Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസമിൽ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം; നോർത്ത് ഈസ്റ്റിനെ പ്രതിഷേധത്തിൽ നിറയ്ക്കുന്നത് അസം അക്കോർഡ് അട്ടിമറിച്ച് ബംഗാളി സംസാരിക്കുന്നവർക്ക് മുൻതൂക്കം കിട്ടുമോ എന്ന ഭയം; ബംഗാളി ഹിന്ദുക്കളെ അധിവസിപ്പിക്കാൻ ആദിവാസി മേഖല കൈയേറുമെന്നും ആശങ്ക; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന പ്രക്ഷോഭം നേരിടാൻ ഇനി സൈന്യത്തെ ഇറക്കിയുള്ള അമിത് ഷായുടെ കാശ്മീർ മോഡൽ

അസമിൽ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം; നോർത്ത് ഈസ്റ്റിനെ പ്രതിഷേധത്തിൽ നിറയ്ക്കുന്നത് അസം അക്കോർഡ് അട്ടിമറിച്ച് ബംഗാളി സംസാരിക്കുന്നവർക്ക് മുൻതൂക്കം കിട്ടുമോ എന്ന ഭയം; ബംഗാളി ഹിന്ദുക്കളെ അധിവസിപ്പിക്കാൻ ആദിവാസി മേഖല കൈയേറുമെന്നും ആശങ്ക; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന പ്രക്ഷോഭം നേരിടാൻ ഇനി സൈന്യത്തെ ഇറക്കിയുള്ള അമിത് ഷായുടെ കാശ്മീർ മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന പ്രക്ഷോഭം നേരിടാൻ സൈന്യം എത്തി. കാശ്മീരിനുള്ള പ്രത്യേക അവകാശം റദ്ദാക്കി കഴിഞ്ഞപ്പോഴുണ്ടായ സ്ഥിതിഗതികളെ നേരിട്ട അതേ രീതി പുറത്തെടുക്കും. അതിശക്തമായ നിലപാടുകൾ എടുക്കാനാണ് തീരുമാനം. പൗരത്വ ബിൽ റദ്ദാക്കമെന്നാണ് ആവരുടെ ആവശ്യം. മുസ്ലീങ്ങളെ ഒഴിവാക്കുന്നതല്ല അവിടുത്തെ പ്രതിഷേധത്തിന് കാരണം. മറിച്ച് ബംഗ്ലാദേശി ഹിന്ദുക്കളെ ഉൾക്കൊള്ളുമ്പോഴുള്ള സാമൂഹിക സാഹചര്യങ്ങളാണ് വിഷയമാകുന്നത്.

പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പൗരത്വ രജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റർ . ബംഗ്ലാദേശിൽനിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ എത്തുന്ന പശ്ചാത്തലത്തിൽ 1951ലാണ് ആദ്യമായി അസമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയത്. രാജ്യത്ത് എൻ.ആർ.സി.യുള്ള ഏക സംസ്ഥാനം അസമാണ്. ബംഗ്ലാദേശിൽനിന്നു കുടിയേറ്റക്കാർ വ്യാപകമായി പ്രവഹിക്കുന്നെന്നും അവർ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടർന്നാണ് ഇത് ഏർപ്പെടുത്തിയത്.

പുതിയ നിയമം വരുമ്പോൾ 2014ന് മുമ്പ് അസമിലെത്തിയവർക്കും പൗരത്വം കിട്ടും. 2005-ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരം 1951-ലെ എൻ.ആർ.സി.യിൽ മാറ്റംവരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005-ലെ കരാർ. അക്കാലയളവിൽ സംസ്ഥാനത്തുടനീളമുണ്ടായ സംഘർഷങ്ങൾ കാരണം എൻ.ആർ.സി. പുതുക്കൽ പൂർത്തിയാക്കാനായില്ല. ഇതിനിടെയാണ് പുതിയ നിയമവുമായി കേന്ദ്രം എത്തുന്നത്.

അതുകൊണ്ടാണ് അസം അക്കോർഡ് വഴിതിരിച്ചുവിടാനുള്ള നീക്കമാണെന്ന ആരോപണവുമായി അസമും നോർത്ത് ഈസ്റ്റും തെരുവിൽ ഇറങ്ങുന്നത്. പുതിയ ബില്ല് അസം അക്കോർഡിന്റെ സാധുത നഷ്ടപ്പെടുത്തില്ലെന്ന് കേന്ദ്രം പറയുന്നു. എന്നാൽ ഇത് പ്രതിഷേധക്കാർ മുഖവിലയ്‌ക്കെടുക്കുന്നില്ല. അസമിലെ തദ്ദേശീയരായ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരാണ് പുതിയ ബില്ല് എന്ന പ്രചാരണവും വ്യാപമാകണ്. പൗരത്വ ബില്ല് അസമിൽ മാത്രം ഒതുങ്ങുന്നതല്ല. രാജ്യം മൊത്തം നടപ്പാക്കുന്നതാണ്. പൗരത്വ ബില്ല് എൻആർസിക്ക് എതിരല്ല. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുകയാണ് എൻആർസിയുടെ ലക്ഷ്യം. എന്നാൽ മൂന്ന് രാജ്യങ്ങളിൽ നിന്ന് അഭയം ചോദിച്ചെത്തിയവരെയാണ് പൗരത്വ ബില്ല് പരിഗണിക്കുന്നതെന്നും സർക്കാർ പറയുന്നു.

പ്രതിഷേധം ബംഗാളി ഹിന്ദുക്കൾക്കെതിരെ

ബംഗാളി സംസാരിക്കുന്നവർക്ക് അസമിൽ മേധാവിത്വം ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. അസമിൽ രണ്ടാം ഭാഷയാണ് ബംഗാളി. ബംഗാളി ഹിന്ദുക്കൾ കൂടുതലും താമസിക്കുന്നത് അസമിലെ ബാരക് വാലിയിലണ്. എന്നാൽ ബ്രഹ്മപുത്ര വാലിയിൽ ബംഗാളി ഹിന്ദുക്കൾ കുറവാണ്. അവിടെയുള്ള ബംഗാളി ഹിന്ദുക്കളാകട്ടെ അസമീസ് ഭാഷയാണ് സംസാരിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു. ബില്ല് പാസായാൽ ബംഗാളി ഹിന്ദുക്കൾ അസമിന് ഭാരമാകുമെന്ന പ്രചാരണവും അസമിൽ നടക്കുന്നുണ്ട്. രാജ്യം മൊത്തമാണ് പൗരത്വ ബില്ല് നടപ്പാക്കുന്നത്. അസമിൽ മാത്രമല്ല. മേൽപറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്ന് വന്നവർ അസമിൽ മാത്രമല്ല താമസിക്കുന്നതെന്നും സർക്കാർ ഉണർത്തുന്നു. എന്നാൽ കൂടുതൽ പേരുള്ളത് അസം ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ്.

ബംഗാളി ഹിന്ദുക്കളെ അധിവസിപ്പിക്കാൻ ആദിവാസി മേഖല കൈയേറാനുള്ള നീക്കം നടക്കുമെന്ന പ്രചാരണവും വ്യാപകമാണ്. ബംഗാളി ഹിന്ദുക്കൾ കൂടുതലുള്ള ബാരക് വാലി, ആദിവാസി മേഖലയിൽ നിന്ന് വളരെ വിദൂരത്താണ് എന്നാണ് സർക്കാർ നൽകുന്ന പ്രതികരണം. ആദിവാസി ഭൂമി സംരക്ഷണ നിയമത്തിൽ യാതൊരു കൈക്കടത്തലും സർക്കാർ നടത്തുന്നില്ല. ആദിവാസി മേഖല ഒഴിവാക്കിയാണ് പൗരത്വ ബില്ല് നടപ്പാക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.

എൻആർസി എന്നാൽ ദേശീയ പൗരത്വ രിജസ്ട്രേഷൻ അഥവാ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്. അസം സംസ്ഥാനത്തിനായി 1951 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ എൻആർസിയുടെ പ്രത്യേക പരിഷ്‌കരണ നടപടികൾ നടക്കുന്നുണ്ടായിരുന്നു. ഇതിന് ശേഷം അസം ദേശീയ പൗരത്വ രജിസ്റ്ററുടെ അന്തിമ പട്ടിക ഓഗസ്റ്റ് 31, 2019 ൽ പുറത്ത് വന്നു.
1980 കളിൽ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം നിരവധി പേരാണ് അസമിലേക്ക് കുടിയേറിയത്. ഇത് നിരവധി പ്രതിഷേധങ്ങൾക്കും പ്രശ്നങ്ങൾക്കും വഴിവെച്ചു. ഇത് അസം അക്കോർഡിന് വഴിതെളിച്ചു.

അസമിൽ ജനിച്ചാലും പൗരത്വമില്ല!

ഇന്ത്യൻ ഭരണകൂടവും അസം മൂവ്മെന്റിന്റെ നേതാക്കളും തമ്മിൽ ഒപ്പുവെച്ച ധാരണയാണ് അസം അക്കോർഡ്. 1985 ലൽ ഡൽഹിയിൽവച്ചാണ് ഇത് ഒപ്പുവെക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ ആറ് വർഷത്തോളം നടത്തിവന്ന പ്രതിഷേധങ്ങൾക്ക് ഇതോടെ വിരാമമായി. അസം അക്കോർഡിന് ശേഷമാണ് അസം മൂവ്മെന്റിലെ നേതാക്കൾ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും അസമിൽ സർക്കാർ രൂപീകരിക്കുന്നതും.

1985 ൽ സിറ്റിസൺഷിപ്പ് ആക്ട് 6എ പ്രകാരം അസാം അക്കോർഡിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇത്. ഇന്ത്യയിൽ 1950 നും 1987നും മധ്യേ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. മാതാപിതാക്കളിൽ ഏതെങ്കിലുമൊരാൾ ഇന്ത്യൻ പൗരനായാൽ 1987 നും 2003 നും മധ്യേ ഇന്ത്യയിൽ ജനിച്ചവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കും. 2003ന് ശേഷം ഇന്ത്യയിൽ ജനിച്ചവരുടെ അച്ഛനും അമ്മയും ഇന്ത്യൻ പൗരന്മാരാണെങ്കിൽ കുട്ടികളും ഇന്ത്യൻ പൗരന്മാരാകും. എന്നാൽ അസമിൽ ഇതല്ല അവസ്ഥ.

ഈ നിയമങ്ങളോ വ്യവസ്ഥകളോ ഒന്നും അസമിന് ബാധകമല്ല. അസം അക്കോർഡ് പ്രകാരം അസമിലെ ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം. ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ല. നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ മാർച്ച് 24, 1971 മുമ്പ് അസമിൽ ജീവിച്ചിരുന്നിരിക്കണം.

1971 ൽ അതിർത്തി കടന്ന അസമിൽ എത്തിയ മാതാപിതാക്കൾക്ക് അതേ വർഷം തന്നെ ജനിച്ച കുഞ്ഞിന് തന്റെ 48 ആം വയസ്സിൽ പൗരത്വം നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം വന്നാൽ ആറു മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകേണ്ടി വരും. ഇതാണ് അസമിനെ പ്രതിഷേധാഗ്നിയിൽ നിറയ്ക്കുന്നത്.

സൈനിക കാവലിൽ ത്രിപുരയും അസമും

ത്രിപുരയിൽ 70 പേർ വീതമടങ്ങുന്ന രണ്ടു സംഘം സൈന്യത്തെ (രണ്ടു കോളം) ഇറക്കി. അസമിലേക്കും രണ്ടു കോളം സൈനികരെ അയച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് 5000 അർധസൈനികരെയും കേന്ദ്രം നിയോഗിച്ചു. അസമിലെ ഗുവാഹത്തിയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. ത്രിപുരയിൽ കാഞ്ചൻപുർ, മനു എന്നിവിടങ്ങളിലാണ് സൈന്യമിറങ്ങിയത്. അസമിൽ ദിബ്രുഗഡ്, ബുൻഗായ്ഗാവ് എന്നിവിടങ്ങളിലേക്കാണ് എത്തുക. പ്രചാരണങ്ങളും അനധികൃത സംഘം ചേരലുകളും തടയാൻ അസമിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ത്രിപുരയിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്കിനു പിന്നാലെ എസ്എംഎസും നിരോധിച്ചു.

അസമിൽ പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിലിറങ്ങിയിരുന്നു. നൂറുകണക്കിനു പേരെ തടവിലാക്കി. 8 ട്രെയിനുകൾ റദ്ദാക്കി. 6 ട്രെയിനുകൾ സർവീസ് വെട്ടിക്കുറച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹി ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ, പ്രതിഷേധം തണുപ്പിക്കാനായി മണിപ്പുരിലും ഇന്നർലൈൻ പെർമിറ്റ് (പുറമേ നിന്നുള്ളവർക്കുള്ള യാത്ര ചെയ്യാൻ പ്രത്യേക പെർമിറ്റ് വേണമെന്ന നിബന്ധന) ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിട്ടു. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ല. സിആർപിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബൽ എന്നീ വിഭാഗങ്ങളെയാണ് വ്യോമമാർഗം എത്തിച്ചത്. കശ്മീരിൽനിന്ന് പിൻവലിച്ച 2000 അർധ സൈനികരും ഇതിൽ ഉൾപ്പെടുന്നു.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ അവിടെ വിന്യസിച്ച അർധ സൈനികരെയാണ് സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. പ്രക്ഷോഭകരെ നിയന്ത്രിക്കാൻ അസമിലെ ദിസ്പുർ, ഗുവഹാട്ടി, ദീബ്രുഘട്ട്, ജോർഘട്ട് എന്നിവിടങ്ങളിൽ പൊലീസ് ലാത്തിചാർജ് നടത്തി. സ്ത്രീകളും മാധ്യമ പ്രവർത്തകരും അടക്കമുള്ളവർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എൻഇഎസ്ഒ) കഴിഞ്ഞ ദിവസം 11 മണിക്കൂർ ബന്ദ് ആചരിച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കി. അസമിലും ത്രിപുരയിലും സ്ഥിതി കലാപസമാനമാണ്. ഒട്ടേറെ വാഹനങ്ങൾക്ക് തീയിട്ടു. ത്രിപുരയിൽ അസം റൈഫിൾസിന്റെ രണ്ട് കോളം ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിവിധ സംഘടനകളും മറ്റും അസമിലെ തിൻസുകിയ, ലുംഡിങ് ഡിവിഷനുകളിൽ ട്രെയിൻ തടയൽ ആഹ്വാനങ്ങൾ നടത്തിയ പശ്ചാത്തലത്തിൽ 12 ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തെരുവിൽ പ്രതിഷേധിക്കുന്ന യുവാക്കൾ ഉൾപ്പെടെയുള്ളവർക്കു പിന്തുണയുമായി സർക്കാർ ജീവനക്കാരും പ്രതിഷേധം ആരംഭിച്ചു. കനത്ത പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ വിമാനത്താവളത്തിൽ കുടുങ്ങിയ അസം മുഖ്യമന്ത്രി ശക്തമായ സുരക്ഷാ അകമ്പടിയിൽ ഔദ്യോഗിക വസതിയിൽ മടങ്ങിയെത്തി.

ത്രിപുരയിൽ പൊലീസ്, ത്രിപുര സ്റ്റേറ്റ് റൈഫിൾസ്, അസം റൈഫിൾസ് എന്നിവയെ വിന്യസിച്ചിട്ടും സംഘർഷം വ്യാപകമായതോടെയാണ് സൈനികത്തെ ഇറക്കിയത്. പല ഭാഗങ്ങളിലും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ത്രിപുരയിൽ പൊലീസിനിടയിലും അതൃപ്തി പടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാനഘടകത്തിനകത്തും പ്രതിഷേധമുണ്ട്. സഖ്യകക്ഷിയായി ഐപിഎഫ്ടി പ്രത്യക്ഷ പ്രക്ഷോഭത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP