Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോംപ്ലിമെന്ററി പാസുകൾ ഇത്തവണ കരിഞ്ചന്തയിൽ വിറ്റത് ജയേഷ് ജോർജിന്റെ അടുപ്പക്കാർ! പത്ത് പാസുകൾവരെ കൈയിൽ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് കച്ചവടം അമ്പതിനായിരം കടത്തി; ക്ലബ്ബുകൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ വഴി വിട്ട് സഹായം ചെയ്തതിന് തെളിവായി ചിത്രങ്ങൾ മറുനാടൻ പുറത്തു വിടുന്നു; പാസ് തേടിയെത്തിയ രഞ്ജി കളിക്കാരോട് കടക്ക് പുറത്തെന്ന് പറഞ്ഞതും കച്ചവടക്കാർക്ക് വേണ്ടി; കാര്യവട്ടം ട്വന്റി ട്വന്റിയിലെ അഴിമതിയിൽ നിറയുന്നത് കെസിഎയിലെ വ്യക്തി താൽപ്പര്യം

കോംപ്ലിമെന്ററി പാസുകൾ ഇത്തവണ കരിഞ്ചന്തയിൽ വിറ്റത് ജയേഷ് ജോർജിന്റെ അടുപ്പക്കാർ! പത്ത് പാസുകൾവരെ കൈയിൽ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് കച്ചവടം അമ്പതിനായിരം കടത്തി; ക്ലബ്ബുകൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ വഴി വിട്ട് സഹായം ചെയ്തതിന് തെളിവായി ചിത്രങ്ങൾ മറുനാടൻ പുറത്തു വിടുന്നു; പാസ് തേടിയെത്തിയ രഞ്ജി കളിക്കാരോട് കടക്ക് പുറത്തെന്ന് പറഞ്ഞതും കച്ചവടക്കാർക്ക് വേണ്ടി; കാര്യവട്ടം ട്വന്റി ട്വന്റിയിലെ അഴിമതിയിൽ നിറയുന്നത് കെസിഎയിലെ വ്യക്തി താൽപ്പര്യം

മറുനാടൻ മലയാളി ബ്യൂറോ

കേരള ക്രിക്കറ്റ് അസ്സോസിയേഷന്റെ മേൽനോട്ടത്തിൽ കാര്യവട്ടം സ്‌പോർട്ട്‌സ് ഹബിൽ നടക്കുന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന രണ്ടാമത് ടി 20 ഇന്റർനാഷണൽ ക്രിക്കറ്റ് മത്സരത്തിനു മുമ്പ് കേരളത്തിലെ മുൻ രഞ്ജി ട്രോഫി കളിക്കാർക്ക് കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ഭാരവാഹികളിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അപമാനവും അവഹേളനവും. കോംപ്ലിമെന്ററീ പാസ് ചോദിച്ചെത്തിയ മുൻ കളിക്കാരെയാണ് അപമാനിച്ച് വിട്ടത്. എന്നാൽ കോംപ്ലിമെന്ററി പാസുകൾ കരിചന്തയിൽ വ്യാപകമായിരുന്നു. ജയേഷ് ജോർജിന്റെ അടുപ്പക്കാർക്ക് കണക്കിലധികം പാസുകൾ നൽകി. ഇവരാണ് വിറ്റ് കാശാക്കിയത്.

സഞ്ജു വി സാംസൺ കളിക്കുമെന്ന് വിചാരിച്ചാണ് മലയാളികൾ കാര്യവട്ടത്തേക്ക് ഒഴുകിയെത്തിയത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ സഞ്ജു ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമെന്നായിരുന്നു ബിസിസി ഐ ജോയിന്റ് സെക്രട്ടറിയും കെസി എ പ്രസിഡന്റുമായ ജയേഷ് ജോർജ് പറഞ്ഞിരുന്നത്. എന്നാൽ കാര്യവട്ടത്ത് പോലും സഞ്ജുവിനെ കളിപ്പിക്കാനുള്ള സമർദ്ദം ചെലുത്താൻ കെസിഎയ്ക്ക് കഴിഞ്ഞില്ല. അങ്ങനെ തീർത്തും തിരുവനന്തപുരത്തുകാർ നിരാശരായി. സഞ്ജുവിന്റെ കളികാണാനെത്തിയവർ നിരാശരായി മടങ്ങി. ഇന്ത്യയുടെ തോൽവിയും ഇതിന്റെ ആഘാതം കൂട്ടി. സഞ്ജുവിനെ കളിപ്പിക്കാൻ സമ്മർദ്ദം ചെലുത്താത്തവർ കോംപ്ലിമെന്റിറീ പാസ് വിറ്റ് കാശാക്കുന്ന തിരക്കിലായിരുന്നു. ബിസിസിഐയിൽ സ്വാധീനമുള്ള ജയേഷ് ജോർജിന്റെ താൽപ്പര്യങ്ങൾ മാത്രമാണ് കാര്യവട്ടത്തെ മത്സരത്തിൽ നിറയുന്നത്.

കോംപ്ലിമെന്ററീ പാസുകൾ പുറത്ത് വിറ്റ് കാശുണ്ടാക്കുന്ന സംഘം സജീവമാണമെന്ന് മുമ്പ് പലപ്പോഴും കേരളത്തിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങൾ വ്യക്തമാക്കിയിരുന്നു. അതിൽ ഏറ്റവും വലിയ കള്ളക്കളികളാണ് ഇത്തവണ നടന്നത്. സോഷ്യൽ മീഡിയയിൽ പാസുമായി നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചായിരുന്നു കച്ചവടം. കോംപ്ലിമെന്ററീ പാസുകൾ ഒരെണ്ണത്തിന് അയ്യായിരം രൂപവരെ നൽകി വാങ്ങിയവരുണ്ട്. കളിക്കാർക്കും മറ്റും മാത്രമേ കോപ്ലിമെന്ററീ പാസുകൾ നൽകാവൂവെന്നാണ് ബിസിസിയുടെ മാർഗ്ഗ നിർദ്ദേശം. എന്നാൽ ഇത് ലംഘിച്ചാണ് പലർക്കും പാസ് കിട്ടിയത്. കെസിഎയിൽ പിടിമുറുക്കാനും ജില്ലകളിൽ സ്വാധീനം ഉറപ്പിക്കാനും കോംപ്ലിമെന്ററീ പാസുകൾ ഇഷ്ടം പോലെ വാരി നൽകി. ഇവരാണ് ഇത് വിറ്റ് കാശാക്കിയത്. പല ക്ലബ്ബുകാർക്കും പതിനഞ്ച് വരെ കോപ്ലിമെന്ററീ പാസുകൾ നൽകി. ഇത് തീർത്തും ബിസിസിഐ മാർഗ്ഗ നിർദ്ദേശത്തിന് വിരുദ്ധമാണ്. കെസിഎയിലെ ഔദ്യോഗിക ഭാരവാഹികൾ ഒന്നുമല്ല അവർ. വെറും ക്ലബ്ബുടമകൾ മാത്രം.

ഇങ്ങനെ കിട്ടിയ പാസുകളുമായി നിൽക്കുന്ന ചിത്രങ്ങളാണ് ചിലർ സോഷ്യൽ മീഡിയയിൽ ഇട്ടത്. പാസ് വേണ്ടവർ തങ്ങളെ സമീപിക്കുകയെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്. ഈ പാസുകളെല്ലാം ഉയർന്ന തുകയ്ക്ക് വിറ്റ് കാശാക്കിയെന്നാണ് സൂചന. കേരളത്തിൽ മത്സരങ്ങൾ നടക്കുമ്പോൾ ക്ലബ്ബുകൾക്ക് ടിക്കറ്റ് അനുവദിക്കാറുണ്ട്. അത് ഒന്നോ രണ്ടാ മാത്രമാകും. ഇത്രയധികം ടിക്കറ്റുകൾ ആരും ആർക്കും ഒരിക്കലും നൽകിയിട്ടില്ല. തൃശൂരിലെ ജില്ലാ അസോസിയേഷനിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള കടലാസ് ക്ലബ്ബുകൾക്ക് വലിയ അളവിൽ പാസ് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ കിട്ടിയ ടിക്കറ്റുകൾ വിറ്റ് അമ്പതിനായിരം രൂപ വരെയുണ്ടാക്കിയ കടലാസ് ക്ലബ്ബ് മുതലാളിമാരുണ്ടെന്നാണ് സൂചന. കെസിഎയുമായി ബന്ധമുള്ളവർ ഇങ്ങനെ പാസുകളുമായി അഭിമാനപുരസരമിട്ട പോസ്റ്റുകളാണ് കച്ചവടത്തിലെ കള്ളത്തരങ്ങൾ പുറത്താക്കിയത്. രഞ്ജി ട്രോഫി കളിച്ചവർക്ക് പാസ് നിഷേധിച്ചവരാണ് ഇങ്ങനെ ചെയ്തത്.

മുമ്പ് കൊച്ചിയിലും തിരുവനന്തപുരത്തും നടന്നിട്ടുള്ള എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള എല്ലാ മുൻ രഞ്ജി ട്രോഫി കളിക്കാർക്കും കെ സി എ കോപ്ലിമെന്ററി പാസുകൾ നൽകി വന്നിരുന്നു. അതു വിതരണം ചെയ്യുവാൻ കളിക്കാരുടെ പ്രതിനിധികളെ തന്നെ പ്രത്യേകം നിയോഗിച്ചുമിരുന്നു. അതനുസരിച്ച് കളിക്കാർ ഒന്നൊന്നായി കെ സി എ ഓഫീസിൽ തലേ ദിവസം എത്തിചേർന്നപ്പോൾ ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി കളിക്കാരോട് അഞ്ചു മണിക്ക് ശേഷം വരാൻ പറഞ്ഞു. മറ്റു ജില്ലകളിൽ നിന്നും വന്ന കളിക്കാർ മണിക്കൂറുകൾ കാത്തു നിന്നപ്പോൾ കെ സി എ സെക്രട്ടറി വന്ന് അറിയിച്ചത് കളിക്കാർക്ക് പാസില്ല. ഇന്ത്യൻ ക്രിക്കറ്റ് അസ്സോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കളിക്കാർക്ക് മാത്രമേ പാസുകൾ നൽകിയാൽ മതി എന്ന് ഐസിഎ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാസുകൾ നിഷേധിക്കുകയുണ്ടായി. എന്നാൽ ഐസിഎ യുമായി ബന്ധപ്പെട്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് അങ്ങനെ യാതൊരു നിർദ്ദേശവും അവർ കളി നടത്തുന്ന അസ്സോസിയേഷനും നൽകിയിട്ടില്ലെന്നാണ്.

ഐസിഎ യിൽ നടന്ന തികച്ചും ജനാധിപത്യപരമായി രഹസ്യ ബാലറ്റിൽ നടത്തിയ തിരഞ്ഞെടുപ്പിൽ കെ സി എ ഔദ്യോഗിക സ്ഥാനാർത്ഥിയായ രഞ്ജിത്ത് മേനോനെ 21 നെതിരെ 32 വോട്ടുകൾക്ക് കളിക്കാരുടെ സ്ഥാനാർത്ഥിയായ സംബശിവ ശർമ്മ ജയിച്ചതിലുള്ള അമർഷം കളിക്കാരുടെ നേർക്ക് ടിക്കറ്റ് നിഷേധിച്ച് തീർക്കുകയാണ് ' കെ സി എ സെക്രട്ടറി എന്ന് ഒരു കൂട്ടം കളിക്കാർ ആരോപിക്കുന്നു.
എന്നാൽ ക്രിക്കറ്റുമായി യാതൊരു ബന്ധമില്ലാത്ത പലരും ഓൾ എൻട്രി ബാഡ്ജുമിട്ട് സ്റ്റേഡിയത്തിൽ വെറുതെ നടക്കുന്നു. തലേ ദിവസം തിരുവനന്തപുരത്ത് നിന്ന് കെട്ടു കണക്കിന് പാസു കൊണ്ടുവന്ന് ചിലർ എറണാകുളത്ത് വിതരണം ചെയ്തു. അതിൽ ജില്ലയിൽ കൂടെ നിൽക്കുന്ന ക്ലബുകൾക്ക് ആവശ്യത്തിലധികം പാസുകൾ വാരിക്കോരി കൊടുത്തു തീർത്തു.

കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണപൊതിയിൽ നിന്ന് പുഴുവിനെ കണ്ടെത്തിയതായി ആരോപണം ഉയർന്നു. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭക്ഷണ പൊതി ശേഖരിച്ചു. പരിശോധനയ്ക്ക് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇങ്ങനെ ടിക്കറ്റ് കരിചന്തയ്ക്ക് അപ്പുറമൊന്നിലും കെസി എ ശ്രദ്ധിച്ചില്ലെന്ന വാദമാണ് സജീവമാകുന്നത്. കോംപ്ലിമെന്ററീ പാസുകൾ കണക്കിലധികം അച്ചടിച്ചെന്ന ആരോപണവും സജീവമാണ്. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റിൻഡീസിന് എട്ട് വിക്കറ്റ് ജയമാണ് ലഭിച്ചത്.. കാര്യവട്ടത്തെ സ്പോർട്സ് ഹബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിൻഡീസ് കളി തീരാൻ ഒൻപത് പന്തുകൾ ശേഷിക്കേ ലക്ഷ്യം കണ്ടു. 45 പന്തിൽ നാല് സിക്സറും നാല് ഫോറുമടക്കം 67 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണർ ലെൻഡൽ സിമ്മൺസാണു വിൻഡീസിന്റെ വിജയ ശിൽപി.

നികോളാസ് പൂരാൻ (18 പന്തിൽ രണ്ട് സിക്സറും നാല് ഫോറുമടക്കം 38) സിമ്മൺസിനു കൂട്ടായിനിന്നു. സിമ്മൺസ് നൽകിയ രണ്ട് ക്യാച്ചുകൾ കൈവിട്ടത് ഇന്ത്യക്കു തിരിച്ചടിയായി. എവിൻ ലൂയിസ് (35 പന്തിൽ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 40), ഷിംറോൺ ഹിറ്റ്മീയർ (14 പന്തില മൂന്ന് സിക്സറടക്കം 23) എന്നിവരുടെ വിക്കറ്റെടുക്കാനെ ഇന്ത്യക്കായുള്ളു. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. രാജ്യാന്തര ക്രിക്കറ്റിലെ കന്നി അർധ സെഞ്ചുറി നേടിയ ഓൾറൗണ്ടർ ശിവം ദുബെ (30 പന്തിൽ നാല് സിക്സറും മൂന്ന് ഫോറുമടക്കം 54), വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (22 പന്തിൽ ഒരു സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 33) എന്നിവരാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. കരിയറിൽ ആദ്യമായി മൂന്നാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങിയാണു ദുബെ അർധ സെഞ്ചുറിയടിച്ചത്. ഇന്ത്യക്കാരിൽ മറ്റാർക്കും 20 റൺ തികയ്ക്കാനായില്ല. ഓപ്പണർമാരായ രോഹിത് ശർമയും (18 പന്തിൽ 15) ലോകേഷ് രാഹുലും (11 പന്തിൽ 11) നായകൻ വിരാട് കോഹ്ലിയും (17 പന്തിൽ 19) നിരാശപ്പെടുത്തി. ഒന്നാം ട്വന്റി20 യിൽ നിറംമങ്ങിയ ക്ഷീണം തീർക്കാനിറങ്ങിയ രോഹിത് ശർമയ്ക്കു കാര്യവട്ടത്തും തിളങ്ങാനായില്ല.

ജാസൺ ഹോൾഡറുടെ പന്തിൽ ബൗൾഡായാണു ഹിറ്റ്മാൻ മടങ്ങിയത്. വിൻഡീസിനു വേണ്ടി കെസ്രിക്ക് വില്ല്യംസും ഹെയ്ഡൻ വാൽഷ് ജൂനിയറും രണ്ടു വിക്കറ്റ് വീതമെടുത്തു. ഷെൽഡൺ കോട്രാൽ, ഖാറി പീർ, ജാസൺ ഹോൾഡർ എന്നിവർ ഒരു വിക്കറ്റ് വീതമെടുത്തു. മലയാളി താരം സഞ്ജു സാംസണിനെ സ്വന്തം നാട്ടിലായിട്ടും കളിപ്പിക്കാത്തതിൽ വൻ പ്രതിഷേധമുയർന്നിരുന്നു. താരങ്ങൾ പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയപ്പോൾ നായകൻ വിരാട് കോഹ്ലിയെക്കാൾ കൈയടി സഞ്ജുവിനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP