Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കലാപമായി മാറുന്നതിനിടയിൽ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതിയുടെ ഒപ്പ് വീണു; രാത്രി തന്നെ ഗസറ്റ് വിജ്ഞാപനവും ഇറക്കിയതോടെ വിവാദ നിയമം രാജ്യത്ത് നിലവിൽ വന്നു; സുപ്രീംകോടതിയിൽ കാണാം എന്ന് പറഞ്ഞ് പ്രതിപക്ഷം; നിരോധനാജ്ഞ കൊണ്ടൊന്നും അടങ്ങാതെ അസം; മലപ്പുറത്ത് ഒരുങ്ങുന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം; ത്രിപുരയിൽ പ്രതിഷേധം പിൻവലിച്ച് സംഘടനകൾ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കലാപമായി മാറുന്നതിനിടയിൽ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതിയുടെ ഒപ്പ് വീണു; രാത്രി തന്നെ ഗസറ്റ് വിജ്ഞാപനവും ഇറക്കിയതോടെ വിവാദ നിയമം രാജ്യത്ത് നിലവിൽ വന്നു; സുപ്രീംകോടതിയിൽ കാണാം എന്ന് പറഞ്ഞ് പ്രതിപക്ഷം; നിരോധനാജ്ഞ കൊണ്ടൊന്നും അടങ്ങാതെ അസം; മലപ്പുറത്ത് ഒരുങ്ങുന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം; ത്രിപുരയിൽ പ്രതിഷേധം പിൻവലിച്ച് സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുത്തതോടെ കേന്ദ്ര സർക്കാർ നൽകുന്നത് വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനം. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവച്ചത്. ഗസറ്റിൽ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. പ്രക്ഷോഭത്തിലൂടെ ബിൽ പിൻവലിക്കാമെന്നായിരുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകളുടെ പ്രതീക്ഷ. ഇതാണ് തകരുന്നത്. ഇതോടെ കലാപങ്ങൾ നേരിടാൻ കേന്ദ്ര സർക്കാർ വമ്പൻ ഇടപെടൽ നടത്തുമെന്നും ഉറപ്പായി. അതിവേഗം രാഷ്ട്രപതിയെ കൊണ്ട് ബില്ലിന് അനുമതി വാങ്ങിയെടുത്തതും പ്രക്ഷോഭകാരികളെ ചൊടിപ്പിച്ചിട്ടുണ്ട്.

പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. കഴിഞ്ഞദിവസങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലും ബിൽ പാസായിരുന്നു. രാഷ്ട്രപതി അംഗീകരിച്ചതോടെ 2014 ഡിസംബർ 31-നുമുമ്പ് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പുതിയ നിയമപ്രകാരം ഇന്ത്യൻപൗരത്വം ലഭിക്കും. അതിനിടെ, പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം ശക്തമായി. അസമിലെ ഗുവാഹട്ടിയിൽ മൂന്നുപേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അസമിലെ പത്തുജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധത്തെ തുടർന്ന് അസം,ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി,വിമാന സർവീസുകളും റദ്ദാക്കി. സുപ്രീംകോടതിയിൽ നിയമ പോരാട്ടത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുസ്ലിം ലീഗ് ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെ കേരളത്തിലും പ്രതിഷേധം ഉയരും. കേന്ദ്ര സർക്കാരിനെതിരെ മലപ്പുറത്ത് വലിയ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാനാണ് മുസ്ലിംലീഗിന്റെ തീരുമാനം.

അതിനിടെ പൗരത്വ നിയമ ഭേഗദതിക്കെതിരെ ത്രിപുരയിൽ നടന്ന പ്രതിഷേധങ്ങൾ അവസാനിപ്പിച്ചു. വിവിധ സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ചയിലാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ സംഘടനങ്ങൾ സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.പൗരത്വ ബില്ലിനെക്കുറിച്ചുള്ള ത്രിപുരയിലെ ജനങ്ങളുടെ ആശങ്കകൾ സർക്കാർ പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ വ്യക്ത വരുത്തുമെന്നും അമിത് ഷാ ഉറപ്പ് നൽകിയതായി നേതാക്കൾ പ്രതികരിച്ചു. ത്രിപുര രാജകുടുംബാംഗം പ്രദ്യോദ് ഗേബ് ബർമനുമായും ത്രിപുര പീപ്പിൾസ് പ്രസിഡന്റ് അധ്യക്ഷൻ പതൽ കാന്യയുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. പ്രതിഷേധം അവസാനിപ്പിക്കാനുള്ള നേതാക്കളുടെ തീരുമാനത്തിന് അമിത് ഷാ നന്ദി അറിയിച്ചു.

അസമിൽ പ്രതിഷേധം ശക്തം

അസമിൽ പ്രതിഷേധം ശക്തമായതോടെ അസമിലെ ഗുവാഹത്തി, ടിൻസുകിയ, ജോർഹട്ട്, ദിബ്രുഗഡ് എന്നിവിടങ്ങളിൽ സൈന്യം ഫ്‌ളാഗ് മാർച്ച് നടത്തി. ഗുവാഹത്തിക്കും ദിബ്രുഗഡിനും പുറമേ ജോർഹട്ടിലും നിശാനിയമം ഏർപ്പെടുത്തി. 24 മണിക്കൂർ ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തതിനെത്തുടർന്ന് ത്രിപുരയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. ജീവനക്കാർ ഹാജരാകാത്തതിനാൽ പല ഓഫിസുകളും പ്രവർത്തിച്ചില്ല. വാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയില്ല. റാലി നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കു നേരെ ലാത്തിച്ചാർജ് നടത്തി. നൂറോളം ഹർത്താൽ അനുകൂലികളെ കസ്റ്റഡിയിലെടുത്തു. പരാദീഷ് ചൗമുഹാനിയിൽ ബിജെപിക്കാർ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു.

ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, സ്‌പൈസ്‌ജെറ്റ് എന്നിവയുടെ വിമാന സർവീസുകൾ റദ്ദാക്കി. ഗോഎയർ, എയർഏഷ്യ വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ ഘട്ടം ഘട്ടമായി നീക്കുന്നുണ്ടെങ്കിലും റോഡ് മുഖേനെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ പൂർത്തിയാക്കാനായില്ല. ഗുവാഹത്തി നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും സൈനികരും പൊലീസുകാരുമുണ്ട്. അസമിൽ വിദ്യാലയങ്ങൾ മുഴുവൻ അടച്ചു. ത്രിപുരയിലേക്കും കൂടുതൽ അർധനസൈനികരെ അയച്ചു. അസം ഗണപരിഷത്തിന്റെ ആസ്ഥാനത്തിനു നേരെയും ആക്രമണമുണ്ടായി. അകത്തുകടന്ന പ്രക്ഷോഭകർ കെട്ടിടത്തിനു കേടു വരുത്തി. പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കു തീവയ്ക്കുകയും ചെയ്തു. കാംരൂപ് ജില്ലയിൽ കടകമ്പോളങ്ങളും ഓഫിസുകളും സ്‌കൂളുകളും അടഞ്ഞുകിടന്നു. വാഹനങ്ങളും ഓടിയില്ല.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അസം ജനതയെ വഞ്ചിച്ചുവെന്ന് ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ (എഎഎസ്യു) കുറ്റപ്പെടുത്തി. എല്ലാ വർഷവും ഡിസംബർ 12 കരിദിനമായി ആചരിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഇതിനിടെ, ഗോത്രവർഗ വിഭാഗങ്ങളുടെ സംരക്ഷണത്തിനുള്ള ഇന്നർ ലൈൻ പെർമിറ്റ് ഉടൻതന്നെ സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് മേഘാലയയിലെ നോർത്ത് ഈസ്റ്റ് ഇൻഡിജനസ് പീപ്പിൾസ് ഫോറം ആവശ്യപ്പെട്ടു. അസമിൽ നിന്നുള്ള ഗായകനായ പാപോൺ ഡൽഹിയിൽ ഇന്ന് നടത്താനിരുന്നു സംഗീതപരിപാടിയിൽ നിന്ന് പിന്മാറി. തന്റെ നാട് കത്തിക്കരിയുകയാണെന്നും ഇതിനിടെ പരിപാടി നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമ പോരാട്ടം കടുപ്പിക്കുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റ് പാസാക്കിയ പൗരത്വ (ഭേദഗതി) ബിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വ്യക്തികളെ വേർതിരിക്കുന്നതിനാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനും 14,15, 21 വകുപ്പുകൾക്കും വിരുദ്ധമാണെന്ന് സുപ്രീംകോടതിയിൽ മുസ്ലിംലീഗ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മതനിരപേക്ഷ രാജ്യത്തിന്റെ നിയമങ്ങൾ മത നിക്ഷ്പക്ഷമായിരിക്കണം, അഫ്ഗാനിസ്ഥാൻ അവിഭക്ത ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. അയൽരാജ്യങ്ങളായ ശ്രീലങ്കയ്ക്കും നേപ്പാളിനും ഭൂട്ടാനും ഔദ്യോഗിക മതമുണ്ട്. അഹമ്മദീയരും ഷിയകളും ഹസാരകളും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളാണ്. അവരെയും ശ്രീലങ്കയിലെയും ഭൂട്ടാനിലെയും നേപ്പാളിലെയും ന്യൂനപക്ഷങ്ങളെയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. മ്യാന്മറിൽ പീഡിപ്പിക്കപ്പെടുന്ന രോഹിൻഗ്യകളും ഒഴിവാക്കപ്പെട്ടു. വ്യക്തികളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനാൽ ഭേദഗതി പ്രഥമദൃഷ്്ട്യാ വർഗീയ സ്വഭാവമുള്ളതാണ്. തുല്യത സംബന്ധിച്ച 14ാം വകുപ്പ് ലംഘിക്കപ്പെടുന്നു. ഇന്ത്യയെന്ന ആശയത്തിനുതന്നെ വിരുദ്ധവുമാണ് നടപടിയെന്ന് ലീഗ് വിശദീകരിക്കുന്നു.

പുതിയ നിയമപ്രകാരം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. 105-നെതിരെ 125-വോട്ടുകൾക്കായിരുന്നു ബിൽ രാജ്യസഭ പാസാക്കിയത്. ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സർക്കാർ അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങൾ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിനാലാണ് ബിൽ കൊണ്ടു വന്നതെന്നും ഇസ്ലാമിക രാജ്യങ്ങളിൽ മുസ്ലീങ്ങൾ അരക്ഷിതരായിരിക്കുമെന്ന വാദം വിശ്വസിക്കാനാവില്ലെന്നും രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര അഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ഡിസംബർ 17ന് കേരളത്തിൽ ഹർത്താൽ

ദേശീയ പൗരത്വ ഭേദഗതി ബിൽ, എൻ.ആർ.സി എന്നിവയിൽ പ്രതിഷേധിച്ച് കേരളത്തിൽ ഡിസംബർ 17ന് ഹർത്താൽ ആഹ്വാനം ചെയ്തു. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ഡി.എച്ച്.ആർ.എം, ജമാഅത്ത് കൗൺസിൽ എന്നീ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പൊതുപ്രവർത്തകുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോൾ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹർത്താലെന്ന് സംഘടനകൾ അറിയിച്ചു.

സംയുക്ത സമിതിയുടെ പ്രസ്താവന വായിക്കാം...

പൗരത്വ ഭേദഗതിയും എൻ.ആർ.സിയും വഴി
രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുക.
*ഡിസംബർ 17ന് ഹർത്താൽ വിജയിപ്പിക്കുക - സംയുക്ത സമിതി*

ബിജെപി സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്ലികൾക്ക് നിഷേധിക്കുക എന്ന ആർഎസ്എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 5a, 5b, 5c, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ മരണമാണിത് . രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വച്ചാണ് എൻ.ആർ.സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവർത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാർ സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീർഘമായ പ്രക്ഷോഭം അനിവാര്യമാണ്. വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കാൻ തിരുവനന്തപുരത്ത് ചേർന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധത്തിൽ പങ്കാളികളായി ഹർത്താൽ വൻ വിജയമാക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP