Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ നിന്നും ഒരു ഒളിച്ചോട്ടത്തിലൂടെയാണ് ജീവിതാഭിലാഷമായിരുന്ന മാജിക് പഠനത്തിനിറങ്ങിത്തിരിച്ചത്; പാമ്പുപിടുത്തം ഹരമായപ്പോൾ പിന്നീട് പാമ്പുപിടുത്ത വിദഗ്ധനും ഗവേഷകനുമായി അറിയപ്പെടാൻ തുടങ്ങി; ഉഗ്രവിഷവാഹികളായ പാമ്പുകളും തേളുകളുമായി എക്സിബിഷനുകളിൽ നിറഞ്ഞു നിന്ന് മജീഷൻ മാർട്ടിൻ പിൻവാങ്ങിയത് വിവാഹത്തോടെ; വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചപ്പോൾ മാർട്ടിനും ചിലത് പറയാനുണ്ട്

വീട്ടിൽ നിന്നും ഒരു ഒളിച്ചോട്ടത്തിലൂടെയാണ് ജീവിതാഭിലാഷമായിരുന്ന മാജിക് പഠനത്തിനിറങ്ങിത്തിരിച്ചത്; പാമ്പുപിടുത്തം ഹരമായപ്പോൾ പിന്നീട് പാമ്പുപിടുത്ത വിദഗ്ധനും ഗവേഷകനുമായി അറിയപ്പെടാൻ തുടങ്ങി; ഉഗ്രവിഷവാഹികളായ പാമ്പുകളും തേളുകളുമായി എക്സിബിഷനുകളിൽ നിറഞ്ഞു നിന്ന് മജീഷൻ മാർട്ടിൻ പിൻവാങ്ങിയത് വിവാഹത്തോടെ; വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചപ്പോൾ മാർട്ടിനും ചിലത് പറയാനുണ്ട്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വയനാട്ടിലെ ഷഹ്ല ഷെറിന്റെ മരണം മനസ്സിനെ വല്ലതെ വേദനിപ്പിച്ചു.ഇതുപോലുള്ള ദാരുണ സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് തീരുമാനിച്ചു.ബോധവൽക്കരണവും അനുബന്ധ പ്രവർത്തനങ്ങളുമായി പറ്റാവുന്നിടത്തോളം കാലം നാട് ചുറ്റും.ഏതുമാർഗ്ഗത്തിലാണെങ്കിലും ഒരു ജീവൻ രക്ഷിക്കാനായാൽ അതുതന്നെയാണ് ഏറ്റവും വലിയ പുണ്യമെന്ന് ഞാൻ വിശ്വിക്കുന്നു.അതുകൊണ്ടാണ് ഞാൻ വീണ്ടും ഈ രംഗത്ത് സജീവമാവാൻ തീരുമാനിച്ചത്.

മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനും ഗവേഷകനുമായ കോതമംഗലം വടാട്ടുപാറ സ്വദേശി മാർട്ടിൻ മെയ്‌ക്കമാലി അറിയിച്ചു.ഉഗ്രവിഷവാഹികളായ പാമ്പുകളും തേളുകളുമായി എക്സിബിഷനുകളും ആരെയും അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായി രാജ്യത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വേദികൾ പങ്കിട്ട മാർട്ടിൻ ഏതാനും വർഷം മുമ്പ് വിവാഹത്തോടെ ഈ രംഗത്തുനിന്നും പതിയെ പിൻവാങ്ങുകയായിരുന്നു.

കൃത്യസമയത്ത് വേണ്ട പരിചരണം ലഭിച്ചിരുന്നെങ്കിൽ ഷഹ്ല യുടെ ജീവൻ രക്ഷിക്കാമായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളതെന്നും വിഷബാധയേറ്റാൽ ഉടൻ സ്വീകരിക്കണ്ട പ്രഥമ ശ്രൂഷയെക്കുറിച്ച് അറിവുള്ളവർ സ്‌കൂളിൽ ഇല്ലാതിരുന്നതാണ് ആ കുരുന്നു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നുമാണ് മാർട്ടിന്റെ പക്ഷം.പാമ്പുകളും വിഷത്തേളുകളുമായി രണ്ട് ദശാബ്ദത്തോളം താൻ നടത്തി വന്നിരുന്ന സഹവാസത്തെത്തുറിച്ചും ഇവയെ ഉൾക്കാള്ളിച്ച് നടത്തിയ സാഹസീക പ്രകടനങ്ങളെക്കുറിച്ചും ഇതുവഴി താൻ നേടി അനുഭവ സമ്പത്തിനെക്കുറിച്ചുമെല്ലാം ഭൂതത്താൻകെട്ടിൽ കണ്ടുമുട്ടിയപ്പോൾ മാർട്ടിൻ മനസ്സുതുറന്നു.1996-97 -ൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പൂജപ്പുര മാജിക് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു.വീട്ടിൽ നിന്നും ഒരു ഒളിച്ചോട്ടത്തിലൂടെയാണ് ജീവിതാഭിലാഷമായിരുന്ന മാജിക് പഠനത്തിനിറങ്ങിത്തിരിച്ചത്.

ഇടക്കാലത്ത് തമിഴ്‌നാട്ടിൽ എത്തിയപ്പോൾ പാമ്പുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു എക്സിബിഷൻ കാണാനിടയായി.ഇതു കണ്ടപ്പോൾ പാമ്പിനെ കഴുത്തിലിട്ട് ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹവും മനസ്സിലുദിച്ചു.എക്സിബിഷൻ നടത്തിയിരുന്ന തമിഴ്‌നാട്ടുകാരനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ പുച്ഛിച്ചുതള്ളി. കളിയാക്കി പറഞ്ഞയച്ചു.ഇത് നിന്റെ മാജിക് അല്ലന്നും വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തിട്ടാണ് താൻ ഈ രംഗത്തെത്തിയതെന്നും മറ്റുമായിരുന്നു ഇയാളുടെ പ്രതികരകണം.നിങ്ങളുടെ മുമ്പിൽ പാമ്പിനെ കഴുത്തിലിട്ട് ഞാൻ വരുമെന്ന് ശപഥം ചെയ്തിട്ടാണ് അന്ന് അവിടെ നിന്നിറങ്ങിയത്.18 വയസ്സായിരുന്നു അന്ന് പ്രായം.

പിന്നീട് പാമ്പുപിടുത്തത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള വഴികൾ തേടി പലനാടുകളിൽ പോയി. അവസാനം കണ്ണൂർ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ബൈജുവിന്റെ അടുത്തെത്തി.ഇവിടെ നിന്നാണ് പാമ്പു പിടുത്തത്തിന്റെ ബാലപാഠങ്ങൾ വശത്താക്കിയത്.പിന്നീട് പതിയെ ഈ രംഗത്ത് സ്വയം കാലുറപ്പിക്കുകയായിരുന്നു.ഇടയ്ക്ക് അണലി കടിച്ചതിനെത്തുടർന്ന് മരണത്തിന്റെ പടിവാതിലോളമെത്തിയിരുന്നു.ഇത് ഞെട്ടിക്കുന്ന തിരിച്ചറിവാണ് സമ്മാനിച്ചത്.പിൽക്കാലത്ത് പാമ്പുകടിയേറ്റാൽ എന്താണ് ചെയ്യേണ്ടതെന്ന് ഗവേഷണണം നടത്താനും വിദഗ്ധരെക്കണ്ട് ഇക്കാര്യങ്ങൾ പഠിക്കുന്നതിനും കാരണമായത് ഈ സംഭവമാണ്.

ആമ്പുലൻസിൽ ആശുപത്രിയിലേയ്ക്ക് പോയപ്പോൾ മല മൂത്ര വിസർജ്ജം നടത്തിയിരുന്നു.മുഴുവൻ രക്തമായിരുന്നു. കൺപീലികൾക്കിടയിലൂടെയും രോമ കൂപങ്ങളിലൂടെയുമെല്ലാം രക്തം പ്രവഹിക്കാൻ തുടങ്ങിയിരുന്നു.ട്രിച്ചിയിലെ സർക്കാർ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. രാത്രി 7-ന് പാമ്പുകടിയേറ്റു. മറ്റ് വാഹനങ്ങളെത്താൻ മാർഗ്ഗമില്ലാത്തതിനാൽ ബൈക്കിലാണ് എക്സിബിഷൻ ഗ്രൗണ്ടിൽ നിന്നും ആശുപത്രിയിലെത്തിച്ചത്.കടിച്ചത് അണലിയാണെന്ന് വ്യക്തമാക്കിയിട്ടും ഡോക്ടർ വിശ്വസിക്കാൻ തയ്യാറായില്ല.മൂർഖനാണ് കടിച്ചതെന്നായിരുന്നു ഇദ്ദേഹം വാദിച്ചിരുന്നത്.ആന്റിവനം നൽകാനും തയ്യാറായില്ല.ഇത് ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കി.ചെവിയിൽക്കൂടിയും കണ്ണിൽക്കൂടിയും രോമകൂപങ്ങളിൽക്കൂടിയും രക്തം വരാൻ തുടങ്ങി.

ഇതിനുശേഷവും മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടർ ആന്റിവനം നൽകിത്തുടങ്ങിയത്.പിറ്റേന്നായപ്പോഴേയ്ക്കും ശരീരം നീരുവച്ച് ഉണ്ടായിരുന്നതിന്റെ നാല് മടങ്ങ് വണ്ണമായി.ചികത്സ,മറ്റൊരാശുപത്രിയിലേയ്ക്ക് മാറ്റാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടും ഈ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആക്കാൻ അധികൃതർ തയ്യാറായില്ല.തുടർന്ന് കൂടെയുണ്ടായിരുന്നവർ ഇവിടെ നിന്നും ബലമായി കോയമ്പത്തൂരിലെ കെ ജി ഹോസ്പ്റ്റിലിലേയ്ക്ക് എന്നേ മാറ്റുകയായിരുന്നു.ആമ്പുലൻസിന്റെ യാത്രയ്ക്കിടെ അസ്വസ്ഥതകൾ കൂടി.ഐസ്സ് ക്യൂബുകൾക്ക് മുകളിലാണ് കിടത്തിയിരുന്നത്.ടർക്കി ദേഹത്ത് വിരിച്ച ശേഷം നെഞ്ചുമുതൽ പാദംവരെ ഐസുകട്ടകൾ നിരത്തുകയും ചെയ്തിരുന്നു.യാത്രയ്ക്കിടെയുണ്ടായ മല -മൂത്രവിസർജ്ജ്യത്തിൽ കാര്യമായി രക്തം കലർന്നിരുന്നു.

ഒരു വിധത്തിൽ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി.ഇവിടെ പ്രവേശിപ്പിച്ചശേ്ഷം 5 ഡയാലസീസ് ചെയ്തു. സാമ്പത്തീക ബാദ്ധ്യതയേറിയതോടെ ഇവിടുത്തെ ചികത്സ നിർത്തി. പിന്നീട് പോണ്ടിച്ചേരി ജിപ്മർ ആശുപത്രിയിലായിരുന്നു ചികത്സ.ആമ്പുലൻസ് വിളിക്കാൻ പണമില്ലാത്തതിനാൽ ട്രെയിൻ മാർഗ്ഗമാണ് ഇവിടെ എത്തിയത്.ഇവിടെ എത്തിയ ശേഷം 2 ഡയാലസീസ് കൂടി നടത്തി.തീർത്തും അശനായി.ആകെ 50 മില്ലി വെള്ളവും നിശ്ചിതഗ്രാം അളവിൽ ഭക്ഷണവുമാണ് ഇവിടുത്തെ ഡോക്ടർമാർ കഴിക്കുവാൻ നിർദ്ദേശിച്ചത്.ജീവൻ രക്ഷപെടുമെന്ന കാര്യത്തിൽ ഡോക്ടർമാർ യാതൊരുറപ്പും നൽകിയതുമില്ല..ഇങ്ങിനെ ഏതാനും ദിവസങ്ങൾ ചികത്സ തുടർന്നു.ഒരു ദിവസം രാത്രി വെള്ളം കുടുയ്ക്കാൻ വല്ലാത്ത ദാഹം തോന്നി.അടുത്ത് ആരുമുണ്ടായിരുന്നില്ല.തനിയെ എഴുന്നേറ്റ് വെള്ളമിരുന്നിടത്തെത്തി, വയറുനിറയെ വെള്ളം കുടിച്ചു.പിന്നെ കഷ്ടപ്പെട്ടിട്ടാണെങ്കിലും അല്പം നടന്നു.ഇതാണ് രണ്ടാം ജന്മമത്തിലേയ്ക്കുള്ള ആദ്യ ചുവടുവയ്‌പ്പ്.പിന്നെ പതിയെ സാധാരണ നിലയിലേയ്ക്കെത്തി.

ഈ സംഭവം ഒരു തിരിച്ചറിവായി.പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ കൃത്യമായി ചെയ്യാൻ അറിയാവുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണെന്ന് ബോദ്ധ്യമായി.തുടർന്ന് ഇക്കാര്യത്തിൽ പറ്റാവുന്നിടത്തോളം അറിവ് നേടുന്നതിനായി പിന്നിള്ള ശ്രമം.വദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും സ്വന്തമായി നടത്തിയ ഗവേഷണങ്ങളും നിരീക്ഷണങ്ങളുമെല്ലാം ഈ വഴിക്കുള്ള നേട്ടത്തിന് തുണയായി.ഈ അറിവ് ഇനി സാധാരണക്കാരിലേയ്്ക്ക് എത്തിക്കുക എന്നതിനാണ് ഇനിയുള്ള പ്രവർത്തനങ്ങളിൽ മുൻതൂക്കം നൽകുക.ഇതിനായി കൂടുതൽ സമയം കണ്ടെത്തുന്നതിനും ശ്രമിക്കും.മാർട്ടിൻ പറഞ്ഞു.

ജീവകാരുണ്യപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ സാഹസീക പ്രകടനങ്ങളാണ് മാർട്ടിന് മാധ്യമ ശ്രദ്ധ നേടിക്കൊടുത്തത്. 1999-ൽ കലൂർ സ്റ്റേഡിയത്തിൽ 50 വിഷപ്പാമ്പുകളും 100 തേളുകളുമായി 6 അടി താഴ്ചയിലും 6 അടി വീതിയിലും തീർത്തിരുന്ന കുഴിയിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ രണ്ട് ദിവസം കഴിഞ്ഞതും കൊല്ലത്ത് ആണിക്ക് മുകളിൽ ഷർട്ട് ധരിക്കാതെ കിടന്നതും കോഴിക്കോട് വച്ച് 10 മൂർഖൻ പാമ്പിന്റെ വിഷം കളക്ടർ ഉൾപ്പെടെയുള്ള കാണികളെ സാക്ഷിയാക്കി കഴിച്ചതും നാട്ടുകാരിക്ക് ചിക്തസയ്ക്ക് പണം സമാഹരിക്കാൻ കോതമംഗലത്ത് അഗ്‌നിശയനം നടത്തിയതുമെല്ലാം ജനശ്രദ്ധ നേടിയ പ്രകടനങ്ങളായിരുന്നു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 100 വിഷപ്പാമ്പും 50 തേളുകളുമായി 240 മണിക്കൂർ മണ്ണിനടിയിൽകഴിച്ചുകൂട്ടി അമേരിക്കക്കാരന്റെ റിക്കാർഡ് തകർക്കുന്നതിന് താൻ നടത്തിയ ശ്രമം 94 മണിക്കൂർ പിന്നിട്ടപ്പോൾ സ്വയം പാമ്പിന്റെ കടിയേറ്റുവാങ്ങി അവസാനിപ്പിക്കേണ്ടി വന്നതിന്റെ വിഷമം ഇപ്പോഴും മനസ്സിൽ നിന്നും വിട്ടുപോയിട്ടില്ലന്നും മാർട്ടിൻ കൂട്ടിച്ചേർത്തു.പാമ്പുകളെ ദ്രോഹിക്കുന്നതായി കാണിച്ച് ചിലർ മേനകഗാന്ധിയുമായി ബന്ധപ്പെട്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ ബന്ധപ്പെട്ട അധികൃതർക്ക് വിവരം കൈമാറിയെന്നും ഇതെത്തുടർന്ന് പൊലീസ് തന്നെ അറസ്റ്റുചെയ്ത് മാറ്റാൻ് നീക്കം നടക്കുന്നതായി അറിഞ്ഞെന്നും തുടർന്ന് ഇതിൽ നിന്നും രക്ഷപെടുന്നതിനായി മൂർഖനിൽ നിന്നും കടിയേറ്റുവാങ്ങി ചികത്സാർത്ഥം ആശുപത്രിയിലേയ്ക്ക് മാറുകയായിരുന്നെന്നും മാർട്ടിൻ വിശദീകരിച്ചു.

ഖത്തർ ,സൗദി എന്നിവിടങ്ങളിൽ ഈജിപ്റ്റ് ,സുഡാൻ എന്നിവിടങ്ങളിലെ മണലാരണ്യങ്ങളിലെ വിഷപാമ്പുകളുമായി നടത്തിയ എക്സിബിഷനുകളാണ് ഇതുവരെ നടത്തിയ പ്രകടനങ്ങളിൽ മുഖ്യസ്ഥാനത്തുള്ളത്.മൂന്നര മീറ്റർ ദൂരത്തിൽവരെ വിഷം ചീറ്റാൻ കഴിവുള്ള പാമ്പുകളുമായിട്ടായിരുന്നു സഹവാസം.കടിയേറ്റാൻ ജീവൻ രക്ഷപെടുന്നതിന് സാധ്യത വിരളമാണ്.സാഹസീക പ്രകടനങ്ങൾ നടത്തുന്നത് അമാനുഷീക കഴിവുകൾ ഉള്ളതുകൊണ്ടല്ലന്നും സയൻസാണ് ഇതിന്റെയെല്ലാം അടിസ്ഥാനമെന്നും പാളിപ്പോയാൽ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇതിനെല്ലാം ഇറങ്ങിത്തിരിച്ചതെന്നും മാർട്ടിൻകൂട്ടിച്ചേർത്തു.

പാമ്പുകടിയേറ്റാൻ ജീവൻ രക്ഷിക്കുന്നതിൽ പ്രഥമ ശ്രുശ്രൂഷയ്ക്ക് മുഖ്യ സ്ഥാനമുണ്ട്.കടിയേൽക്കുന്നത് കൈവിരലിന്റെയോ കാൽവിരലിന്റെയോ തുമ്പിലാണെങ്കിൽപ്പോലും കെട്ടേണ്ടത് മുട്ടുകൾക്ക് മുകളിലാണ്.മുട്ടിന് മുകളിൽ അൽപം വീതിയുള്ള തുണികൊണ്ട് കെട്ടണം.ഇതിനുള്ളിലുടെ ഒരു മരക്കമ്പോ പേനയോ മറ്റോ കടക്കുന്ന രീതിയിലെ കെട്ട് മുറുക്കാവു.ശേഷം ഇവ ചുറ്റിച്ച് കെട്ട് മുറുക്കണം.കെട്ടിന് താഴെ രക്തധമനികൾ ചെറുതായി തെളിഞ്ഞുവരും വരെ മുറുക്കുന്നത് നന്നായിരിക്കും.തുടർന്ന് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം.ഇതു മൂലം മരണ സാധ്യത വളരെയേറെ കുറയുമെന്നാണ് തന്റെ അനുഭവ സാക്ഷ്യമെന്ന് മാർട്ടിൻ വ്യക്തമാക്കി.

എത്രതവണ പാമ്പുകടിയേറ്റു എന്നതിനോ എത്ര പാമ്പുകളെ പിടിച്ചു എന്നതിനോ കൃത്യമായ കണക്കില്ല.120-ൽപ്പരം രാജവെമ്പാലകളെ കഴിഞ്ഞ ഏതാനും വർഷങ്ങളായി പിടികൂടിയിട്ടുണ്ട്.ഇപ്പോൾ പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്ന കാലമാണ് പരിസരം വ്യത്തിയായി സൂക്ഷിക്കുക മാമ്രയാണ് പാമ്പുകളെ അകറ്റുന്നതിനുള്ള പ്രധാന മാർഗം.മാർട്ടിൻ വാക്കുകൾ ചുരുക്കി.

ക്ലാസ്സുകൾക്കും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുമായി എവിടെ വേണമെങ്കിലും എത്താൻ മാർട്ടിൻ ഒരുക്കമാണ്.പക്ഷേ കൈയിൽ നിന്നും പണം മുടക്കി ഇതിനായി ഇറങ്ങിത്തിരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇന്ന് മാർട്ടിന്റെ ജീവിതം.രണ്ട് കുട്ടികളുണ്ട്.വാടകവീട്ടിലാണ് താമസം.

ഭവനനിർമ്മാണ പദ്ധിതിയിൽപ്പെടുത്തി വീട് അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഫലം കണ്ടില്ല.തുണ്ടം ഫോറസ്റ്റ് റെയിഞ്ചിൽ താൽക്കാലിക വാച്ചറായി അടുത്തിടെ ജോലി ലഭിച്ചതാണ് ഈ രംഗത്തെ രണ്ട് പതിറ്റാണ്ടോളമെത്തുന്ന സേവനങ്ങൾക്ക് ആകെ ലഭിച്ചിട്ടുള്ള അംഗീകാരം.ഈ ജോലിയിൽ നിന്നുള്ള വരുമാനമാണ് ജീവിതച്ചെലവ് തള്ളി നീക്കുന്നതിനുള്ള ഇപ്പോഴത്തെ ഏക ആശ്രയം.ബോധവൽക്കരണ ക്ലാസ്സുകൾ നടത്താൻ താൽപ്പര്യമുള്ളവർക്ക് മാർട്ടിനെ വിളിക്കാം.മൊബൈൽ നമ്പർ -9961813630.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP