Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ബില്ലിന്റെ പേരിൽ കലാപത്തിന് ശ്രമം; പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് നാല് ശതമാനമായി; ഇതേസമയം ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനവും; മുസ്ലിംങ്ങൾ 9 ശതമാനത്തിൽ നിന്ന് 14 ശതമാനവും; റോഹിങ്യൻ മുസ്ലിംങ്ങളെ അംഗീകരിക്കില്ല; രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിച്ചത് കോൺഗ്രസ്; കേരളത്തിൽ മുസ്ലിംലീഗും മഹാരാഷ്ട്രയിൽ ശിവസേനയും സഖ്യകക്ഷികൾ; അസംകാരും ബംഗാളികളും പേടിക്കേണ്ടതില്ല; പൗരത്വബില്ലിലെ ആരോപണത്തിന് മറുപടിയുമായി അമിത്ഷാ

പൗരത്വ ബില്ലിന്റെ പേരിൽ കലാപത്തിന് ശ്രമം; പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് നാല് ശതമാനമായി; ഇതേസമയം ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനവും; മുസ്ലിംങ്ങൾ 9 ശതമാനത്തിൽ നിന്ന് 14 ശതമാനവും; റോഹിങ്യൻ മുസ്ലിംങ്ങളെ അംഗീകരിക്കില്ല; രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിച്ചത് കോൺഗ്രസ്; കേരളത്തിൽ മുസ്ലിംലീഗും മഹാരാഷ്ട്രയിൽ ശിവസേനയും സഖ്യകക്ഷികൾ; അസംകാരും ബംഗാളികളും പേടിക്കേണ്ടതില്ല; പൗരത്വബില്ലിലെ ആരോപണത്തിന് മറുപടിയുമായി അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബില്ലിന്മേൽ ചർച്ചകൾക്ക് ശേഷം പ്രതിപക്ഷ ആരോപങ്ങൾക്ക് എണ്ണിപ്പറഞ്ഞ് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച ആരോപണങ്ങൾക്കാണ് മറുപടിയുമായി ഷാ രംഗത്തെത്തിയത്. പൗരത്വ ബില്ലിന്റെ പേരിൽ കലാപത്തിന് ശ്രമമെന്ന് അമിത് ഷാ പറഞ്ഞു. കള്ളപ്രചാരണം വിജയിക്കില്ലെന്നും ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം ചർച്ചക്ക് മറുപടിയായി പറഞ്ഞു. അമിത്ഷായുടെ പ്രസംഗത്തിൽ പലയിടത്തും പ്രകോപന പരമായ പാരാമർശങ്ങൾ കടന്നുവന്നതോടെ ഇടയ്ക്ക് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ബഹളം വെച്ചു. കോൺഗ്രസിനെ പരിഹസിച്ചു കൊണ്ടാണ് അമിത്ഷാ മറുപടി നൽകിയത്. ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവൻ നടപ്പിലാക്കുമെന്നും കോൺഗ്രസ് മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ പട്ടികയ്ക്ക് ശേഷം നുഴഞ്ഞു കയറ്റക്കാരായ ആരും രാജ്യത്ത് ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞു.

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് 4 ശതമാനമായി. ഇതേസമയം ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനമായി. മുസ്ലിംങ്ങൾ 9 ശതമാനത്തിൽ നിന്ന് 14 ശതമാനമായി മാറി. റോഹിങ്യൻ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്നും അമിത് ഷാ തുറന്നടിച്ചു. ഇന്ത്യയിലെ മുസ്ലിംങ്ങൾ പൗരത്വ രജിസ്റ്ററിന്റെ പേരിൽ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസമിനും ബംഗാളികൾക്കും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പഞ്ഞു.

ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ല. ന്യൂനപക്ഷങ്ങൾക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരിൽ പ്രവേശിക്കാനും ഇനി മുൻകൂർ അനുമതി വേണമെന്ന് ചട്ടം കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസ് മതത്തിന്റെ പേരിൽ വിഭജിക്കുന്നു എന്നു പറഞ്ഞതിന് ഉദാഹരണമായി കേരളത്തിൽ മുസ്ലിംലീഗുമായി കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസ് മഹാരാഷ്ട്രയിൽ ശിവസേനയുമായി കൂട്ടുകെട്ടുണ്ടാക്കിയ കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇത് പ്രതിഷേധത്തിനും ഇടയാക്കി. നെഹ്രുവാണ് സമുദായത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകിയതെന്നും ഷാ വിമർശിച്ചു.

പ്രതിപക്ഷം രാജ്യത്ത് ഭയത്തിന്റെ സാഹചര്യമാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന കള്ളപ്രചരണം വിജയിക്കില്ല. പ്രത്യേക അവകാശമുള്ള ഗിരിവർഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെർമിറ്റ് ആവശ്യമുള്ള നാഗാലാൻഡ്, മിസോറം, അരുണാചൽപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളെയും ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ ശ്രമം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉള്ളവർ ഭയപ്പെടേണ്ടെന്ന് അമിത്ഷാ വ്യക്തമാക്കുകയും ചെയ്തു.

ശക്തമായ എതിർപ്പുയർത്തി പ്രതിപക്ഷം

ദേശീയ പൗരത്വ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. അവതരണത്തിന് എതിരെ ശക്തമായി തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. എങ്കിലും സ്പീക്കർ ബിൽ അവതരിപ്പിക്കാൻ അനുമതി നൽകി. ബില്ലവതരണത്തെ അനുകൂലിച്ച് 293 പേർ ലോക്‌സഭയിൽ വോട്ട് ചെയ്തപ്പോൾ എതിർത്തത് 82 പേരാണ്. ബില്ലവതരണത്തെ കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിംലീഗും ഡിഎംകെയും എൻസിപിയും ബിഎസ്‌പിയും എതിർത്തു വോട്ട് ചെയ്തപ്പോൾ ശിവസേന അനുകൂലിച്ചു. ടിഡിപിയും ബിജു ജനതാദളും പിന്തുണച്ച് വോട്ട് ചെയ്തു. സമാനമായ നിലപാട് തന്നെയായിരിക്കും ബില്ലിന്മേൽ ഈ പാർട്ടികൾ ചർച്ചയ്ക്ക് ശേഷമുള്ള വോട്ടെടുപ്പിലും സ്വീകരിക്കാൻ സാധ്യത. എങ്കിലും ബില്ലിന് ലോക്‌സഭ കടക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

ബില്ലവതരണം വേണോ വേണ്ടയോ എന്ന ചർച്ചയിലും തുടർന്ന് വൈകിട്ട് ബില്ല് മേശപ്പുറത്ത് വച്ച ശേഷം നടന്ന ചർച്ചയിലും പ്രതിപക്ഷവും അമിത് ഷായും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നത് ലോക്‌സഭ കണ്ടു. ''പൗരത്വബില്ല് 0.001% പോലും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരല്ല'' എന്ന് അമിത് ഷാ. ചരിത്രത്തിലാദ്യമായാണ് ന്യൂനപക്ഷങ്ങളെ കൃത്യമായി ഉന്നം വച്ച് ഇത്തരമൊരു നിയമനിർമ്മാണം നടക്കുന്നതെന്നും, ഇത് അപലപനീയമാണെന്നും കോൺഗ്രസ് എംപിയും കക്ഷിനേതാവുമായ അധിർ രഞ്ജൻ ചൗധരി. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസാകട്ടെ ബില്ലിനെ ഭരണഘടനാവിരുദ്ധമെന്നും, ആളുകളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമെന്നുമാണ് വിളിച്ചത്.

മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്കാനുള്ള ബില്ലിൽ വലിയ പ്രതിഷേധമാണ് ലോക്‌സഭയിൽ അലയടിച്ചു. മതാടിസ്ഥാനത്തിൽ ജനങ്ങളെ തരംതിരിക്കുന്ന ബിൽ കോടതിയിൽ തള്ളിപ്പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. പൊട്ടിത്തെറിച്ചായിരുന്നു അമിത് ഷായുടെ മറുപടി. ''കോൺഗ്രസ് മതാടിസ്ഥാനത്തിലല്ലേ രാജ്യത്തെ വിഭജിച്ചത്? അങ്ങനെ വിഭജനം നടന്നില്ലായിരുന്നെങ്കിൽ ഇന്ന് പൗരത്വ ഭേദഗതി ബില്ല് തന്നെ വേണ്ടി വരുമായിരുന്നില്ല. കോൺഗ്രസാണ് ഈ രാജ്യത്തെ മതാടിസ്ഥാനത്തിൽ വെട്ടിമുറിച്ചത്. ഞങ്ങളല്ല'', അമിത് ഷാ സഭയിൽ പൊട്ടിത്തെറിച്ചു.

എന്നാൽ കോൺഗ്രസിന്റെ മനീഷ് തിവാരി, മറുപടി പ്രസംഗത്തിൽ ഇതിന് തിരിച്ചടിച്ചു. ''ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യം അവതരിപ്പിച്ചതാരാണ്? ഹിന്ദു മഹാസഭയല്ലേ?'', മനീഷ് തിവാരി ചോദിച്ചു. ഇന്ന് വീർ സവർക്കർ എന്ന് ആർഎസ്എസ്സും സംഘപരിവാറും വിളിക്കുന്ന സവർക്കറാണ് 1935-ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദുമഹാസഭാ സമ്മേളനത്തിൽ രാജ്യത്തെ രണ്ടായി വിഭജിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. അത്തരം പ്രചാരണമാണ് സംഘപരിവാർ പിന്നീട് ഈ രാജ്യത്ത് നടത്തിയതെന്നും മനീഷ് തിവാരി ആഞ്ഞടിച്ചു. ബില്ലിലൂടെ ശ്രമിക്കുന്നത് വർഗീയ സംഘർഷത്തിനാണെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. പൗരത്വ ബിൽ പാസ്സാക്കുന്നത് മുഹമ്മദലി ജിന്നയുടെ ആശയങ്ങളുടെ വിജയമാകുമെന്ന് ശശിതരൂർ പ്രതികരിച്ചു.


അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു. പാർലമെന്റിന് പുറത്ത് മുസ്‌ലിംലീഗ് എംപിമാരുടെ നേതൃത്വത്തിൽ ബില്ലിനെതിരെ പ്രതിഷേധച്ചു. ആസാം അടക്കം നിരവധി കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. ബില്ലിനെതിരെ രണ്ട് ദിവസത്തെ ബന്ദിനാണ് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ കിഴക്കൻ സംസ്ഥാനങ്ങളിലും ബന്ദ് നടത്തണമെന്ന് നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനുമുള്ള മുന്നറിയിപ്പാണെന്ന് എ.കെ.ആർ.എസ്.യു ജനറൽ സെക്രട്ടറി ഗോകുൽ ബാർമൻ പറഞ്ഞു.

ത്രിപുരയിൽ ഐ.പി.എഫ്.ടിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. കൊൽക്കത്ത, ഡൽഹി, കർണ്ണാടക അടക്കമുള്ളിടങ്ങളിലും ബില്ലിനെതിരായി പ്രതിഷേധം അരങ്ങേറി. പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമക്ക് മുമ്പിൽ മുസ്‌ലിംലീഗ് എംപിമാർ പ്രതിഷേധിച്ചു. ബില്ലിനെതിരെ ശിവസേന പത്രം സാമ്‌ന രൂക്ഷ വിമർശനം ഉന്നയിച്ചു. നിയവിരുദ്ധമായി എത്തുന്ന നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക തന്നെ വേണം. എന്നാൽ ബിജെപി കളിക്കുന്നത് വോട്ട് ബാങ്ക് രാഷ്ടീയമാണെന്നും സമൂഹത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും ബിൽ രാജ്യത്തെ ഹിന്ദു മുസ്‌ലിം ഭിന്നിപ്പുണ്ടാക്കാൻ വഴിവെക്കുമെന്നും ശിവസേന കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP