Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗ്രൗണ്ടിൽ നിന്ന് വീട്ടിലേക്കുള്ളത് ആറ് കിലോമീറ്റർ മാത്രം; പ്രിയ താരം കളിക്കുമെന്ന് ഉറപ്പിച്ച് തടിച്ചുകൂടിയ നാട്ടുകാരെ നിരാശരാക്കി ടീം പ്രഖ്യാപനം; സഞ്ജു.. സഞ്ജു... സഞ്ജു.. വിളികളുമായി എന്നിട്ടും താരത്തോടുള്ള അരാധന വ്യക്തമാക്കി കാണികളും; ക്യാച്ച് കളഞ്ഞ് കുളിച്ച് വീണ്ടും വീണ്ടും പരാജയമായി ഋഷഭ് പന്ത്; ദുബെ കത്തി കയറിയതും പൊള്ളർഡിന്റെ പ്രകോപനത്തിൽ; ഭാഗ്യ ഗ്രൗണ്ടിൽ ഒടുവിൽ തല കുനിച്ച് കോലിയും ടീം ഇന്ത്യയും; മുംബൈയിൽ സഞ്ജു കളിക്കുമോ എന്ന കാത്തിരിപ്പിലേക്ക് തിരുവനന്തപുരത്തുകാർ

ഗ്രൗണ്ടിൽ നിന്ന് വീട്ടിലേക്കുള്ളത് ആറ് കിലോമീറ്റർ മാത്രം; പ്രിയ താരം കളിക്കുമെന്ന് ഉറപ്പിച്ച് തടിച്ചുകൂടിയ നാട്ടുകാരെ നിരാശരാക്കി ടീം പ്രഖ്യാപനം; സഞ്ജു.. സഞ്ജു... സഞ്ജു.. വിളികളുമായി എന്നിട്ടും താരത്തോടുള്ള അരാധന വ്യക്തമാക്കി കാണികളും; ക്യാച്ച് കളഞ്ഞ് കുളിച്ച് വീണ്ടും വീണ്ടും പരാജയമായി ഋഷഭ് പന്ത്; ദുബെ കത്തി കയറിയതും പൊള്ളർഡിന്റെ പ്രകോപനത്തിൽ; ഭാഗ്യ ഗ്രൗണ്ടിൽ ഒടുവിൽ തല കുനിച്ച് കോലിയും ടീം ഇന്ത്യയും; മുംബൈയിൽ സഞ്ജു കളിക്കുമോ എന്ന കാത്തിരിപ്പിലേക്ക് തിരുവനന്തപുരത്തുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉയർന്ന് കേട്ടത് സഞ്ജു സഞ്ജു സഞ്ജു വിളികൾ... എന്നാൽ വിളികളുടെ സാധ്യത തിരിച്ചറിയാൻ ടീം ഇന്ത്യ മാത്രം തയ്യാറായില്ല. ഒടുവിൽ കാണികളെ പോലെ കോലിപ്പടയും നിരാശരായി മടങ്ങി. സഞ്ജുവിന്റെ വീട്ടിലേക്ക് കാര്യവട്ടത്ത് നിന്നുള്ളത് കിലോ മീറ്ററുകളുടെ ദൂരം മാത്രമാണ്. എന്നിട്ടും മലയാളികൾ പൊരുതി നേടിയ സഞ്ജുവിന്റെ ടീമിലെ സ്ഥാനം വെറുതെയായി. കാര്യവട്ടത്ത് സഞ്ജു കളിക്കുമെന്ന് കരുതിയവരെ നിരാശരാക്കി ആറരയോടെ ടീം പ്രഖ്യാപനം എത്തി. വിജയ കോമ്പിനേഷൻ നിലനിർത്തിയിട്ടും ഭാഗ്യമൈതാനത്ത് ഇന്ത്യയ്ക്കു വെസ്റ്റിൻഡീസിനെതിരെ വമ്പൻ തോൽവിയാണ് അവസാനം കണ്ടത്. ഒന്നിനു പുറകെ ഒന്നായി 4 ക്യാച്ചുകൾ നിലത്തിട്ട ഇന്ത്യ മത്സരം വിട്ടുകൊടുത്തു. ഇതോടെ 3 മത്സര പരമ്പര സമനിലയിലായി (11). അവസാന മത്സരം 11നു മുംബൈയിൽ. 

ഋഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പർ. എത്ര കാച്ച് വിട്ടാലും കോലിക്കും ശാസ്ത്രിക്കും പന്തിനെ മതി. ഡൽഹിയിൽ നിന്നുള്ള വിക്കറ്റ് കീപ്പറോട് അവർ സ്‌നേഹം കാട്ടിയപ്പോൾ തുടർച്ചയായി വെള്ളം കൊണ്ടു കൊടുക്കലായി സഞ്ജുവിന്റെ പണി. സ്വന്തം നാട്ടിൽ താരത്തോട് കാട്ടിയത് വലിയ അപമാനം. ബംഗ്ലാദേശിനെതിരായ മൂന്ന് കളികളിലും പുറത്തിരുന്ന സഞ്ജുവിന് അവസരം നൽകാതെ പുറത്താക്കി. അതിന് ശേഷം മലയാളികൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ അതിരൂക്ഷ പ്രതികരണം നടത്തി. ശശി തരൂരും ഹർഭജൻ സിംഗും പ്രതികരണവുമായെത്തി. ഇതോടെ ടീമിൽ തിരിച്ചെടുത്തു. അപ്പോഴും മലയാളിക്ക് പുറത്തിരിക്കാനായിരുന്നു വിധി. ജയിക്കാൻ വേണ്ടി മാത്രം ടീമിട്ട കോലിക്ക് പിഴയ്ക്കുമ്പോൾ എല്ലാ അർത്ഥത്തിലും കാര്യവട്ടത്തെ കാണികൾ നിരാശരായി. സഞ്ജു കളിച്ചതുമില്ല.. ഇന്ത്യ തോൽക്കുകയും ചെയ്തു. ഇനി മുംബൈയിൽ സഞ്ജു കളിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇനി വിജയ കോമ്പിനേഷൻ എന്ന പേരിൽ ടീമിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്താനാകില്ലെന്നതാണ് വസ്തുത.

കാര്യവട്ടത്ത് ഇന്ത്യയുടെ ആദ്യ തോൽവിയാണ് ഇത്. തിരുവനന്തപുരത്ത് വിൻഡീസ് പുറത്തെടുത്തത് തളരാത്ത പോരാട്ട വീര്യമായിരുന്നു. 45 പന്തിൽ 67 റൺസെടുത്തു പുറത്താകാതെ നിന്ന ഓപ്പണർ ലെൻഡ്ൽ സിമ്മൺസ് വിൻഡീസിനെ വിജയതീരത്തെത്തിച്ചു. സ്‌കോർ: ഇന്ത്യ 20 ഓവറിൽ 7ന് 170, വെസ്റ്റിൻഡീസ് 18.3 ഓവറിൽ 2ന് 173. ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക ്താളം കണ്ടെത്താനായില്ല. ബൗളിങ്ങിൽ സർവ്വത്ര പിഴച്ചു. ഫീൽഡിൽ നാണക്കേടും. വിൻഡീസ് ബാറ്റ്‌സ്മാന്മാരുടെ കടന്നാക്രമണത്തിനു മുന്നിൽ ബോളർമാർക്കു ലൈനും ലെങ്തും തെറ്റി. 12 സിക്‌സറുകളാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. ഓപ്പണർ എവിൻ ലൂയിസ് 40 റൺസും ഷിമ്രോൺ ഹെറ്റ്മയർ 23 റൺസും നേടി. ഇതിൽ ലൂയിസിനെ തുടക്കത്തിൽ ഋഷഭ് പന്ത് വിട്ടുകളഞ്ഞതാണ് എല്ലാത്തിനും കാരണം. ഇതോടെ വിൻഡീസ് മികച്ച അടിത്തറ ഇട്ടു. ഇതിൽ നിന്ന് സിമ്മൺസ് വിജയത്തിലേക്ക ്ടീമിനെ എത്തിച്ചു.

മധ്യ ഓവറുകളിൽ റണ്ണൊഴുക്കു നിയന്ത്രിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കാറുള്ള സ്പിന്നർമാരായ യുസ്വേന്ദ്ര ചെഹലും രവീന്ദ്ര ജഡേജയും ചേർന്ന് 5 ഓവറിൽ വിട്ടുകൊടുത്തത് 58 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് മാത്രമേ നേടാനായുള്ളൂ. 11ാം ഓവറിൽ 100 റൺസ് പിന്നിട്ട ഇന്ത്യ പിന്നീടുള്ള 9 ഓവറിൽ നേടിയത് 70 റൺസ് മാത്രം. കഴിഞ്ഞ കളിയിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ കെ.എൽ.രാഹുൽ (11) ആണ് ആദ്യം മടങ്ങിയത്. ആദ്യ കളിയിൽ നിറംമങ്ങിയ രോഹിത് ശർമയ്ക്ക് ഇക്കുറി 18 റൺസ് മാത്രമേ എടുക്കാനായുള്ളൂ. വിരാട് കോലിക്കു മുൻപിൽ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ ഓൾറൗണ്ടർ ശിവം ദുബെ തുടക്കത്തിൽ തപ്പിത്തടഞ്ഞപ്പോൾ കാണികൾ പ്രതിഷേധാരവം മുഴക്കി. സഞ്ജു കളിക്കേണ്ടിടത്തായിരുന്നു ദുബെയുടെ വരവ്.

8ാമത്തെ ഓവറിൽ റണ്ണിനായുള്ള ഓട്ടത്തിനിടെ തന്റെ ദഹത്തു തട്ടിയെന്നു പറഞ്ഞ് പൊള്ളാർഡ് ദുബെയെ പ്രകോപിപ്പിച്ചു. അത് ഇന്ത്യൻ ഇന്നിങ്‌സിലെ വഴിത്തിരിവായി. തൊട്ടടുത്ത പന്തിൽ സിക്‌സ്. ഇതോടെ പൊള്ളാർഡിന്റെ നിയന്ത്രണം തെറ്റി. തുടർച്ചയായ 2 വൈഡുകൾ. അടുത്ത 2 ബോളുകളിൽ തുടർച്ചയായി സിക്‌സറുകൾ. ആ ഓവറിൽ പിറന്നത് 26 റൺസ്. 27 പന്തിൽ ദുബെ ട്വന്റി20യിലെ ആദ്യ അർധസെഞ്ചുറി നേടി. തൊട്ടുപിന്നാലെ വാൽഷ് ജൂനിയറിന്റെ പന്തിൽ ഹെറ്റ്മയറിന്റെ ക്യാച്ചിൽ പുറത്താവുകയും ചെയ്തു. നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ കോലി 19 റൺസെടുത്തു മടങ്ങി.

ശ്രേയസ് അയ്യർക്കു മുന്നിൽ എത്തിയ ഋഷഭ് പന്ത് വന്നപാടെ സിസ്‌കറടിച്ചാണു തുടങ്ങിയതെങ്കിലും പിന്നീട് സ്‌കോറിങ് ഉയർത്താനായില്ല. ശ്രേയസ് അയ്യർ തുടർച്ചയായി പരാജയപ്പെട്ടു. രവീന്ദ്ര ജഡേജയും താളം കണ്ടെത്താനാകാതെ വിഷമിച്ചപ്പോൾ 17ാം ഓവറിലാണ് ഇന്ത്യ 150ൽ എത്തിയത്. വിൻഡീസ് ബോളർമാർ അവസാന 3 ഓവറിൽ വിട്ടുകൊടുത്തത് 20 റൺസ് മാത്രം. 2 വിക്കറ്റ് വീതം വീഴ്‌ത്തിയ കെസ്രിക് വില്യംസും സ്പിന്നർ ഹെയ്ഡൻ വാൽഷും തിളങ്ങി.

ഫീൽഡിംഗിലെ പോരായ്മയാണ് ഇന്ത്യയെ തളർത്തിയത്. ഭുവനേശ്വർ കുമാർ എറിഞ്ഞ 4ാം ഓവറിൽ ക്യാച്ചിനുള്ള 2 അവസരങ്ങളാണ് ഇന്ത്യ പാഴാക്കിയത്. ആദ്യം വാഷിങ്ടൻ സുന്ദറും തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഫീൽഡർ രവീന്ദ്ര ജഡേജയുടെ കൈകളും ഇന്നലെ ഒരു തവണ ചോർന്നു. 16ാം ഓവറിൽ വീണ്ടും 'കൈ'പ്പിഴ. ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഹെറ്റ്മയറിനെ ബൗണ്ടറിക്കരികിൽ ശ്രേയസ് അയ്യർ വിട്ടു. എന്നാൽ, ജഡേജയുടെ പന്തിൽ ഹെറ്റ്മയറിനെ പുറത്താക്കാൻ ബൗണ്ടറിയിൽ കോലിയെടുത്ത ക്യാച്ച് അതിമനോഹരമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP