Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചരിത്രപരമായ മണ്ടത്തരം തിരുത്തിയെന്ന് കളിയാക്കുന്ന കേന്ദ്ര സർക്കാർ; തള്ളിയത് ആറ് മതങ്ങൾക്കൊപ്പം മുസ്ലിം എന്നു കൂടി ചേർക്കണമെന്നും മൂന്ന് അയൽരാജ്യങ്ങൾ എന്നത് എല്ലാം എന്ന് തിരുത്തണമെന്നുമുള്ള ആവശ്യം; ശ്രീലങ്കൻ തമിഴരെ ഒഴിവാക്കിയതും ചർച്ച; 2014 ഡിസംബർ 31-നു മുമ്പ് എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർ ഇനി ഇന്ത്യക്കാർ; ക്രിമിനൽ നിയമ നിർമ്മാണം എന്ന് പറഞ്ഞ് പ്രതിപക്ഷം ലഹള ഉണ്ടാക്കുന്ന പൗരത്വ ബിൽ വാസ്ഥവത്തിൽ ഇത്രയേറെ ഭയപ്പെടാനുള്ള ഒന്നാണോ?

ചരിത്രപരമായ മണ്ടത്തരം തിരുത്തിയെന്ന് കളിയാക്കുന്ന കേന്ദ്ര സർക്കാർ; തള്ളിയത് ആറ് മതങ്ങൾക്കൊപ്പം മുസ്ലിം എന്നു കൂടി ചേർക്കണമെന്നും മൂന്ന് അയൽരാജ്യങ്ങൾ എന്നത് എല്ലാം എന്ന് തിരുത്തണമെന്നുമുള്ള ആവശ്യം; ശ്രീലങ്കൻ തമിഴരെ ഒഴിവാക്കിയതും ചർച്ച; 2014 ഡിസംബർ 31-നു മുമ്പ് എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർ ഇനി ഇന്ത്യക്കാർ; ക്രിമിനൽ നിയമ നിർമ്മാണം എന്ന് പറഞ്ഞ് പ്രതിപക്ഷം ലഹള ഉണ്ടാക്കുന്ന പൗരത്വ ബിൽ വാസ്ഥവത്തിൽ ഇത്രയേറെ ഭയപ്പെടാനുള്ള ഒന്നാണോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചരിത്രപരമായ മണ്ടത്തരം തിരുത്തുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി ബിൽ! കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത് പറയുന്നത് പ്രതിപക്ഷത്തെ ചൊടിപ്പിക്കാനാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെയും കോൺഗ്രസിന്റെയും പ്രസ്താവന ഒരേ പോലെയാണെന്ന് അമിത് ഷാ പറയുന്നു. പൗരത്വ ബിൽ മുസ്ലിം വിരുദ്ധമല്ല. ജമ്മു കശ്മീരിൽ മുസ്ലീങ്ങൾ താമസിക്കുന്നതുകൊണ്ടാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത് എന്ന് ചിന്തിക്കുന്നത് എന്തിനാണ്. അവിടെ ഹിന്ദുക്കളും ബുദ്ധമതക്കാരും ഇല്ല എന്നാണോ?, എല്ലാവരെയും ഉദ്ദേശിച്ചാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അതെങ്ങനെ മുസ്ലിം വിരുദ്ധമാകും എന്നും അമിത് ഷാ ചോദിച്ചു.എങ്ങനെയാണ് പൗരത്വ ഭേദഗതി ബിൽ മുസ്ലിം വിരുദ്ധം ആകുന്നത്?. മുസ്ലീങ്ങളുടെ പൗരത്വത്തെ കുറിച്ച് ബിൽ എവിടെയും പരാമർശിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എന്നിട്ടും പ്രതിപക്ഷം തെരുവിലാണ്. ന്യൂനപക്ഷ വോട്ടുകൾ പരമാവധി നേടാനുള്ള തന്ത്രമൊരുക്കൽ. 2024ല് തെരഞ്ഞെടുപ്പിൽ വിജയത്തിന് ഇത് അനിവാര്യതയാണെന്ന് കോൺഗ്രസിനും അറിയാം. പൗരന്മാരുടെ കൃത്യമായ കണക്കും തിരിച്ചറിയൽ സംവിധാനവും ഏതൊരു രാഷ്ട്രത്തിന്റെയും അടിസ്ഥാനവിഷയമാണ്. അതിലേക്കുള്ള ആദ്യചുവടാണിത്. നിലവിലുള്ള പൗരന്മാർക്ക് ആർക്കും പൗരത്വം നിഷേധിക്കുന്നില്ല. എന്നാൽ പൗരന്മാരല്ലാത്ത മറ്റുള്ളവരെ പ്രതിപാദിക്കുന്നതാണ് ബിൽ. അങ്ങനെ അനധികൃതമായി കഴിയുന്ന മുസ്ലിം ഒഴികെയുള്ളവർക്ക് മാത്രമായി ആനുകൂല്യം ചുരുക്കുന്നതാണ് പ്രശ്‌നങ്ങൾക്കും വിവാദത്തിനും കാരണം.

മൂന്ന് അയൽരാജ്യങ്ങളിലെ കടുത്ത വേട്ടയാടൽ അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകാനുദ്ദേശിച്ചുള്ളതാണ് ബിൽ എന്ന വാദവുമായി കേന്ദ്ര സർക്കാരും ഇതിനെ പ്രതിരോധിക്കുന്നു. പൗരത്വബില്ലുമായി ബന്ധപ്പെട്ട് മുസ്ലിങ്ങൾക്കിടയിൽ ആശയക്കുഴപ്പവും തെറ്റായവിവരങ്ങളുമാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങൾ ഭയക്കേണ്ടതില്ല. അവർ ഈ രാജ്യത്തെ പൗരന്മാരാണ്. അങ്ങനെതന്നെ തുടരും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാംസ്‌കാരികപൈതൃകവും സവിശേഷതയും സംരക്ഷിക്കാനും പ്രാദേശിക താത്പര്യങ്ങൾ ഉറപ്പുവരുത്താനും കേന്ദ്രസർക്കാർ നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും നോർത്ത് ഈസ്റ്റ് പ്രതിഷേധ അഗ്നിയിലാണ്. ഇത് കേന്ദ്ര സർക്കാരിന് തലവേദനയാണ്. അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തിയ മുസ്ലിങ്ങളൊഴികെയുള്ളവർക്കു പൗരത്വം നൽകുന്നതിനുള്ള പൗരത്വ ഭേദഗതിബിൽ പാർലമെന്റ് പാസാക്കുമ്പോൾ അത് നിയമത്തിലേക്ക് അടുക്കുകയാണ്. എത്രയും വേഗം ബില്ലിൽ രാഷ്ട്രപതിയും ഒപ്പിടും. കഴിഞ്ഞദിവസം ലോക്സഭ അംഗീകരിച്ച ബില്ലിന് രാജ്യസഭയും ബുധനാഴ്ച രാജ്യസഭയും പച്ചക്കൊടികാട്ടി. 125 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 105 പേരാണ് എതിർത്തു വോട്ടുചെയ്തത്.

2014 ഡിസംബർ 31-നുമുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് ഇന്ത്യൻപൗരത്വം നൽകാനാണ് ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. ഇതിൽനിന്നു മുസ്ലിങ്ങളെമാത്രം ഒഴിവാക്കിയതിനെതിരേയായിരുന്നു പാർലമെന്റിൽ പ്രതിപക്ഷപ്രതിഷേധം അലയടിച്ചത്. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അംഗങ്ങൾ ആർക്കും പൗരത്വം നൽകരുതെന്ന നിലപാടിലായിരുന്നു. പാക്കിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നും അഫ്ഗാനിസ്താനിൽനിന്നുമുള്ള മുസ്ലിങ്ങളെ ഇന്ത്യൻ പൗരരാക്കാനാണോ ആവശ്യപ്പെടുന്നതെന്ന് ചർച്ചയ്ക്കു മറുപടിപറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തോടു ചോദിച്ചു. മൂന്ന് അയൽരാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളെ തുല്യരായല്ല പരിഗണിക്കുന്നത്. അവരുടെ ജനസംഖ്യ കുറഞ്ഞു. അവർ ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ മതപരിവർത്തനത്തിനോ ഇന്ത്യയിലേക്കു കുടിയേറാനോ നിർബന്ധിക്കപ്പെടുകയോ ആണ് -ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റിൽ വിജ്ഞാപനം വരുന്നതോടെ 1955-ലെ പൗരത്വ നിയമത്തിനു ഭേദഗതി നടപ്പാവും. കോൺഗ്രസും തൃണമൂൽ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള കക്ഷികൾ ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

സെലക്ട് കമ്മിറ്റിക്കു വിടണമെന്ന കോൺഗ്രസും ഇടതുപക്ഷവും മുസ്ലിംലീഗും ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികളുടെ ആവശ്യവും പ്രതിപക്ഷാംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികളും വോട്ടെടുപ്പിലൂടെ തള്ളിയശേഷമാണ് ബിൽ പൂർണരൂപത്തിൽ സഭ അംഗീകരിച്ചത്. ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പു ബഹിഷ്‌കരിച്ചു. പത്തംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല. കേന്ദ്രസർക്കാർനടപടി ഭരണഘടനാവിരുദ്ധവും ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങളിൽനിന്നുള്ള വ്യതിചലനവുമാണെന്നാരോപിച്ചാണ് ബിൽ സെലക്ട്കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12-നു തുടങ്ങിയ ചർച്ച വൈകീട്ട് ആറരവരെ നീണ്ടു. അതിന് ശേഷം അമിത് ഷായുടെ മറുപടിയും പിന്നെ വോട്ടിനിടലും.

ആറുപതിറ്റാണ്ട് പഴക്കമുള്ള പൗരത്വനിയമമാണ് ഭേദഗതിചെയ്യുന്നത്. ഇത് ധൃതിപിടിച്ചെടുത്ത ഒരു തീരുമാനവുമല്ല. 2014-ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പിൽ ബിജെപി. നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യസംഖ്യത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുന്നതിന്റെ ഭാഗമായിത്തന്നെയാണ് പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 2014 ഡിസംബർ 31-നുമുമ്പായി അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നായി വംശഹത്യഭയന്ന് രക്ഷപ്പെട്ട് ഇന്ത്യയിൽ അഭയംപ്രാപിച്ച അവിടങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദു, സിഖ്, ജൈന, ബൗദ്ധ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകി സംരക്ഷിക്കുന്നതിനാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നിട്ടുള്ളത്. ഇത്തരത്തിലുള്ളവരെ അനധികൃത നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാതെ പൗരത്വം നൽകുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. മാതൃരാജ്യമായ ഭാരതത്തിന് ഇവരെ സ്വീകരിക്കാതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണ്. കഴിഞ്ഞ ലോക്സഭയുടെ കാലത്ത് ബിൽ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പാസാകത്തതിനെത്തുടർന്ന് റദ്ദാവുകയായിരുന്നു.

ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും അഭയാർഥികളായി കഴിയുന്നുണ്ട്. അവർക്കു പോകാൻ വേറെ ഇടമില്ലെന്നതാണ് കാരണം. പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലിങ്ങൾക്ക് ബില്ലിൽ പൗരത്വത്തിന്റെ പരിരക്ഷയില്ല. 1955-ലെ ഇന്ത്യൻ പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷനൽകാൻ പ്രധാനമായും രണ്ടു വ്യവസ്ഥകളാണുള്ളത്. അപേക്ഷിക്കുന്ന വ്യക്തി അവസാന പന്ത്രണ്ടു മാസങ്ങളിൽ ഇന്ത്യയിൽ ഉണ്ടായിരുന്നിരിക്കണം, അവസാന 14 വർഷങ്ങളിൽ 11 വർഷമെങ്കിലും ഇന്ത്യയിൽ കഴിഞ്ഞിരിക്കണം എന്നിവ. ഇതിൽ രണ്ടാമത്തെ വ്യവസ്ഥയായ 11 വർഷം എന്നത് ആറാക്കിക്കുറയ്ക്കുകയാണ് ഭേദഗതി.

നോർത്ത്‌  ഈസ്റ്റും പൗരത്വം രജിസ്റ്ററും

400 അഭയാർഥിക്യാമ്പുകളാണ് രാജസ്ഥാനിലെ ജോധ്പുർ, ജയ്സാൽമീർ, ബിക്കാനീർ, ജയ്പുർ എന്നിവിടങ്ങളിലുള്ളത്. ഇവിടെയുള്ളത് പാക്കിസ്ഥാനികളാണ്. പശ്ചിമബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി ബംഗ്ലാദേശ് അഭയാർഥികളും കഴിയുന്നു. പഞ്ചാബ്, ഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് സിഖ് അഭയാർഥിക്യാമ്പുകളുള്ളത്. പൗരത്വത്തിനായുള്ള ആയിരക്കണക്കിന് അപേക്ഷകളാണ്

ഇത്തരത്തിൽ ഒരു ബിൽ അവതരിപ്പിക്കപ്പെടുമ്പോൾ ഉയർന്നുവരാവുന്ന ആശങ്കകൾ പരിഹരിച്ചുകൊണ്ടുതന്നെയാണ് ബിൽ അവതരിപ്പിച്ചിട്ടുള്ളതും. അതിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗിരിവർഗമേഖലകളിൽ അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നത് സംബന്ധിച്ച് ഉയർന്ന ആശങ്കകൾ കേന്ദ്രസർക്കാർ പരിഗണിച്ചിട്ടുണ്ട്. പുതിയ ഭേദഗതിപ്രകാരം ഇന്നർ ലൈൻ പെർമിറ്റിലുള്ള മേഖലകളും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെടുത്തി ഭരണം നടത്തുന്ന അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗിരിവർഗമേഖലകളും പുതിയ നിയമഭേദഗതിയിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം 23 ശതമാനത്തിൽനിന്ന് നാലുശതമാനമായി. ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തിൽനിന്ന് 79 ശതമാനമായി കുറഞ്ഞു. അതേസമയം, മുസ്ലിങ്ങളുടെ എണ്ണം ഒൻപതിൽനിന്ന് 14 ശതമാനമാകുകയും ചെയ്തു. ബിൽ മുസ്ലിങ്ങളുടെ അവകാശത്തെ കവർന്നെടുക്കുന്നതാണെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്ന് അമിത് ഷാ പറയുന്നു. ഇന്ത്യൻ പൗരത്വത്തിന് നിയമപ്രകാരം അവർക്ക് അപേക്ഷ നൽകാമെന്നും ബില്ലിനെ ആരും ഭയപ്പെടേണ്ടതില്ലെന്നും പൗരത്വത്തിന് അപേക്ഷ നൽകിയാൽ ഉടൻ പിടിച്ച് ജയിലിലടയ്ക്കുമെന്ന ധാരണ ശരിയല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പൗരത്വം ലഭിച്ചാൽ ആ വ്യക്തിക്കെതിരായ എല്ലാ അന്വേഷണങ്ങളും അവസാനിപ്പിക്കാൻ വ്യവസ്ഥയുമുണ്ടെന്നും കേന്ദ്ര സർക്കാർ പറയുന്നു.

പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്കേറ്റ ആഘാതമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്മേൽ പടുത്തുയർത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. 1955ലെ പൗരത്വ ആക്ട് പ്രകാരം ഇന്ത്യയിൽ ജനിച്ച വ്യക്തിക്കോ മാതാപിതാക്കൾ ഇന്ത്യൻ സ്വദേശികളായവർക്കോ, ഒരു നിശ്ചിത കാലയളവിൽ കൂടുതൽ കാലം ഇന്ത്യയിൽ ജീവിച്ച് വളർന്ന വ്യക്തിക്കോ ആണ് ഇന്ത്യൻ പൗരത്വം ലഭിക്കുക. ആക്ട് പ്രകാരം അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരനാകാൻ കഴിയില്ല. ഇതാണ് നിലവിൽ ഭേദഗതി ചെയ്യുന്നത്.

ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രദേശങ്ങൾക്ക് ഈ ബിൽ ബാധകമാകില്ല. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവയാണ് ആ പ്രദേശങ്ങൾ. 1971 മാർച്ച് 24ന് മുമ്പ് അസമിൽ എത്തിയവരാണ് തങ്ങളോ തങ്ങളുടെ പൂർവികരോ എന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളു. അനധികൃത കുടിയേറ്റക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാൽ സിഎബി വ്യക്തമായും മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഈ സംസ്ഥാനങ്ങളിൽ പുതിയ നിയമം എത്തിയാൽ അത് കൂടുതൽ പേർക്ക് പൗരത്വം നൽകാൻ ഇടവരുത്തും. അവിടെ നിരവധി കുടിയേറ്റക്കാരുണ്ട്. ഇതുകൊണ്ടാണ് പ്രതിഷേധ ചൂളയിലേക്ക് അവർ പോകുന്നതും.

പ്രതിപക്ഷം ആയുധമാക്കുന്നത് തമിഴ് വംശജരേയും

ഭരണഘടനാവിരുദ്ധവും അധാർമികവും നിയമവിരുദ്ധവുമാണ് പൗരത്വഭേദഗതി ബിൽ എന്നാണ് പ്രതിപക്ഷ നിലപാട്. മുസ്ലിങ്ങളെമാത്രം ബില്ലിൽനിന്ന് ഒഴിവാക്കിയത് മതാടിസ്ഥാനത്തിൽ രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കാനാണെന്ന് അവർ കുറ്റപ്പെടുത്തുന്നു. ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സർക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

ബില്ലിൽ പറയുന്ന രാജ്യങ്ങളിൽ ഇസ്ലാമികവിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന വാദം തെറ്റാണ്. അഹമ്മദീയരുംമറ്റും പീഡനം നേരിടുന്നു. മാത്രമല്ല, ചില അയൽരാജ്യങ്ങളെ ഒഴിവാക്കി. മ്യാന്മറിൽനിന്ന് രോഹിൻഗ്യൻ മുസ്ലിങ്ങളും ശ്രീലങ്കയിൽനിന്ന് തമിഴ് വംശജരും അഭയാർഥികളായി എത്തി. തമിഴ്‌നാട്ടിൽ 24 ജില്ലകളിലായി രണ്ടായിരത്തിലേറെ ക്യാമ്പുകളിൽ ശ്രീലങ്കയിൽനിന്ന് എത്തിയവർ 35 വർഷത്തിലേറെയായി അഭയാർഥികളായി തുടരുന്നു. ഇവർക്ക് പൗരത്വം നൽകാൻ കേന്ദ്രം തയ്യാറല്ല. മതാടിസ്ഥാനത്തിലുള്ള ഏത് നിയമവും വിലക്കപ്പെട്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെ സർക്കാരിന്റെ തീരുമാനത്തെ 'വിനാശകാലേ വിപരീതബുദ്ധി' എന്ന് വിശേഷിപ്പിക്കാനേ സാധിക്കൂവെന്ന് പ്രതിപക്ഷം പറയുന്നു.

പൗരത്വ ഭേദഗതി ബിൽ ഏതെല്ലാംവിധം ഭരണഘടനാവിരുദ്ധമാകുന്നുവെന്ന് രാജ്യസഭയിലെ ചർച്ചയിൽ പ്രതിപക്ഷാംഗങ്ങൾ വിശദീകരിച്ചപ്പോൾ ഭരണപക്ഷം ഉയർത്തിയത് ദുർബലമായ പ്രതിരോധം. തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തെ ലംഘിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷനിരയിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശർമ, പി ചിദംബരം, കപിൽ സിബൽ (കോൺഗ്രസ്), ടി കെ രംഗരാജൻ, കെ കെ രാഗേഷ്, ബിനോയ് വിശ്വം (ഇടതുപക്ഷം), ഡെറിക്ക് ഒബ്രിയൻ (തൃണമൂൽ), സഞ്ജയ് സിങ് (എഎപി), ജാവെദ് ഖാൻ (എസ്‌പി), സതീഷ്ചന്ദ്ര മിശ്ര (ബിഎസ്‌പി), തിരുച്ചി ശിവ (ഡിഎംകെ), വൈക്കോ (എംഡിഎംകെ) തുടങ്ങിയവർ ചൂണ്ടിക്കാട്ടി.

ഇനി ദേശീയ പൗരത്വ രജിസ്റ്റർ

കേന്ദ്ര സർക്കാർ അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയത്. എന്നാൽ, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റർ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബർ 20ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് 31ന് അന്തിമ പൗരത്വ രജിസ്റ്റർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. അർഹതയുള്ളവർ പോലും പട്ടികയിൽ നിന്ന് പുറത്തു പോയെന്നായിരുന്നു പ്രധാന ആരോപണം. ബംഗാളി ഹിന്ദുക്കൾ ആയിരുന്നു ഇങ്ങനെ പട്ടികയിൽ നിന്ന് പുറത്തു പോയത്.

അതേസമയം, ബംഗാളിൽ ഇത് രാഷ്ട്രീയപരമായി ബിജെപിക്ക് വൻ തിരിച്ചടി ആയിരുന്നു. എന്നാൽ, പൗരത്വ (ഭേദഗതി) ബിൽ വരുമ്പോൾ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തു പോകേണ്ടി വരില്ല. പൗരത്വത്തിനുള്ള ആവശ്യകതകൾ സ്വാഭാവികവൽക്കരണത്തിലൂടെ ബിൽ ഇളവ് ചെയ്തിട്ടുണ്ട്. അനധികൃത ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിങ്ങനെ ആറ് മതങ്ങളിൽ പെട്ടവർക്ക് ഇന്ത്യയിൽ താമസിക്കേണ്ട കാലാവധി ആറ് വർഷമായി ബിൽ കുറച്ചിട്ടുണ്ട്. പൗരത്വനിയമം ലംഘിച്ചാൽ വിദേശിയരായ ഇന്ത്യൻ പൗരന്മാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും സർക്കാർ വാദിക്കുന്നുണ്ട്.

മതത്തിന്റെ പേരിൽ സ്വന്തം രാജ്യവിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ബില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളിൽ നിന്ന് ഇത്തരക്കാരെ രക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് തണലാണ് ഈ ബിൽ എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ബിൽ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും ബിൽ ചരിത്ര പരമാണെന്നും അമിത് ഷാ ഇന്ന് രാജ്യസഭയിൽ പറഞ്ഞു. എന്നാൽ എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം ഒരുക്കുന്നില്ല. പാക്കിസ്ഥാനിൽ അഹ്മദീയ മുസ്ലിം വിഭാഗവും ഷിയാ മുസ്ലിംഗളും വിവേചനം നേരിടുന്നുണ്ട്. ബർമയിൽ രോഹിങ്യൻ മുസ്ലിംഗങ്ങളും ഹിന്ദുക്കളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. മുസ്ലിംഗങ്ങൾക്ക് മറ്റ് ഇസ്ലാം രാജ്യങ്ങളിൽ അഭയം തേടാമെന്ന് കേന്ദ്രസർക്കാർ പറയുന്നു.

1946ലെ ഫോറിനഴ്‌സ് ആക്ട് പ്രകാരവും 1920ലെ പാസ്‌പോർട്ട് ആക്ട് പ്രകാരവും പൗരത്വ നിയമപ്രകാരവും അനുമതിയില്ലാതെ രാജ്യത്തെത്തിയ മുഴുവൻ വിദേശികളേയും അനധികൃത കുടിയേറ്റക്കാരായാണ് നിലവിൽ കണക്കാക്കുന്നത്. ഇതിന്റെ പേരിൽ നിയമ നടപടികളും ഇവർ നേരിടുന്നുണ്ട്. എന്നാൽ പൗരത്വ ഭേദഗതി ബിൽ നിയമമാകുമ്പോൾ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽനിന്ന് നീക്കുമെന്നാണ് ബില്ലിൽ പറയുന്നത്. ഇതുസംബന്ധിച്ച് തുടർന്നുവരുന്ന നിയമ നടപടികളിൽനിന്ന് ഇവർ സ്വമേധയാ ഒഴിവാകും. മാത്രമല്ല ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയും. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമ നടപടികൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ഇവർക്ക് തടസ്സമാകില്ലെന്നും ബില്ലിൽ പറയുന്നു.

ഇനി സുപ്രീംകോടതിയിലേക്ക്

പൗരത്വ ബില്ലിനെ പ്രതിപക്ഷം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. ലോക്‌സഭയിലെ ചർച്ചയിൽ അതിശക്തമായ എതിർപ്പാണ് ശശി തരൂർ ഉന്നയിച്ചത്. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് എതിർപ്പു രേഖപ്പെടുത്തി കൊണ്ടു സംസാരിച്ച തരൂർ വ്യക്തമക്കി. പ്രത്യയശാസ്ത്രം, പ്രദേശം, ഭാഷ എന്നിവയുടെ പേരിൽ സ്വാതന്ത്ര്യ സമരത്തിൽ പോലും വിവേചനം ഉണ്ടായിട്ടില്ല. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. ദേശീയതയുടെ മാനദണ്ഡം മതമാണെന്ന് പറഞ്ഞവർ പാക്കിസ്ഥാനുണ്ടാക്കി പോയെന്നും ഗാന്ധിയും അംബേദ്കറും നെഹ്രുവുമൊന്നും ഇതിനെ അനുകൂലിച്ചില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.

ബിൽ മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് മേലുള്ള ജിന്നയുടെ വിജയമായി അടയാളപ്പെടുത്തുന്നതാണെന്നായിരുന്നു അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്. ഈ ബില്ലിലൂടെ ഹിന്ദു പാക്കിസ്ഥാൻ എന്നതിലേക്ക് രാജ്യം ഒരുപടികൂടി അടുക്കുമെന്നും തരൂർ പറഞ്ഞു. മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയുടെ ആഗ്രഹമായിരുന്നു. എന്നാൽ, ഗാന്ധി അതിനെതിരായിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ ജിന്നയുടെ വാദങ്ങളെ ബിജെപി അംഗീകരിക്കുകയാണ്. ബിജെപി ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ലോക്‌സഭയും രാജ്യസഭയും പൗരത്വ ബിൽ അംഗീകരിച്ചാലും ഇന്ത്യൻ ഭരണഘടനയുടെ മൗലിക തത്വങ്ങളുടെ ലംഘനത്തെ സുപ്രീംകോടതി അംഗീകരിക്കില്ലെന്നും തരൂർ വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെ ആർട്ടിക്കിൾ 14ലും 15ലും പറയുന്നപോലെ തുല്യക്കും മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കുമെതിരെയുള്ള അധിക്ഷേപമായി മാത്രമല്ല, ഇന്ത്യ എന്ന ആശയത്തിന് നേരെയുള്ള ആക്രമണമായാണ് കോൺഗ്രസ് ബില്ലിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ വഞ്ചിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും തരൂർ വ്യക്തമാക്കി. പൗരത്വഭേദഗതി ബില്ലിൽ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ഇത്തരമൊരു നിയമത്തിൽ നിന്നും നമ്മുടെ രാജ്യത്തെയും ആഭ്യന്തരമന്ത്രിയെയും കൂടി രക്ഷിക്കണമെന്നുമായിരുന്നു എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി പറഞ്ഞത്.

'ഇത്തരമൊരു നിയമത്തിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാൻ സ്പീക്കറോട് അഭ്യർത്ഥിക്കുകയാണ്. ഒപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയേയും. അല്ലാത്തപക്ഷം യഹൂദവിരുദ്ധ നിയമമായ ന്യൂറെംബർഗ് റേസ് നിയമവും ഇസ്രഈലി പൗരത്വ നിയമവും നടപ്പിലാക്കിയവർക്കൊപ്പം, ഹിറ്റ്‌ലർക്കും ഡേവിഡ് ബൈൻ ഗുറിയോണിനൊപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തിൽ ചേർത്ത് വെക്കേണ്ടി വരും''- എന്നായിരുന്നു ഉവൈസി പറഞ്ഞത്.

അനധികൃത കുടയേറ്റക്കാർ അഴിക്കുള്ളിലാകും

പ്രതിപക്ഷത്തിന്റെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ട്. പൗരത്വ ബില്ലിന് ശേഷം ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടു വരും. ഇതോടെ അനധികൃത കുടിയേറ്റക്കാരെ മുഴുവൻ കണ്ടെത്തി കേന്ദ്ര സർക്കാർ ജയിലിന് സമാനമായ ക്യാമ്പുകളിൽ അടയ്ക്കും. നിലവിലെ നിയമപ്രകാരം മുസ്ലിം മത വിഭാഗത്തിൽ പെടാത്ത എല്ലാവർക്കും പൗരത്വം ലഭിക്കും. ഇന്ത്യയിൽ കാലാകാലങ്ങളായി കഴിയുന്ന അന്യ നാട്ടിലെ മുസ്ലിം കുടുംബങ്ങൾക്ക് വേറെ വഴിയില്ലാതെയുമാകും.

പൗരത്വ ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയതോടെ ഭീതിയുടെ മുൾമുനയിൽ വയനാട്ടിലെ റോഹിൻഗ്യൻ കുടുംബങ്ങളും കഴിയുകയാണ്. നാല് വർഷമായി വയനാട്ടിൽ കഴിയുന്ന രണ്ട് കുടുംബങ്ങളാണ് പലായന ഭീതി നേരിടുന്നത്. ഇന്ത്യയിൽനിന്നും പോകേണ്ടിവന്നാൽ മരണമല്ലാതെ മറ്റുവഴിയില്ലെന്ന് ഇവർ വിലപിക്കുന്നു. മ്യാന്മറിൽനിന്നും 2013ൽ ഇന്ത്യയിലെത്തിയ അമാനുള്ളയുടെയും മുഹമ്മദ് ഇല്യാസിന്റെയും കുടുംബങ്ങളാണ് പകച്ചുനിൽക്കുന്നത്. അറുപത്തിമൂന്നുകാരനായ അമീനുള്ള ഭാര്യയും അഞ്ച് മക്കളോടുമൊപ്പമാണ് വയനാട്ടിൽ കഴിയുന്നത്. ഇരുപത്തിയാറുകാരനായ ഇല്യാസിനൊപ്പം ഭാര്യ ഗുൽബഹാറും ഒന്നരവയസ്സുകാരി മകൾ ഫാത്തിമയും സഹോദരൻ മുഹമ്മദ് സുബൈറുമുണ്ട് . ഭാര്യ പൂർണ ഗർഭിണിയാണ്. കൽപ്പറ്റ മുട്ടിലിൽ വാടക ക്വാർട്ടേഴ്സുകളിലാണ് ഇവർ കഴിയുന്നത്.

യുഎൻ അഭയാർഥി പട്ടികയിൽ ഉൾപ്പെട്ടവരും യുഎൻ തിരിച്ചറിയൽ രേഖ(യുഎൻഎച്ച്സിആർ) ഉള്ളവരുമായതിനാലാണ് അഭയം നൽകിയതെന്ന് ജില്ലാ പൊലീസ് അധികൃതർ വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിയിലൂടെ അതിർത്തി രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ല. ഇതാണ് ഇവരുടെ ആശങ്ക. 2012ൽ മ്യാന്മറിൽനിന്നും ഇവർ 2013ൽ ഡൽഹിയിലെത്തി. ഇവിടെനിന്നും തമിഴ്‌നാട്ടിലെ റോഹിൻഗ്യൻ അഭയാർഥി ക്യാമ്പിൽ. തമിഴ്‌നാട്ടിൽനിന്നും വയനാട് മുസ്ലിം അനാഥാലയം അധികൃതരാണ് അഭയമൊരുക്കി ജില്ലയിലെത്തിച്ചത്. 2015 ഒക്ടോബറിൽ വയനാട്ടിൽ എത്തി. അഞ്ച് കുടുംബങ്ങളാണ് വന്നത്. മൂന്ന് കുടുംബങ്ങൾ തിരികെ തമിഴ്‌നാട്ടിലേക്ക് പോയി. അനാഥാലയം അധികൃതർ ഇപ്പോൾ കൈയൊഴിഞ്ഞ അവസ്ഥയാണ്. ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിലുള്ള ഉപ്പയേയും ഉമ്മയേയും സഹോദരങ്ങളെയും ഇല്യാസ് കണ്ടിട്ട് ഒമ്പതുവർഷമായി. ഇത് തന്നെയാകും മറ്റ് റോഹിൻഗ്യൻ കുടുംബങ്ങളുടേയും അവസ്ഥ. ഇന്ത്യയിൽ വർഷങ്ങൾക്ക് മുമ്പെത്തിയ മുസ്ലീങ്ങളും രാജ്യത്തിന് പുറത്തേക്കോ ജയിലിന് സമാനമായ ക്യാമ്പിലോ പോകേണ്ടി വരും.

തള്ളിയത് ആറ് മതവിഭാഗങ്ങൾക്കൊപ്പം മുസ്ലിം എന്നുകൂടി ചേർത്തും, മൂന്ന് അയൽരാജ്യങ്ങൾ എന്നത് എല്ലാ അയൽരാജ്യങ്ങളും എന്ന് തിരുത്തണമെന്ന ആവശ്യം

തിങ്കളാഴ്ച ലോക്സഭയിൽ പാസായ ബിൽ ബുധനാഴ്ച രാജ്യസഭയും കടന്നു. എട്ടുമണിക്കൂർ നീണ്ട ചർച്ചയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടിക്കും ശേഷം വോട്ടിനിട്ടാണ് ബിൽ രാജ്യസഭ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന കെ കെ രാഗേഷിന്റെ പ്രമേയം 99 നെതിരെ 124 വോട്ടുകൾക്ക് തള്ളി. സിപിഐ എം രാജ്യസഭ ഉപനേതാവ് എളമരം കരീം, ബിനോയ് വിശ്വം, ഹുസൈൻ ദൽവായ് എന്നിവരും സെലക്ട് കമ്മിറ്റി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നു. ഇവ ശബ്ദവോട്ടോടെ തള്ളി. എളമരം കരീം, ഡെറിക്ക് ഒബ്രിയൻ, ടി കെ രംഗരാജൻ, കെ സോമപ്രസാദ്, അബ്ദുൾ വഹാബ് തുടങ്ങിയവർ മുന്നോട്ടുവെച്ച മറ്റ് ഭേദഗതികളും തള്ളി.

മുസ്ലിങ്ങളെമാത്രം ബില്ലിൽനിന്ന് ഒഴിവാക്കിയത് മതാടിസ്ഥാനത്തിൽ രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കാനാണെന്ന് സിപിഐ എം രാജ്യസഭാനേതാവ് ടി കെ രംഗരാജൻ ചർച്ചയിൽ പറഞ്ഞു. മ്യാന്മറിൽനിന്ന് രോഹിൻഗ്യൻ മുസ്ലിങ്ങളും ശ്രീലങ്കയിൽനിന്ന് തമിഴ് വംശജരും അഭയാർഥികളായി എത്തി. ഇവർക്ക് പൗരത്വം നൽകാൻ കേന്ദ്രം തയ്യാറല്ല. മതാടിസ്ഥാനത്തിലുള്ള ഏത് നിയമവും വിലക്കപ്പെട്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും- രംഗരാജൻ പറഞ്ഞു. പൗരത്വം നൽകാൻ പരാമർശിക്കുന്ന ആറ് മതവിഭാഗങ്ങൾക്കൊപ്പം മുസ്ലിം എന്നുകൂടി ചേർത്തും, മൂന്ന് അയൽരാജ്യങ്ങൾ എന്നത് എല്ലാ അയൽരാജ്യങ്ങളും എന്ന് തിരുത്തിയുമാണ് സിപിഐ എം അംഗങ്ങൾ ഭേദഗതി നിർദ്ദേശിച്ചത്. ബിൽ വിവേചനമരമല്ലെന്നും മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.

എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എൽജെപി, അകാലിദൾ എന്നിവയും എഐഡിഎംകെ, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ടിഡിപി, അസംഗണ പരിഷത്ത്, ബിപിഎഫ്, എൻപിഎഫ് തുടങ്ങിയ കക്ഷികളും ബില്ലിനെ പിന്തുണച്ചു. കോൺഗ്രസ്, ഇടതുപക്ഷം, തൃണമൂൽ, ഡിഎംകെ, ടിആർഎസ്, എസ്‌പി, ബിഎസ്‌പി, എഎപി തുടങ്ങിയ പാർട്ടികൾ വിയോജിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP