Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

"ടൈലർ ടാഗ്, ചുവന്ന ഹാഫ് സ്ലീവ് സ്വെറ്റർ, ഫേസ്‌ബുക്ക് പ്രൊഫൈൽ": മഹിം കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്; അന്വേഷണത്തിന് സഹായകരമായത് കുർളയിലെ തയ്യൽ കട

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പരമ്പരാഗത അന്വേഷണ രീതികളും പുതിയ കാലത്തെ സാങ്കേതികതകളും കൂട്ടിചേർത്താണ് പല കേസന്വേഷണങ്ങളും പുരോ​ഗമിക്കുന്നത്. മഹിം കൊലപാതക കേസ് തകർക്കാൻ മുംബൈ ക്രൈംബ്രാഞ്ചിനെ സഹായിച്ചത് അഞ്ച് ദിവസം നീണ്ട കഠിന പ്രയത്നം തന്നെ. ശരീരഭാഗങ്ങളടങ്ങിയ ഒരു സ്യൂട്ട്കേസ് മഹിം ദർഗയുടെ പുറകിൽ കടൽത്തീരത്ത് പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. എന്നാൽ, കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് നന്നേ പാട്പെടേണ്ടി വന്നു. എന്നാൽ, ഇൻക്വസ്റ്റ് സമയത്ത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ട തെളിവാണ് പ്രതികളെ പിടികൂടാൻ സ​ഹായിച്ചത്.

ഈ മാസം 2നാണ് മുംബൈയിലെ മഹിം ദർഗയ്ക്കു സമീപം പുരുഷ ശരീരഭാഗങ്ങൾ അടങ്ങിയ ഒരു സ്യൂട്ട്കേസ് കണ്ടെത്തിയത്. വെള്ള ഷർട്ട, ട്രൗസർ, ചുവന്ന ഹാഫ് സ്ലീവ് സ്വെറ്റർ തുടങ്ങിയവയും സ്യൂട്ട്കേസിനുള്ളിൽ ഉണ്ടായിരുന്നു. ‘അജ്ഞാതന്റെ’ മരണത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ വസ്ത്രങ്ങൾ ഫൊറൻ‌സിക് പരിശോധനയ്ക്ക് അയച്ചു. ക്രൈംബ്രാഞ്ചും കേസിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

ഷർട്ടിന്റെ കോളറിൽ തുന്നിയിരുന്ന Almo Men’s Wear എന്ന ടാഗിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആദ്യം പതിഞ്ഞത്. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിച്ചത് മുംബൈയിലെ കുർള തെരുവിലെ ഒരു തയ്യൽ കടയുടെ മുൻപിലും. കടയുടമയുടെ സഹായത്തോടെ കഴിഞ്ഞ 100 ദിവസം നടത്തിയ വ്യാപാരത്തിന്റെ ബില്ലുകൾ പരിശോധിച്ചു. സ്യൂട്ട്കേസിനുള്ളിൽ നിന്നും കണ്ടെത്തിയ ഷർട്ടിനു സമാനമായ ഷർട്ട തുന്നിപ്പിച്ചവരുടെ പട്ടികയും തയാറാക്കി.

സംശയം തോന്നിയ ഓരോരുത്തരുടെയും വീട്ടിൽ ചെന്ന് ഷർട്ട് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തി. ഒടുവിൽ ഒരാളുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയത്തിയത്. ബില്ലിൽ കുറിച്ചിരുന്ന പേര് ബെനറ്റ്. ഫേസ്‌ബുക്കിൽ പൊലീസ് ആ പേര് പരതി. ഗിറ്റാറിസ്റ്റായ ബെനറ്റ് റെബെല്ലോയുടെ പ്രൊഫൈലിലെ ഒരു ചിത്രം കണ്ട് ഉദ്യോഗസ്ഥരും ഒന്നു ഞെട്ടി, റെബെല്ലോ ധരിച്ചിരിക്കുന്നത് സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ അതേ ചുവന്ന ഹാഫ് സ്ലീവ് സ്വെറ്റർ.

പിന്നീട് കേസിന്റെ ചുരുളുകൾ അഴിഞ്ഞത് വളരെ വേഗത്തിലായിരുന്നു. ബെനറ്റ് റെബെല്ലോയുടെ വിസിറ്റങ് കാർഡ് സംഘടിപ്പിച്ച് വിലാസവും ഫോൺ നമ്പറും കണ്ടെത്തിയ പൊലീസ്, അദ്ദേഹത്തിന്റെ വീട്ടിലെത്തി. കഴിഞ്ഞ 10 ദിവസമായി റെബെല്ലോയെ കാണ്മാനില്ലെന്നും ദത്തുപുത്രിക്ക് ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസമെന്നും അയൽവാസികളിൽ നിന്നു പൊലീസ് ചോദിച്ചറിഞ്ഞു.

പിന്നെ, പൊലീസ് തിരഞ്ഞത് പത്തൊൻപതുകാരിയായ റെബെല്ലോയുടെ ദത്തുപുത്രി ആരാധ്യ പാട്ടീലീനെയാണ്. മുംബൈയിലെ വീട്ടിൽവച്ച് ചോദ്യംചെയ്ത പൊലീസിന് ആരാധ്യ നൽകിയ മൊഴി റെബെല്ലോ ഒരു സംഗീതപരിപാടിക്കായി കാനഡയിൽ പോയെന്നും കുറച്ചു ദിവസങ്ങൾക്കും ശേഷമെ മടങ്ങിവരുമെന്നും അറിയിച്ചത്. എന്നാൽ മൊഴിയിലെ വൈരുധ്യങ്ങളിൽ സംശയം തോന്നിയ പൊലീസിന്റെ കൂടുതൽ ചോദ്യം ചെയ്യലിൽ ആരാധ്യ സത്യം വെളിപ്പെടുത്തുകയായിരുന്നു.

നവംബർ 26ന് വൈകിട്ട് ആരാധ്യയും പതിനാറുകാരനായ കാമുകനും കൂടി ബെനറ്റ് റെബെല്ലോയുടെ വീട്ടിൽ ചെന്നു. പ്രണയബന്ധത്തിൽ എതിർപ്പുണ്ടായിരുന്ന റെബെല്ലോയുമായി ഇരുവരും കശപിശയായി. ഇതോടെ രണ്ടു പേരും ചേർന്നു മുളവടി ഉപയോഗിച്ച് റെബേല്ലോയെ തലയ്ക്ക് അടിച്ചു വീഴ്‌ത്തി. മുഖത്ത് കീടനാശിനി സ്പ്രേ ചെയ്യുകയും ചെയ്തു.

മരിച്ചെന്നുറപ്പാക്കിയ ശേഷം റെബെല്ലോയുടെ മൊബൈൽ ഫോൺ ഇരുവരും പുറത്തുകൊണ്ടുപോയി 4,500 രൂപയ്ക്കു വിറ്റു. ഇത് ഉപയോഗിച്ച് ക്ലീനിങ് സാമഗ്രികളും റൂം ഫ്രഷ്നറുകളും വാങ്ങി. അടുത്ത മൂന്നു ദിവസം ഇരുവരും ചേർന്നു മൃതദേഹം വിവിധ കക്ഷണങ്ങളാക്കി മൂന്നു സ്യൂട്ട്കേസകളിലായി നിറച്ചു. മുറി വൃത്തിയാക്കിയ ശേഷം റൂം ഫ്രഷ്നർ സ്പ്രേ ചെയ്തു.

ഡിസംബർ 1നു രാവിലെ മുബൈയിലെ വിവിധ ഭാഗങ്ങളിലായി സ്യൂട്ട്കേസുകൾ ഉപേക്ഷിച്ചു. മഹിം ഭാഗത്ത് ഉപേക്ഷിച്ച മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. റെബെല്ലോ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതാണ് കൊലയ്ക്കു പിന്നിലെ കാരണമെന്നാണ് ആരാധ്യയുടെ മൊഴി. എന്നാൽ ഇതു പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. അന്വേഷണത്തിൽ, 14–ാം വയസ്സിൽ ആരാധ്യ റെെബെല്ലോയോട് പിണങ്ങി വീടുവിട്ടു പോയിരുന്നതായി കണ്ടെത്തിയിരുന്നു. ഒന്നര വർഷം മുൻപാണ് പിന്നീട് ഇരുവരും ഒരുമിച്ചു താമസം തുടങ്ങിയതെന്നും വ്യക്തമായി.

റെബെല്ലോ ലൈംഗികമായി അതിക്രമിച്ചിരുന്നെങ്കിൽ ആരാധ്യ വീണ്ടും വീടുവിട്ടു പോകുകയോ പൊലീസ് പരാതി നൽകുകയോ ചെയ്യുമായിരുന്നു. താൻ മരിച്ച ശേഷം തന്റെ പേരിലുള്ള വീട് ആരാധ്യയ്ക്ക് നൽകുമെന്ന് റെബെല്ലോ പറഞ്ഞിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് വിശ്വസിക്കുന്നു. മഹിം പൊലീസിന്റെ കസ്റ്റഡിയിലാണ് ആരാധ്യ ഇപ്പോൾ. കാമുകൻ ഡോംഗ്രിയിലെ ജുവനൈൽ ഹോമിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP