Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരുപത് വർഷത്തിനിടെ വിദ്യ പിടിച്ചത് ആയിരത്തിലധികം പാമ്പുകളെ; കൊടും വിഷമുള്ള രാജവെമ്പാലയും അണലിയും മാത്രമല്ല, വീടുകൾക്കുള്ളിൽ കടക്കുന്ന വെള്ളിമൂങ്ങയും പരുന്തും ഈ വീട്ടമ്മയെ കണ്ടാൽ മെരുങ്ങും; കൊച്ചിയിൽ താമസിക്കുന്ന വീട്ടമ്മ വ്യത്യസ്തയാകുന്നത് ഇങ്ങനെ

ഇരുപത് വർഷത്തിനിടെ വിദ്യ പിടിച്ചത് ആയിരത്തിലധികം പാമ്പുകളെ; കൊടും വിഷമുള്ള രാജവെമ്പാലയും അണലിയും മാത്രമല്ല, വീടുകൾക്കുള്ളിൽ കടക്കുന്ന വെള്ളിമൂങ്ങയും പരുന്തും ഈ വീട്ടമ്മയെ കണ്ടാൽ മെരുങ്ങും; കൊച്ചിയിൽ താമസിക്കുന്ന വീട്ടമ്മ വ്യത്യസ്തയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 20 വർഷത്തിനിടയിൽ വീട്ടമ്മ പിടിച്ചത് ആയിരത്തിലധികം പാമ്പുകളെ. കൊച്ചിയിൽ വർഷങ്ങലായി താമസിക്കുന്ന ഝാർഖണ്ഡിലെ റാഞ്ചി സ്വദേശി വിദ്യയാണ് പാമ്പുപിടുത്തത്തിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്നത്. പാമ്പിനെ കണ്ട് പേടിച്ച് സഹായത്തിനായി വിളിച്ച ആരെയും വിദ്യ ഇതുവരെ നിരാശരാക്കിയിട്ടില്ല. പാമ്പുകളെ മാത്രമല്ല വീടുകളിൽ കടക്കുന്ന വെള്ളിമൂങ്ങ, പരുന്ത് തുടങ്ങിയവയേയും പിടിച്ച് സുരക്ഷിത കരങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഒരിക്കൽ പാമ്പിനെ പിടികൂടുമ്പോൾ അശ്രദ്ധകൊണ്ട് കടിയേറ്റിട്ടുണ്ടെന്നും പിന്നീട് മുൻകരുതലോടെയാണ് പാമ്പിനെ പിടിക്കാറുള്ളതെന്നും വിദ്യ വ്യക്തമാക്കി.

വർഷങ്ങളായി കൊച്ചിയിലാണ് താമസിക്കുന്നതെങ്കിലും ഝാർഖണ്ഡിലെ റാഞ്ചി സ്വദേശിയാണ് വിദ്യ. കൊച്ചി നേവൽ ബേസിലെ കമാൻഡ് എജ്യുക്കേഷൻ ആൻഡ് വെൽഫെയർ അഫീസറായിരുന്ന ഭർത്താവ് മഡോർ എവി എസ് രാജുവിനൊപ്പമാണ് വിദ്യ കൊച്ചിയിലേക്ക് വരുന്നത്. ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും കൊച്ചിയെ ഇഷ്ടപ്പെട്ടതിനെതുടർന്ന് ഇവിടെതന്നെ കൂടുകയായിരുന്നു. മൃഗങ്ങളോടുള്ള സ്നേഹമാണ് വിദ്യയെ പാമ്പുപിടുത്തക്കാരിയാക്കിയത്. എന്നാൽ താൻ പാമ്പുപിടുത്തക്കാരി എന്ന വിളിയോട് വിദ്യയ്ക്ക് താൽപ്പര്യം ഇല്ല. പാമ്പുകളുടെ രക്ഷകയായി അറിയപ്പെടാനാണ് തനിക്ക് ഇഷ്ടം എന്നാണ് ഇവർ പറയുന്നത്.

ചെറുപ്പത്തിൽത്തന്നെ പക്ഷികളേയും മൃഗങ്ങളേയും വിദ്യയ്ക്ക് ഇഷ്ടമായിരുന്നു. 1998 ൽ ഗോവയിൽ ഭർത്താവിന്റെ ജോലിയോട് അനുബന്ധിച്ച് താമസിക്കുന്ന കാലത്താണ് ആദ്യമായി പാമ്പിനെ പിടികൂടുന്നത്. അവിടെ ഒരാളുടെ ഗ്യാരേജിൽ പാമ്പു കയറിയപ്പോൾ എല്ലാവരും ഭയന്നു നിന്നു. പക്ഷേ അതിനെ രക്ഷപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു വിദ്യയുടെ ചിന്ത. എല്ലാവരും പേടിച്ചു നിന്നപ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തും വരെ അതിനെ ആരും ഉപദ്രവിക്കാതെ വിദ്യ സംരക്ഷിച്ചു. പിന്നീടുള്ള 20 വർഷങ്ങൾ വിദ്യയ്ക്ക് പാമ്പുകളെ രക്ഷപ്പെടുത്താനുള്ളതായിരുന്നു. കൊടും വിഷമുള്ള രാജവെമ്പാല മുതൽ പെരുമ്പാമ്പും അണലിയും വരെ ഈ വീട്ടമ്മ ചാക്കിലാക്കി. കൊച്ചിയിൽ എത്തിയശേഷം നൂറിൽ അധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.

നേവൽ ബേസ് കെട്ടിടങ്ങൾ മിക്കപ്പോഴും ഒഴിഞ്ഞ പ്രദേശത്തായതിനാൽ അവിടെയുള്ള വീടുകളിൽ നിന്നാണ് അധികവും സഹായാഭ്യർഥന എത്താറുള്ളത്. കഴിഞ്ഞ ദിവസം നേവൽ അപാർട്മെന്റിലെ തരംഗിണി ബിൽഡിങ്ങിൽ നിന്ന് 20 കിലോ ഭാരമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ഇപ്പോൾ പറഞ്ഞുകേട്ട് നേവൽ ബേസിന് പുറത്തുനിന്നും വിദ്യയ്ക്ക് വിളിഎത്താറുണ്ട്. എന്നാൽ ദൂരെയുള്ള വീടുകളിൽ എത്തുമ്പോഴും പാമ്പ് അവിടെനിന്ന് കടന്നിട്ടുണ്ടാകുമെന്നാണ് വിദ്യ പറയുന്നത്.

കൂറ്റൻപെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്ന ഒരു വീട്ടമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായതോട് കൂടിയാണ് ആരാണീ ധൈര്യവതി എന്ന ചോദ്യം മലയാളികൾ ഉയർത്തിയത്. പ്രദേശവാസികൾക്കൊപ്പം വഴിയരികിൽനിന്ന് പാമ്പിനെ പിടിക്കുകയും പേടി കൂടാതെ അതിനെ ചാക്കിലേക്കിടുകയും ചെയ്യുന്ന വിദ്യയുടെ സാഹസികത നിറഞ്ഞ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകൾ. നേവി ഉദ്യോഗസ്ഥനുൾപ്പടെ നാല് പേർക്കൊപ്പമാണ് വിദ്യ പാമ്പിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവർ പാമ്പിന്റെ വാലിൽ പിടിച്ചപ്പോൾ വിദ്യ പാമ്പിന്റെ തലയിലാണ് പിടിക്കുന്നത്.

തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിൽ പാമ്പിന്റെ വാൽ ആദ്യം താഴ്‌ത്തി. പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിൽ കയറ്റുകയും പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു. വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്. ഹരീന്ദർ എസ് സിഖ എന്ന നേവി ഉദ്യോ?ഗസ്ഥനാണ് പെരുമ്പാമ്പിനെ പിടികൂടുന്ന വിദ്യയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.

രാത്രിയും പകലും എന്നില്ലാതെ സഹായം അഭ്യർത്ഥിച്ച് വിളിക്കുന്നവരെയൊന്നും വിദ്യ നിരാശപ്പെടുത്താറില്ല. ഭർത്താവിനൊപ്പം കാറിൽ പറഞ്ഞ സ്ഥലത്തെത്തും. പാമ്പിനെ പിടിച്ച് ചാക്കിലാക്കി വനംവകുപ്പിന് കൈമാറിയതിന് ശേഷമാകും വീട്ടിലേക്ക് തിരിച്ചുപോകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP