശയങ്ങൾ ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാമചന്ദ്രഗുഹയെപ്പോലുള്ള എഴുത്തുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് ഇന്ത്യൻ മുസ്ലിംങ്ങളെ ഇന്ത്യയിൽ നിന്ന് ആട്ടിപ്പായിപ്പിക്കും എന്നത്, സംഘപരിവാറിന്റെ ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമാണ്. മാത്രമല്ല 20 കോടിയോളം വരുന്ന ഒരു ജനവിഭാഗത്തെ പുറം തള്ളുകയെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഇത് ഇന്ത്യയെയും സാമ്പത്തികമായി തകർക്കയാണ് ചെയ്യുക. മാത്രമല്ല ഇന്ത്യ ഒരു തുരുത്തല്ല. യു എൻ ഉൾപ്പെടുന്ന അന്താരാഷ്ട്ര സംഘടനകളിലെ അംഗമാണ്. ലോകത്തെ മൂഴുവൻ വെല്ലുവിളിച്ച് രാജ്യത്തെ മുസ്ലീങ്ങളെ പുറത്താക്കി സ്വയം സാമ്പത്തികമായും സാമൂഹ്യമായും ഒറ്റപ്പെടാൻ ആരാണ് തയ്യാറാവുക.

മാത്രമല്ല രാജ്യത്ത് അസ്ഥിരത നില നിന്നാൽ വിദേശ നിക്ഷേപ വരില്ല. അത് രാജ്യത്തെ 

സമ്പദ്ഘടനയെ ബാധിക്കും. അത്യന്തികമായ് അത് ഗുജറാത്തി- മാർവാഡി-അംബാനി-അദാനി പ്രഷർ ഗ്രൂപ്പിനെ ബാധിക്കും. അത് ബിജെപി യുടെ അടിവേരു ഇളക്കും. അതുകൊണ്ട് തന്നെ ' പുലി വരുന്നേ പുലി വരുന്നേ ' എന്ന് പറഞ്ഞ് പരമാവധി വോട്ട് പിടിക്കാനേ ബിജെപി ശ്രമിക്കൂ. ഇപ്പോൾതന്നെ ബംഗാളിലെ തെരഞ്ഞെുപ്പ് ലക്ഷ്യമിട്ടാണ് ഈ പരിപാടി നടന്നതുന്നതു തന്നെ.

ഓർക്കുക പൗരന്മാർക്കല്ല, കുടിയേറ്റക്കാർക്കാണ് ഈ നിയമം ബാധിക്കുക

പൗരത്വനിയമം ഭേദഗതി കുടിയേറ്റക്കാരെ സംബന്ധിച്ചുള്ളതാണ്. നിലവിൽ ഇന്ത്യൻ പൗരന്മായവർക്ക് ബിൽ ബാധകമല്ല. അപ്പോൾ പിന്നെ രാജ്യത്തെ നിലവിലുള്ള മുസ്ലിങ്ങൾ എന്തിന് അസ്വസ്ഥരാകണം. അവർ പൗരന്മാരല്ലെന്ന് ആരാണ് പറഞ്ഞത്. കഴിഞ്ഞ 14 വർഷത്തിൽ 11 വർഷം രാജ്യത്ത് ഉണ്ടായിരിക്കുക, അതിൽ തന്നെ കഴിഞ്ഞ 12 മാസം സ്ഥിരതാമസം ഉണ്ടായാരിക്കുക എന്നതാണ് 1956 മുതലുള്ള പൗരത്വം സംബന്ധിച്ച ഇന്ത്യൻ നിയമം. അതിൽ നാച്ചുറലൈസേഷന് 11 വർഷം എന്നത് 5 വർഷമായി (2014 ഡിസംമ്പർ 31 വരെയുള്ളവർ) കുറച്ചു എന്നതാണ് ഭേദഗതി ബില്ല് കൊണ്ടുവരുന്ന പ്രധാന മാറ്റം. ഏതാണ്ട് മുപ്പതിനായിരം പേർക്ക് ഈ നിയമത്തിന്റെ ഗുണം ലഭിക്കുമെന്ന് കരുതപ്പെടുന്നു. അഭയാർത്ഥികളെ പൗരർ ആക്കാനുള്ള മാനദണ്ഡങ്ങളാണ് മറ്റൊന്ന്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മതപീഡനം സഹിക്കാനാവാതെ 2014 ഡിസംമ്പർ 31 ന് മുമ്പ് ഇന്ത്യയിൽ അഭയംതേടുകയും മതിയായ രേഖകൾ ഇല്ലാത്തതിനാൽ അഭയാർത്ഥികളായി കഴിയുകയും ചെയ്യുന്നവർക്ക് പൗരത്വം നൽകും എന്നാണ് പുതിയ നിയമം പറയുന്നത്. പക്ഷെ അത്തരം അഭയാർത്ഥികൾ മുസ്ലിം-ഇതര മതവിഭാഗഗങ്ങളിൽ പെട്ടവരായിരിക്കണം എന്നാണ് നിബന്ധന. മേൽപ്പറഞ്ഞ മുസ്ലിംരാജ്യങ്ങളിൽ നിന്നും രക്ഷനേടുന്നവർ മുസ്ലിങ്ങൾ ആകാൻ സാധ്യമല്ലെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. ഈ വാദം പൂർണ്ണമായും ശരിയല്ലെങ്കിലും ചില വസ്തുതകൾ കാണാതിരുന്നുകൂടാ.

ആ മൂന്ന് മുസ്ലിം രാജ്യങ്ങളിലും മേൽപ്പറഞ്ഞ ഹിന്ദു അടക്കമുള്ള ആറ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാർ എന്ന വിവേചനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളാണ്. അതേ സമയം ആ മുന്ന് മുസ്ലിം രാജ്യങ്ങളിലും മുസ്ലീങ്ങൾ എല്ലാ പൗരാവകാശങ്ങളും അനുഭവിക്കുന്ന ഒന്നാം തരം പൗരന്മാരുമാണ്. അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്? വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്? ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞിട്ടാണോ? അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകി ഇവിടത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ മുറവിളി കൂട്ടുന്നതിന്റെ ലോജിക്ക് എന്താണ? ഒറ്റയടിക്ക് ഉത്തരം പറയാൻ കഴിയാത്ത സങ്കീർണ്ണമായ പ്രശ്നമാണിത്.

രാഷ്ട്രീയ അഭായാർഥികൾക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയുമോ?

ഇത് പൗരത്വ സമരക്കാർ വ്യാപകമായി പ്രചരിപ്പിക്കുന്ന മറ്റൊരു കുപ്രചാരണമാണ് ഇത്. പൗരത്വബിൽ ഉന്നമിടന്നത് കുടിയേറ്റക്കാരെ മാത്രമാണ്. രാഷ്ട്രീയ അഭയാർഥികൾക്ക് ഇന്ത്യയിലേക്ക് വരാനുള്ള നിയമത്തിൽ യാതൊരു മാറ്റവുമില്ല. അതേസമയം ഇത് അതാതുകാലത്തെ സർക്കാറുകളുടെ നിലപാട് അനുസരിച്ചായിരിക്കും ഇത് സംഭവിക്കുക. ഉദാഹരണമായി തസ്ലീമ നസ്രീൻ രാഷ്ട്രീയ അഭയം തേടിത്തെിയിട്ടും മുൻ യു പി എ സർക്കാർ യാതൊന്നും ചെയ്യാതിരുന്നത് നോക്കുക. എറ്റവും വിചിത്രം അഭയാർഥി പ്രവാഹമോ കൂടിയേറ്റമോ അല്ല, അനധികൃത കുടിയേറ്റമാണ് ഇന്ത്യയിൽ ഉണ്ടായതെന്ന് ഓർക്കണം. യുഎൻ നിയമപ്രകാരമുള്ള സംരക്ഷണം അഭയാർഥികൾക്ക് മാത്രമാണ്. നിയമവിരുദ്ധ കുടിയേറ്റക്കാർക്കില്ല. അനധികൃത കുടിയേറ്റം തീർത്തും നിയമവിരുദ്ധമാണ്. അതാകട്ടെ, എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അനധികൃത കുടിയേറ്റം/നുഴഞ്ഞുകയറ്റം പല കാരണങ്ങളാൽ സംഭവിക്കാം. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി ഇപ്പോഴും ഭദ്രമല്ല.പഴുതടച്ച സുരക്ഷയും പരിശോധനയും അസാധ്യമാക്കുന്ന രീതിയിലാണ് ഭൂമിശാസ്ത്രപരമായി ഇരു രാജ്യങ്ങളും നിലകൊള്ളുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ സമയ പരിധിക്കുള്ളിൽ ഈ രാജ്യങ്ങളിൽ എന്ത് അഭയാർഥി പ്രവാഹമാണ് ഉണ്ടായത് എന്നുകൂടി പരിശോധിക്കണം.

നോർത്ത് ഈസ്റ്റിൽ അക്രമം നടക്കുന്നത് മുസ്ലീങ്ങളെ ഒഴിവാക്കിയതിനല്ല

കേരളത്തിലെ ബേക്കറി ലഹള നടത്തിയ അതേ പൗരത്വ ലഹളക്കാർ പ്രചരിപ്പിക്കുന്ന പച്ച നുണകളിൽഒന്നാണിത്. പൗരത്വബില്ലിലെ എതിർത്തും മുസ്ലിങ്ങളെ ഒഴിവാക്കിയതിനുമല്ല അസമിലടക്കം വടക്കുകിഴക്കൻ മേഖലയിൽ പ്രക്ഷോഭം നടക്കുന്നത്. .കുടിയേറ്റക്കാർ ആരും വേണ്ട എന്നാണ് അവരുടെ ആവശ്യം. മുസ്ലിങ്ങൾക്കു കൂടി പൗരത്വം നൽകിയാൽ പ്രക്ഷോഭം ഒന്നുകൂടി ആളിക്കത്തും. എന്നാൽ കേരളത്തിലെ ചില പത്രങ്ങളും മതമൗലിക വാദ ഗ്രൂപ്പുകളും ഇതും പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭമായാണ് ചിത്രീകരിക്കുന്നത്. ബിജെപി 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണം. മണിപ്പൂർ, ത്രിപുര, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗിരിവർഗ്ഗ മേഖലകളിൽ അഭയാർത്ഥികളെ പൗരന്മാരായി അംഗീകരിക്കുന്നത് തദ്ദേശിയരുടെ ജീവിതത്തിനും സംസ്‌കാരത്തിനും ആഘാതമേൽപ്പിക്കും എന്ന പരാതിയാണ് മിക്കയിടത്തും പ്രക്ഷോഭത്തിന് ആധാരം. വിദേശ അഭയാർത്ഥികളെ കൊണ്ടുവന്ന് തട്ടാനുള്ള സ്ഥലമല്ല (dumping yard) തങ്ങളുടെ പ്രദേശം എന്നാണവർ തെരുവുകളിൽ ഇറങ്ങി പ്രഖ്യാപിക്കുന്നത്. പൗരത്വ നിയമഭേദഗതി ഈ സംസ്ഥാനങ്ങളിലെ അഭയാർത്ഥികളുടെ കാര്യത്തിൽ ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രക്ഷോഭം തുടരുകയാണ്.. പാർലമെന്റിന് ഉള്ളിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തെരുവിൽ നടക്കുന്ന പ്രക്ഷോഭവും വ്യത്യസ്ത കാരണങ്ങൾ മൂലമാണ്- ഇതുപോലും മനസ്സിലാക്കാതെ അസമിൽ പൗരത്വ ബില്ലിനെതിരെ ജനം തെരുവിലിറങ്ങി എന്നൊക്കെ തള്ളിമറക്കുകയാണ് ചില പത്രങ്ങളും സുഡാപ്പി ഗ്രൂപ്പുകളും ചെയ്യുന്നത്.

നിലവിൽ  അസമിലെ പ്രക്ഷോഭം ഹിന്ദു ആയാലും , മുസ്ലിം ആയാലും പൗരത്വം തെളിയിക്കാൻ പറ്റാത്ത 20 ലക്ഷം ആളുകളെയും  ഓടിക്കാനാണ് . ബിജെപി അതിലെ 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണം. ഈ പതിമൂന്ന് ലക്ഷം ഹിന്ദുക്കളെ പൗരത്വം കൊടുത്ത് നിലനിറുത്തിയാൽ വടക്ക് കിഴക്കൻ സസ്ഥാനങ്ങൾ വീണ്ടുംതീവ്രവാദത്തിലേക്ക് പോകും. ഇവരെ കൈവിട്ടാൽ തീവ്ര ഹൈന്ദവത എതിരാകും. കൈവിട്ടില്ലെങ്കിൽ നോർത്ത് ഈസ്റ്റും എതിരാവും. അതയാത് ബിജെപിയും ഈ വിഷയത്തിൽ വെട്ടിലാണെന്ന് ചുരുക്കം.

ഇതുസംബന്ധച്ച് ദീർഘകാലം നോർത്ത് ഈസ്റ്റിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർ ജാവേദ് പർവേശിന്റെ പോസ്ററ് ഇങ്ങനെയാണ്.

അസമിൽ നടക്കുന്ന പ്രക്ഷോഭത്തിന് അധികം കൈയടിക്കേണ്ടതില്ല

CAB ൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതിനല്ല അവിടെ പ്രക്ഷോഭം. കുടിയേറ്റക്കാർ ആരും വേണ്ട എന്നാണ് അവരുടെ ആവശ്യം. മുസ്ലിങ്ങൾക്കു കൂടി പൗരത്വം നൽകിയാൽ പ്രക്ഷോഭം ഒന്നുകൂടി ആളിക്കത്തും. NRC നടപ്പിലാക്കരുത് എന്നല്ല, ശക്തമായി നടപ്പിലാക്കണമെന്നും ലിസ്റ്റിൽ് നിന്നു പുറത്തായ സകല പാവങ്ങളെയും ഇന്ത്യയിൽ നിന്ന് ആട്ടിപ്പായിപ്പിക്കണമെന്നുമാണ് പ്രക്ഷോഭകരിൽ നല്ലൊരു പങ്കിന്റെയും ആവശ്യം. അതിനു വേണ്ടിയാണ് അവർ നേരത്തേ റോഡിലിറങ്ങിയത്. ഡീറ്റെൻഷന് ക്യാംപിനു വലിപ്പം പോരാ എന്നാണ് അവരിൽ പലരുടെയും സങ്കടം. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തിയ Undocumented ജനങ്ങളെ പീഡിപ്പിച്ചപ്പോൾ ഇവരാരും തെരുവിലിറങ്ങിയിട്ടില്ല, വ്യക്തിപരമായിപ്പോലും വിഷമിച്ചിട്ടില്ല. NRC ലിസ്റ്റിൽ നിന്ന് 20 ലക്ഷം പേർ പുറത്തായപ്പോൾ ഇത്രയും പോരല്ലലോ എന്നാണ് അവരിൽ പലരും പറഞ്ഞത്. അഹോം സംസ്‌കാരം ഈ ബംഗാളി സംസാരിക്കുന്ന, വിദ്യാഭ്യാസമില്ലലാത്ത വിഭാഗം കൊണ്ട് മലിനപ്പെടുന്നുണ്ടെന്നാണ് അവരുടെ പരാതി.അപ്പോഴും CAB യിലെ മതപരമായ വിവേചനത്തിനെതിരേ ശബ്ദിക്കുന്ന ചെറിയൊരു വിഭാഗവും അവിടെയുണ്ട് എന്നത് സത്യമാണ്.- ജാവേദ് വ്യക്തമാക്കുന്നു.

അസമിൽ സംഭവിച്ചതിന് പിന്നിൽ

1971 ൽ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ  ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടായിരുന്നു. ഇത് ബംഗാളിലെയും ആസാമിലെയും തദ്ദേശിയരുടെ അവകാശങ്ങൾ കവരുന്ന രീതിയിലേക്ക് എത്തിയപ്പോൾ അവരെ ആസാമിൽ നിന്ന് പുറത്താക്കണം എന്നാവശ്യപെട്ട് നടന്ന രക്തരൂക്ഷിത സമർത്തിന്റെ ഫലമായി ആണ് എൻആർസി നിയമം വന്നത്. 2013 ലെ സുപ്രീം കോടതി ഉത്തരവോടെയാണു ഇതിന് അന്തിമ രൂപം ആയത്. 2019 ൽ അതായത് 6 വർഷം കൊണ്ട് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 20 ലക്ഷം പേർക്ക് പൗരത്വം തെളിയിക്കാൻ കഴിഞ്ഞില്ല. ഇതിൽ ഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണ്. അതായത് ഇന്ത്യൻ വിസ എടുത്തൊ, ഔദ്യോഗിക അഭയാർത്ഥി ആയൊ ഇന്ത്യയിലേക്ക് വന്ന മുസ്ലിം അല്ലാത്തവർക്ക് മാത്രമേ പൗരത്വം കിട്ടും. 

1970 ൽ പാക്കിസ്ഥാനിൽ അതായത് ബംഗ്ലാദേശും പാക്കിസ്ഥാനും ഉൾപ്പെട്ട പാക്കിസ്ഥാനിൽ ജനാധിപത്യ രീതിയിൽ നടന്ന ഇലക്ഷനിൽ കിഴക്കൻ പാക്കിസ്ഥാൻ , അതായത് ഇന്നത്തെ ബംഗ്ലാദേശിൽ നിന്നുള്ള അവാമി ലീഗാണ് ഭൂരിപക്ഷം നേടിയത്. 300 സീറ്റിൽ നടന്ന ഇലക്ഷനിൽ 160 സീറ്റും നേടി ഷേക്ക് മുജീബുറഹ്മാന്റെ അവാമി ലീഗ് ഒറ്റക്ക് ഭൂരിപക്ഷം നേടി. അവാമി ലീഗ് കിഴക്കൻ പാക്കിസ്ഥാനിൽ മാത്രമുള്ള പാർട്ടിയാണ്. എന്നാൽ കറുത്ത് കുറുകിയ ബംഗാളികൾ ഞങ്ങളെ ഭരിക്കുകയൊ പാക്കിസ്ഥാന്റെ വംശീയ ബോധം ഫണം വിടർത്തി എഴുന്നേറ്റു. ഷേക്ക് മുജീബ് റഹ്മാനു അധികാരം കൈമാറിയില്ല. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയട്ടും ഭരിക്കാൻ അനുവദിക്കാത്തതുകൊണ്ട് ബംഗ്ലാദേശിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി. ഇതിനെ അടിച്ചമർത്താൻ ' ഓപ്പറേഷൻ സേർച്ച് ലൈറ്റ് ' എന്ന പേരിൽ പാക്കിസ്ഥാൻ സൈനിക നീക്കം തുടങ്ങി. പാക്കിസ്ഥാനിൽ നിന്ന് യാത്രാവിമാനത്തിൽ ബംഗ്ലാദേശിലേക്ക് സൈനികരെ ഇറക്കി. ഇതറിഞ്ഞ ഇന്ത്യ നമ്മുടെ ആകാശത്തിലൂടെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് പറക്കാൻ അനുവാദം നിഷേധിച്ചു.

സൂത്രധാരൻ ജമാഅത്തെ ഇസ്ലാമി

ബംഗ്ലാദേശ് വിമോചാനം ആവശ്യപ്പെട്ട്, ഒരു കൂട്ടർ ഒഴികെ ബംഗ്ലാദേശിലെ ആബാലവൃദ്ധം ജനങ്ങളും തെരുവിൽ ഇറങ്ങി. മാറിനിന്ന ആ ഒരുകൂട്ടർ ജമാഅത്തെ ഇസ്ലാമിആയിരുന്നു. ഇന്ന് സൗമ്യതയുടെ മൂടുപടം ഇട്ട് നമ്മുടെ മുന്നിലേക്ക് വരുന്ന ജമാഅത് / സോളിഡാരിറ്റി ടീമുകളുടെ ബംഗ്ലാദേശ് വേർഷൻ ആയിരുന്നു അത്. കാരണം പാക്കിസ്ഥാൻകാരനായ സയ്യിദ് അബുൾ അലാ മൗദൂദിയാണ് ജമാഅത് ഇസ്ലാമി സ്ഥാപിച്ചത്. മൗദൂദിക്ക് കൂറ് പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തോട് മാത്രമാണു. സ്വാഭാവികമായും മൗദൂദിക്ക് മമത ഉള്ളിടത്തേക്ക് ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയും കൂറ് കാണിച്ചു. പിന്നീട് ബംഗ്ലാദേശിൽ കണ്ടത് ആധുനിക ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വംശീയ ഉന്മൂലനമായിരുന്നു. അനൗദ്യോഗികമായ് 10 മുതൽ 30 ലക്ഷം വരെ ജനങ്ങൾ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നു. 5 ലക്ഷത്തോളം സ്ത്രീകളാണ് ബലാൽസംഗത്തിന് ഇരയായത്.

ഷേക്ക് മുജീബുറഹ്മാന്റെ നേതൃത്വത്തിൽ 'മുക്തിബാഹിനി ' എന്ന പേരിൽ രൂപം കോടുത്ത ഗറില്ലാസേന പാക്കിസ്ഥാൻ സൈന്യത്തോട് പൊരുതുബോൾ ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിക്കാർ ' റസാക്കർ ' ( വളണ്ടിയർ ) എന്ന പേരിൽ പാക്കിസ്ഥാൻ സൈനികരെ ബംഗ്ലാദേശിൽ കൊണ്ട് നടന്ന് കൊല്ലാൻ ഉള്ള ബംഗാളികളെ കാണിച്ച് കൊടുക്കുകയായിരുന്നു. അവർക്ക് ആവുന്ന രീതിയിൽ അവരും കൊന്നു കുറേ പേരെ. അതോടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടായി . അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കൻ പറ്റാതായതോടെ ഇന്ത്യ, ബംഗ്ലാദേശ് വിഷയത്തിൽ ഇടപെടുകയും പാക്കിസ്ഥാനെ തോൽപിച്ച് ബംഗ്ലാദേശിനെ വിമോചിപ്പിക്കുകയും ചെയ്തു. 1971 ലാണ് യുദ്ധം മൂലം ഇന്ത്യയിലേക്ക് അഭ്യാർത്ഥി പ്രവാഹം ഉണ്ടായത്. അതുകൊണ്ടാണ് എൻആർസി യിൽ 1971 നു മുൻപ് ഇന്ത്യയിൽ താമസിച്ചതായി തെളിയിക്കാൻ ആവശ്യപ്പെടുന്നത്. 71 ൽ അഭയാർത്ഥി ആയി വന്നതാണൊ അല്ലയൊ എന്ന് തെളിയിക്കാൻ ഇന്ന് എൻആർസിക്ക് എതിരെ പ്രതിഷേധവുമായ് ഇറങ്ങിയിട്ടുള്ള ' ജമാഅത് ഇസ്ലാമി ' ക്കാർ, ബംഗ്ലാദേശ് അഭയാർത്ഥികൾ ഉണ്ടാവാൻ കാരണം അവർ കൂടിയാണെന്ന് എല്ലാവരും മറന്നു എന്നാണ് കരുതുന്നത്.

 2010 ൽ മുജീബുറഹ്മാന്റെ മകൾ ഷേക്ക് ഹസീന ഭരണത്തിൽ വന്നപ്പോൾ രൂപീകരിച്ച ' ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ ' യുദ്ധകുറ്റവാളി എന്ന് കണ്ടെത്തിയ ജമാഅത് ഇസ്ലാമി നേതാക്കളെ തൂക്കിക്കൊന്നു. അസിസ്ടന്റ്റ് അമീർ, അബ്ദുൽ ഖാദിർ മുല്ല അറിയപ്പെട്ടിരുന്നത് തന്നെ ' മിർപൂരിലെ കശാപ്പ് കാരൻ ' എന്ന പേരിൽ ആയിരുന്നു. മുഹമ്മദ് ഖമർസമാൻ , അബ്ദുൾ ഖാദർ മൊല്ല , അലി അഹ്സൻ മുജാഹിദീൻ എന്നിങ്ങനെ പ്രധനപ്പെട്ട് ജമാഅത് നേതാക്കളെ തൂക്കിലേറ്റി ചരിത്രത്തോട് നീതി പുലർത്തി . കേരള ജമാഅത് ഇസ്ലാമിയും മാധ്യമം പത്രവുമൊക്കെ ഇവരെ ' രക്തസാക്ഷികളായ് 'ഏറ്റെടുത്തു' എന്നതും മറന്നുപോകരുത്. ഇപ്പോഴും കേരളത്തിലെ ജമാഅത്തെ ഇസ്ലാമി പറയുന്നത് തങ്ങൾക്ക് ബംഗ്ലാദേശിലെ പാർട്ടിയുമായി ഒരു ബന്ധവുമില്ല എന്നാണ്.

പിന്നെ എന്തിനാണ് ഈ നിയമത്തെ എതിർക്കുന്നത്?

ഇങ്ങനെയൊക്കെയാണെങ്കിൽ എന്തിനാണ് രാജ്യത്തെ മതേരവാദികളും സ്വതന്ത്രചിന്തകരും അടക്കമുള്ളവർ ഈ ബില്ലിനെ എതിർക്കുന്നത് എന്ന ചോദ്യം വരാം. അത് സമത്വം വിവേചനം എന്ന വിശാലമായ അർഥത്തിലാണ്. പാക്കിസ്ഥാനല്ല ഇന്ത്യ, ഇത് ഒരു മതേതര രാഷ്ട്രമാണ്. മതത്തിൻെ പേരിൽ വിവേചനം ഉണ്ട് എന്ന തോന്നൽ ഒരു വിഭാഗത്തിനും ഉണ്ടാകാൻ പാടില്ല എന്ന അർഥത്തിലാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 സമത്വത്തെ സംബന്ധിച്ചുള്ളതാണ്. മനുഷ്യരെ ജാതി-മത-ലിംഗ-ജന്മസ്ഥല വ്യത്യാസമില്ലാതെ തുല്യരായി പരിഗണിക്കണം എന്നാണ് ആർട്ടിക്കിൾ 14 പറയുന്നത്. അതായത് നിയമത്തിന് മുന്നിലുള്ള തുല്യത! ഈ അവകാശത്തിൽ വെള്ളംചേർക്കുകയാണ് ഫലത്തിൽ പുതിയ പൗരാവകാശനിയമം.

ഇന്ത്യയിൽ തങ്ങുന്ന അഭയാർത്ഥികളിൽ മുസ്ലിംങ്ങളല്ലാത്തവരെ മാത്രമേ രാജ്യം സ്വീകരിക്കൂ എന്നാണ് പുതിയ ഭേദഗതി നിയമം സ്പഷ്ടമായി പറയുന്നത്. അപ്പോൾ രാജ്യത്തെ മുസ്ലിം അഭയാർത്ഥികൾ എവിടെപ്പോകും? സ്വാഭാവികമായും അവരെ പുറത്താക്കേണ്ടി വരും. അല്ലെങ്കിൽ രാജ്യത്തിനുള്ളിൽ നിരവധി സ്ഥലങ്ങളിൽ സ്ഥിരം അഭയാർത്ഥി ക്യാമ്പുകളുണ്ടാക്കി പാർപ്പിക്കേണ്ടിവരും. രണ്ടായാലും അതൊരു വമ്പൻ മനുഷ്യാവകാശ പ്രശ്‌നം തന്നെയാവും. ജനസംഖ്യ വർദ്ധിപ്പിച്ച് അധികാരം വെട്ടിപിടിക്കുന്നതിൽ താൽപ്പര്യമുള്ള മതമാണെന്ന വസ്തുത ഇസ്ലാം മറച്ചുവെക്കാറില്ല. അതുകൊണ്ടുതന്നെ മുസ്ലിം അഭയാർത്ഥികളെ മാത്രം പൗരത്വത്തിന് പരിഗണിക്കാത്തത് അവരിൽ നഷ്ടബോധം ജനിപ്പിക്കും. വിഭജനത്തിന് ശേഷം അയൽ രാജ്യങ്ങളിൽനിന്നും ധാരാളംപേർ ഇന്ത്യയ്ക്കുള്ളിലേക്ക് വന്നിട്ടുണ്ട്. നമ്മുടെ അതിർത്തികളിൽ സുഷിരങ്ങളേറെ. അതിർത്തിസുരക്ഷ ശക്തമാക്കുകയും നുഴഞ്ഞുകയറ്റം കർശനമായി നേരിടുകയും ചെയ്യാതെ ഈ പ്രശ്നത്തിന് വേറെ പരിഹാരമില്ല.

കാലാകാലങ്ങളിൽ നുഴഞ്ഞുകയറിയവരെ സംരക്ഷിക്കാനും വോട്ട് ബാങ്കാക്കാനും രാഷ്ട്രീയപാർട്ടികൾ മത്സരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾ മാത്രം മുന്നിൽ കാണുന്ന പ്രവണത പിൽക്കാല ദുരിതങ്ങൾക്ക് കാരണമാകും എന്ന ചിന്തയൊന്നും രാഷ്ട്രീയ കക്ഷികൾക്കില്ല. സ്വാഭാവികമായും അവരെല്ലാം ദശകങ്ങളായി ഇന്ത്യയിൽ വസിക്കുന്നു. അവർക്കൊന്നും തിരിച്ചുപോകാനാവില്ല. കണക്കെടുപ്പും മറ്റും വരുമ്പോൾ ഇതേ രാഷ്ട്രീയക്കാർ തന്നെ വലിയ തോതിൽ ഒച്ചവെക്കുന്നു. അതിർത്തി സുരക്ഷ ശക്തമാക്കണം-അനധികൃത കുടിയേറ്റം തടയണം-കുടിയേറ്റക്കാരെയെല്ലാം പൗരത്വം നൽകി ആദരിക്കണം-ഈ മൂന്ന് വാചകങ്ങളും ഒറ്റ ശ്വാസത്തിൽ പറയുന്നു എന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളുടെ പൊതുഗുണം! നിലവിൽ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരെയുള്ള വിവേചനം ആണോ എന്നു ചോദിച്ചാൽ അല്ല. അഭയാർത്ഥികൾ നിലവിൽ ഇന്ത്യക്കാരല്ലല്ലോ. പക്ഷെ രാജ്യം അഭയാർത്ഥികളെ പൗരന്മാരായി സ്വീകരിക്കുന്നതിൽ കൊണ്ടുവരുന്ന നിയമം, എന്തൊക്കെ പറഞ്ഞാലും, മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വിവേചനപരം തന്നെയാണ്. അവരെ പരോക്ഷമായി അപമാനിക്കലാണത്.

ഈ വിവേചനം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത്. ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപ്പൊക്കി, മുസ്ലീങ്ങളെ മൊത്തം വേട്ടയാടുന്നു എന്ന പ്രചാരണം നടത്തി, രാജ്യത്തെ കുരതിക്കളമാക്കിക്കൊണ്ടാണോ, അതോ പ്രശനങ്ങൾ മാത്രം ചൂണ്ടിക്കാട്ടി, ജനാധിപത്യരീതയിൽ പ്രചാരണം നടത്തണോ. അതാണ് ഇവിടുത്തെ ്കാതലായ പ്രശ്നം. നുണയും വിദ്വേഷവും പ്രചരിപ്പിച്ച് നിങ്ങൾക്ക് ഒരു മാറ്റവും സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയില്ല. വർഗീയതക്ക് എപ്പോഴും പ്രതിവർഗീയത വർക്ക് ചെയ്യുകയാണ് ചെയ്യുക.

പാക്കിസ്ഥാനിലെ ഷിയാ മൂസ്ലീങ്ങളുടെ അവസ്ഥ നോക്കുക

മതപരമായ വിവേചനം നേരിടുന്നവർ മാത്രമാണോ പീഡിതർ? ഇത് വല്ലാത്ത ചുരുക്കി കാണലാണ്. വംശീയമായ, ഭാഷാപരമായ, സ്ഥലപരമായ പീഡനം നേരിടുന്നവരാണ് റോഹിഞ്ച്യർ. ഭൂരിപക്ഷം മുസ്ലീങ്ങളാണെങ്കിലും അവരിൽ മറ്റ് മതവിഭാഗങ്ങളുമുണ്ട്. പീഡനത്തിന്റെ ഏക മാനദണ്ഡമായി മതത്തെ പരിഗണിക്കുന്നത് വസ്തുതാവിരുദ്ധമാണ്. അഭയാർത്ഥികളുടെ പ്രശ്നം ലോകത്തെ ഏറ്റവുമധികം നിറ്റുന്ന ഒന്നാണ്. ഇന്ത്യാവിഭജനം ഒരു കോടി മനുഷ്യരെയാണ് അവരവരുടെ വാസസ്ഥലങ്ങളിൽ നിന്ന് പറിച്ചെറിഞ്ഞത്. ലോകമെമ്പാടും അഭയാർത്ഥികളുണ്ട്. വേരുകൾ നഷ്ടപെട്ടവർ, വിവിധ കാരണങ്ങളാൽ ജീവനും കയ്യിൽ പിടിച്ച് പലായനം ചെയ്യുന്നവർ, പുറന്തള്ളപ്പെടുന്നവർ.... അഭയാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐക്യരാഷ്ട്ര സഭ 1951 ൽ രൂപീകരിച്ച യു.എൻ റെഫ്യുജി കമ്മീഷൻ എന്ന പേരിലുള്ള കരാറിൽ 145 അംഗരാജ്യങ്ങൾ ഒപ്പിട്ടുണ്ട്.

മറ്റ് അയൽ രാജ്യങ്ങളിൽ (നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക) നിന്നുള്ള അഭയാർത്ഥികൾ ഒഴിവാക്കപ്പെട്ടതിന്റെ അർത്ഥം അവിടങ്ങളിൽ ന്യൂനപക്ഷപീഡനം ഇല്ല എന്നാണോ? പുതിയ പൗരത്വനിയമ പ്രകാരം ഭൂട്ടാനിലെ ക്രിസ്ത്യാനി അഭയാർത്ഥികൾക്കും ശ്രീലങ്കയിലെ ഹിന്ദു അഭയാർത്ഥികൾക്കും ഇന്ത്യയിൽ പൗരത്വം ലഭിക്കില്ല. ഇവിടെ മതങ്ങളെയല്ല മറിച്ച് രാജ്യങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത്. അതായത് മാനദണ്ഡങ്ങളിൽ തന്നെ വൈരുദ്ധ്യം. മൂന്ന് മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കാണ് പൗരത്വവകാശം നൽകുന്നത്. മറ്റ് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് എന്താണ് യോഗ്യതക്കുറവെന്ന് മനസ്സിലാകുന്നില്ല. മുസ്ലീങ്ങൾ മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നില്ല എന്നു പറയുന്നത് ശരിയല്ല. ഉദാഹരണമായി, മുസ്ലിംപേരുള്ള നാസ്തികരും അവിശ്വാസികളും ഇത്തരം രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാത്രമല്ല പലർക്കും ജീവൻ തന്നെ നഷ്ടപെട്ടു. മുപ്പതോളം നാസ്തികരാണ് കഴിഞ്ഞ നാല് വർഷംകൊണ്ട് ബംഗ്ലാദേശിൽ മതതീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരകളായത്. തസ്ലിമ നസ്രീനെപോലൊരു എഴുത്തുകാരി നിലയുറപ്പിക്കാനാവാതെ ലോകമെമ്പാടും അലയുന്നു. പാക്കിസ്ഥാനിൽ അഹമ്മദീയ വിഭാഗത്തെ അമുസ്ലീങ്ങളായാണ് സിയാ ഉൾ ഹഖിന്റെ കാലംമുതൽ അവിടുത്തെ സർക്കാർ പരിഗണിക്കുന്നത്. ലോകത്തുതന്നെ ഏറ്റവുമധികം പീഡനം നേരിടുന്ന മത ഉപവിഭാഗമാണ് അഹമ്മദീയർ.

പാക്കിസ്ഥാനിൽ പീഡനം നേരിടുന്ന മറ്റൊരു വിഭാഗമാണ് ഷിയാകൾ. വെള്ളിയാഴ്ചകളിൽ പാക്കിസ്ഥാനിൽ പൊട്ടിത്തെറിച്ചുകൊണ്ടിരുന്ന പള്ളികളിൽ മിക്കവയും ഷിയാകളുടേതാണ്. തൊട്ടടുത്തുള്ള ഇറാൻ ഷിയാ ഭൂരിപക്ഷ രാജ്യമായിട്ടും പാക്കിസ്ഥാനിൽ നിന്നും ഷിയകളെ തുടച്ചുനീക്കാനുള്ള വ്യഗ്രതയിലാണ് പാക്കിസ്ഥാനിലെ സുന്നി തീവ്രവാദികൾ. 98 ശതമാനം മുസ്ലീങ്ങളുള്ള അഫ്ഗാനിസ്ഥാനിലും 26 ശതമാനത്തിലധികം ഷിയകളാണ്. പക്ഷെ പുതുക്കിയ പൗരാവകാശ നിയമം അനുസരിച്ച് അഭയാർത്ഥികളായ അഹമ്മദിയർക്കോ ഷിയകൾക്കോ ഇന്ത്യയിൽ പൗരാവകാശം ലഭിക്കില്ല. ഇരു വിഭാഗങ്ങളെയും മുസ്ലീങ്ങൾ ആയിട്ടാണ് നിയമം പരിഗണിക്കുന്നതെന്ന് സാരം. വിട്ടുകളഞ്ഞ മറ്റൊരു വിഭാഗം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥികളായ ബംഗാളികളായ റോഹിഞ്ച്യരാണ്. വംശപരമായും ഭാഷാപരവുമായും 'ബംഗാളികൾ ' ആണെന്നതിനാൽ മ്യാന്മാറും സ്ഥലപരമായി മ്യാന്മാറിലുള്ളവരാണെന്നതിനാൽ ബംഗ്ലാദേശും അവരെ സ്വീകരിക്കാൻ തയ്യാറല്ല. ഈ ദേശരഹിത ജനതയിൽ പെട്ട 40000 പേർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്

നിയമം കോടതി തള്ളുമെന്നതിൽ ഭിന്നാഭിപ്രായം

പുതിയ പൗരത്വനിയമം ആർട്ടിക്കിൾ 14, 15 എന്നിവയുടെ ലംഘനമാണെന്നും സുപ്രീംകോടതി പാർലമെന്റിനെ നിയമം പഠിപ്പിക്കുന്ന അവസ്ഥ സംജാതമാകും എന്നാണ് ചില നിയമവിദഗ്ദ്ധർ
അഭിപ്രായപ്പെടുന്നത്. എന്നാൽ ഇന്ത്യൻ ഭരണഘടനയും മൗലികാവകാശങ്ങളും ഒക്കെ ഇന്ത്യൻ പൗരന്മാർക്ക് ഉള്ളതാണ്. അല്ലാതെ പാക്ക്-ബംഗ്ലാ-അഫ്ഗാൻ രാജ്യങ്ങളിലെ മുസ്ലീങ്ങൾക്ക് ഉള്ളതല്ല. അതിനാൽ ഇത് ബാധകമല്ല എന്നാണ് വിമർശകർ പറയുന്നത്. പക്ഷേ ഇത് ശരിയല്ലെന്നും ഇന്ത്യയിലെ പൗരനല്ല എതൊരാൾക്കും (any one) എന്നാണ്, ഭരണഘടന പറയുന്നത് എന്നും വാദിക്കുന്നവർ ഉണ്ട്. എതായാലും പ്രമുഖ പാർട്ടികൾ എതിർത്തതിനാൽ പൗരത്വബിൽ കോടതി കയറുമെന്നും ഉറപ്പാണ്.

മുസ്ലീങ്ങളെ മുൻനിർത്തി ബിജെപി ഒരുക്കിയ കെണി

എന്നാൽ ഈ നിയമഭേദഗതി ഇപ്പോൾ തിരക്കിട്ട് പാസ്സാക്കുന്നതിൽ ബിജെപിക്ക് കൃത്യമായ ഒരു അജണ്ടയുണ്ട്. ബിജെപി. ഒഴികെയുള്ള മതേതരം പറയുന്ന പാർട്ടികൾ മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം വാദിക്കുന്നവരും, ഹിന്ദുക്കളുടെ വികാരങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്നവരും ആണെന്ന് ആ മതേതര പാർട്ടികളെ കൊണ്ട് തന്നെ പറയിപ്പിക്കുന്നതാണ് ആ അജണ്ട. അതൊരു കെണി കൂടിയാണ്. പതിവ് പോലെ കോൺഗ്രസ്സ് അടക്കമുള്ള മതേതര പാർട്ടികൾ ആ കെണിയിൽ വീഴുകയും ബിജെപി.യുടെ അജണ്ട വിജയിക്കുകയും ചെയ്യുന്നു. ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു ദോഷവും വരുത്തി വയ്ക്കാത്ത അതേ സമയം ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കടന്നുവരുന്ന ലക്ഷക്കണക്കിനു മുസ്ലിം കുടിയേറ്റക്കാർക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങി പോകേണ്ടി വരുന്ന നിയമം പാസ്സാക്കുമ്പോൾ അത് ഇന്ത്യൻ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ രക്ഷയില്ലാത്ത അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത് എന്ന് വാദിക്കുമ്പോൾ അത് തന്നെയാണ് ബിജെപി.ക്കും വേണ്ടത്. മതേതരക്കാർ മുസ്ലീങ്ങൾക്കും ബിജെപി.ഹിന്ദുക്കൾക്കും വേണ്ടി നിലകൊള്ളുന്നു എന്ന് അപ്പോൾ മതേതരക്കാർ പറയാതെ പറയുകയാണ്. അത് പറയിപ്പിക്കുന്നത് ബിജെപി.യും.

ജനസംഖ്യാ വർധനവ് കൊണ്ട് ഇന്ത്യ പൊറുതി മുട്ടിയിരിക്കുകയാണ് എന്നോർക്കണം. ഇവിടെ ഒരു വികസനവും ഫലപ്രാപ്തിയിൽ എത്താതിരിക്കാൻ കാരണം ഇവിടത്തെ ജനപ്പെരുപ്പമാണ്. ഇതൊക്കെയാണ് ശരാശരി ഇന്ത്യൻ പൗരന്മാർക്ക് മനസ്സിലാകുന്ന കാര്യങ്ങൾ. അതേ സമയം ബിജെപി.സർക്കാരിന്റെ ധനകാര്യകെടുകാര്യസ്ഥത നിമിത്തം നമ്മുടെ സാമ്പത്തിക രംഗം താറുമാറാവുകയുമാണ്. മതേതരക്കാർ ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്തോ പറ്റിപ്പോയേ എന്ന് മുറവിളി കൂട്ടുമ്പോൾ ബിജെപി.യെ സംബന്ധിച്ച് ഒരു വെടിക്ക് രണ്ട് പക്ഷിയാണ് കിട്ടുന്നത്. ജനങ്ങളുടെ ശ്രദ്ധ മതത്തിലേക്ക് തിരിയുകയും ഹിന്ദുക്കൾ ബിജെപി.യോട് അടുക്കുകയും ചെയ്യുന്നു.

വില്ലനാകുന്ന സാർവദേശീയ മതാത്മകത

മുസ്ലീങ്ങൾ സാർവദേശീയ മതാത്മകതയിൽ വിശ്വസിക്കുകയും വികാരംകൊള്ളുകയും ചെയ്യുന്നവരാണെന്നതിനാൽ അഭയാർത്ഥി, മുസ്ലിം ആണെങ്കിൽ പെട്ടെന്ന് വൈകാരികമായി ഐക്യപെടാൻ അവർക്ക് മതപരമായ പരിശീലനം ലഭിച്ചിട്ടുണ്ട്. അതായത് ഒരു ചെറിയ വിഷയത്തെ കത്തിക്കാൻ അവർക്ക് പെട്ടെന്ന് കഴിയും. ഒരു മുസ്ലീമിന്റെ വിഷയം എല്ലാ മുസ്ലീങ്ങളുടേതുമാക്കി മാറ്റാൻ നിമിഷം കൊണ്ട് കഴിയും. ബേക്കറി ലഹളിയിലെന്നപോലെ ആ ഒരു തീപ്പൊരി ഇട്ടുകൊടുക്കാനാണ് കേരളത്തിലെ സുഡാപ്പി ഗ്രൂപ്പുകളുടെ ശ്രമം. ഇല്ലാത്ത പ്രചരണങ്ങൾ വഴി അവർ ശ്രമിക്കുന്നതും അതുതന്നെയാണ്. മതേതരത്വത്തിൽ വിശ്വസിക്കുന്നവർ ഇത്തരം സാമുദായിക കുത്തിത്തിരുപ്പകളിൽ പെടാതിരിക്കുന്നതാണ് നല്ലത്. വിഷയങ്ങളെ വിഷയങ്ങളായി കാണാനും സമാധനപരമായ മാർഗങ്ങളിലൂടെ പരിഹാരം ഉണ്ടാക്കുകയും ആണ് വേണ്ടത്.

സദ്ദാം ഹുസൈൻ മരിച്ചപ്പോൾ ഹർത്താൽ നടത്തിയ നാടാണ് കേരളം. ഇന്ന് അതോർക്കുമ്പോൾ നാം ലജ്ജിക്കും. ഇത്തരം കുപ്രചാരണങ്ങളുടെ പേരിലുള്ള ഹർത്താലുകളിൽ പങ്കെടുത്ത് നാം വീണ്ടും ലജ്ജിതർ ആവാതിരിക്കട്ടെ.

അവലംബം/കടപ്പാട്

1 ദ ഗ്രേറ്റ് ഇന്ത്യൻ പാരഡോകസ് - രാമചന്ദ്ര ഗുഹ
2 സി രവിചന്ദ്രൻ, കെ പി സുകുമാരൻ,തുടങ്ങിയാരുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ
3 ലൈവ് ലൊ ഇൻ
4 ഇവോൾവിങ്ങ് ബംഗ്ലാദേശ്- അഭിഷേക് ബാനർജി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP