Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനുവരി 31-ന് മുമ്പ് ബ്രെക്‌സിറ്റ്; അഞ്ചുവർഷത്തേക്ക് നികുതി വർധനയില്ല; ഇന്ത്യക്കാർക്കും യൂറോപ്യൻ യൂണിയനുകാർക്കും ഒരുപോലെ ബാധകമായ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ നയം; 50,000 പുതിയ നഴ്‌സുമാർ; വീണ്ടും അധികാരത്തിൽ എത്തുന്ന ബോറിസ് ജോൺസൺ ബ്രിട്ടണിൽ ചെയ്യാൻ പോകുന്നവ എന്തൊക്കെ?

ജനുവരി 31-ന് മുമ്പ് ബ്രെക്‌സിറ്റ്; അഞ്ചുവർഷത്തേക്ക് നികുതി വർധനയില്ല; ഇന്ത്യക്കാർക്കും യൂറോപ്യൻ യൂണിയനുകാർക്കും ഒരുപോലെ ബാധകമായ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ നയം; 50,000 പുതിയ നഴ്‌സുമാർ; വീണ്ടും അധികാരത്തിൽ എത്തുന്ന ബോറിസ് ജോൺസൺ ബ്രിട്ടണിൽ ചെയ്യാൻ പോകുന്നവ എന്തൊക്കെ?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ന്യൂനപക്ഷ സർക്കാരുമായി മുന്നോട്ടുപോയ ബോറിസ് ജോൺസൺ പാർലമെന്റിലുണ്ടായ തിരിച്ചടികളിൽ സഹികെട്ടാണ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 31-ന് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്വന്തം പാർട്ടിയിൽനിന്നുപോലും നേരിടേണ്ടിവന്ന കടുത്ത എതിർപ്പ് തീരുമാനം നടപ്പാക്കുന്നതിന് വിഘാതമായി. പ്രമുഖ നേതാക്കൾപോലും പാർട്ടി വിപ്പ് ലംഘിച്ച് എതിർചേരിയിൽ നിലയുറപ്പിച്ചു. അവരെയൊക്കെ പുറത്താക്കി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ബോറിസിന് കടുത്ത ആശങ്കയുണ്ടായിരുന്നു. എന്നാൽ, മാറിയ സാഹചര്യത്തിൽ ജെറമി കോർബിന്റെ കടുത്ത ഇടതുനയങ്ങളെക്കാൾ ബോറിസിന്റെ ബ്രിട്ടൻ കേന്ദ്രീകൃത നിലപാടുകളെ പിന്തുണയ്ക്കാൻ ജനങ്ങൾ തീരുമാനിക്കുകായിരുന്നുവെന്നാണ് വിലയിരുത്തൽ.

സുശക്തനായി പ്രധാനമന്ത്രിക്കസേരയിൽ ബോറിസ് ഇരുപ്പുറപ്പിക്കുമ്പോൾ, കഴിഞ്ഞ തവണ കണ്ട ആളായിരിക്കില്ല അതെന്ന് യൂറോപ്യൻ യൂണിയൻ നേതൃതത്വത്തിനുമറിയാം. ബ്രെക്‌സിറ്റിന്റെ പേരിൽ ബ്രിട്ടനെ ഇനി കൂടുതൽ സമ്മർദത്തിലാഴ്‌ത്താൻ ബ്രസൽസ്സിന് സാധിക്കുകയുമില്ല. 86 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ വരുന്ന ബോറിസിന് വിമതശബ്ദങ്ങളെ അടക്കിനിർത്തി തീരുമാനങ്ങൾ നടപ്പിലാക്കാനാവുമെന്ന് അദ്ദേഹത്തിനറിയാം. വിതമരെയൊക്കെ ഒഴിവാക്കി നേടിയ വിജയമായതിനാൽ, ഇനി അപസ്വരങ്ങളുയരാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കുകയെന്നതിനാവും ബോറിസ് പ്രഥന പരിഗണന നൽകുക.

ജനുവരി 31-നകം ബ്രെക്‌സിറ്റ് നടപ്പിലാക്കുകയാവും ബോറിസിന്റെ ലക്ഷ്യം. ബ്രെക്‌സിറ്റിനുശേഷം വിവിധ മേഖലകളിൽ വരുന്ന ആഘാതങ്ങൾ നിയന്ത്രിക്കാനും സുശക്തമായ സർക്കാരിലൂടെ ബോറിസിന് സാധിച്ചേക്കും. എൻഎച്ച്എസിലെ ജീവനക്കാരുടെ ദൗർലഭ്യമാണ് മറ്റൊരു വെല്ലുവിളി. 50,000 പുതിയ നഴ്‌സുമാരെ നിയമിക്കുമെന്നാണ് ബോറിസ് നൽകുന്ന വാഗ്ദാനം. ഓസ്‌ട്രേലിയയലേതുപോലെ പോയിന്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഇമിഗ്രേഷൻ നയവും ബോറിസ് അവതരിപ്പിച്ചേക്കും. യുകെയിൽ പുതുജീവിതം കൊതിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവർക്ക് ഏറെ സഹായകരമാകുന്ന നയമാകും ഇതെന്നാണ് വിലയിരുത്തൽ.

ബ്രിട്ടന് മുന്നിൽ പുതിയ അധ്യായം തുറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബോറിസ് ജോൺസൺ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. സോഷ്യലിസ്റ്റ് ബ്രിട്ടൻ എന്ന ജെറമി കോർബിന്റെ ആശയത്തെക്കാൾ ബോറിസിന്റെ പ്രായോഗിതകയിലൂന്നിയ അവകാശവാദങ്ങൾക്കാണ് ജനങ്ങൾ വോട്ടുചെയ്തതെന്ന് തെളിയിക്കുന്നതാകും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമെനന് എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നു. തെരേസ മെയ്‌ സർക്കാർ യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്ത വ്യവസ്ഥകളിലൂന്നിന്നുകൊണ്ടാണ് ബോറിസും ബ്രെക്‌സിറ്റ് നടപടികളിലേക്ക് കടന്നതെങ്കിലും ബ്രിട്ടീഷ് ജനതയ്ക്ക് കൂടുതൽ സ്വീകാര്യമായ നിലപാടുകൾ ബോറിസ് സ്വീകരിക്കുകയുണ്ടായി.

വിവാദമായ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് വ്യവസ്ഥ നീക്കിയെന്നതാണ് അതിൽ പ്രധാനം. ഈ വ്യവസ്ഥ നീക്കിയെങ്കിലും തന്റെ ബ്രെക്‌സിറ്റ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം നേടാനും ഒക്ടോബർ 31-ന് മുമ്പ് ബ്രെക്‌സിറ്റ് നടപ്പിലാക്കാനും ബോറിസിന് സാധിച്ചിരുന്നില്ല. ആ കുറവ് പരിഹരിക്കാൻ പുതിയ സർക്കാർ വരുന്നതോടെ അദ്ദേഹത്തിനാവും. ബില്ലിന് അംഗീകാരം നേടാനാകാതെ പോയതാണ് ബോറിസിനെ ഇടക്കാല തിരഞ്ഞെടുപ്പെന്ന തീരുമാനത്തിലേക്ക് നയിച്ചതും. കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിക്കുന്നതോടെ, ബ്രെക്‌സിറ്റ് ബില്ലിന് അനായാസം പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനും ബോറിസിനാകും. ജനുവരി 31 ആണ് ബോറിസിന്റെ മനസ്സിലുള്ള ബ്രെക്‌സിറ്റ് തീയതി.

ബ്രി്ട്ടൻ യൂറോപ്യൻ യൂണിയനു പുറത്തായാൽ, കുടിയേറ്റനിയമം സമഗ്രമായി പരിഷ്‌കരിക്കുകയാവും ബോറിസ് സർക്കാരിന്റെ ലക്ഷ്യം. ഓസ്‌ട്രേലിയൻ മാതൃകയിൽ പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം കൊണ്ടുവരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന് സംഭാവന നൽകാൻ ശേഷിയുള്ളവരെ കുടിയേറാൻ അനുവദിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ബ്രിട്ടീഷ് ജനതയുടെ താത്പര്യങ്ങൾക്കായിരിക്കും ബ്രെക്‌സിറ്റ് പൂർത്തിയായിക്കഴിഞ്ഞാൽ സർക്കാരിന്റെ താത്പര്യമെന്ന് ബോറിസ് വ്യക്തമാക്കിയിരുന്നു. കുടിയേറ്റമടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായാണ്.

എൻഎച്ച്എസിന് ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ച സർക്കാരാണ് തന്റെതെന്നും ബോറിസ് അവകാശപ്പെടുകയുണ്ടായി. അതനുസരിച്ച് അടുത്ത പടിയായി അദ്ദേഹം ശ്രദ്ധയൂന്നുക ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനാകും. 2023-24 ആകുമ്പോഴേക്കും എൻഎച്ച്എസിനുള്ള വാർഷിക വിഹിതം 33 ബില്യൺ പൗണ്ടാക്കുമെന്നാണ് ബോറിസ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. അരലക്ഷത്തോളം നഴ്‌സുമാരെയും ആവശ്യത്തിന് ജിപിമാരെയും നിയമിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരിശീലന പദ്ധതികളിലൂടെയും അപ്രന്റീസ്ഷിപ്പിലൂടെയും വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്റിലൂടെയും നഴ്‌സുമാരുടെ ഒഴിവ് നികത്തുമെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കിയത്. ഇന്ത്യക്കാർക്കടക്കം പ്രതീക്ഷ പകരുന്നതാണ് ഈ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP