Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യ അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്.... എന്ന് അമിത് ഷാ; പ്രതിപക്ഷം ഉയർത്തിയത് അഫ്ഗാൻ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നില്ലെന്ന പരിഹാസവും ജ്യോഗ്രഫി അറിയില്ലെന്ന കളിയാക്കലും; പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അവിടെ അഫ്ഗാനുമായി അതിർത്തിയുണ്ടെന്നും തിരിച്ചടിച്ച് താരമായി ആഭ്യന്തര മന്ത്രി; ഇനി രാജ്യസഭാ കടമ്പ; കോടതിയിൽ ചോദ്യം ചെയ്യാൻ പ്രതിപക്ഷവും; ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള ഭേദഗതി ബിൽ ക്ലൈമാക്‌സിലേക്ക്

ഇന്ത്യ അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്.... എന്ന് അമിത് ഷാ; പ്രതിപക്ഷം ഉയർത്തിയത് അഫ്ഗാൻ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നില്ലെന്ന പരിഹാസവും ജ്യോഗ്രഫി അറിയില്ലെന്ന കളിയാക്കലും; പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അവിടെ അഫ്ഗാനുമായി അതിർത്തിയുണ്ടെന്നും തിരിച്ചടിച്ച് താരമായി ആഭ്യന്തര മന്ത്രി; ഇനി രാജ്യസഭാ കടമ്പ; കോടതിയിൽ ചോദ്യം ചെയ്യാൻ പ്രതിപക്ഷവും; ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള ഭേദഗതി ബിൽ ക്ലൈമാക്‌സിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ പൗരത്വഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 7 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ 80നെതിരെ 311 വോട്ടുകൾക്കാണ് ബിൽ പാസായത്. തർക്കങ്ങൾക്കും പോർവിളികൾക്കുമിടെ അനുമതി നേടി ബിൽ അവതരിപ്പിക്കാൻ തന്നെ ഒരു മണിക്കൂറോളം വേണ്ടിവന്നു. രാത്രി 12 മണിയോടെയാണു ചർച്ച പൂർത്തിയായത്. നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്‌സഭയിലെ ചർച്ചയിൽ താരമായത് ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു. കൃത്യമായ പദ്ധതിയോടെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബിൽ.

എൻഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എൻഡിഎയ്ക്ക് പുറത്തുള്ള ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു. ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. മഹാരാഷ്ട്രയിലെ സർക്കാരിന്റെ ഭാവി ചോദ്യചിഹ്നമാക്കുന്ന നിലപാടാണ് ശിവസേന സ്വീകരിച്ചിരിക്കുന്നത്. രാജ്യസഭയിൽ 83 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. ബിജു ജനതാദൾ, എഐഎഡിഎംകെ, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ ബിൽ രാജ്യസഭയിൽ പാസാക്കാമെന്നാണ് ബിജെപി കരുതുന്നത്. രാജ്യസഭയിൽ ബിൽ പാസായാൽ പ്രതിപക്ഷം ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ അറിയിച്ചിട്ടുണ്ട്. കോടതിയിൽ നിയമം നിലനിൽക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

നിശിചത കാലാവധി ഇവർ ഇന്ത്യയിൽ താമസിക്കുന്നവരാണെങ്കിൽ അവർക്ക് അനുവാദം നൽകുന്ന ബില്ലാണ് ഇത്. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. രാജ്യസഭ കൂടി പാസാക്കിയാൽ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബിൽ നിയമമാകും. ചർച്ചയിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് അക്കമിട്ട് അമിത് ഷാ മറുപടി നൽകി. ഇതിന് ശേഷമാണ് ബിൽ വോട്ടിനിട്ടത്. 48 പേരാണ് ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തത്. ബില്ലിൽ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ അടക്കമുള്ളവർ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവർക്ക് പൗരത്വം നൽകണമെന്നാണ് ഭേദഗതിയിൽ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബിൽ പാസാക്കിയത്.

അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അവരുടെ ഭരണഘടനയിൽ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങൾ മറ്റ് സമുദായക്കാരാണ്. അവർ ആ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാർഥികളായാണ് എത്തിയത്. അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയിൽ പറഞ്ഞു. ഇന്ത്യ അതിർത്തി പൻകിടുന്ന മൂന്നു രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്.... എന്ന് അമിത് ഷാ പറഞ്ഞത് സഭയിൽ ചിരി പടർത്തിയിരുന്നു. അഫ്ഗാൻ ഇന്ത്യൻ ഭൂമിയുമായ് അതിർത്തി പങ്കിടുന്നില്ലെന്ന പരിഹാസവും പ്രതിപക്ഷത്ത് നിന്നുണ്ടായി. അമിത് ഷാ യ്ക്ക് ജ്യോഗ്രഫി അറിയില്ല'' എന്ന് കളിയാക്കിയവരും ഉണ്ട്. എന്നാൽ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും പാക് അധീന കാശ്മീർ അഫ്ഗാനുമായി അതിർത്തി പങ്കിടുന്നുണ്ടെന്നും പറഞ്ഞ് അമിത് ഷാ കത്തി കയറി. ഇതോടെ പ്രതിപക്ഷം അടങ്ങി. പാക്കിസ്ഥാനിലേയും അഫ്ഗാനിലേയും ന്യൂനപക്ഷ പീഡനങ്ങൾ എണ്ണി പറഞ്ഞാണ് ബിൽ അവതരിപ്പിച്ചത്.

1951 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1947ൽ 23 ശതമാനമായിരുന്ന പാക്സ്താനിലെ ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശിൽ 22ൽ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഒന്നുകിൽ ഇവർ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകണം അല്ലെങ്കിൽ അവർ കൊല്ലപ്പെട്ടിട്ടുണ്ടാകും. അതുമല്ലെങ്കിൽ അവരെ പുറത്താക്കിയിട്ടുണ്ടാകും. ഇന്ത്യയിൽ 1951 ൽ 9.8 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോൾ 14.3 ശതമാനമായി വർധിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും ലോക്സഭയിൽ അമിത് ഷാ പ്രഖ്യാപിച്ചു. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. കോൺഗ്രസിന്റെ മതേതരത്വമെന്താണെന്ന് മനസിലാകുന്നില്ല. കേരളത്തിൽ മുസ്ലിം ലീഗിനൊപ്പവും മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പവുമാണ് കോൺഗ്രസുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.

ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങളും അമിത് ഷാ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും. ഭരണഘടനയുടെ 14,21,25 എന്നീ അനുഛേദങ്ങളുടെ ലംഘനമല്ല ബില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനെക്കുറിച്ച് തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നു. അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് ബില്ലെന്നും റോഹിങ്ക്യൻ മുസ്ലീങ്ങളെ അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംരക്ഷിത മേഖലകളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് ഇത്. ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ പൗരത്വ ബിൽ കീറിയെറിഞ്ഞ് ഹൈദരാബാദ് എംപി അസദുദീൻ ഒവൈസിയുടെ പ്രതിഷേധം ഏറെ ചർച്ചയായിട്ടുണ്ട്. പൗരത്വ ഭേദഗതി കൊണ്ടുവരുന്നത് രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് നിർദിഷ്ട ഭേദഗതിയെന്നും ബിൽ കീറിയെറിയുന്നതിന് മുമ്പ് ഒവൈസി പറഞ്ഞു. 'ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം ലഭിച്ചത് ദക്ഷിണാഫ്രിക്കയിൽവച്ച് വിവേചനപരമായ പൗരത്വ കാർഡ് കീറിയതിന് പിന്നാലെയാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ താനും അങ്ങനെ ചെയ്യാതിരിക്കേണ്ടതിന് മതിയായ കാരണമില്ല. മുസ്ലിം വിഭാഗക്കാർക്കെതിരായ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ഭേദഗതി' - ഒവൈസി കുറ്റപ്പെടുത്തി. അതിനിടെ, ഒവൈസിയുടെ നടപടി പാർലമെന്റിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഭരണകക്ഷി എംപിമാർ ആരോപിച്ചു. 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാൻ ലക്ഷ്യമിടുന്നതാണ് ബിൽ. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർ ആറുവർഷം ഇന്ത്യയിൽ താമസിച്ചാൽ ആവശ്യത്തിനു രേഖകൾ ഇല്ലെങ്കിൽപ്പോലും പൗരത്വം നൽകുന്നതാണു കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഒരുങ്ങുന്ന ഭേദഗതി.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗികമതമുണ്ടെന്നും ഇവിടങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ, സിഖുകാർ, ബൗദ്ധർ, പാഴ്സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നീ മതവിഭാഗങ്ങൾക്ക് കടുത്ത വിവേചനം അനുഭവിക്കുന്നു എന്നതാണ് കേന്ദ്രസർക്കാരിന്റെ വാദം. അഭയാർഥികളായി ഇന്ത്യയിൽ എത്തുന്നവർ നിലവിൽ 11 വർഷം തുടർച്ചയായി ഇന്ത്യയിൽ താമസിച്ചാലേ പൗരത്വം ലഭിക്കുകയുള്ളൂ. പുതിയ ഭേദഗതിപ്രകാരം ഇത് അഞ്ചുവർഷമായി ചുരുങ്ങും. എന്നാൽ, അഭയാർഥികളെ മുസ്ലിം, ഇതരർ എന്നിങ്ങനെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് യോജിച്ച നിലപാടല്ലെന്നാണ് ഉയരുന്ന ആരോപണം. മുത്തലാഖ്, കശ്മീരിന് പ്രത്യേകപദവി തുടങ്ങിയ വിഷയങ്ങളിലെന്നപോലെ പൗരത്വപ്രശ്നത്തിലും ബിജെപി സർക്കാർ മുസ്ലിംവിരോധം കലർത്തുകയാണെന്നും ഇടതുപക്ഷം ആരോപിക്കുന്നു. അഭയാർഥിപ്രശ്‌നത്തിൽ ദേശീയ നിയമഭേദഗതി കൊണ്ടുവരുമ്പോൾ, അത് മൂന്ന് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിൽനിന്ന് സർക്കാരിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്.

ബില്ലിൽ പറയുന്ന രാജ്യങ്ങളിൽനിന്നല്ലാതെയും നിരവധിപേർ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്. ശ്രീലങ്കയിൽനിന്ന് കുടിയേറിയ ഒരുലക്ഷത്തിലേറെ തമിഴ് വംശജർക്ക് പൗരത്വം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുമുണ്ട്. ഇതും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാൽ ശ്രീലങ്ക മതേതരത്വ രാജ്യമാണമെന്ന വാദമാണ് അമിത് ഷാ ഉയർത്തുന്നത്. ലോക്‌സഭയിലെ ചർച്ചയിൽ കോൺഗ്രസ് നേതൃത്വത്തിൽ യുപിഎ ഘടകകക്ഷികളും ഇടതുകക്ഷികൾ, തൃണമൂൽ കോൺഗ്രസ്, ബിഎസ്‌പി, എസ്‌പി, ആർഎസ്‌പി, ടിആർഎസ്,എഐഎംഐഎം, സിക്കിം ക്രാന്തികാരി മോർച്ച തുടങ്ങിയവരും ബില്ലിനെ എതിർത്തു. എൻ.കെ. പ്രേമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എ.എം.ആരിഫ്, ശശി തരൂർ, ഭർതൃഹരി മെഹ്താബ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ഹൈബി ഈഡൻ, എന്നിവരുടെ ഭേദഗതി വോട്ടിനിട്ടു തള്ളി.

2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയവർക്കു പൗരത്വം ലഭിക്കും. ആർക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കിൽ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും. 11 വർഷം ഇന്ത്യയിൽ താമസിച്ചാലേ പൗരത്വത്തിന് അർഹതയുണ്ടാകൂ എന്ന വ്യവസ്ഥ 5 വർഷം വരെ എന്നാക്കി കുറച്ചിട്ടുണ്ട്. ഭരണഘടനയുടെ ആറാംപട്ടിക പ്രകാരം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള സംരക്ഷണം തുടരും. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മണിപ്പുരിനു കൂടി ഇന്നർലൈൻ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി. ഇനി മണിപ്പുരിലേക്കു പോകാനും പെർമിറ്റ് വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP