Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് കാണിച്ചു കൊടുത്ത ശിക്ഷാരീതി ജനങ്ങൾ ഏറ്റെടുത്തപ്പോൾ സമാനതകളില്ലാത്ത ക്രൂരതകളായിരുന്നു പിന്നീട് ഭഗൽപൂരിൽ അരങ്ങേറിയത്; മേൽജാതിക്കാരനെ കണ്ടു എഴുന്നേൽക്കാത്ത കീഴ്ജാതിക്കാരനും എതിർ രാഷ്ട്രീയ കക്ഷിയിൽപ്പെട്ടവർക്കും ഭൂമി തർക്കത്തിൽ എതിർപക്ഷത്തു നിൽക്കുന്നവനും ഒരേ ശിക്ഷ തന്നെ കിട്ടി; കണ്ണുകൾ ക്രൂരമായി ചൂഴ്ന്നെടുത്തു ആ ചോരകുഴികളിൽ ആസിഡ് ഒഴിക്കൽ! മഹാ 'ഭാരത'ത്തിലെ അന്ധന്മാർ; ശിവൻ എടമന എഴുതുന്നു...മഹാ 'ഭാരത'ത്തിലെ അന്ധന്മാർ!

പൊലീസ് കാണിച്ചു കൊടുത്ത ശിക്ഷാരീതി ജനങ്ങൾ ഏറ്റെടുത്തപ്പോൾ സമാനതകളില്ലാത്ത ക്രൂരതകളായിരുന്നു പിന്നീട് ഭഗൽപൂരിൽ അരങ്ങേറിയത്; മേൽജാതിക്കാരനെ കണ്ടു എഴുന്നേൽക്കാത്ത കീഴ്ജാതിക്കാരനും എതിർ രാഷ്ട്രീയ കക്ഷിയിൽപ്പെട്ടവർക്കും ഭൂമി തർക്കത്തിൽ എതിർപക്ഷത്തു നിൽക്കുന്നവനും ഒരേ ശിക്ഷ തന്നെ കിട്ടി; കണ്ണുകൾ ക്രൂരമായി ചൂഴ്ന്നെടുത്തു ആ ചോരകുഴികളിൽ ആസിഡ് ഒഴിക്കൽ! മഹാ 'ഭാരത'ത്തിലെ അന്ധന്മാർ; ശിവൻ എടമന എഴുതുന്നു...മഹാ 'ഭാരത'ത്തിലെ അന്ധന്മാർ!

ശിവൻ എടമന

1970 -കളുടെ അവസാനപാദം

ബിഹാറിലെ ഗംഗാനദീ തീരത്തുള്ള ജില്ലയായ ഭഗൽപൂരിലെ ഒരു പൊലീസ് സ്റ്റേഷനിൽ നരക നീതി നടപ്പാക്കപ്പെട്ട കാലം .പിടിച്ചു പറിയും , കൊലപാതകവും ബലാൽസംഗവും അടക്കം നിരവധി കുറ്റങ്ങൾ ആരോപിക്കപ്പെട്ട 33 ഗുണ്ടകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലരും സ്ഥിരം ക്രിമിനലുകൾ എന്നാണു പൊലീസ് പറഞ്ഞത് .സ്വതതന്ത്രഭാരതം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷയായിരുന്നു അവർക്കവിടെ വിധിക്കപ്പെട്ടത് . ബലമായി മലർത്തിക്കിടത്തി കണ്ണുകളിൽ ലോഹദണ്ഡു കുത്തിയിറക്കി ആ കൺകുഴികളിലേക്ക് ശക്തിയേറിയ ആസിഡ് ഒഴിക്കുക. സൂചികളും കമ്പികളും അടക്കം കയ്യിൽ കിട്ടിയതു പൊലീസ് ഇതിനായി ഉപയോഗിച്ചു . അന്നും ഇന്നും ക്രൈം റേറ്റിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ.

ആളുകൾ പൊലീസ് നീതി നടപ്പാക്കിയ രീതിയെ വാഴ്‌ത്തിപ്പാടി . ബിഹാറിലെ ക്രിമിനലുകൾ നിലയ്ക്ക് നിൽക്കണമെങ്കിൽ ഇത്തരം ശിക്ഷ കൊടുക്കണം എന്ന് ജനങ്ങൾ പറഞ്ഞു. പലരെയും പൊലീസിൽ പിടിച്ചു കൊടുത്തു കണ്ണ് ചൂഴ്ന്നെടുത്തു ആസിഡ് ഒഴിക്കാൻ ജനങ്ങൾ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടു തുടങ്ങി . ഏതൊരു ജനാധിപത്യ രാജ്യവും ലജ്ജിക്കുന്ന ക്രൂരതകളായിരുന്നു പിന്നീട് ഭഗൽപൂരിൽ അരങ്ങേറിയത് . പൊലീസ് കാണിച്ചു കൊടുത്ത ശിക്ഷാരീതി ജനങ്ങൾ ഏറ്റെടുത്തു.

മേല്ജാതിക്കാരനെ കണ്ടു എഴുന്നേൽക്കാത്ത കീഴ്ജാതിക്കാരനും എതിർ രാഷ്ട്രീയ കക്ഷിയിൽപ്പെട്ടവർക്കും ഭൂമി തർക്കത്തിൽ എതിര്പക്ഷത്തു നിൽക്കുന്നവനും ഒരേ ശിക്ഷ തന്നെ കിട്ടി; കണ്ണുകൾ ക്രൂരമായി ചൂഴ്ന്നെടുത്തു ആ ചോരകുഴികളിൽ ആസിഡ് ഒഴിക്കൽ ....!. പട്ടാണിക്കടല മോഷ്ടിച്ചു എന്നാരോപിച്ചു ഒരു പത്തു വയസ്സുകാരി പെൺകുട്ടിയുടെ കണ്ണുകളിൽ പോലും ആസിഡ് ഒഴിച്ച് നീതി നടപ്പാക്കി ബുദ്ധവിഹാരങ്ങളുടെ നിഴലിൽ വളർന്ന ജനത.

കണ്ണ് ചൂഴ്ന്നു ആസിഡ് ഒഴിക്കൽ ഭഗൽപൂരിനു പുറത്തേക്കും അതിവേഗം പടർന്നു പിടിച്ചു. അന്ധരാക്കപ്പെട്ടവരുടെ ഭീഭത്സമായ ചിത്രങ്ങൾ ദേശീയ മാധ്യമങ്ങൾ മുൻപേജിൽ അച്ചടിച്ച് വന്നു . രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി വിഷയത്തിൽ ഇടപെട്ടു . ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ ഈ ക്രൂരതയുടെ പേരിൽ തല കുനിക്കേണ്ടി വന്നു .അധികാരികൾ ഉണർന്നു.

കുറെ പൊലീസുകാരെ സസ്പെന്റ് ചെയ്തു. കേസ് സി ബി ഐ ഏറ്റെടുത്തു . 2000 ത്തിൽ അധികം പേരെ അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ ചോദ്യം ചെയ്തു . കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാർക്കൊപ്പം തന്നെ നിരവധി പൗരന്മാരെയും പ്രതിക്കൂട്ടിലാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചു . ശിക്ഷയിൽ നിന്ന് രക്ഷപെടാൻ പൊലീസും ജനങ്ങളും പരസ്പരം സഹായിച്ചു. അന്നത്തെ ബീഹാർ ഗവണ്മെന്റും കേന്ദ്രസർക്കാരും ഇരകളാക്കപ്പെട്ടവർക്കു ധനസഹായം പ്രഖ്യാപിച്ചു . സുപ്രീം കോടതി ആജീവനാന്തം പെൻഷൻ നല്കാൻ ഉത്തരവിട്ടു . പലരുടെ കയ്യിലും അത് സമയത്തു എത്തിയില്ല.

കൊടും ക്രിമിനലുകളെ പോലെ ആയിരുന്നു ആസിഡ് ഒഴിക്കപ്പെട്ടു കാഴ്ച ശക്തി പോയ പലരോടുമുള്ള ജനങ്ങളുടെ പെരുമാറ്റം. പലരും നരകിച്ചു മരണത്തിനു കീഴടങ്ങി . ശേഷിക്കുന്നവർ വിധിയെ പഴിച്ചു ഇന്നും ബിഹാറിൽ ജീവിക്കുന്നു .
2000 ത്തിനു ശേഷവും ബിഹാറിലെ ഉള്നാടുകളിൽ നിന്ന് ആസിഡ് ഒഴിച്ച് കാഴ്ച നശിപ്പിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .' ദ് ഐസ് ഓഫ് ഡാർക്‌നെസ്സ് ' എന്ന പേരിൽ അമിതാഭ് പരാശർ ഈ സംഭവത്തെ പറ്റി ഡോക്യുമെന്റി പുറത്തിറക്കി . 2003 -ൽ അജയ് ദേവ്ഗൺ നായകനായി അഭിനയിച്ച 'ഗംഗാജൽ ' എന്ന സിനിമയും ഈ വിഷയം കൈകാര്യം ചെയ്തു.

നിയമം കയ്യിലെടുത്തു നീതി നടപ്പാക്കുന്നത് നമ്മുടെ ഉള്ളിലെ ധാർമികതയെ താൽക്കാലികമായെങ്കിലും തൃപ്തിപ്പെടുത്തും . വരാനിരിക്കുന്ന വലിയ അധർമ്മങ്ങളുടെ കുളമ്പടിയൊച്ചകൾ അപ്പോൾ നാം കേൾക്കണമെന്നില്ല . തിരുത്താനും മാറ്റിയെഴുതാനും ഏറെയുള്ള ബൃഹദ് സംഹിതയാണ് ഭാരതീയ നിയമവ്യവസ്ഥ . അഴിമതിയുടെ പാപക്കറകൾ പരമോന്നത വിധികർത്താക്കളുടെ മേൽക്കുപ്പായത്തിലും വടുക്കൾ തീർത്തിട്ടുമുണ്ട് .. പക്ഷെ ഇതൊന്നും കണ്ണ് കെട്ടി അന്ധത സ്വയം വരിച്ച നീതിദേവതയുടെ മുകളിലൂടെ ആയുധമേന്തിയ ഒരു നിയമപാലകനു ഉന്നം പിടിക്കാനുള്ള ന്യായീകരണമാകുന്നില്ല......

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP