Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിപി വധക്കേസ് പ്രതികൾക്ക് സെല്ലിന് പുറത്ത് "കിണ്ണത്തപ്പം" നിർമ്മാണം : കിർമാണി മനോജും അണ്ണൻ സിജിത്തും അനൂപും രാത്രിയിൽ മണിക്കൂറോളം ജയിലിന് പുറത്ത് : മൊബെെൽ ഫോണും ലഹരി മരുന്നും വരെ വിതരണം ചെയ്ത് അധികൃതർ മുമ്പും സേവിച്ചിരുന്ന തടവ് പുള്ളികൾക്ക് ഇപ്പോഴും വിഐപി പരിരക്ഷ

ടിപി വധക്കേസ് പ്രതികൾക്ക് സെല്ലിന് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:  ടിപിവധക്കേസ് പ്രതികൾ ജയിലുകളിൽ പൂർണ വിഐപി പരിരക്ഷ. നിയമം ലംഘിച്ച് സെല്ലിന് പുറത്ത് അധികൃതരുടെ ഒത്താശയോടെ കിണ്ണത്തപ്പം ചുട്ട്കളി. ഇതിനായി ഇവർ ചെലവിടുന്നത് മണിക്കൂറോളം. നിയമം ലംഘിച്ചാണ് രാത്രികാലങ്ങളിൽ ടിപികേസ് കുറ്റവാളികളായ ഇവരെ സെല്ലിന് പുറത്ത് കിണ്ണത്തപ്പം നിർമ്മാണത്തിനായി പുറത്തിറക്കുന്നത്. കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണ് വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്.

കൊലക്കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ അന്ത്യേരി സുരയും ഇവരെ സഹായിക്കാനുണ്ട്. മറ്റു തടവുകാരെ വൈകിട്ട് ആറിനു മുൻപു സെല്ലിൽ കയറ്റിയെന്ന് ഉറപ്പാക്കിയ ശേഷമാണ് നാൽവർ സംഘത്തിനു സെല്ലിനു പുറത്ത് സ്വൈരവിഹാരത്തിന് അവസരമൊരുക്കുന്നതെന്ന് ശ്രദ്ധേയം. മൂന്നു മാസം മുൻപാണ് വിയ്യൂർ സെൻട്രൽ ജയിലിൽ തലശേരി കിണ്ണത്തപ്പം ഉണ്ടാക്കിത്തുടങ്ങിയത്. ഇത് ജയിൽ ഔട്‌ലെറ്റിലൂടെ വിൽക്കാമെന്ന ആശയം അവതരിപ്പിച്ചത് കിർമാണി മനോജും സംഘവുമാണെന്നു വിവരമുണ്ട്. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവർ ഏറ്റെടുത്തു. ചപ്പാത്തി നിർമ്മാണ യൂണിറ്റിൽ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കമുള്ള ജോലികൾക്കിറക്കി വൈകിട്ട് മ‍ൂന്നുമണിയോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‍വഴക്കം.

എന്നാൽ, കിർമാണിയെയും സംഘത്തെയും പുറത്തിറക്കുന്നത് 6.30നു ശേഷമാണ്. ടിപി കേസ് തടവുകാരെ ഒരേ സെല്ലിൽ പാർപ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഇതും ലംഘിക്കപ്പെട്ടു. രാത്രി 9.30 വരെ ഇവർ കിണ്ണത്തപ്പ നിർമ്മാണവുമായി സെല്ലിനു പുറത്തു വിഹരിക്കും.

മൊബൈൽ ഫോണും ലഹരിയും അടക്കമുള്ള സൗകര്യങ്ങൾ യഥേഷ്ടം ഉപയോഗിക്കാനുള്ള മറയാണ് കിണ്ണത്തപ്പം നിർമ്മാണമെന്നു വിവരമുണ്ട്. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയിൽ ഉദ്യോഗസ്ഥരിൽ ചിലർക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാർശകൾ ടിപി കേസ് സംഘം ചെയ്തുകൊടുക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

സർക്കാർ അധികാരത്തിലേറിയതിന് ശേഷം പ്രതികൾക്ക് വാരിക്കോരി സർക്കാർ പരോൾ അനുവദിച്ചിരുന്നതും ഏറെ വിവാദമായിരുന്നു. 90 ദിവസത്തിൽ 15 ത്തെ സാധാരണ പരോളാണ് ഒരാൾക്ക് പരമാവധി ലഭിക്കുക. ഇതുവെച്ച് നോക്കിൽ ഒരാൾക്ക് കിട്ടേണ്ട പരമാവധി പരോൾ ഈ പ്രതികൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കണക്കിനെ വെല്ലുന്ന പരോൾ കണക്കുകളാണ് ഇവർക്ക് ലഭിച്ചിരുന്നത്. പി.കെ കുഞ്ഞനന്തന് അനുവദിച്ചത് 257 ദിവസത്തെ പരോൾ. കെ.സി രാമചന്ദ്രന് 205 ഉം സിജിത്തിന് 186 ദിവസവും പരോൾ അനുവദിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ ദിവസം പരോൾ ലഭിച്ചത് പി കെ കുഞ്ഞനന്തനാണ്. സാധാരണ പരോൾ 135 ദിവസവും അടിയന്തര പരോൾ 122 ദിവസവും അടക്കം ആകെ കുഞ്ഞനന്തൻ പുറത്ത് നിന്നത് 257 ദിവസാണ്. 205 ദിവസം പരോൾ ലഭിച്ച് കെ.സി രാമചന്ദ്രനാണ് കുഞ്ഞനന്തന് പിറകെ വരുന്നത്. 185 ദിവസത്തെ സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളും രാമചന്ദ്രന് ലഭിച്ചു. സിജിത്ത് 186 ദിവസം, മുഹമ്മദ് ഷാഫി 135 ദിവസം കിർമാണി മനോജ് 120 ദിവസം എന്നിവരാണ് കൂടുതൽ ദിവസം പരോൾ അനുവദിക്കപ്പെട്ട മറ്റു പ്രതികൾ. പരോളും കിണ്ണത്തപ്പം നിർമ്മാണവും ഇപ്പോൾ കുറ്റവാളികൾക്കുള്ള വിഐപി പരിരക്ഷതന്നെയെന്നതിൽ സംശയമില്ല.

2012 മെയ്‌ 4-ന് രാത്രി 10 മണിക്കാണ് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. ടി.പിയെ കൊലപ്പെടുത്തിയ കേസിൽ 12 പേരെയായിരുന്നു എരഞ്ഞിപ്പാലം പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതിൽ പതിനൊന്നു പേർക്കും ലഭിച്ചത് ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP