Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമിത്ഷായുടെ ചാണക്യനീക്കം രാജ്യസഭയിൽ വിജയം കണ്ടാൽ ഇന്ത്യയിലെ അനധികൃത മുസ്ലിം കുടിയേറ്റക്കാർ ഔട്ട്; ആറ് വർഷം ഇന്ത്യയിൽ താമസിച്ചാൽ ഇന്ത്യൻ പൗരത്വം ലഭിക്കുക പാക്കിസ്ഥാനിലേും അഫ്ഗാനിസ്ഥാനിലേയും ബംഗ്ലാദേശിലേയും ഹിന്ദുക്കൾ അടക്കം ആറ് സമുദായങ്ങൾക്ക്; മുസ്സിം സമുദായത്തെ കടന്നാക്രമിക്കുന്ന ബില്ലെന്ന് പ്രതിപക്ഷവും; രാജ്യസഭയിൽ അംഗീകാരം ലഭിച്ച പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ; ബിൽ പാസാകാൻ 128 പേരുടെ പിന്തുണയുമായി എൻ.ഡി.എ; പ്രതിഷേധവുുമായി പ്രതിപക്ഷപാർട്ടികൾ

അമിത്ഷായുടെ ചാണക്യനീക്കം രാജ്യസഭയിൽ വിജയം കണ്ടാൽ ഇന്ത്യയിലെ അനധികൃത മുസ്ലിം കുടിയേറ്റക്കാർ ഔട്ട്; ആറ് വർഷം ഇന്ത്യയിൽ താമസിച്ചാൽ ഇന്ത്യൻ പൗരത്വം ലഭിക്കുക പാക്കിസ്ഥാനിലേും അഫ്ഗാനിസ്ഥാനിലേയും ബംഗ്ലാദേശിലേയും ഹിന്ദുക്കൾ അടക്കം ആറ് സമുദായങ്ങൾക്ക്; മുസ്സിം സമുദായത്തെ കടന്നാക്രമിക്കുന്ന ബില്ലെന്ന് പ്രതിപക്ഷവും; രാജ്യസഭയിൽ അംഗീകാരം ലഭിച്ച പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ;  ബിൽ പാസാകാൻ 128 പേരുടെ പിന്തുണയുമായി എൻ.ഡി.എ; പ്രതിഷേധവുുമായി പ്രതിപക്ഷപാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: മോദിയുടേയും അമിത്ഷായുടേയും രാജ്യ തന്ത്രം ഫലിച്ചാൽ രാജ്യ സഭയിൽ ബിജെപി ഇന്ന് നേടുന്നത് നിർണായക നേട്ടം. വിവാദമായ പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുമ്പോൾ എത്ര അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്ന് ഉച്ചയോടെ അറിയാൻ സാധിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബിൽ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

ചേരി എന്നാൽ കേവല ഭൂരിപക്ഷം വേണ്ട 120 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ബിൽ സഭയിൽ പാസാകു എന്നത് പ്രതിപക്ഷ കക്ഷികൾക്ക് ആശ്വാസമാകുന്നത്. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ഇരുപാർട്ടികളും അംഗങ്ങൾക്കു വിപ്പുനൽകിയിട്ടുണ്ട്.ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ എതിർക്കുമെന്നാണു വിവരം. മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പരോക്ഷമായി വിമർശിച്ചിരുന്നു.

അതേ സമയം സഭയിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ സമരം തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിക്കഴിഞ്ഞു. ബിൽ ഉച്ചയ്ക്ക് 12ന് സഭയിൽ ചർച്ചയ്‌ക്കെടുക്കും. അതേസമയം ബില്ലിൽ ഭേദഗതി നിർദ്ദേശവനുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.എൻഡിഎയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ലോക്‌സഭയിലേതുപോലെ ബിൽ എളുപ്പത്തിൽ പാസാകുമെന്ന നിഗമനത്തിലാണു മോദി സർക്കാരും. നിലവിൽ 240 അംഗങ്ങളുള്ള രാജ്യസഭയിൽ എൻഡിഎയ്ക്കു ഭൂരിപക്ഷമില്ല. എന്നാൽ, ശിവസേനയുടെ മൂന്നു പേർ പ്രതിപക്ഷത്തിനൊപ്പം ചേർന്നാലും രാജ്യസഭയിൽ 127അംഗങ്ങൾ ബില്ലിനെ അനുകൂലിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ; എതിർക്കാൻ 112 പേർ മാത്രം.

തിങ്കളാഴ്ച അർധരാത്രിവരെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ലോക്സഭയിൽ 311 80 എന്ന വൻ ഭൂരിപക്ഷത്തിലാണു ബിൽ പാസായത്.. നിലവിൽ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബിൽ പാസാവാൻ 120 പേരുടെ പിന്തുണ വേണം. ബിജെപി.യുടെ 83 സീറ്റടക്കം എൻ.ഡി.എ.യ്ക്ക് നിലവിൽ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.-11, ബി.ജെ.ഡി.-7, വൈ.എസ്.ആർ. കോൺഗ്രസ്-2, ടി.ഡി.പി.-2 എന്നീ കക്ഷികളിൽനിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബിജെപി. വൃത്തങ്ങൾ പറയുന്നത്. എങ്കിൽ 127 പേരുടെ പിന്തുണയാവും.

ഇതിനിടെ ബില്ലിനെ പിന്തുണക്കുന്നതിൽ നിന്ന് ജെഡിയുവിനെ പിന്മാറ്റാനുള്ള ശ്രമങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ നടക്കുന്നുണ്ട്. ലോക്സഭയിൽ ബില്ലിനെ പിന്തുണച്ചതിനെതിരെ പാർട്ടി ഉപാധ്യക്ഷൻ പ്രശാന്ത് കിഷോറടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ആറ് അംഗങ്ങളാണ് ജെഡിയുവിന് രാജ്യസഭയിലുള്ളത്.പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ പൗരത്വഭേദഗതി ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കനത്ത പ്രതിഷേധവുമായി രംഗത്ത് വന്നതിനിടയിലാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ബില്ലിനെ എതിർത്തു വോട്ടുചെയ്യാൻ അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച വൈകീട്ടു ചേർന്ന കോൺഗ്രസ് ഉന്നതതലസമിതിയോഗം തീരുമാനിച്ചു. 1955-ലെ പൗരത്വചട്ടം ഭേദഗതിചെയ്ത് തയ്യാറാക്കിയ ബിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് അവതരിപ്പിക്കുക.

പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് പിന്തുണച്ച് രാഹുലും

മുസ്ലിങ്ങൾക്കുനേരെയുള്ള പ്രത്യക്ഷവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാർട്ടികളും സാമൂഹികസംഘടനകളും എതിർപ്പുയർത്തിയിരിക്കെയാണ് വിവാദവ്യവസ്ഥകളടങ്ങിയ ബിൽ ബിജെപി സർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ ദിന പരിപാടിയിൽ പറഞ്ഞിരുന്നു. രാജ്യം ഒരു ശരീരമാണെങ്കിൽ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും മമത ബാനർജി പറഞ്ഞിരുന്നു. ബില്ലിനെ ചൊല്ലി ബഹളം ആളികത്തുന്നതിനിടയിലാണ് ഇന്ന് ബിൽ പരിഗണിക്കുന്നത്.

വളരെ വിചിത്രമായ വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളത്. ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകൾ ഒഴികെ ആറ് സമുദായത്തിൽപെട്ട അഫ്ഗദാൻ-പാക്-ബംഗ്ലാദേശി പൗരന്മാർ ആറ് വർഷം ഇന്ത്യയിൽ താമസിച്ചവരെന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വം നൽകും. എന്നാൽ മുസ്ലിംകളെ ജയിലിൽ അടക്കും. 2014 ഡിസംബർ 31-നു മുമ്പു വന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധർ, പാഴ്‌സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് പൗരത്വം നൽകുക. എന്നാൽ മുസ്ലിംകളെ പരിഗണിക്കില്ല. 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പിൽ പുതിയ വ്യവസ്ഥകൾ എഴുതിച്ചേർത്താണ് ഇവർക്ക് പൗരത്വം നൽകാൻഡ ഒരുങ്ങുന്നത്.

എന്നാൽ എത വർഷം ജീവിച്ചവർ ആണെങ്കിലും മുസ്ലീമുകളാണെങ്കിൽ തടങ്കൽ ആയിരിക്കും വിധി. ഒസിഐ കാർഡ് ലഭിച്ചവർ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവാസി പൗരത്വം റദ്ദാക്കാനും ബില്ലിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമേ നിലവിലുള്ള 11 വർഷത്തിനുപകരം അഞ്ചുവർഷം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചാൽ പൗരത്വത്തിന് അർഹരാകും. എന്നാൽ, ഈ ഭേദഗതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളിൽ ബാധകമല്ല. അവിടങ്ങളിൽ കടുത്ത പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഔദ്യോഗിക മതമുണ്ടെന്നും അതിനാൽ ആറ് മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. സ്ഥിരംപീഡനംമൂലം മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇന്ത്യയിലെത്തിയാൽ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിട്ടുപോലും ഇവിടെ തുടരുന്നത് അതുകൊണ്ടാണെന്നും സർക്കാർ വിലയിരുത്തുന്നു.

പൗരത്വബിൽ ആദ്യമായി ലോക്‌സഭയിൽ അവതരിപ്പിച്ചത് 2016 ജൂലായ് 19-ന്. ഓഗസ്റ്റ് 12-ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. 2019 ജനുവരി ഏഴിന് സമിതി റിപ്പോർട്ട് സമർപ്പിച്ചു. അടുത്തദിവസം ബിൽ ലോക്‌സഭ പാസാക്കി. എന്നാൽ, രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. നിലവിലെ ചട്ടം അനുസരിച്ച് അനധികൃത കുടിയേറ്റക്കാരെ പൗരരായി പരിഗണിക്കില്ല. ഇവരെ 1946-ലെ വിദേശപൗരച്ചട്ടം അനുസരിച്ചോ 1920-ലെ പാസ്പോർട്ട് ചട്ടം അനുസരിച്ചോ ജയിലിലടയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യും.

എന്താണ് പൗരത്വ ഭേദഗതി ബിൽ

മതിയായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ഇന്ത്യയിൽ ആറു വർഷമായി താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാർസി, ജൈൻ, സിഖ്, ക്രിസ്ത്യൻ മതവിശ്വാസികൾക്കു പൗരത്വം ഉറപ്പു നൽകുന്നതാണ് പ്രസ്തുത ബിൽ. മതിയായ രേഖകളോടെ ഇന്ത്യയിൽ 12 വർഷം താമസിക്കുന്ന വിദേശികൾക്കു മാത്രം പൗരത്വം നൽകുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് ഇന്ന് അവതരിപ്പിക്കുന്ന ബിൽ. ശ്രീലങ്ക, മ്യാന്മർ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭേദഗതിയുടെ ഇളവ് ലഭിക്കില്ല.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ വംശഹത്യാ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014-നു മുൻപ് ഇന്ത്യയിൽ പ്രവേശിച്ച, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മതിയായ രേഖകൾ ഇല്ലെങ്കിൽ പോലും ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കുന്ന പാസ്പോർട്ട് ഭേദഗതി നിയമം 2015ൽ അവതരിപ്പിച്ച കേന്ദ്ര സർക്കാർ തൊട്ടടുത്ത വർഷം തന്നെ, പൗരത്വ ഭേദഗതി ബില്ലും അവതരിപ്പിച്ചു. ഇപ്പോഴത്തെ പൗരത്വഭേദഗതി ബിൽ കൊണ്ട് ബിജെപി സംതൃപ്തരാകുമെന്ന് കരുതാനാകില്ല. കൂടുതൽ രൂക്ഷമായ ബില്ലുകൾ തിരിക്കിട്ട് തന്നെ ബിജെപി ഇനിയും കൊണ്ടുവരുമെന്നാണ് സൂചന.

ബിൽ നിയമമാകുമ്പോൾ

അസമിൽ പൗരത്വ രജിസ്റ്റർ പുതുക്കിയപ്പോൾ പട്ടികയിൽ ഇടംനേടാനാകാതെ വിദേശികളാക്കപ്പെട്ടത് 19 ലക്ഷം മനുഷ്യരാണ്. മതിയായ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നതിനാൽ പൗരത്വം നിഷേധിക്കപ്പെട്ട, തലമുറകളായി ഇന്ത്യയിൽ താമസിക്കുന്ന 19 ലക്ഷം മനുഷ്യരിൽ ഭൂരിപക്ഷവും മുസ്ലിംകളാകുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ പട്ടിക പുറത്തുവന്നപ്പോൾ ഈ ധാരണകൾ കടപുഴകി. ലക്ഷക്കണക്കിന് ഹിന്ദുക്കൾ പട്ടികയിൽ ഇടംപിടിക്കാതെ വിദേശികളായി. പൗരത്വ ഭേദഗതി ബിൽ നിയമമായാൽ അസമിൽ പട്ടികക്ക് പുറത്തായ യഹൂദരും മുസ്ലിംകളും ഒഴികെയുള്ളവർക്ക് പൗരത്വം ഉറപ്പാകും. അസംഗണ പരിഷത്ത് അരാജക സമരത്തിലൂടെ കണ്ടെത്തിയ പരിഹാരമാർഗം അപ്രസക്തമാകും.

മുസ്ലിംകൾ മാത്രം തടവറകളിലേക്ക് നയിക്കപ്പെടുന്ന ഏറ്റവും പരിഹാസ്യമായ രാഷ്ട്രീയ നാടകമായിരിക്കും ഇനി അസമിൽ സംഭവിക്കുക. അസമിൽ നിന്ന് മറ്റ് ദേശങ്ങളിലേക്ക് ഇതിന്റെ അലയൊലി ഏറെ താമസിയാതെ പടർന്നെത്തും. വർഗീയ ധ്രുവീകരണം ആഴത്തിലും വേഗത്തിലും ഇന്ത്യയിലാകെ പടർത്താൻ പൗരത്വ ഭേദഗതി ബില്ലിലൂടെ സാധിക്കും. എന്നാൽ ബിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും.

2016ൽ ബിൽ ലോക്‌സഭയിൽ പാസ്സാക്കിയപ്പോൾ അസമിൽ മാത്രമല്ല, ഗോത്രവർഗ മേഖലകളിലും എതിർപ്പ് ശക്തമായിരുന്നു. കുടിയേറ്റക്കാർക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ വിഭാഗീയമായി പൗരത്വം നൽകുന്നതിലെ യുക്തിയല്ല ഇക്കൂട്ടർ ചോദ്യം ചെയ്യുന്നത്. തങ്ങളുടെ ദേശത്ത് തങ്ങൾ മാത്രം മതിയെന്ന ശാഠ്യം ഇതിന് പിന്നിലുണ്ട്. അസോം ഗണപരിഷത്ത് അസമിൽ ഉയർത്തി തദ്ദേശീയ വർഗീയ വാദം ഇന്ത്യയിൽ വ്യാപകമാക്കി വർഗീയ ചേരിതിരിവാണ് ബിജെപി ലക്ഷ്യമിടുന്നത്.

പൗരത്വ ഭേദഗതി ബില്ലിന്റെ ഭാവി

2016ൽ ലോക്‌സഭയിൽ ബിജെപി പാസ്സാക്കിയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലെത്തിയെങ്കിലും വിജയം കണ്ടില്ല. കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, എസ്‌പി, ആർ.ജെ.ഡി, ബി.എസ്‌പി, എൻ.സി.പി ഇടതുപക്ഷ പാർട്ടികൾ തുടങ്ങിയവർക്കൊപ്പം ജെ.ഡി (യു), ബി.ജെ.ഡി കക്ഷികൾ കൂടി എതിർത്തതാണ് ബി.ജെപിക്ക് തിരിച്ചടിയായത്. എന്നാൽ ഇപ്പോൾ സ്ഥിതി വിഭിന്നമാണ്. അന്ന് സർക്കാരിനൊപ്പം നിന്ന ശിവസേന ഇപ്പോൾ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞെങ്കിലും തങ്ങളുടെ ഹിന്ദു അജണ്ട ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയുടെ നിലപാട് നിർണായകമാണ്.

ഉദ്ധവ് താക്കറെ നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും ശിവസേന എംപിയുടേതായി പുറത്തുവന്ന പ്രസ്താവന നിരാശജനകമാണ്. രണ്ട് ദിവസം മുമ്പ് ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. എൻ.സി.പി, കോൺഗ്രസ് പിന്തുണയോടെ മഹാരാഷ്ട്രയിൽ ഭരണം നടത്തുന്ന ശിവസേന എൻ.ഡി.എ ബന്ധം അവസാനിപ്പിട്ടുണ്ട്. എന്നാൽ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലെത്തുമ്പോൾ പിന്തുണക്കുകയാണെങ്കിൽ പ്രതിപക്ഷത്തിന് അത് തിരിച്ചടിയാണ്. കഴിഞ്ഞ തവണ ബില്ലിനെ എതിർത്ത ജെ.ഡി (യു), ബി.ജെ.ഡി കക്ഷികളുടെ നിലപാടും നിർണായകമാണ്.

പൗരത്വ ഭേദഗതി ബിൽ ലോക്‌സഭയിൽ അനായാസേന പാസ്സാക്കാൻ ബിജെപിക്ക് കഴിയും. രാജ്യസഭയിൽ ബില്ലിനെ എതിർത്ത് തോൽപിക്കാൻ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാജ്യമെങ്ങും ഉയരുന്നത്. 245 അംഗ രാജ്യസഭയിൽ 238 ആണ് നിലവിലെ അംഗങ്ങൾ. ഏഴ് ഒഴിവുകളുണ്ട്. ഭൂരിപക്ഷത്തിന് 120 പേരുടെ പിന്തുണ വേണം. ബിജെപിക്ക് 81 അംഗങ്ങളും എൻ.ഡി.എക്ക് ആകെ 102 അംഗങ്ങളാണുള്ളത്. 18 പേരുടെ പിന്തുണ കൂടി കണ്ടെത്താൻ ബിജെപിക്ക് കഴിഞ്ഞാൽ ബിൽ നിയമമാകും. 11 അംഗങ്ങളുള്ള എ.ഐ.എ.ഡി.എം.കെയുടേയും ഏഴ് അംഗങ്ങളുള്ള ബി.ജെ.ഡിയുടേയും മൂന്ന് അംഗങ്ങളുള്ള ശിവസേനയുടേയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ കക്ഷികൾ വിട്ടുനിന്നാൽ സർക്കാരിന് കാര്യങ്ങൾ എളുപ്പമാകും.

വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരായ അംഗങ്ങളിൽ ഭൂരിഭാഗത്തിന്റെ പിന്തുണയാണ് ബിൽ പാസാകാൻ വേണ്ടത്. കശ്മീർ, മുത്തലാഖ് ബില്ലുകളിൽ വിനയായത് ഇതാണ്. പ്രതിപക്ഷ അനൈക്യം പ്രയോജനപ്പെടുത്തിയ ബിജെപി ഇത്തവണയും ആ വഴിക്കുള്ള നീക്കം വേഗത്തിലാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കരുതലോടെ നീങ്ങിയില്ലെങ്കിൽ രാജ്യം ഏഴ് പതിറ്റാണ്ട് കാത്തുസൂക്ഷിച്ച മതേതരത്വം എന്ന മഹത്തായ ആശയം ഇന്ത്യയിൽ അസ്തമിക്കും.

സർക്കാരിന് പിന്തുണയുമായി ശിവസേന

കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പൂർണ പിന്തുണ നൽകുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നിർദ്ദേശം തള്ളിയാണ് പൗരത്വ ഭേദഗതിക്ക് ശിവസേന പിന്തുണ നൽകിയിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയാനും പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു പുറത്താക്കപ്പെട്ട ഹിന്ദു, ജൈന, ബുദ്ധ മതക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ അനുകൂലിക്കുമെന്നു സേനാ എംപിയായ അരവിന്ദ് സാവന്താണ് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്ല് രാജ്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും അതിൽ യാതൊരുവധി ഒത്തുതീർപ്പുകളും ഉണ്ടാകില്ലെന്നും ശിവസേന നേതൃത്വം വ്യക്തമാക്കി.

പല്ലും നഖവും ഉപയോഗിച്ച് എതിർക്കും: കോൺഗ്രസ്

പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ്. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് ലോക്?സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയെയും മതേതര മൂല്യങ്ങളെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിനു ശേഷമായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP