Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേശീയതയുടെ മാനദണ്ഡം മതമാണെന്ന് പറഞ്ഞവർ പാക്കിസ്ഥാനുണ്ടാക്കി പോയി; അമിത് ഷാ പിന്തുടരുന്നത് അവരുടെ നയമെന്ന് വിമർശിച്ച് ശശി തരൂർ; അമിത്ഷായെ ഹിറ്റ്‌ലറോട് ഉപമിച്ച് ഉവൈസിയും ബില്ലിൽ മുസ്ലിം സമുദായത്തെ ഒഴിവാക്കിയെന്ന് വാദിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും; ഒരു മതത്തെയും പരാമർശിച്ചില്ലെന്ന് അമിത്ഷായും; ബില്ലിന്റെ ചർച്ചാവേളയിൽ സഭയിൽ എത്താതെ രാഹുലും മോദിയും; വാദപ്രതിവാദങ്ങൾക്കൊടുവിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനെ എതിർത്തത് 82 പേർ മാത്രം; ശിവസേന വോട്ട് ചെയ്തത് അനുകൂലമായി

ദേശീയതയുടെ മാനദണ്ഡം മതമാണെന്ന് പറഞ്ഞവർ പാക്കിസ്ഥാനുണ്ടാക്കി പോയി; അമിത് ഷാ പിന്തുടരുന്നത് അവരുടെ നയമെന്ന് വിമർശിച്ച് ശശി തരൂർ; അമിത്ഷായെ ഹിറ്റ്‌ലറോട് ഉപമിച്ച് ഉവൈസിയും ബില്ലിൽ മുസ്ലിം സമുദായത്തെ ഒഴിവാക്കിയെന്ന് വാദിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും;  ഒരു മതത്തെയും പരാമർശിച്ചില്ലെന്ന് അമിത്ഷായും; ബില്ലിന്റെ ചർച്ചാവേളയിൽ സഭയിൽ എത്താതെ രാഹുലും മോദിയും; വാദപ്രതിവാദങ്ങൾക്കൊടുവിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനെ എതിർത്തത് 82 പേർ മാത്രം; ശിവസേന വോട്ട് ചെയ്തത് അനുകൂലമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുകൾക്ക് ഇടയിലാണ് ഇന്ന് ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിച്ചത്. ഇന്ത്യൻ ഭരണഘടനയ്ക്ക് തന്നെ എതിരാണ് എന്ന വാദമുയർത്തിയാണ് പ്രതിപക്ഷം ബിൽ അവതരണത്തെ എതിർത്തത്. ഇന്ത്യൻ പാർലമെന്റിൽ ഒരു കാരണവശാലു ബിൽ അവതരിപ്പിക്കാൻ പാടില്ലെന്ന നിലപാട് ശശി തരൂരിനെ പോലുള്ളവർ ഉയർത്തിയെങ്കിലും ബിൽ സർക്കാർ അവതരിപ്പിച്ചു. വോട്ടെടുപ്പോടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. ബില്ലിനെ അനുകൂലിച്ച് 293 പേർ വോട്ട് ചെയ്തപ്പോൾ, 82 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. 375 പേരാണ് ഇന്നു സഭയിലെത്തിയത്. എൻ.ഡി.എ വിട്ട ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു എന്നതും ശ്രദ്ധേയമായി. തുടക്കത്തിൽ വിമർശനങ്ങൾ ഉന്നയിച്ചെങ്കിലും തങ്ങളുടെ അടിസ്ഥാന പരമായി ഐഡിയോളജി വിട്ടു കളിക്കാൻ ശിവസേന തയ്യാറായില്ല.

അതേസമയം അതിശക്തമായ എതിർപ്പാണ് ശശി തരൂർ ഉന്നയിച്ചത്. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് എതിർപ്പു രേഖപ്പെടുത്തി കൊണ്ടു സംസാരിച്ച തരൂർ വ്യക്തമക്കി. പ്രത്യയശാസ്ത്രം, പ്രദേശം, ഭാഷ എന്നിവയുടെ പേരിൽ സ്വാതന്ത്ര്യ സമരത്തിൽ പോലും വിവേചനം ഉണ്ടായിട്ടില്ല. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. ദേശീയതയുടെ മാനദണ്ഡം മതമാണെന്ന് പറഞ്ഞവർ പാക്കിസ്ഥാനുണ്ടാക്കി പോയെന്നും ഗാന്ധിയും അംബേദ്കറും നെഹ്രുവുമൊന്നും ഇതിനെ അനുകൂലിച്ചില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെയും തരൂർ അതിശക്തമായി ഈ വിഷയത്തിൽ എതിർപ്പുമായി രംഗത്തുവന്നിരുന്നു. അമിത് ഷാ അവതരിപ്പിക്കാനിരിക്കുന്ന പൗരത്വ ഭേദഗതി ബിൽ മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് മേലുള്ള ജിന്നയുടെ വിജയമായി അടയാളപ്പെടുത്തുന്നതാണെന്നായിരുന്നു അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്. ഈ ബില്ലിലൂടെ ഹിന്ദു പാക്കിസ്ഥാൻ എന്നതിലേക്ക് രാജ്യം ഒരുപടികൂടി അടുക്കുമെന്നും തരൂർ പറഞ്ഞു. വാർത്താഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയുടെ ആഗ്രഹമായിരുന്നു. എന്നാൽ, ഗാന്ധി അതിനെതിരായിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ ജിന്നയുടെ വാദങ്ങളെ ബിജെപി അംഗീകരിക്കുകയാണ്. ബിജെപി ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ലോക്സഭയും രാജ്യസഭയും പൗരത്വ ബിൽ അംഗീകരിച്ചാലും ഇന്ത്യൻ ഭരണഘടനയുടെ മൗലിക തത്വങ്ങളുടെ ലംഘനത്തെ സുപ്രീംകോടതി അംഗീകരിക്കില്ലെന്നും തരൂർ വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെ ആർട്ടിക്കിൾ 14ലും 15ലും പറയുന്നപോലെ തുല്യക്കും മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കുമെതിരെയുള്ള അധിക്ഷേപമായി മാത്രമല്ല, ഇന്ത്യ എന്ന ആശയത്തിന് നേരെയുള്ള ആക്രമണമായാണ് കോൺഗ്രസ് ബില്ലിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ വഞ്ചിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും തരൂർ വ്യക്തമാക്കി.

അതേസമയം ലോക്സഭയിൽ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്. ബില്ലിനെതിരെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, സിപിഐ.എം, ആം ആദ്മി പാർട്ടി തുടങ്ങിയവർ രംഗത്തെത്തി. പൗരത്വഭേദഗതി ബില്ലിൽ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവർ ഉൾപ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാൻ സാധിക്കും- അദ്ദേഹം ചോദിച്ചു. എന്നാൽ ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലിൽ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.

ഇത്തരമൊരു നിയമത്തിൽ നിന്നും നമ്മുടെ രാജ്യത്തെയും ആഭ്യന്തരമന്ത്രിയെയും കൂടി രക്ഷിക്കണമെന്നുമായിരുന്നു എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി പറഞ്ഞത്. 'ഇത്തരമൊരു നിയമത്തിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാൻ സ്പീക്കറോട് അഭ്യർത്ഥിക്കുകയാണ്. ഒപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയേയും. അല്ലാത്തപക്ഷം യഹൂദവിരുദ്ധ നിയമമായ ന്യൂറെംബർഗ് റേസ് നിയമവും ഇസ്രഈലി പൗരത്വ നിയമവും നടപ്പിലാക്കിയവർക്കൊപ്പം, ഹിറ്റ്ലർക്കും ഡേവിഡ് ബൈൻ ഗുറിയോണിനൊപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തിൽ ചേർത്ത് വെക്കേണ്ടി വരും''- എന്നായിരുന്നു ഉവൈസി പറഞ്ഞത്.

ആർഎസ്‌പി എംപി എൻ കെ പ്രേമചന്ദ്രനും ബില്ലിനെ അതിശക്തമായി എതിർത്തു കൊണ്ടാണ് രംഗത്തുവന്നത്. ബില്ലിന്റെ നിയമസാധ്യത എത്രത്തോളമുണ്ടെന്ന ചോദ്യാമാണ് അദ്ദേഹം ഉന്നയിച്ചത്. മത അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന സംഭവം രാജ്യത്ത് ആദ്യമായാണെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ബില്ലിലെ രണ്ടും മൂന്നും ഭാഗങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്റെ ലക്ഷ്യമെന്താണെന്ന് പോലും വ്യക്തമല്ലെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

സഭയിൽ എത്താതെ മോദിയും രാഹുലും

പൗരത്വ ഭേദഗതി ബില്ലിൽ രാജ്യത്തുടനീളം പ്രതിഷേധവും ലോക്സഭയിൽ ചൂടേറിയ ചർച്ചയും നടക്കുമ്പോൾ രണ്ടു പ്രമുഖരുടെ അഭാവവും ദൃശ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ഇരുവരും ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലികളിലായിരുന്നു. ഇരുവരും ഇന്നു രാവിലെ മുതൽ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ സംസാരിക്കുന്നുണ്ട്. മോദി കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വിജയമായിരുന്നു പ്രധാനമായും സംസാരിച്ചതെങ്കിൽ, രാഹുൽ രാജ്യത്തു സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം ലോക്സഭയിൽ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്. ബില്ലിനെതിരെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, സിപിഐ.എം, ആം ആദ്മി പാർട്ടി തുടങ്ങിയവർ രംഗത്തെത്തി.

എന്താണ് പൗരത്വ ഭേദഗതി ബിൽ?

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലിം ഇതര മതസ്ഥർക്ക് പൗരത്വം നൽകുന്നതിനാണ് ഭേദഗതിയോടെ ബിൽ അവതരിപ്പിച്ചത്.
മതപരമായ വിവേചനവും പീഡനവും കാരണം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്റ്റ്യൻ മത വിഭാഗക്കാരായ മുഴുവൻ പേരേയും അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽനിന്ന് നീക്കാനും ഇന്ത്യൻ പൗരത്വം അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.

1946ലെ ഫോറിനഴ്സ് ആക്ട് പ്രകാരവും 1920ലെ പാസ്പോർട്ട് ആക്ട് പ്രകാരവും പൗരത്വ നിയമപ്രകാരവും അനുമതിയില്ലാതെ രാജ്യത്തെത്തിയ മുഴുവൻ വിദേശികളേയും അനധികൃത കുടിയേറ്റക്കാരായാണ് നിലവിൽ കണക്കാക്കുന്നത്. ഇതിന്റെ പേരിൽ നിയമ നടപടികളും ഇവർ നേരിടുന്നുണ്ട്. എന്നാൽ പൗരത്വ ഭേദഗതി ബിൽ നിയമമായാൽ ഇവരെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽനിന്ന് നീക്കുമെന്നാണ് ബില്ലിൽ പറയുന്നത്. ഇതുസംബന്ധിച്ച് തുടർന്നുവരുന്ന നിയമ നടപടികളിൽനിന്ന് ഇവർ സ്വമേധയാ ഒഴിവാകും. മാത്രമല്ല ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയും. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമ നടപടികൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ഇവർക്ക് തടസ്സമാകില്ലെന്നും ബില്ലിൽ പറയുന്നു.

കുടിയേറി 11 വർഷത്തിനു ശേഷം മാത്രമേ നിലവിൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാവൂ. എന്നാൽ പൗരത്വ ഭേദഗതി ബിൽ വഴി ഇളവ് ലഭിക്കുന്നവർക്ക് ആറു വർഷം ഇന്ത്യയിൽ കഴിഞ്ഞാൽ പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് വ്യവസ്ഥ. വിദേശ ഇന്ത്യൻ പൗരന്മാർക്ക് ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ കാർഡ്(ഒ.സിഐ കാർഡ്) ഏർപ്പെടുത്താനും നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ ഒ.സിഐ കാർഡ് റദ്ദാക്കാനുമുള്ള ബില്ലിലെ വ്യവസ്ഥയാണ് മറ്റൊരു വിവാദ വിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP