Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉർവ്വശീ ശാപം ഉപകാരമായി! ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരുടെ 'സങ്കേതത്തിന്' താഴു വീണു; റെയ്ഡ് നടത്താതെ തന്നെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സെല്ലാർ അടച്ചു പൂട്ടിയതിൽ ആശ്വാസം കണ്ട് എക്‌സൈസും; മഞ്ജു എം ജോയിയും കൂട്ടുകാരികളും നേടിയെടുത്തത് വിനു വി ജോൺ അടക്കമുള്ള 'പുലികൾ' വിചാരിച്ചിട്ട് നടക്കാത്ത കാര്യം; ഒടുവിൽ രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പ്രസ് ക്ലബ്ബിന്റെ കീഴടങ്ങലും; വനിതാ ജേണലിസ്റ്റ് കൂട്ടായ്മ പുതു ചരിത്രമെഴുതുമ്പോൾ

ഉർവ്വശീ ശാപം ഉപകാരമായി! ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരുടെ 'സങ്കേതത്തിന്' താഴു വീണു; റെയ്ഡ് നടത്താതെ തന്നെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സെല്ലാർ അടച്ചു പൂട്ടിയതിൽ ആശ്വാസം കണ്ട് എക്‌സൈസും; മഞ്ജു എം ജോയിയും കൂട്ടുകാരികളും നേടിയെടുത്തത് വിനു വി ജോൺ അടക്കമുള്ള 'പുലികൾ' വിചാരിച്ചിട്ട് നടക്കാത്ത കാര്യം; ഒടുവിൽ രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പ്രസ് ക്ലബ്ബിന്റെ കീഴടങ്ങലും; വനിതാ ജേണലിസ്റ്റ് കൂട്ടായ്മ പുതു ചരിത്രമെഴുതുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതത്തിന് പൂട്ടു വീണു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മദ്യപാന സങ്കേതമാണ് ഇതെന്ന് ആരോപണം ഉയർന്നിരുന്നു. സെക്രട്ടറിയേറ്റിന് തൊട്ട് പിറകിലുള്ള പ്രസ് ക്ലബ്ബിലെ മദ്യപാനം പലപ്പോഴും ചർച്ചയായിരുന്നു. അപ്പോഴൊന്നും ഈ ക്ലബ്ബിൽ പരിശോധന നടത്താൻ എക്‌സൈസ് തയ്യാറായിരുന്നില്ല. ഏഷ്യാനെറ്റിലെ പ്രധാന വാർത്താ അവതാരകനായ വിനു വി ജോൺ ട്വിറ്ററിലൂടെ പലപ്പോഴും ഇത് ചർച്ചയാക്കി. ഇതിന് വിനു വി ജോണിനെതിരെ പ്രസ് ക്ലബ്ബ് കാരണം കാണിക്കൽ നോട്ടീസും നൽകി. അതിന് മുമ്പ് കാനഡയിൽ ഇപ്പോഴുള്ള മാധ്യമ പ്രവർത്തകയും സങ്കേതത്തിലെ വിവരങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ ചർച്ചയാക്കിയിരുന്നു. ഏഷ്യാനെറ്റിലെ മറ്റൊരു മാധ്യമ പ്രവർത്തകയും അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഋഷിരാജ് സിങ് എക്‌സൈസ് കമ്മീഷണറായിരിക്കുമ്പോഴായിരുന്നു ഈ വിവാദങ്ങളെല്ലാം. ലൈസൻസ് ഇല്ലാത്ത പ്രവർത്തിക്കുന്ന എല്ലാ ക്ലബ്ബുകളിലേയും ബാറുകൾ പൂട്ടിയിട്ടും പ്രസ് ക്ലബ്ബിൽ തൊടാൻ സിങ്കം എന്ന് അറിയപ്പെട്ടിരുന്ന ഋഷിരാജ് സിംഗിന് പോലും ആയിരുന്നില്ല.

ഇതാണ് മാധ്യമ ലോകത്തെ വനിതാ കൂട്ടായ്മ ഇപ്പോൾ നേടുന്നത്. മുമ്പും വനിതാ കൂട്ടായ്മകൾ സമരം നടത്തിയിട്ടുണ്ട്. എന്നാൽ അത് പേരിന് മാത്രമായിരുന്നു. ഇപ്പോൾ പ്രസ് ക്ലബ് സെക്രട്ടറിക്കെതിരായ സദാചാര പൊലീസിംഗിലെ ആരോപണം പുതിയ തലത്തിലെത്തി. കേരള കൗമുദിയിലെ മഞ്ജു എം ജോയിയാണ് ഈ പോരാട്ടങ്ങളുടെ മുന്നണിയിൽ. സങ്കേതത്തിനെതിരേയും ഇവർ രംഗത്ത് വരുമെന്ന് സൂചനകളുണ്ടായിരുന്നു. വനിതാ കൂട്ടായ്മയിലെ ചിലർ എക്‌സൈസിനെ സമീപിക്കുകയും നിയമവിരുദ്ധമായ കാരണങ്ങൾ നടക്കുന്നതായി അറിയിക്കുകയും ചെയ്തു. നടപടിയുണ്ടായില്ലെങ്കിൽ എക്‌സൈസിനെതിരേയും സമരമുണ്ടാകുമെന്ന് അറിയിച്ചു. ഇതെല്ലാം ക്ലബ്ബിലുള്ളവരും അറിഞ്ഞു. എക്‌സൈസ് എത്തും മുമ്പ് തന്നെ രാത്രി പതിനൊന്ന് മണിവരെ തുറന്നിരിക്കുന്ന സങ്കേതം അടച്ചു. ഇനി ഏതായാലും കുറച്ചു മാസത്തേക്ക് ഇത് തുറക്കില്ല. വിവാദങ്ങൾ തീർന്ന ശേഷം ആലോചിക്കാമെന്നാണ് എക്‌സൈസ് പറയുന്നത്.

സെക്രട്ടറിയായിരുന്ന എം രാധകൃഷ്ണനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കിയതും മഞ്ജു എം ജോയിയുടെയും സരിതാ ബാലന്റേയും നേതൃത്വത്തിലുള്ള പ്രതിഷേധമാണ്. പ്രസ് ക്ലബ്ബിലേക്ക് സമരവും സംഘടിപ്പിച്ചു. നേരത്തെ ന്യൂസ് 18 കേരളയിലെ ജേണലിസ്റ്റിനെ അതേ സ്ഥാപനത്തിലുള്ളവർ വർഗ്ഗീയമായി അധിക്ഷേപിച്ചത് വലിയ ചർച്ചയായിരുന്നു. അന്ന് പ്രസ് ക്ലബ്ബിൽ വനിതാ കൂട്ടായ്മ യോഗം ചേർന്നു. സരിതാ വർമ്മയും കെ എ ബീനയും അടക്കമുള്ള മുതിർന്ന മാധ്യമ പ്രവർത്തകരായിരുന്നു ഇതിന് പിന്നിൽ. ഇരയ്ക്ക് നീതി നൽകണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല. കേസ് ഹൈക്കോടതിയിൽ നിന്ന് ക്വാഷ് ചെയ്യാനുള്ള സാഹചര്യവും ഉണ്ടായി. പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയായിരുന്നു ഇതിന് കാരണം. ഇതിനെ പ്രതിരോധിക്കാൻ അന്നുണ്ടായിരുന്ന നേതൃത്വത്തിനായില്ല. എന്നാൽ സദാചാര പൊലീസ് പരാതിയിൽ കളി മാറി. മഞ്ജു എം ജോയിയും സംഘവും ഒരുമിച്ചു നിന്നു. സോഷ്യൽ മീഡിയയിൽ അതിശക്തമായ ഇടപെടൽ നടത്തി. അങ്ങനെ സങ്കേതം പോലും പൂട്ടുന്ന അവസ്ഥയുണ്ടായി.

ന്യൂസ് 18 കേരളയിലെ വിവാദ സമയത്തും ഇരയ്ക്ക് വേണ്ടി നിലകൊണ്ടത് ബിആർപി ഭാസ്‌കറായിരുന്നു. അന്ന് അദ്ദേഹമിട്ട പോസ്റ്റ് വലിയ ചർച്ചയായി. പല പരിഹാസങ്ങളും ഉയർന്നു. മുതിർന്ന മാധ്യമ പ്രവർത്തകുടെ കളിയാക്കലിനെ പ്രതിരോധിച്ച് ബി ആർ പി ഭാസ്‌കറിനെ പിന്തുണയ്ക്കാൻ അന്നത്തെ വനിതാ ജേണലിസ്റ്റ് കൂട്ടായ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിൽ പലരും പ്രസ് ക്ലബ്ബ് അംഗങ്ങളുമായിരുന്നു. അന്നൊന്നും ഇല്ലാത്തവിധം പ്രതിഷേധം ആളിക്കത്തിക്കാൻ മഞ്ജു എം ജോയിക്കും കൂട്ടർക്കുമായി. പ്രസ് ക്ലബ്ബിലേക്ക് പ്രതിഷേധം ആളികത്തും വിധം സമൂഹ മാധ്യമങ്ങളെ മുന്നിൽ നിർത്തി പോരാട്ടം നയിച്ചു. പ്രസ് ക്ലബ്ബിലേക്ക് ജാഥയുമെത്തി. ഇതോടെയാണ് കളികാര്യമായെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികൾ തിരിച്ചറിഞ്ഞതും രാധാകൃഷ്ണനെ മാറ്റിയതും. ഇതിനൊപ്പം സങ്കേതവും പൂട്ടി. ഇന്ന് പ്രസ് ക്ലബ്ബിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ നൽകിയ മാർച്ച് പൂർണ്ണ വിജയമായിരുന്നു. രാധാകൃഷ്ണനെ പുറത്താക്കിയ തീരുമാനം എത്തിയപ്പോൾ മുദ്രാവാക്യം വിളിച്ച് പുരുഷ മാധ്യമ പ്രവർത്തകരും എത്തി. അങ്ങനെ എല്ലാ വിഭാഗവും സമരത്തിന് പിന്നിലുണ്ടായിരുന്നുവെന്ന സന്ദേശം പുറം ലോകത്ത് എത്തുകയും ചെയ്തു.

പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ അറസ്റ്റിലായ കേസിന് ആസ്പദമായ സംഭവം രണ്ടു പേർ തമ്മിലുള്ള വാക്കു തർക്കം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാധാകൃഷ്ണൻ പ്രചരിപ്പിക്കുന്നത് അവിഹിതബന്ധമാണെന്നും. 'മുക്കിയ ധാര' പത്രങ്ങൾ കാരണം പലരും കാര്യങ്ങൾ അറിഞ്ഞിട്ടുമില്ല. കേസിന് ആസ്പദമായ സംഭവം നടന്നതു ഞങ്ങളുടെ സഹപ്രവർത്തകയുടെ വീട്ടിൽ നവംബർ 30 നാണ്. പരാതിക്കാരിയുടെ വീട്ടിൽ എത്തിയ സഹപ്രവർത്തകൻ തിരികെ പോകുമ്പോൾ രാധാകൃഷ്ണനും അയാൾ വിളിച്ചു ചേർത്ത നാലുപേരും ചേർന്ന് അയാളെ തടയുകയായിരുന്നു. രാധാകൃഷ്ണനൊപ്പം ഒരു വനിതാ വക്കീലും അവരുടെ മകനും ആണ് പ്രധാന പ്രതികൾ. പ്രതി പട്ടികയിൽ ഉള്ള രണ്ടു പേര് അവരെ രാധാകൃഷ്ണൻ വിളിച്ചു വരുത്തുകയായിരുന്നുവെന്നും സംഭവത്തിന് പിന്നിൽ രാധാകൃഷ്ണന്റെ പ്‌ളാനിങ് ആണെന്നും പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. അതിൽ ഒരാൾക്ക് പരാതിക്കാരിയുടെ കുടുംബത്തെ അറിയുക പോലുമില്ലെന്നും വനിതാ കൂട്ടായ്മ ആരോപിച്ചിരുന്നു.

പരാതിക്കാരിയുടെ വീട്ടിൽ കടന്നു ചെന്ന രാധാകൃഷ്ണൻ 'ചെയ്ത തെറ്റ് സമ്മതിച്ചാൽ ആരെയും അറിയിക്കാതെ രക്ഷിക്കാമെന്ന്' പറഞ്ഞു. അമ്പരന്നുപോയ യുവതിയോട് 'ഇടപാട്' തുറന്ന് പറയാൻ നിർബന്ധിച്ചു. യുവതി സമ്മതിച്ചില്ല. ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചു. അത് തടഞ്ഞ രാധാകൃഷ്ണൻ പരാതിക്കാരിയുടെ ഏഴും എട്ടും പ്രായമായ മക്കളെയും അവളെയും വലിച്ചിഴച്ച് സ്വീകരണമുറിക്ക് സമീപമുള്ള മുറിയിലിട്ട് പൂട്ടാൻ ശ്രമിച്ചു. ചെറുത്ത പരാതിക്കാരിയെ അടിച്ചു. ഭാഗ്യത്തിന് ആ മുറിക്ക് ലോക്കില്ലായിരുന്നു. വാതിൽ വലിച്ചടച്ച് പിടിച്ചുകൊണ്ട് ഒപ്പമുള്ളവരെ ഉപയോഗിച്ച് സുഹൃത്തിനെ തല്ലിച്ചു. ഇത് കണ്ട പരാതിക്കാരി ബലംപ്രയോഗിച്ച് വാതിൽ തുറന്ന് പുറത്തെത്തി ഫോണിൽ മാധ്യമപ്രവർത്തകനായ ഭർത്താവിനെ വിളിച്ചുവരുത്തുന്നു. അതോടെയാണ് ഒരു മണിക്കൂറോളം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാടകത്തിന് അവസാനമായത്. പിറ്റേന്ന് അവളും ഭർത്താവും ചേർന്ന് അവർ ജോലി ചെയ്യുന്ന പത്രത്തിലെ എഡിറ്റോറിനോട് ഫോണിലൂടെ പരാതി പറഞ്ഞു. ഞായറാഴ്ച ആയതിനാൽ തിങ്കളാഴ്ച കാണാമെന്നും രാധാകൃഷ്ണനോട് ചോദിക്കാമെന്നും എഡിറ്റർ അറിയിച്ചവെന്നും വനിതാ കൂട്ടായ്മ ഉറച്ച നിലാപട് എടുത്തു. പൊലീസിന് പ്രസ് ക്ലബ്ബ് സെക്രട്ടറിയെ അറസ്റ്റ് ചെയ്യേണ്ടിയും വന്നു.

'രണ്ടു പേരുടെ നാണം മറയ്ക്കാൻ കൂടുതൽ പേരെ കരുവാക്കുന്ന ശക്തമായ ഗൂഢാലോചന' എന്നാണ് അയാൾ സംഭവത്തെ വിശേഷിപ്പിച്ചത്. പരാതി ചർച്ച ചെയ്യാൻ വിളിച്ച മാനേജംഗ് കമ്മിറ്റി മീറ്റിംഗിലും ഇയാൾ പങ്കെടുത്തു. മാത്രമല്ല പരാതിക്കാരിയെ അപമാനിക്കുന്ന ശ്രമം തുടരുകയും ചെയ്തു. കുട്ടികൾക്ക് മയക്കുഗുളിക കൊടുത്തു ഉറക്കിയാണ് അവൾ അനാവശ്യം ചെയ്യുന്നത് ജനാലയിലൂടെ ഒളിഞ്ഞുനോക്കിയപ്പോൾ കണ്ടു എന്നാണിയാൾ പ്രസ്താവിച്ചത്. ഇത് കേട്ടിട്ടും പ്രസ് ക്‌ളബ് ഭരണാധികാരികൾ, ക്രിമിനൽ കേസ് പ്രതിയായ ഇയാളെ ക്‌ളബ് കെട്ടിടത്തിൽ ഒളിവിൽ പാർപ്പിച്ചു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പ്രസ് ക്ലബ് സെക്രട്ടറിയായി ഇപ്പോഴും തുടരുന്ന പ്രതി ഒരു വനിതാ പത്രപ്രവർത്തകയുടെ വീട്ടിൽ കയറി ചെയ്ത ഈ കുറ്റകൃത്യത്തിന് പ്രസ് ക്ലബ് കുട പിടിക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രസ് ക്‌ളബിലെ അംഗങ്ങൾക്ക് നീതിബോധമുണ്ടെങ്കിൽ ഒരു സാധു സ്ത്രീയുടെ പരാതിക്ക് പരിഹാരണം കാണണമെന്നായിരുന്നു വനിതാ കൂട്ടായ്മയുടെ ആവശ്യം.

ഇതുപോലുള്ള ക്രിമിനലുകൾക്ക് കുട പിടിക്കുന്നതിൽ മുഴുവൻ അംഗങ്ങളും ലജ്ജിച്ച് തലതാഴ്‌ത്തേണ്ടതാണ്.മാതൃ സ്ഥാപനം ആയ കൗമുദി എത്ര വ്യക്തത യോടെയാണ് ഈ കേസ് കൈകാര്യം ചെയ്തത് എന്ന് നമ്മൾ കണ്ട് പഠിക്കണം. ദേശീയ തലത്തിൽ പ്രസ് ക്ലബിന്റെ സൽപേരു കളയുന്ന രീതിയിൽ ഒരു കാമ്പയിൻ ആയി ഇത് മാറുന്നത് കണ്ടില്ലെന്ന് നടിക്കരുത്. ഒരു നിമിഷം പോലും വൈകാതുള്ള നടപടി ആണ് വേണ്ടതെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് അംഗീകരിക്കപ്പെട്ടത്. ഇതിനാണ് വനിതാ പത്രപ്രവർത്തകരിലെ പുതിയ നേതൃത്വം ധീരതയോടെ നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP