Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർത്തഡോക്സ്-യാക്കോബായ തർക്കം തീർക്കാൻ ഓടുന്നതിനിടെ എത്തിയ പരാതി; മൊഴിയെടുക്കാൻ പരാതിക്കാരനെ വിളിച്ചിട്ടും വരാത്തത് പ്രതിസന്ധിയായി; അന്ത്യശാസനം കൊടുത്തപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; ആരും സഞ്ചരിക്കാത്ത വഴിയിലൂടെ നീങ്ങിയത് തുമ്പുണ്ടാക്കി; പ്രേംകുമാറിനെ നാലാഞ്ചിറയിൽ നിന്ന് പിടികൂടിയത് ബലപ്രയോഗത്തിലൂടെ; ഗൾഫിൽ പോകാൻ ടിക്കറ്റെടുത്ത ഘാതകനെയും കാമുകിയേയും കുടുക്കിയത് ബാലന്റെ നിശ്ചയദാർഡ്യം; ഉദയംപേരൂരിലെ യഥാർത്ഥ നായകൻ ഈ സിഐ തന്നെ

ഓർത്തഡോക്സ്-യാക്കോബായ തർക്കം തീർക്കാൻ ഓടുന്നതിനിടെ എത്തിയ പരാതി; മൊഴിയെടുക്കാൻ പരാതിക്കാരനെ വിളിച്ചിട്ടും വരാത്തത് പ്രതിസന്ധിയായി; അന്ത്യശാസനം കൊടുത്തപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; ആരും സഞ്ചരിക്കാത്ത വഴിയിലൂടെ നീങ്ങിയത് തുമ്പുണ്ടാക്കി; പ്രേംകുമാറിനെ നാലാഞ്ചിറയിൽ നിന്ന് പിടികൂടിയത് ബലപ്രയോഗത്തിലൂടെ; ഗൾഫിൽ പോകാൻ ടിക്കറ്റെടുത്ത ഘാതകനെയും കാമുകിയേയും കുടുക്കിയത് ബാലന്റെ നിശ്ചയദാർഡ്യം; ഉദയംപേരൂരിലെ യഥാർത്ഥ നായകൻ ഈ സിഐ തന്നെ

എം മനോജ് കുമാർ

ഉദയംപേരൂർ: കണക്കുകൂട്ടൽ എല്ലാം ശരിയാവുകയായിരുന്നെങ്കിൽ ബംഗളൂരുവിൽ നിന്നും ദുബായിലേക്ക് പ്രേംകുമാർ പറക്കേണ്ടുന്ന ദിവസമായിരുന്നു ഇന്നലെ. ഭാര്യ വിദ്യയെ കൊലപ്പെടുത്തിയതിന്റെ എല്ലാ പാപഭാരങ്ങളും മറന്നു ദുബായിൽ ആഘോഷമായി ചിലവഴിക്കേണ്ട ദിവസങ്ങളിൽ മനസുറപ്പിച്ച് എല്ലാ ചുവടുവയ്‌പ്പുകളും പൂർത്തിയാക്കുകയും ചെയ്തിരുന്നു. ദുബായിലേക്ക് പോകേണ്ടിയിരുന്ന പ്രേം പക്ഷെ നേരെ പോയത് ജയിലഴികൾക്കുള്ളിലേക്കും. കണക്കുകൂട്ടലിലെ പാളിച്ചയും ഉദയംപേരൂർ സിഐ കെ.ബാലന്റെ ചടുലമായ നീക്കങ്ങളുമാണ് ദുബായിൽ എത്തേണ്ടിയിരുന്ന പ്രേമിനെ നേരെ ജയിലഴിക്കുള്ളിലേക്ക് എത്തിച്ചത്. കൊലയാളി പ്രേം എന്ന് തന്നെ മനസിലാക്കി നിഴൽ പോലെ സിഐ കെ.ബാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്നിലുണ്ടെന്ന് ഇന്നലെ അറസ്റ്റ് വരും വരും വരെ പ്രേമോ, കാമുകി സുനിതയോ മനസിലാക്കിയുമില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയതിന്റെ തിളക്കം ഉദയംപേരൂർ പൊലീസിനു തന്നെയാണ്. അന്വേഷണത്തിനു നേതൃത്വം നൽകിയതിന്റെ തിളക്കം ഉദയംപേരൂർ സിഐ കെ.ബാലനും ലഭിക്കുകയും ചെയ്യുന്നു.

വിദ്യയെ കാണുന്നില്ലെന്ന് പറഞ്ഞു പ്രേം പരാതി നൽകിയ സെപ്റ്റംബർ 23നു ശേഷം ഈ കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയ ശേഷം പ്രേമിന്റെ എല്ലാ നീക്കങ്ങളും പൊലീസ് അതാത് സമയങ്ങളിൽ മനസിലാക്കിയിരുന്നു. എല്ലാ നീക്കങ്ങളും പൊലീസ് അറിയുന്നുണ്ടെന്ന് പ്രേം മനസിലാക്കിയുമില്ല. ദുബായിലേക്ക് യാത്ര തിരിക്കാൻ കഴിയാത്തതിനു പ്രതിക്ക് മുന്നിൽ ഉണ്ടായിരുന്നത് രണ്ടേ രണ്ടു കാരണങ്ങൾ മാത്രമാണ്. ഒന്ന് മകന്റെ ഓർഫനേജ് വാസവും മറ്റൊന്നു സ്‌കൂൾ മാറ്റം പൂർത്തിയാക്കാൻ കഴിയാത്തതും. പക്ഷെ എല്ലാ നീക്കങ്ങളും പൊലീസ് വീക്ഷിച്ചുകൊണ്ടേയിരുന്നുവെന്ന് കസ്റ്റഡിയിൽ വച്ചാണ് പ്രേമിന് ബോധ്യമാകുന്നത്. വിദ്യയെ കാണുന്നില്ല എന്ന് പറഞ്ഞു പരാതി നൽകും. ട്രെയിനിൽ കളഞ്ഞ ഫോൺ ലൊക്കേഷൻ പൊലീസ് അന്വേഷണം നീക്കും. വിദ്യയെ കണ്ടുപിടിക്കാൻ കഴിയില്ല. സുനിതയുമായി തനിക്ക് ഒരുമിച്ച് ജീവിക്കാം എന്നാണ് പ്രേം കരുതിയത്. പക്ഷെ അന്വേഷണ സംഘം ജാഗ്രതയോടെ നിലയുറപ്പിച്ചപ്പോൾ എല്ലാം പൊളിയുകയും പ്രേമും സുനിതയും ജയിലറയിലേക്ക് നീങ്ങുകയും ചെയ്തു.

വിദ്യയെ കാണുന്നില്ലെന്ന് പറഞ്ഞു പ്രേം പരാതി നൽകിയപ്പോൾ ഒരു മാൻ മിസ്സിങ് കേസ് ആണ് ഉദയംപേരൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കം രൂക്ഷമായ സെപ്റ്റംബർ മാസമാണ് പ്രേംകുമാർ ഭാര്യ വിദ്യയെ കാണുന്നില്ല എന്ന പരാതിയുമായി എത്തുന്നത്. സിഐ ബാലൻ യാക്കോബായ-ഓർത്തഡോക്‌സ് പ്രശ്‌നം കാരണമുള്ള തുടർ ഡ്യൂട്ടികളിൽ ആയിരുന്നു. സ്റ്റേഷനിൽ നിന്നും ഇങ്ങിനെ ഒരു പരാതി വന്നു എന്ന് അറിയിപ്പ് കിട്ടിയപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് സിഐ നിർദ്ദേശം നൽകിയത്. തുടർന്ന് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിയെക്കുറിച്ച് നേരിട്ട് അന്വേഷണം തുടങ്ങി. പരാതിക്കാരനായ പ്രേം പക്ഷെ ഒരിക്കലും സിഐയ്ക്ക് മുൻപാകെ പ്രത്യക്ഷപ്പെട്ടില്ല. തുടർച്ചയായി തന്നെ ബാലനും മറ്റു പൊലീസ് ഉദ്യോഗസ്ഥരും പ്രേമിനെ വിളിച്ചു. പക്ഷെ പ്രേം വന്നില്ല. താൻ ഹൈദ്രബാദ് ആണ്. സ്ഥലത്തില്ല, തിരുവനന്തപുരത്ത് ആണ്. ഈ ദിവസങ്ങളിൽ എത്താൻ കഴിയില്ല. എന്നൊക്കെയുള്ള നിസാര കാരണങ്ങൾ നിരത്തി പ്രേം നിരന്തരം ഒഴിഞ്ഞുമാറി.

ഇതോടെ പൊലീസിനും സഹികെട്ടു. സ്ത്രീയ കാണാനില്ല എന്ന കേസാണ്. പരാതിക്കാരൻ നേരിട്ട് വന്നു മൊഴി നൽകണം. കേസിൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തീയാക്കണം. പക്ഷെ പ്രേം എത്തിയില്ല. പകരം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു അപേക്ഷ നൽകി. കേസ് പരിഗണിച്ച ഹൈക്കോടതി ഉദയംപേരൂർ പൊലീസിനോട് വിശദീകരണം തേടി. ഇയാൾക്ക് എതിരെ കേസില്ല. പ്രേംകുമാർ വാദിയുമാണ്. അതിനാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്നു പൊലീസ് കോടതിയിൽ പറഞ്ഞു. ഇതോടെയാണ് മുൻകൂർ ജാമ്യം എന്ന നീക്കം പൊളിഞ്ഞത്. ജാമ്യ നീക്കം പൊളിഞ്ഞതോടെ കൊച്ചി പൊലീസ് കമ്മിഷണർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പ്രേം പരാതി നൽകി. പരാതി നൽകിയ തന്നെ പൊലീസ് ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. ഇതോടെ സിഐയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിളിച്ചു. പ്രേമിന്റെ പരാതി പരിശോധിച്ചു. ഭാര്യയെ കാണാനില്ലാ എന്ന് പരാതി നൽകിയിട്ട് ഒരിക്കൽ പോലും പ്രേം സ്റ്റേഷനിൽ എത്തിയില്ല എന്ന വിവരമാണ് സിഐ അടക്കമുള്ളവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയത്.

പ്രേമിന്റെ പരാതിയിലും ഭാര്യയെ കാണുന്നില്ല എന്ന പരാതിയിലും പൊലീസ് അസ്വഭാവികതകൾ ദർശിച്ചു. ഇതോടെ സൈബർ പൊലീസ് സംഘം ഉൾപ്പെടെ പ്രേമിന് പിന്നാലെയായി. പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയ പ്രേം വെറുതെയിരുന്നില്ല. ഇതിന്നിടയിൽ പ്രേമിന്റെ ഫോണുകൾ എല്ലാം പൊലീസ് നിരീക്ഷണത്തിലാക്കി. ഫോൺ ചെയ്തവർ ആരോക്കെയെന്നും ഇവരും പ്രേമും തമ്മിലുള്ള ബന്ധം എന്തൊക്കെ എന്നും പൊലീസ് നിരീക്ഷണവിധേയമാക്കി. ഇത്തരം കോളുകളിൽ നിന്നാണ് കാമുകി സുനിതയിലേക്കും അന്വേഷണം നീണ്ടത്. പൊലീസ് പ്രേമിന്റെ പിറകെയായി. അന്വേഷണം നടക്കുന്നുണ്ട് എന്ന് മനസിലായപ്പോൾ പ്രേം തന്നെ പൊലീസിനു വിളിച്ചു പറഞ്ഞു. വിദ്യ മിസ്സിങ് അല്ല, താൻ കൊന്നതാണ്. എന്നിട്ടും പക്ഷെ പ്രേം കീഴടങ്ങിയില്ല. ഇതോടെ തങ്ങളുടെ മൂക്കിന്റെ തുമ്പത്ത് തന്നെ പൊലീസ് പ്രേമിനെ തളച്ചിടുകയായിരുന്നു. ഇതാണ് പ്രേം മനസിലാക്കാൻ വൈകിയത്.

ഗൾഫിൽ പോകാൻ എല്ലാ ഒരുക്കങ്ങളും പ്രേം തയ്യാറാക്കി. ഫ്‌ളൈറ്റ് ടിക്കറ്റ് വരെ എടുത്തിട്ടുണ്ട് എന്നാണ് പൊലീസിനു മനസിലാക്കാൻ കഴിഞ്ഞത്. മകളെ ആദ്യം പ്രേം ഓർഫനേജിൽ ആക്കിയിരുന്നു. പക്ഷെ പ്രേമിന്റെ അച്ഛൻ ഇത് മനസിലാക്കി പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി. പിന്നെയുള്ളത് മകനാണ്. മകനുള്ള സ്‌കൂളും ഓർഫനേജുമാണ് പ്രേം തിരിഞ്ഞു നടന്നത്. ഇത് പക്ഷെ കിട്ടാൻ വൈകി. കൊച്ചിയിൽ നിന്നും വിട്ട ശേഷം തിരുവനന്തപുരത്ത് തന്നെയായിരുന്നു പ്രേം തങ്ങിയത്. പൊലീസ് അന്വേഷണം ഭയന്ന് തന്റെ മൊബൈൽ പ്രേം സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ പ്രേം വിളിച്ചിരുന്ന നമ്പരുകളുടെ അഡ്രസ് നോക്കി അവരുടെ വീടുകളിൽ പോയി പൊലീസ് പൊക്കി. പ്രേമിന്റെ നിലവിലെ നമ്പർ ആണ് പൊലീസ് ചോദിച്ചത്.

പ്രേം ബന്ധപ്പെട്ടിരുന്നവർ പുതിയ നമ്പർ പൊലീസിനു നൽകി. ഇതോടെ പ്രേം വീണ്ടും പൊലീസ് നിരീക്ഷണത്തിലായി. തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്നും ഓടിച്ചിട്ടാണ് പൊലീസ് സംഘം പ്രേമിനെ പിടികൂടിയത്. വിദ്യയെ കൊന്നു ബോഡി തള്ളി എന്ന് പറഞ്ഞ തമിഴ്‌നാടെയ്ക്ക് തന്നെ പൊലീസ് പ്രേമിനെ കൊണ്ടുപോയി. തമിഴ്‌നാട് വള്ളിയൂർ പൊലീസ് സ്റ്റേഷനിലേക്ക് ആണ് പൊലീസ് പ്രേമിനെ കൊണ്ടുപോയത്. വള്ളിയൂർ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയതായും പോസ്റ്റ്‌മോർട്ടം കഴിഞ്ഞു കുഴിച്ചിട്ടതായും പൊലീസ് പറഞ്ഞു. വിദ്യയുടെ ഫോട്ടോ തമിഴ്‌നാട് പൊലീസ് ഉദയംപേരൂർ പൊലീസിനു കൈമാറി. പ്രേമിന്റെ അച്ഛനേയും വിദ്യയുടെ അമ്മയെയും പൊലീസ് വിളിച്ചു വരുത്തി. ഫോട്ടോ കാണിച്ചു. ഇത് വിദ്യ തന്നെയെന്നു ഫോട്ടോ കണ്ടു അവർ ഉറപ്പ് വരുത്തി. ഇതോടെ തെളിവുകൾ പൊലീസിന്റെ കൈവശമായി. സുനിതയും താനും കൂടി ആലോചിച്ചാണ് കൊന്നത് എന്നും പ്രേം പറഞ്ഞിരുന്നു. ഇതോടെ കൂട്ടുപ്രതിയായി സുനിതയ്ക്കും വിലങ്ങു വീണു.

സുനിതയ്ക്ക് ഒപ്പം താമസിക്കാൻ വിദ്യയുമായി വിവാഹമോചനത്തിനു ശ്രമിച്ചു എന്നാണ് പ്രേം പൊലീസിനോട് പറഞ്ഞത്. ഉടമ്പടി പ്രകാരം രണ്ടു കുട്ടികളെയും പ്രേം നോക്കാം എന്നായിരുന്നു കരാർ. പക്ഷെ പിന്നീട് പെൺകുട്ടിയെ തനിക്ക് ഒപ്പം നിർത്താം എന്ന് വിദ്യ പറഞ്ഞു. ഈ കാര്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു. ഇതോടെയാണ് വിദ്യയെ കൊല്ലാൻ തീരുമാനിച്ചത് എന്നാണ് പ്രേം പറഞ്ഞത്. വിദ്യയുടെ നാലാമത് വിവാഹമാണ്. പെൺകുട്ടിക്കും ഈ ഗതി വരും. കൂടെ പെൺകുട്ടിയെ അയച്ചാൽ അവസ്ഥ മോശമായിരിക്കും എന്ന് കരുതി. താൻ എതിർത്തു. ഇതാണ് പ്രേമിന്റെ വാദം. ഇത് പക്ഷെ പൊലീസ് വിശ്വസിച്ചിട്ടില്ല. കഴിഞ്ഞ മെയ്‌ 25 ന് പത്താം ക്ലാസിലെ 3 ഡിവിഷനുകളിൽ പഠിച്ചിരുന്ന 50 ലേറെ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമത്തിലാണ് പ്രേംകുമാർ സുനിതയെ കണ്ടുമുട്ടുന്നത്. ഈ ബന്ധമാണ് ഒന്നിച്ചു ജീവിക്കുന്നതിലെക്ക് നയിച്ചത്. ഇതോടെ പ്രേം ഹൈദ്രബാദിലേക്ക് പോവുകയും സുനിതയെ തിരുവനന്തപുരത്തേക്ക് കൂട്ടുകയുമായിരുന്നു. കളിയിക്കാവിള ഗ്രെയ്‌സ് ആശുപത്രിയിൽ നഴ്‌സിങ് സുപ്രണ്ട് ആയി സുനിതയ്ക്ക് ജോലി ശരിയാക്കി നല്കുകയും ചെയ്തു. ഇതോടെയാണ് ഇവർ ഒന്നിച്ചു താമസിക്കുന്ന രീതിയിലേക്ക് മാറിയത്. ഒപ്പം വിദ്യയ്ക്ക് കൊലക്കയർ ഒരുക്കി നൽകുകയും ചെയ്തു.

2008ൽ എസ്‌ഐആയി പൊലീസ് ജീവിതം തുടങ്ങിയതാണ് കേസ് അന്വേഷിക്കുന്ന കെ.ബാലൻ. കോഴിക്കോട് റൂറലിലാണ് എസ്‌ഐ ആയി സർവീസിൽ ബാലൻ ജോയിൻ ചെയ്യുന്നത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ വിവിധ സ്റ്റേഷനുകളിൽ ജോലി നോക്കിയ ശേഷം ഈ വർഷം സിഐ ആയി നിയമിതനായി. 2019 മാർച്ച് മുതലാണ് ഉദയംപേരൂർ സിഐയായി എത്തുന്നത്. വിദ്യ കൊലക്കേസ് പ്രതികളെ പിടികൂടിയതോടെ തിളക്കമുള്ള ഇമേജാണ് സിഐ എന്ന നിലയിൽ ബാലന് ലഭിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP