Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ഉയർത്താൻ ശ്രമിച്ചത് കഴുത്തിന് പിടിച്ച്; മുഖത്ത് നഖം അമർത്തി മാന്തിയതും കലി തീരാതെ; വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകൻ ശ്രീനിജിനെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ഉയർത്താൻ ശ്രമിച്ചത് കഴുത്തിന് പിടിച്ച്; മുഖത്ത് നഖം അമർത്തി മാന്തിയതും കലി തീരാതെ; വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകൻ ശ്രീനിജിനെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ബാലാവകാശ കമ്മീഷൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദ്ദിച്ച സംഭവത്തിൽ യുപി വിഭാഗം അദ്ധ്യാപകൻ ശ്രീനിജിനെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചതായി സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി സുരേഷ് അറിയിച്ചു. കോഴിക്കോട് റസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകകായിരുന്നു അദ്ദേഹം. കുട്ടിയെ കഴുത്തിന് പിടിച്ചു ഉയർത്താൻ ശ്രമിക്കുകയും മുഖത്ത് നഖം ആഴ്‌ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ അദ്ധ്യാപകൻ മറ്റ് കുട്ടികളെയും സമാനമായി നിലത്തിട്ട് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി മൊഴികളിൽ വ്യക്തമായിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.

ഡിസംബർ രണ്ടിനാണ് കേസിനാസ്പദമമായി സംഭവം നടന്നത്. മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെയും രക്ഷാകർത്താകളുടെയും സഹപാഠികളുടെയും അദ്ധ്യാപകരുടെയും മൊഴികൾ കമ്മീഷൻ രേഖപ്പെടുത്തി. മെഡിക്കൽ കോളേജിൽ നിന്നുള്ള റിപ്പോർട്ട്, പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് എന്നിവ തെളിവായി സ്വീകരിച്ചാണ് കമ്മീഷൻ ഈ നിഗമനത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്നുള്ള നിർദ്ദേശ പ്രകാരം കുട്ടി സെർവിക്കൽ കോളർ ധരിച്ചിരിക്കുകയാണ്.

സ്‌കൂളിൽ അച്ചടക്കരാഹിത്യം കാട്ടുന്ന കുട്ടികളെ ചൂരൽവടി പ്രയോഗിച്ചോ കൈകൊണ്ടോ ശിക്ഷിക്കുന്നത് പുതിയ സ്‌പെഷ്യൽ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകരമാണെന്ന് കമ്മീഷൻ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. സൗജന്യവും നിർബന്ധിത പരമായ വിദ്യാഭ്യാസ ചട്ടം 17 വകുപ്പ് അനുസരിച്ച് ശാരീരികമോ മാനസികമോ ആയി കുട്ടികളെ പീഡിപ്പിക്കുന്നത് കുറ്റകരമാണ്. ബാലനീതി നിയമം 75,82 വകുപ്പുകൾ പ്രകാരം കുട്ടിയെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി ശിക്ഷിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ വളരെ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നതെന്ന് ചെയർമാൻ പറഞ്ഞു.

സമാനമായ നിരവധി കേസുകൾ കേരളത്തിന്റെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അച്ചടക്കം ലംഘിക്കുന്ന കുട്ടികളെ കൗൺസിലിംഗിലൂടെ പൊതുധാരയിലേക്ക് കൊണ്ടുവരാനാണ് അദ്ധ്യാപക സമൂഹം ശ്രമിക്കേണ്ടത്. കാര്യക്ഷമതയും അച്ചടക്കവും നഷ്ടപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെ പൊതു സ്ഥാനത്ത് നിലനിർത്തുന്നത് സമൂഹത്തോടുള്ള സർക്കാറിന്റെ ഉത്തരവാദിത്തതിന്റെ ലംഘനമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഗുരുതരമായ കൃത്യവിലോപം നടത്തിയ അദ്ധ്യാപകനെ വിരമിക്കൽ ആനുകൂല്യങ്ങൾ നിലനിർത്തി നിർബന്ധിത വിരമിക്കലിന് നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ശൂപാർശ ചെയ്തു.

മുമ്പ് സമാനമായ സംഭവത്തിൽ ഈ അധ്യപകനെ ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും ഹിയറിങ് നടത്തി തിരിച്ചെടുക്കുകയായിരുന്നു. ആ കേസിൽ അച്ചടക്ക നടപടി തുടരണമെന്ന് അധികൃതരുടെ നിർദ്ദേശം മാനേജ്‌മെന്റ് നടപ്പാക്കിയിട്ടില്ലെന്ന് കമ്മീഷന് ബോധ്യമായി. പുതിയ കേസിൽ കമ്മീഷന്റെ ശുപാർശ അനുസരിച്ച് അദ്ധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്ത പക്ഷം പിരിച്ചുവിടാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ നിർദ്ദേശ നൽകി. സംഭവം നടന്ന രണ്ടാം തിയതി കുട്ടി നൽകിയ പരാതി തൊട്ടടുത്ത ദിവസം ഹെഡ്‌മാസ്റ്റർ കുന്ദമംഗലം പൊലീസിന് കൈമാറിയെങ്കിലും ഏഴാം തീയതി മാത്രമാണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്.

പ്രതിയായ അദ്ധ്യാപകൻ ആറാം തീയതി വരെ സ്‌കൂളിൽ ഹാജരായിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തതിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മീഷൻ വിലയിരുത്തി. ഈ കാര്യത്തിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിൽ നടപടി എടുക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. കേസിൽ അന്വേഷണത്തിന്റെ ഭാഗമായി 16 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ തെളിവായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP