Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നമ്മുടെ ഭാഗം അവർ കേൾക്കില്ല, അവർക്ക് പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും; അവർ പറഞ്ഞതെല്ലാം നമ്മൾ കേട്ട് അനുസരിക്കണം; കൂടിപ്പോയാൽ അവർ നിങ്ങളെ പ്രസ് മീറ്റിൽ കാണുമ്പോൾ ഖേദം അറിയിക്കും; ഖേദം അറിയിച്ചിട്ട് എന്താ നടക്കുന്നത്? നിർമ്മാതാക്കളുമായുള്ള ചർച്ചയെ കുറിച്ച് ഷെയ്ൻ നിഗം പറയുന്നു; സെറ്റിൽ ചെന്നപ്പോൾ ഇത്തവണ എന്നെ ബുദ്ധിമുട്ടിച്ചത് നിർമ്മാതാവല്ല; ആ പടത്തിന്റെ ക്യാമറാമാനും ഡയറക്ടറും ആണ്; ഇതിനൊക്കെ എനിക്കും തെളിവുകളുണ്ടെന്നും നടൻ

'നമ്മുടെ ഭാഗം അവർ കേൾക്കില്ല, അവർക്ക് പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും; അവർ പറഞ്ഞതെല്ലാം നമ്മൾ കേട്ട് അനുസരിക്കണം; കൂടിപ്പോയാൽ അവർ നിങ്ങളെ പ്രസ് മീറ്റിൽ കാണുമ്പോൾ ഖേദം അറിയിക്കും; ഖേദം അറിയിച്ചിട്ട് എന്താ നടക്കുന്നത്? നിർമ്മാതാക്കളുമായുള്ള ചർച്ചയെ കുറിച്ച് ഷെയ്ൻ നിഗം പറയുന്നു; സെറ്റിൽ ചെന്നപ്പോൾ ഇത്തവണ എന്നെ ബുദ്ധിമുട്ടിച്ചത് നിർമ്മാതാവല്ല; ആ പടത്തിന്റെ ക്യാമറാമാനും ഡയറക്ടറും ആണ്; ഇതിനൊക്കെ എനിക്കും തെളിവുകളുണ്ടെന്നും നടൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിർമ്മാതാക്കളുമായുള്ള സിനിമാ വിവാദത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി ഷെയിൻ നിഗം വീണ്ടും. നിർമ്മാതാക്കളുമായി നടക്കുന്ന ചർച്ചയെ കുറിച്ചാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നിർമ്മാതാക്കൾ തനിക്ക പറയാനുള്ളത് കേൾക്കാൻ തയ്യാറായില്ലെന്നാണ് ഷെയിൻ വ്യക്തമാക്കുന്നത്. നമ്മുടെ ഭാഗത്തു നിന്നും പറയാനുള്ള കാര്യം അവർ കേൾക്കില്ലെന്നും അവർ പറയുന്നതെല്ലാം നമ്മൾ കേട്ടുകൊള്ളണം എന്നുമായിരുന്നു ഷെയ്ൻ പറഞ്ഞത്. നമ്മളെ അവിടെ കൊണ്ടുപോയി ഇരുത്തും. നമ്മുടെ സൈഡിൽ നിന്ന് പറയാനുള്ളതൊന്നും കേൾക്കില്ല. അവർ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. അവർ പറഞ്ഞതെല്ലാം നമ്മൾ കേട്ട് അനുസരിക്കണം. കൂടിപ്പോയാൽ അവർ നിങ്ങളെ പ്രസ് മീറ്റിൽ കാണുമ്പോൾ ഖേദം അറിയിക്കും. ഖേദം അറിയിച്ചിട്ട് എന്താ നടക്കുന്നത്?- തിരുവനന്തപുരത്ത് ചലച്ചിത്ര മേളക്കിടെയാണ് ഷെയിൻ പറഞ്ഞത്.

സെറ്റിൽ ചെന്നപ്പോൾ ഇത്തവണ എന്നെ ബുദ്ധിമുട്ടിച്ചത് നിർമ്മാതാവല്ല. ആ പടത്തിന്റെ ക്യാമറാമാനും ഡയരക്ടറും ആണ്. ഇതിനൊക്കെ എനിക്കും തെളിവുകളുണ്ട്. ഇതൊക്കെ എവിടെ വേണമെങ്കിലും പറയാൻ ഞാൻ തയ്യാറാണ്. ഷെയ്ൻ പറഞ്ഞു. അമ്മ സംഘടന ഒപ്പം നിൽക്കുമോ എന്ന ചോദ്യത്തിന് തീർച്ചയായുമെന്നായിരുന്നു ഷെയിനിന്റെ മറുപടി. എന്റെ സംഘടനയല്ലേ തീർച്ചയായും അവർ ഒപ്പം നിൽക്കും. ഉറപ്പായിട്ടും നിൽക്കും. ഷെയിൻ നിഗം പറഞ്ഞു. അതേസമയം ഷെയ്ൻ വിഷയത്തിൽ ഫെഫ്ക്കയുടേയും അമ്മയുടേയും അനൗദ്യോഗിക ചർച്ചകൾ ഇന്ന് കൊച്ചിയിൽ നടന്നു. ബി. ഉണ്ണിക്കൃഷ്ണൻ, ഇടവേള ബാബു തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.

വിഷയം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് വെയിൽ ചിത്രത്തിന്റെ സംവിധായകൻ ശരത് മേനോൻ പറഞ്ഞു. ചിത്രത്തിന് വേണ്ടിയുള്ള ഡേറ്റ് ചാർട്ട് ശരത് ഫെഫ്ക്കയ്ക്ക് നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ ഡേറ്റ് ചാർട്ട് നൽകാൻ ശരത്തിനോട് ഫൈഫ്ക്കയും അമ്മയും ആവശ്യപ്പെട്ടിരുന്നു. അതേസമയം വിഷയത്തിൽ ഇനിയും ചർച്ചകൾ ആവശ്യമാണെന്നാണ് ഇടവേള ബാബു പ്രതികരിച്ചത്. നിർമ്മാതാക്കൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 22 ാം തിയതി അമ്മ എക്സിക്യൂട്ടീവ് യോഗം വിളിച്ചിരുന്നു. എന്നാൽ ഷെയിൻ വിഷയം ചർച്ച ചെയ്യാൻ അതിന് മുൻപ് അവയ്ലൈബിൾ എക്സിക്യൂട്ടീവ് ചേരാനാണ് സംഘടനയുടെ തീരുമാനം. ഈ യോഗത്തിൽ ഷെയ്നും പങ്കെടുക്കും.

സിനിമയിൽ നിന്നു തന്നെ വിലക്കിയതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷെയ്ൻ പ്രതികരിച്ചിരുന്നു. എല്ലാ സമയത്തും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ സമയത്തും ക്ഷമിക്കാനാകില്ല. കൊല്ലും എന്നു പറഞ്ഞിട്ടുപോലും ഞാൻ സിനിമ ചെയ്തു. എനിക്കെതിരെ വന്ന ആരോപണങ്ങൾ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാൻ സിനിമയിൽ അഭനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. അവരാണു ഞാൻ സഹകരിക്കില്ല എന്നു പറഞ്ഞത്. ഞാൻ മാനസികമായി ഒരുപാടു ബുദ്ധിമുട്ട് അനുഭവിച്ചു. എനിക്കു നീതി കിട്ടണം, അത്ര മാത്രമേയുള്ളൂ. മുടി വെട്ടിയതു പ്രതിഷേധമാണ്. എനിക്കിങ്ങനെ പ്രതികരിക്കാനേ അറിയൂ. ദൈവം സഹായിച്ചാൽ ഞാൻ കമ്മിറ്റ് ചെയ്ത സിനിമകൾ ചെയ്തു തീർക്കും.- ഷെയ്ൻ പറഞ്ഞു.

അതിനിടെ ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ ഷെയിൻ നിഗം പറയുന്നതാണ് ശരിയെന്ന് നടീനടന്മാരുടെ സംഘടനയായ അമ്മ വ്യക്തമാക്കിയിരുന്നു. ഈ സിനിമയുടെ ഡബ്ബിങ്ങിന് ഷെയിൻ എത്താതിരുന്നത് വിവാദമായിരുന്നു. അതിന് വേണ്ടി ഷെയിൻ ഉന്നയിച്ച ന്യായങ്ങളിൽ കഴമ്പുണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. വ്യാജ എഗ്രിമെന്റ് തയ്യാറാക്കി എന്ന ഷെയിന്റെ ആരോപണവും അദ്ദേഹം ശരിവച്ചു. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യില്ല എന്ന് ഷെയിൻ പറഞ്ഞിട്ടില്ല. ആ സിനിമയുടെ പേര് മാറ്റി വേറൊരു സിനിമ തുടങ്ങിയിട്ട് ബ്ലാങ്ക്എഗ്രിമെന്റ് ഒപ്പിടീച്ചിട്ട് താൻ പോലും പറയാത്ത തുക എഴുതി ചേർത്തുവെന്നും ഒപ്പിട്ട തീയതിയും തിരുത്തിയെന്നുമാണ് ഷെയിന്റെ ആരോപണം. നിർമ്മാതാക്കളുടെ സംഘടനയിൽ നേരത്തെ ഈ വിഷയം ഉന്നയിച്ചപ്പോൾ ചില അംഗങ്ങൾ ഈ കൃത്രിമം ശരി വച്ചതായും സൂചനയുണ്ട്.

ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് ഇടവേള ബാബുവിന്റെ നിലപാട്. ഇക്കാര്യത്തെക്കുറിച്ച് ഇനി ഫെഫ്ക്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവരുമായി ചർച്ച നടത്തും. അവരുടെ നിലപാട് കൂടി അറിയണം. നടൻ സിദ്ദിഖിന്റെ വീട്ടിൽ ഇടവേള ബാബുവിന്റെ സാന്നിധ്യത്തിൽ ,ഷെയിനുമായി നടന്ന ചർച്ചയിലാണ് അനുരഞ്ജനത്തിനുള്ള വഴി തെളിഞ്ഞത്.

അതേസമയം, വെയിൽ സിനിമയുടെ ഷൂട്ടിന് 10 ദിവസം മതിയെന്നാണ് സംവിധായകൻ നേരത്തെ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നത്. അത് 15 ദിവസമായി നിശ്ചയിക്കാൻ അന്ന് ഇടവേള ബാബു ഇടപെട്ട് തീരുമാനിച്ചിരുന്നു. എന്നാൽ ഷൂട്ടിങ് സെറ്റിൽ എത്തിയപ്പോൾ 24 ദിവസം വേണമെന്ന നിലപാട് സംവിധായകൻ സ്വീകരിച്ചു. അത് പറ്റില്ലെന്ന് ഷെയ്‌നും നിലപാടെടുത്തു. തുടർന്ന് 24 ദിവസത്തെ ഷൂട്ട് പത്ത് ദിവസത്തേക്ക് ചുരുക്കാൻ കൂടുതൽ സമയം ചിത്രീകരണം നീട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അനൗദ്യോഗിക ഒത്തുതീർപ്പ് ചർച്ചകൾ വിജയിച്ച സാഹചര്യത്തിൽ നാളെ ഫെഫ്കയുമായുള്ള ചർച്ച നടക്കും.അതിന് ശേഷമാണ് നിർമ്മാതാക്കളുമായുള്ള ചർച്ച നടക്കുക.

ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയ പ്രശ്നം പരിഹരിക്കാനാണു ചർച്ചകൾ.താരവുമായുള്ള ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് ഷൂട്ടിങ് മുടങ്ങിയ 'വെയിൽ', 'കുർബാനി' എന്നീ സിനിമകൾ ഉപേക്ഷിക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഈ സിനിമകൾക്കുണ്ടായ നഷ്ടം നികത്തുംവരെ ഷെയ്ൻ അഭിനയിക്കുന്ന സിനിമകൾ നിർമ്മിക്കില്ലെന്നാണ് ഭാരവാഹികളുടെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP