Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിയും സർക്കാരും സഖാവിനെ മറന്നു; കേരളത്തിലെ ഏറ്റവും ജനകീയനായിരുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ജന്മശതാബ്ദി പോലും സമുചിതമായി ആഘോഷിച്ചില്ല; ഇ കെ നായനാരെ മറന്ന പാർട്ടിക്ക് എന്താണ് പറ്റിയതെന്ന് തനിക്കറിയില്ലെന്നും ഭാര്യ; സിപിഎമ്മിന് കരുത്തേകാൻ ഉലയൂതിയ മുൻ മുഖ്യമന്ത്രിയെ പാർട്ടി അവഗണിക്കുന്നെന്ന് തുറന്ന് പറഞ്ഞ് ശാരദ ടീച്ചർ

പാർട്ടിയും സർക്കാരും സഖാവിനെ മറന്നു; കേരളത്തിലെ ഏറ്റവും ജനകീയനായിരുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ജന്മശതാബ്ദി പോലും സമുചിതമായി ആഘോഷിച്ചില്ല; ഇ കെ നായനാരെ മറന്ന പാർട്ടിക്ക് എന്താണ് പറ്റിയതെന്ന് തനിക്കറിയില്ലെന്നും ഭാര്യ; സിപിഎമ്മിന് കരുത്തേകാൻ ഉലയൂതിയ മുൻ മുഖ്യമന്ത്രിയെ പാർട്ടി അവഗണിക്കുന്നെന്ന് തുറന്ന് പറഞ്ഞ് ശാരദ ടീച്ചർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മുൻ മുഖ്യമന്ത്രി ഇ കെ നായനാരെ പാർട്ടിയും ഇടത് സർക്കാരും അവഗണിക്കുന്നെന്ന് ഭാര്യ ശാരദ ടീച്ചർ. പാർട്ടിയും സർക്കാരും മരണ ശേഷം നായനാരെ അവഗണിച്ചെന്നും ജന്മശതാബ്ദി പോലും വേണ്ടവിധം ആഘോഷിച്ചില്ലെന്നും  ശാരദ ടീച്ചർ പറഞ്ഞു. നേതാക്കളുടെ തിരക്കുകളാകാം ഇതിന് കാരണമെന്ന് സ്വയം ആശ്വസിക്കുകയാണ് ശാരദ ടീച്ചർ.

മരണശേഷം നായനാരെ പാർട്ടിയും സർക്കാരും അവഗണിച്ചു. നായനാരുടെ ജന്മശതാബ്ദി വേണ്ട വിധം ആഘോഷിച്ചില്ലെന്ന് ശാരദ ടീച്ചർ കുറ്റപ്പെടുത്തി. പാർട്ടിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ല. ഒരുപക്ഷേ കോടിയേരിയുടെ അസുഖവും മുഖ്യമന്ത്രിയുടെ തിരക്കും ആയിരിക്കാം കാരണം. കോടിയേരിക്കും മുഖ്യമന്ത്രിക്കും സമയമില്ലെങ്കിൽ മറ്റ് നേതാക്കളില്ലേ? തിരുവനന്തപുരത്തേക്ക് വരാൻ പോലും തനിക്ക് തോന്നാറില്ലെന്നും ശാരദ ടീച്ചർ പറഞ്ഞു.

നായനാരുടെ സ്മരണ നിലനിർത്താൻ തലസ്ഥാന നഗരത്തിൽ ഒന്നുമില്ലെന്ന് ശാരദ ടീച്ചർ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരത്ത് നായനാരുടെ ഒരു പ്രതിമ പോലും ഇല്ല. പുത്തരിക്കണ്ടം മൈതാനത്ത് നായനാർ സ്മാരകം എന്ന് എഴുതി വച്ചതു പോലും കാണാനില്ല. ഇത് നായനാരോടുള്ള നെറികേടാണ്. മുൻ മേയറെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും ശാരദ ടീച്ചർ പറഞ്ഞു.

നായനാർ അക്കാദമിയുടെ പ്രവർത്തനവും ശരിയല്ല. നായനാരുടെ സ്മരണ നിലനിർത്തുന്ന ഒരു പ്രവർത്തനവും അവിടെ ഇല്ല. വലിയ തോതിൽ പണം പിരിച്ചത് എവിടെ എന്ന് ജനം ചോദിക്കില്ലേ? അക്കാദമിയിലെ നായനാരുടെ പ്രതിമ പോലും സഖാവിനെപ്പോലെ അല്ല. ഇക്കാര്യങ്ങൾ സംബന്ധിച്ച് എം വി ജയരാജനോടും ജില്ലാ സെക്രട്ടറിയോടും പരാതി പറഞ്ഞതായും ശാരദ ടീച്ചർ പറഞ്ഞു

എല്ലാം ലളിതമായി കാണുന്ന വ്യക്തിയായിരുന്നു ഇ.കെ നായനാർ. ശുദ്ധമായ നിഷ്‌കളങ്കമായ മനസായിരുന്നു സഖാവിന്. ഒരു തെറ്റും താൻ ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ദിവസവും രാത്രി സഖാവിനോട് സംസാരിക്കാറുണ്ട്. എന്താ ശാരദേ എന്ന് ചോദിച്ച് അദ്ദേഹം ചിരിക്കാറുണ്ടെന്നും ശാരദ ടീച്ചർ പറഞ്ഞു.

കേരളചരിത്രത്തിൽ ഏറ്റവുമധികംനാൾ മന്ത്രിയായിരുന്ന ഇകെ നായനാർ കേരളീയ പൊതു സമൂഹത്തിൽ രാഷ്ട്രീയത്തിനതീതമായ പൊതുസമ്മതനാണ്. 1919 ഡിസംബർ 9 ന് കല്യാശ്ശേരിയിൽ ജനിക്കുകയും ബാലസംഘത്തിലൂടെ കർഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയ നേതാവാണ് ഇ കെ നായനാർ. 20-ാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി വ്യാവസായിക-കാർഷിക മേഖലയിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ആറോൺ മില്ലിലെ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ആദ്യമായി 1940-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. സമര തീചൂളയിൽ നിന്നാണ് ഇ കെ നായനാർ എന്ന രാഷ്ട്രീയ നേതാവ് ഉദിച്ചുയർന്നത്.

പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് ചൈനീസ് ചാരനെന്ന് മുദ്രകുത്തി ആറുവർഷം ജയിലിലായി. കർഷകസമര ചരിത്രത്തിലെ പ്രസിദ്ധമായ കയ്യൂർ സമരത്തിലും,സാമ്രാജ്യവിരുദ്ധ സമരമായ മൊഴാറ സമരത്തിലും പങ്കെടുത്തു. അടിയന്തിരാവസ്ഥകാലത്ത് ഉൾപ്പെടെ 9 വർഷം ഒളിവിൽ കഴിഞ്ഞു. പലതവണ തടവിലായി. എല്ലാ വിഷയങ്ങളും തനതായ ശൈലിയിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാണ് നായനാർ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത്.

1980 ലും 1987 ലും 1996 ലുമായി 3 തവണകളിലായി 3991 ദിവസം മുഖ്യമന്ത്രിയായി. രണ്ട് തവണ പ്രതിപക്ഷ നേതാവായി. 23 വർഷം നിയമസഭാംഗമായി പ്രവർത്തിച്ചു. ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് നായനാരെ ജനപ്രിയനാക്കിയത്. 2004 മെയ് മെയ് 19ന് നായനാർ ലോകത്തോട് വിടപറഞ്ഞു. ആൾക്കൂട്ടത്തെ എന്നും തന്നിലേക്ക് ആകർഷിച്ച നായനാർ മരണത്തിലും ആ പതിവ് തെറ്റിച്ചില്ല. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് എത്തിച്ച ഭൗതികശരീരം ഒരു നോക്കു കാണാൻ ലക്ഷക്കണക്കിനാളുകളാണ് കേരളത്തിന്റെ പാതയോരങ്ങളിൽ തടിച്ചുകൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP