Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന കന്യാസ്ത്രീകൾ മസാജ് ചെയ്യാനായി മുറിയിലേക്ക് വിളിപ്പിക്കും; വിസമ്മതിച്ചാൽ മുടി പിടിച്ചുവലിച്ചു വേദനിപ്പിക്കും; ചാപ്ലിൻ എന്ന പുരോഹിതൻ ഭക്ഷണം കഴിച്ചാൽ ബാക്കിവന്ന ഭക്ഷണം അതേ പ്ലേറ്റിൽ കഴിക്കണം; നടക്കാൻ പോകുമ്പോൾ തോളത്ത് വെക്കുന്ന കൈ പിന്നെ ശരീരത്തിൽ ഇഴഞ്ഞു നടക്കും; എതിർത്തപ്പോൾ സന്യാസി സമൂഹം മുഴുവൻ എതിരായി; അഞ്ച് വർഷമായി മാനസികനില തകർന്ന സിസ്റ്റർ ദീപ ലണ്ടനിൽ ഏകാന്തവാസത്തിൽ; കന്യാസ്ത്രീയെ തിരികെ എത്തിക്കാനുള്ള പോരാട്ടം തുടരുമെന്ന് കുടുംബം

മുതിർന്ന കന്യാസ്ത്രീകൾ മസാജ് ചെയ്യാനായി മുറിയിലേക്ക് വിളിപ്പിക്കും; വിസമ്മതിച്ചാൽ മുടി പിടിച്ചുവലിച്ചു വേദനിപ്പിക്കും; ചാപ്ലിൻ എന്ന പുരോഹിതൻ ഭക്ഷണം കഴിച്ചാൽ ബാക്കിവന്ന ഭക്ഷണം അതേ പ്ലേറ്റിൽ കഴിക്കണം; നടക്കാൻ പോകുമ്പോൾ തോളത്ത് വെക്കുന്ന കൈ പിന്നെ ശരീരത്തിൽ ഇഴഞ്ഞു നടക്കും; എതിർത്തപ്പോൾ സന്യാസി സമൂഹം മുഴുവൻ എതിരായി; അഞ്ച് വർഷമായി മാനസികനില തകർന്ന സിസ്റ്റർ ദീപ ലണ്ടനിൽ ഏകാന്തവാസത്തിൽ; കന്യാസ്ത്രീയെ തിരികെ എത്തിക്കാനുള്ള പോരാട്ടം തുടരുമെന്ന് കുടുംബം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലാറ്റിൻ സഭയുടെ കീഴിലുള്ള സെന്റ് ബെനഡിക്ടൺ കോൺഗ്രിഗേഷൻ സന്യാസി സമൂഹത്തിൽ നിന്ന് നീതി തേടി കന്യാസ്ത്രീയുടെ കുടുംബം. സെന്റ് ബെനഡിക്ടൺ കോൺഗ്രിഗേഷൻ അംഗമായി ലണ്ടനിലേക്ക് പോയ ദീപ ജോസഫിനെ തിരികെ എത്തിക്കാനാണ് വയനാട് നിറവിൽപുഴയിലെ കുടുംബം നീതി തേടി തെരുവിലേക്ക് ഇറങ്ങുന്നത്. ലണ്ടനിലെ കന്യാസ്ത്രീ മഠത്തിൽ നിന്നേറ്റ കടുത്ത മാനസിക-ശാരീരിക പീഡനങ്ങളെ തുടർന്ന് ദീപ മാനസിക നില തകർന്ന അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് സഭാവസ്ത്രം ഉപേക്ഷിക്കാൻ ദീപ സഭയെ സമീപിച്ചത്. അനുമതി ലഭിച്ച പ്രകാരം അഞ്ച് വർഷം മുൻപ് തന്നെ ദീപ സഭാവസ്ത്രം ഉപേക്ഷിച്ചിട്ടുണ്ട്. പതിനെട്ടു വർഷം ഈ സന്യാസിനി സമൂഹത്തിൽ സേവനം ചെയ്ത ശേഷമാണ് ബിന്ദു സഭാ വസ്ത്രം ഉപേക്ഷിക്കാൻ സന്യാസിനി സമൂഹത്തിന്റെ അനുമതി തേടിയത്. എന്നാൽ കടുത്ത ഡിപ്രഷനെ തുടർന്ന് സഭ വിട്ട കന്യാസ്ത്രീയെ പതിവിനു വിപരീതമായി സഭ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു. മഠത്തിൽ നിന്നുമേറ്റ ലൈംഗിക-മാനസിക പീഡനങ്ങളാണ് പൂർണ ആരോഗ്യവതിയായിരുന്ന ദീപയുടെ മാനസിക ആരോഗ്യം തകർത്തത്. ഇപ്പോൾ ലണ്ടൻ സർക്കാരിന്റെ കാരുണ്യത്തിൽ ഏകാന്തവാസം തുടരുന്ന ദീപയെ തങ്ങൾക്ക് തിരിച്ചേൽപ്പിക്കാൻ സെന്റ് ബെനഡിക്ടൺ കോൺഗ്രിഗേഷൻ തയ്യാറാകണം-കുടുംബം ആവശ്യപ്പെടുന്നു.

ദീപയെ തിരികെ വീട്ടിലേക്ക് എത്തിക്കണമെന്നുള്ള വയനാട് നിറവിൽപ്പുഴയിലുള്ള ബന്ധുക്കളുടെ അപേക്ഷയ്ക്ക് പുല്ലുവിലയാണ് ബെനഡിക്ടൺ സന്യാസി സമൂഹം കൽപ്പിക്കുന്നത്. വയനാട് മക്കിയാടുള്ള ഈ സന്യാസി സമൂഹത്തിന്റെ ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധം പ്രകടിപ്പിച്ചും സഭാ അധികാരികളെ കണ്ടു സങ്കടം പറഞ്ഞും എങ്ങിനെയും തിരികെ എത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം. ദീപയുടെ കുടുംബം സീറോ മലബാർ സഭയിലെ അംഗങ്ങളാണ്. ദീപയുടെ മോചനത്തിനായി ഇവർ മാനന്തവാടി രൂപതയുമായും ബിഷപ്പ് ജോസ് പെരുന്നേടവുമായും ബന്ധപ്പെട്ടിരുന്നു. മൂന്നാല് തവണ ബിഷപ്പിനെ വിളിച്ച് കുടുംബം ദീപയുടെ കാര്യം പറഞ്ഞിരുന്നു. എന്നാൽ അത് കഴിഞ്ഞു അദ്ദേഹത്തിന്റെ സെക്രട്ടറി പറഞ്ഞത് ഈ കാര്യം രൂപത കൈകാര്യം ചെയ്യില്ലെന്നാണ്. ബിഷപ്പ് അറിയിച്ചതിനാലാണ് ഈ കാര്യം പറയുന്നത് എന്നാണ് സെക്രട്ടറി പറഞ്ഞത്. കന്യാസ്ത്രീയുടെ പ്രശ്‌നം വന്നപ്പോൾ സീറോ മലബാർ സഭയും ഈ കുടുംബത്തെ കൈവിട്ട അവസ്ഥയിലാണ്. ദീപയെ തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ, നീതി തേടിയുള്ള പോരാട്ടത്തിൽ കുടുംബം ഒറ്റയ്ക്കാണ്.

സഭാവസ്ത്രം ഉപേക്ഷിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ആനുകൂല്യം കൈപ്പറ്റി ജീവിക്കുകയാണ് ദീപ. സർക്കാർ നൽകുന്ന തുകയിൽ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് ഗ്ലൗസ്റ്റ് ഷെയറിൽ ഒരു ഫ്‌ളാറ്റിൽ ഏകാന്തവാസത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷമായി ഇതേ അവസ്ഥയാണ്. ദീപയുടെ മാനസിക ആരോഗ്യം തീരെ തകർന്ന നിലയിലാണ് എന്നാണ് വീട്ടുകാർ പറയുന്നത്. വല്ലപ്പോഴുമാണ് കുടുംബത്തിനു ബന്ധപ്പെടാൻ കഴിയുന്നത്. ദീപയുടെ വാക്കുകൾ വിചിത്രങ്ങളും. കേരളത്തിലേക്ക് വരില്ല. കേരളത്തിലേക്ക് ഫ്‌ളൈറ്റിൽ കയറിയാൽ അച്ഛന്മാരും കന്യാസ്ത്രീകളും എന്നെ ഫ്‌ളൈറ്റ് മറിച്ചിട്ട് കൊല്ലും... മരുന്ന് ആരും കഴിക്കരുത്, ഗുളികയിൽ മുഴുവൻ ചിപ്പ് വച്ചിരിക്കുകയാണ്.

ചിപ്പ് വഴി നമ്മുടെ ഉള്ളിലെ രഹസ്യങ്ങൾ അറിഞ്ഞ് അച്ഛന്മാരും കന്യാസ്ത്രീകളും കൂടി നമ്മളെ കൊല്ലും. അതിനാൽ മരുന്ന് കഴിക്കാൻ പാടില്ല... ഈ രീതിയിലുള്ള സംഭാഷണങ്ങളാണ് സിസ്റ്റർ ദീപ വീട്ടുകാരുമായി നടത്തുന്നത്. ഫോണിൽ ബന്ധപ്പെടാൻ തന്നെ പ്രയാസമാണ്. അതിനാൽ സെന്റ് ബെനഡിക്ടൺ കോൺഗ്രിഗേഷൻ തന്നെ ദീപയെ തിരികെ ഇന്ത്യയിൽ എത്തിക്കണം. ഇതാണ് കുടുംബത്തിന്റെ ആവശ്യം. സഭാ വസ്ത്രം ഊരുമ്പോൾ കന്യാസ്ത്രീയെ വീട്ടുകാർക്ക് അല്ലങ്കിൽ ബന്ധുക്കൾക്ക് തിരിച്ചേൽപ്പിക്കുകയാണ് പതിവ്. ദീപ സഭാ വസ്ത്രം ഊരിയപ്പോൾ പതിവിൽ നിന്ന് വിപരീതമായി സഭ അവരെ തെരുവിലേക്ക് തള്ളുകയാണ് ചെയ്തതത്. ഒരു കത്തും സഭാ അധികൃതർ വീട്ടിലേക്ക് അയച്ചില്ല. സഭ വിടുകയാണ് എന്നും ബന്ധുക്കളെ അറിയിച്ചില്ല. സുരക്ഷിതയായി മകളെ നോക്കും എന്ന വാക്കിന്റെ കരുതലിന്റെ പുറത്ത് ബിന്ദു ജോസഫ് എന്ന ദീപയെ ബെനഡിക്ടൺ കോൺഗ്രിഗേഷൻ സന്യാസി സമൂഹത്തെ ഏൽപ്പിച്ചു. മകളുടെ മാനസിക ആരോഗ്യം തകർത്ത് സഭ അവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞു.

മഠത്തിൽ നിന്നുമേറ്റ ലൈംഗിക -ശാരീരിക പീഡനങ്ങളാണ് ദീപയുടെ മാനസിക ആരോഗ്യം തകർത്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ലണ്ടനിലെ മഠത്തിൽ ലൈംഗിക പീഡനങ്ങൾ പതിവായിരുന്നു. മുതിർന്ന കന്യാസ്ത്രീകൾ മുറിയിലേക്ക് വിളിച്ച് മസാജ് ചെയ്യിപ്പിക്കും. വിസമ്മതിച്ചാൽ മുടി പിടിച്ച് വലിക്കും. ചാപ്ലിൻ എന്ന് പദവിയുള്ള പുരോഹിതനുണ്ട്. ചാപ്ലിൻ എന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. ഇയാൾ ലൈംഗിക പീഡനത്തിനു ശ്രമം നടത്തിയിരുന്നു. ചാപ്ലിനോട് എതിർപ്പ് രേഖപ്പെടുത്തിയതിനാൽ ബെനഡിക്ടൺ സന്യാസി സമൂഹത്തിനു എതിർപ്പുണ്ടായിരുന്നു. ഈ ഒറ്റപ്പെടുത്തലാണ് മാനസിക പീഡനമായി മാറിയത്. ചാപ്ലിൻ ഭക്ഷണം കഴിച്ചാൽ ബാക്കിവന്ന ഭക്ഷണം അതേ പ്ലേറ്റിൽ കഴിക്കാൻ പറയും. ഭക്ഷണ ശേഷം നടക്കാൻ ബിന്ദുവിനേയും കൂട്ടും. തോളത്ത് കൈവയ്ക്കും. ഈ കൈകൾ പിന്നെ ശരീരത്തിൽ ഇഴഞ്ഞു നടക്കും. ഇതിൽ ബിന്ദു എതിർപ്പ് രേഖപ്പെടുത്തി. ഇതോടെ ചാപ്ലിന് വിരോധമായി.

ചാപ്ലിന് വന്ന ഇഷ്ടക്കേട് ഈ സന്യാസി സമൂഹത്തിന്റെ ഇഷ്ടക്കേട് ആയി മാറി. സന്യാസി സമൂഹത്തിൽ ചീഞ്ഞളിഞ്ഞ കാര്യങ്ങളാണ് നടക്കുന്നത്. ഇതൊന്നും നമുക്കൊന്നും കഴിയുന്നതല്ല. കന്യാസ്ത്രീകൾക്ക് പലരോടും ബന്ധങ്ങളുണ്ട്. ഈ ബന്ധങ്ങൾ ആണ് കന്യാസ്ത്രീ സമൂഹത്തിന്നകത്ത് നടക്കുന്നത്. ഇതാണ് ബിന്ദു ഞങ്ങളോട് പറഞ്ഞത്. ഇത്തരം എതിർപ്പുകൾ പതിവാക്കിയതോടെ പുരുഷ വൈദികരെ പിടിച്ച് കൗൺസിലിംഗിന് ഏർപ്പാടാക്കി. ഇതൊരു തരം ട്രാപ്പ് ആണ്. ഇത്തരം കൗൺസിലിംഗിന്റെ പേരിൽ പിന്നീട് ഈ വൈദികരെ പേര് ചേർത്ത് അപവാദം പറഞ്ഞു പരത്തുക. ഇതൊക്കെ ബിന്ദുവിനു അഭിമുഖീകരിക്കേണ്ടി വന്നു. ഇത്തരം പ്രശ്‌നങ്ങൾ ആണ് ബിന്ദുവിന്റെ മാനസിക ആരോഗ്യം തകർത്തത്. സന്യാസിനി സമൂഹം ബിന്ദുവിനെ പൂർണമായും ഒറ്റപ്പെടുത്തി. മാനസിക ആരോഗ്യത്തോടെ ഇവർ ആരെയും പുറത്തേക്ക് വിടില്ല. ബിന്ദുവിനേയും മാനസിക ആരോഗ്യം നശിപ്പിച്ച് തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു. അപ്പോൾ മാനസിക രോഗിയാക്കി മാറ്റി. പുറത്തേക്ക് വിടുമ്പോൾ ഔദ്യോഗികമായി വിവരം അറിയിക്കണം. ലെറ്റർ അയക്കണം. ഇങ്ങിനെ ഒരു നടപടിയും ഇവർ ചെയ്തിട്ടില്ല. തെരുവിലേക്ക് ഇറക്കിവിട്ടു. ഞങ്ങൾ ഏൽപ്പിച്ച കന്യാസ്ത്രീയെ അവർ ഒഴിവാക്കുമ്പോൾ ഞങ്ങൾക്ക് തന്നെ തിരിച്ചേൽപ്പിക്കണമായിരുന്നു. അത് അവർ എൽപ്പിച്ചില്ല-കുടുംബം പറയുന്നു.

കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യവും ലൈംഗിക പീഡനങ്ങളുമാണ് ദീപയ്ക്കും വിനയായി മാറിയത്. ഉള്ളിൽ നിറയുന്ന സ്‌നേഹവും സഹാനുഭൂതിയും ആത്മീയതയുമാണ് ദൈവിക വേലയിലേക്ക് ദീപയെയും അടുപ്പിച്ചത്. ഈ ആത്മീയ അഭിലാഷത്തിനാണ് വീട്ടുകാർ സമ്മതം നൽകിയത്. എന്നാൽ സഭാ വസ്ത്രം അണിഞ്ഞപ്പോൾ ദീപയെ കാത്തിരുന്നത് പീഡനങ്ങളുടെ ഒരു ലോകമാണ്. ഇതാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആ രീതിയിലുള്ള ലൈംഗിക-മാനസിക പീഡനങ്ങളുടെ ചിത്രമാണ് അവർ നൽകുന്നതും. സഭയിൽ നിന്ന് അനുഭവിക്കേണ്ടി വന്ന മാനസിക-ശാരീരിക പീഡനങ്ങൾ കാരണം ആരോഗ്യം തകർന്ന സ്ഥിതിയിലുള്ള ദീപ തിരുവസ്ത്രം ഊരിവെച്ചിട്ട് അഞ്ചു വർഷമായി.

മാനസിക നില തകർന്ന ദീപ ഏകാന്തവാസത്തിലാണ്. ലണ്ടനിൽ ആയതിനാൽ ഇവരെ സഹായിക്കാൻ കുടുംബത്തിനു കഴിയുന്നില്ല. ഏകാന്തതയിൽ ഗ്ലൗസ്റ്റ് ഷെയറിലെ ഫ്‌ളാറ്റിൽ അഞ്ചു വർഷം പിന്നിടുന്ന ഈ സിസ്റ്ററിനെ എത്രയും പെട്ടെന്ന് കേരളത്തിലേക്ക് തിരികെ എത്തിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ബ്രിട്ടീഷ് സർക്കാരിൽ നിന്ന് തുച്ഛമായി ലഭിക്കുന്ന തുക ഫ്‌ളാറ്റ് വാടക നൽകിയും മരുന്നുകൾക്ക് മുടക്കിയും ഭക്ഷണത്തിനു മുടക്കിയും ഏകാന്തതയുടെ തുരുത്തിലാണ് ദീപ തുടരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ഇതേ സാഹചര്യത്തിലാണ് ഉള്ളത്. മാനസിക ആരോഗ്യം പൂർണമായി തകർന്നു ഗ്ലൗസ്റ്റ് ഷെയറിലെ ഒരു ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് തങ്ങുന്ന ദീപ മാനസിക പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടുകയും മരണത്തോടു അടുക്കുകയും ചെയ്യുകയാണ്. അതിനാൽ എത്രയും പെട്ടെന്ന് ലണ്ടനിലെ സന്യാസിനി സമൂഹം തന്നെ ദീപയെ ബന്ധുക്കളുടെ അടുത്ത് തിരികെ എത്തിക്കണം-ഇതാണ് കുടുംബത്തിന്റെ ആവശ്യം.

ദീപയുടെ കഥ സഹോദരൻ ബിന്റോ വിവരിക്കുന്നു:

ഞങ്ങൾ വയനാട് നിറവിൽ പുഴയിലാണ് താമസം. വയനാട് സ്വദേശികളുമാണ്. മൂന്നു കുട്ടികൾ ഉള്ള കുടുംബമാണ്. ഞങ്ങളുടെ ഒരേയൊരു സഹോദരിയാണ് ബിന്ദു എന്ന ദീപ. ബിഎയ്ക്ക് പഠിക്കുന്ന വേളയിൽ തന്നെ ബിന്ദുവിന്റെ ആഭിമുഖ്യം ആഭിമുഖ്യം ആത്മീയതയോടായിരുന്നു. ബിന്ദു ജോസഫ് എന്ന അവളുടെ ആഗ്രഹപ്രകാരം തന്നെയാണ് കന്യാസ്ത്രീ ആകാൻ തീരുമാനിക്കുന്നത്. ഞങ്ങൾ ആദ്യം എതിർത്തെങ്കിലും തന്റേത് ദൈവിക വഴി തന്നെ ഉറച്ച നിശ്ചയം അവളുടെ മനസിലുണ്ടായിരുന്നു. വയനാട് മക്കിയാട് സെന്റ് ബെനഡിക്ടൺ (സിസ്റ്റേഴ്‌സ് ) കോൺഗ്രിഗേഷൻ എന്ന സന്യാസിനി സമൂഹമുണ്ട്. ഞങ്ങളുടെ രൂപത സീറോ മലബാർ സഭയാണെങ്കിലും ബിന്ദു ജോയിൻ ചെയ്തത് ലാറ്റിൻ സഭയുടെ ഭാഗമായ ഈ സന്യാസി സമൂഹത്തിലാണ്. അവിടെ ജോയിൻ ചെയ്ത ചെയ്ത ശേഷം ഏർക്കാട്, തിരുവണ്ണാമല സേവനം ചെയ്തു. അതിനു ശേഷമാണ് അവൾ ലണ്ടനിൽ പോകുന്നത്. വലിയ പ്രശ്‌നങ്ങൾ ആദ്യം ഫീൽ ചെയ്തില്ല.

ഇടയ്ക്ക് രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ അവൾ വരുമായിരുന്നു. പക്ഷെ ഈ സന്യാസി സമൂഹത്തിൽ നിന്നും അവൾക്ക് നേരിട്ട ശാരീരിക-ലൈംഗിക-മാനസിക പീഡനങ്ങളുടെ ഒരു ചിത്രം അവൾ ഞങ്ങൾക്ക് നൽകിയതേയില്ല. പക്ഷെ ഒടുവിൽ ഒരു തവണ വന്നപ്പോൾ അവൾ നനഞ്ഞ കോഴിയെപ്പോലെയായി. സംസാരമില്ല. എന്താണ് പ്രശ്‌നം തുറന്നുപറയാൻ പറഞ്ഞു. നിരന്തര ചോദ്യങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞു ഡിപ്രഷന് ഉള്ള മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന് പറഞ്ഞു. എനിക്ക് മരുന്ന് വേണ്ട, അത് കഴിച്ചാൽ ഉറക്കമാണ് എന്നൊക്കെ പറഞ്ഞു. ഡിപ്രഷന് നൽകുന്ന ഹൈഡോസ് മരുന്നാണ്. ഞങ്ങൾ കോൺവെന്റിൽ പോയി. അവർ വളരെ നിസാരമായി പറഞ്ഞു. ഡിപ്രഷന് കഴിക്കുന്ന മരുന്നു ആണ്. അത് കഴിക്കട്ടെ എന്ന് പറഞ്ഞു. അത് പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല എന്നും പറഞ്ഞു. അത് ഇനി നൽകുന്നില്ല എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു അല്ല മരുന്ന് കഴിക്കണം. അല്ലെങ്കിൽ പ്രശ്‌നമാണ് എന്ന് പറഞ്ഞു. ഇതോടെ ഞങ്ങൾ ധർമ്മ സങ്കടത്തിലായി.

മരുന്ന് കൊടുത്താലും പ്രശ്‌നം ഇല്ലെങ്കിലും പ്രശ്‌നം. ഒടുവിൽ മരുന്ന് കൊടുക്കാൻ തന്നെ തീരുമാനിച്ചു. അങ്ങിനെ കൊടുത്തു. പിന്നീട് അവൾ ലീവ് കഴിഞ്ഞു പോയി. സഹോദരിക്ക് ബൈ പോളാർ ഡിസോർഡർ ആണെന്നും അതിനുള്ള മരുന്ന് ആണ് കഴിക്കുന്നതെന്നും പിന്നീടാണ് അറിഞ്ഞത്. ഡിപ്രഷൻ മാരകമായ അവസ്ഥയിലേക്ക് പോകുന്ന രോഗമാണ് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ലണ്ടനിൽ പോയില് രണ്ടു മൂന്നു വര്ഷം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു. കോൺഗ്രിഗേഷൻ വിട്ടുപോവുകയാണ് എന്ന്. അത്ര ഉറപ്പ് ഉണ്ടെങ്കിൽ മാത്രം വിട്ടാൽ മതിയെന്ന് ഞങ്ങൾ പറഞ്ഞു. അവളുടെ അസുഖം കൂടിയത് ഒന്നും അപ്പോഴും ഞങ്ങൾ അറിയുന്നില്ല. എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല. പുറത്ത് പോയി സ്വതന്ത്ര ജീവിതം നയിക്കണം എന്നാണ് അവൾ പറഞ്ഞത്. ഉറപ്പുണ്ടെങ്കിലും പുറത്ത് പോകാൻ ഞങ്ങൾ പറഞ്ഞു. നിന്റെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ് ഞങ്ങൾ എപ്പോഴും പരിഗണിച്ചത്. ഇപ്പോഴും അതിനു മാറ്റമില്ലെന്നാണ് ഞങ്ങൾ പറഞ്ഞത്. പിന്നീട് അവൾ കന്യാസ്ത്രീ ജീവിതത്തിൽ നിന്നും വിടുതൽ നേടി. സാധാരണ ജീവിതം നയിക്കാനുള്ള അവസരമാണ് അവൾ നേടിയെടുത്തത്.

എനിക്ക് ആലോചിക്കാൻ ഒരു വർഷം വേണം എന്നാണ് അവൾ പറഞ്ഞത്. രോഗികളെ നോക്കുക എന്നൊക്കെ പറഞ്ഞുള്ള ഒരു ജോലി സന്യാസിനി സമൂഹം അവൾക്ക് നൽകി. തുച്ഛമായ ശമ്പളത്തിലെ ജോലി ആയിരുന്നു അത്. രണ്ടു വർഷം അങ്ങിനെ ജോലി ചെയ്തു. കമ്മ്യൂണിറ്റിയിൽ നിന്നും പുറത്ത് പോയ ആളായതിനാൽ ഈ രണ്ടു വർഷവും നിരന്തര മാനസിക-ശാരീരിക പീഡനങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. ജോലി ഭാരം കൂടുതൽ കൊടുത്തു. ജോലി സമയം നീട്ടി. അങ്ങിനെ വിവിധ പ്രശ്‌നങ്ങൾ ആണ് ഈ രണ്ടു വർഷം അവൾക്ക് നേരിടേണ്ടി വന്നത്. ഇതോടെ ആ ജോലിയിൽ നിന്നും അവൾ മാറി. സന്യാസിനി സമൂഹത്തോട് അവൾ പറഞ്ഞത് ഈ ജോലിയും ഒഴിവാക്കുകയാണ് എന്നാണ്. സ്വതന്ത്രമായി നിന്ന് ജോലി അന്വേഷിക്കാം എന്നാണ് അവൾ സന്യാസിനി സമൂഹത്തോട് പറഞ്ഞത്. അതിനു അവർ സമ്മതം മൂളുകയും ചെയ്തു. ബിന്ദു അവിടെ നിന്ന് ഒഴിഞ്ഞു പോകണം എന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. സന്യാസിനി സമൂഹം വിട്ട ബിന്ദുവിനെ കൂടെ നിർത്താൻ അവർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അവൾക്കും ഒഴിഞ്ഞുപോകാൻ താത്പര്യമുണ്ടായിരുന്നു.

ജോലി അന്വേഷിച്ചപ്പോഴാണ് അവൾ വന്നു വീണ കെണിയുടെ ആഴം തിരിച്ചറിഞ്ഞത്. മാനസിക രോഗം എന്ന് അവൾക്ക് മഠം സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. മാനസിക രോഗം ഉള്ളയാൾക്ക് ആര് ജോലി കൊടുക്കും. ഇപ്പോൾ ആരുമായും ബന്ധമില്ലാതെ ഒറ്റയ്ക്ക് ഒരു ഫ്‌ളാറ്റിലാണ് അവൾ ഇപ്പോൾ കഴിഞ്ഞു പോകുന്നത്. വീട്ടുതടങ്കലിൽ എന്ന പോലെ അവൾ ഒറ്റപ്പെട്ടു കഴിയുകയാണ്. കഴിഞ്ഞ ഒക്ടോബർ ഒന്ന് മുതൽ അവളുടെ വാട്ട്സ് അപ്പ് നിലച്ചു. ബന്ധം നിലച്ചു പോയി. ഇപ്പോൾ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. ഞങ്ങൾ സന്യാസിനി സമൂഹവുമായി ബന്ധപ്പെട്ടു. അവർ പക്ഷെ പ്രതികരിച്ചില്ല. മഠത്തിൽ പോയി നമുക്ക് കുത്തിയിരിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞു. ഒരു തീരുമാനം വേണം. അതിനു നമുക്ക് കുത്തിയിരിക്കാം എന്ന് തീരുമാനമെടുത്തു. മൂന്നു ദിവസം ഇങ്ങിനെ കുത്തിയിരുന്നു. അപ്പോൾ അവർ പറഞ്ഞു. ജനറാൾ ഉഗാണ്ടയിൽ ആണ്. അവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ഞങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി. ഞങ്ങൾ ഏഴു ദിവസം കഴിഞ്ഞു പോകില്ല എന്ന് വന്നപ്പോൾ അവർ അയഞ്ഞു. കോൺവെന്ററിൽ നിന്നും ലെറ്റർ തരാം എന്ന് പറഞ്ഞു. പക്ഷെ ഇവരുടെ ലെറ്റർ വേണ്ട. സന്യാസിനി സമൂഹത്തിന്റെ ജനറാളിന്റെ ലെറ്റർ വേണം എന്ന് ഞങ്ങൾ നിർബന്ധം പിടിച്ചു.

നവംബർ 10 നു അവർ വരുമെന്നും ഞങ്ങളെ കാണുമെന്നും ഈ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമെന്നും അവർ ഞങ്ങൾക്ക് ഇ മെയിൽ നൽകി. കോഴിക്കോട് രൂപതയിലും മാനന്തവാടി രൂപതയിലും ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെത് സീറോ മലബാർ സഭയാണ്. അവളുടെ സന്യാസിനി സമൂഹം ഉള്ളത് ലാറ്റിൻ സഭയും. ഈ കോൺഗ്രിഗേഷന് മേൽ അധികാരമുള്ളത് ഈ സന്യാസിനി സമൂഹത്തിനാണ്. ലാറ്റിൻ സഭയിലെ രണ്ടു പുരോഹിതർ വന്നു ഞങ്ങളോട് സംസാരിച്ചിരുന്നു. വികാരി ജനറലും പ്രൊപ്പൈറ്ററുമാണ് ഞങ്ങളുടെ അടുത്ത് വന്നത്. ഇത് നിങ്ങളുടെ തന്നെ പ്രശ്‌നമാണ്. നിങ്ങളാണ് ഇതിനു ഉത്തരവാദി എന്നാണ് അവർ പറഞ്ഞത്. ഇത് ഞങ്ങൾ സമ്മതിച്ചില്ല. ഇതോടെ പ്രശ്‌നം എങ്ങിനെയും പരിഹരിക്കാം എന്ന് പറഞ്ഞു അവർ തിരികെ പോയി. ലാറ്റിൻ രൂപതയുടെ ബിഷപ്പ് പറഞ്ഞിട്ട് വന്നതാണ് അവർ. അത് കഴിഞ്ഞു ഇപ്പോൾ ഒരു മാസമായി ഒരു വിവരവുമില്ല. ഞങ്ങൾ മാനന്തവാടി ബിഷപ്പ് ജോസ് പെരുന്നേടത്തിനെ ഈ കാര്യം അറിയിച്ചിരുന്നു. മൂന്നാല് തവണ അദ്ദേഹത്തെ വിളിച്ച് ഞങ്ങൾ സഹോദരിയുടെ കാര്യം പറഞ്ഞു. അത് കഴിഞ്ഞു അദ്ദേഹത്തിന്റെ സെക്രട്ടറി എന്റെ അടുത്ത് പറഞ്ഞു. ഈ കാര്യം രൂപത കൈകാര്യം ചെയ്യില്ലെന്നാണ് ബിഷപ്പ് പറഞ്ഞത്.

ഞങ്ങൾ ഉള്ളത് മാനന്തവാടി രൂപതയ്ക്ക് കീഴിൽ ആയതിനാലാണ് ബിഷപ്പിന്റെ അടുക്കൽ പരാതി പറഞ്ഞത്. പിന്നീട് ഞങ്ങൾ ഫെയ്‌സ് ബുക്കിൽ വിവരങ്ങൾ പോസ്റ്റ് ചെയ്ത് തുടങ്ങി. ഇതോടെ ലാറ്റിൻ രൂപത രണ്ടു അൽമായരെ പറഞ്ഞുവിട്ടു. രണ്ടു മണിക്കൂർ ഞങ്ങൾ സംസാരിച്ചു. പ്രശ്‌നം തീർക്കണം എന്നൊക്കെയാണ് അവരും പറഞ്ഞത്. അത് കഴിഞ്ഞു നിങ്ങൾ ഡിമാൻഡ് എഴുതി നൽകണം എന്ന് പറഞ്ഞു. അവളുടെ ജീവിതം നശിച്ചത് കോൺഗ്രിഗേഷനിൽ വന്നിട്ടാണ്. മുന്നോട്ടു ജീവിക്കാൻ യാതൊരു ചുറ്റുപാടുമില്ല. ചികിത്സയ്ക്ക് പണവും വേണം. അതിനായുള്ള തുക എഴുതി നൽകാനാണ് ലാറ്റിൻ സഭ ആവശ്യപ്പെട്ടത്. ഈ നൽകുന്ന തുകയിൽ ബാക്കി വരുന്ന കോൺഗ്രിഗേഷൻ തിരികെ എടുത്തോട്ടെ എന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ ഡിമാൻഡ് എഴുതി നൽകിയതോടെ ലാറ്റിൻ സഭ പിന്നെ ഞങ്ങളെ ബന്ധപ്പെട്ടില്ല. തുക എഴുതിയത് ഒരു കെണിയാണെന്ന് പിന്നീടാണ് മനസിലായത്. തുകയ്ക്ക് വേണ്ടിയുള്ള ഒരു ബാർഗെയിനിങ് ആയി അവർ ഈ സംഭവത്തെ മാറ്റുകയായിരുന്നു. സന്യാസിനിയെ വെച്ച് കുടുംബം വിലപേശുകയാണ് എന്ന രീതിയിൽ അവർ പെരുമാറാൻ തുടങ്ങി. വാർത്താസമ്മേളനം വിളിച്ചതോടെയാണ് ഞങ്ങളുടെത് സന്യാസിനിയെ വെച്ചുള്ള വിലപേശൽ എന്ന രീതിയിൽ അവർ പ്രചാരണം നൽകി തുടങ്ങിയത്-ബിന്റോ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP