Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണ്ടും ഭക്ഷ്യവിഷബാധ ഏറ്റത് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക്; ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത് പലതവണ; തിരുവനന്തപുരം കോർപ്പറേഷൻ പലതവണ പൂട്ടിച്ചിട്ടും മോശം ഭക്ഷണം വിളമ്പാൻ ബുഹാരി ഹോട്ടൽ വീണ്ടും വീണ്ടും തുറക്കുന്നത് പണവും സ്വാധീനവും ഉപയോഗിച്ച്; ഇന്ന് ഒമ്പത് പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതോടെ ഇനി ഹോട്ടൽ തുറക്കാൻ അനുവദിക്കുക കർശന പരിശോധനക്ക് ശേഷമെന്ന് മേയർ

പണ്ടും ഭക്ഷ്യവിഷബാധ ഏറ്റത് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക്; ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത് പലതവണ; തിരുവനന്തപുരം കോർപ്പറേഷൻ പലതവണ പൂട്ടിച്ചിട്ടും മോശം ഭക്ഷണം വിളമ്പാൻ ബുഹാരി ഹോട്ടൽ വീണ്ടും വീണ്ടും തുറക്കുന്നത് പണവും സ്വാധീനവും ഉപയോഗിച്ച്; ഇന്ന് ഒമ്പത് പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതോടെ ഇനി ഹോട്ടൽ തുറക്കാൻ അനുവദിക്കുക കർശന പരിശോധനക്ക് ശേഷമെന്ന് മേയർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പലതവണ തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം അടപ്പിച്ചിട്ടും പണവും സ്വാധീനവും ഉപയോഗിച്ച് വീണ്ടും വീണ്ടും തുറന്ന് വിളമ്പുന്നത് വിഷ ഭക്ഷണം തന്നെ. വൃത്തിഹീനമായ ഭക്ഷണം വിളമ്പി കുപ്രസിദ്ധി നേടിയ ബുഹാരി ഹോട്ടലിൽ നിന്നും ഇന്ന് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത് കുട്ടികളടക്കം ഒമ്പത് പേരാണ്. ഭക്ഷ്യവിഷബാധയേറ്റെന്ന് മനസ്സിലായ ഉടൻ തന്നെ പരാതിക്കാർ തൊട്ടുടുത്തുള്ള ഈസ്റ്റ് ഫോർട്ട് പൊലീസിനെയും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചെങ്കിലും ഒരാൾ പോലും സംഭവ സ്ഥലത്തേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം 9 പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ഇന്ന് രാവിലെ ബുഹാരി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ രണ്ട് കുടുംബങ്ങളിലെ ഒൻപത് പേരാണ് ഭക്ഷ്യവിഷബാധയുണ്ടായി ആശുപത്രിയിലായിരിക്കുന്നത്. ഹോട്ടലിൽ വിളമ്പിയ ഭക്ഷണം ആദ്യം കഴിച്ച കുട്ടികൾ അവിടെ വച്ചു തന്നെ ഛർദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ചിക്കനിൽ നിന്നും രൂക്ഷഗന്ധം ഉണ്ടായെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ പറയുന്നു. കുട്ടികൾക്ക് വയ്യാതായതോടെ ഒപ്പമുണ്ടായിരുന്ന മുതിർന്നവർ ഹോട്ടലിൽ വച്ചു തന്നെ പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.

പരാതി ഒതുക്കാനും വിളമ്പിയ ഭക്ഷണം തിരിച്ചെടുക്കാനും ഹോട്ടൽ ജീവനക്കാർ ശ്രമിച്ചെങ്കിലും പരാതിക്കാർ അതിനു തയ്യാറായില്ല. എന്നാൽ അടുക്കളയിലുണ്ടായിരുന്ന മറ്റു ഭക്ഷണസാധനങ്ങളെല്ലാം ഹോട്ടലുകാർ മാറ്റിയതായി ആശുപത്രിയിൽ ചികിത്സയിലുള്ളവർ പറയുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരേയും തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചെങ്കിലും ആരും സംഭവസ്ഥലത്തേക്ക് എത്തിയില്ല. ഇതിനൊക്കെ ശേഷമാണ് ആരോഗ്യവിഭാഗം അധികൃതർ ഹോട്ടലിൽ എത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തത്.

തിരുവനന്തപുരം സ്വദേശിയും സുഹ്യത്തുക്കളും കുടുബാംഗങ്ങളും വിഴിഞ്ഞം പള്ളിയിൽ നിന്നും മടങ്ങവെയാണ് ഹോട്ടലിൽ കയറിയത്. ഹോട്ടലിൽ നിന്നും ദോശയും ചിക്കൻകറിയും കഴിച്ചതോടെ കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് മറ്റുള്ളവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും തിരുവനന്തപുരം പരുത്തിക്കുഴി സ്വദേശിയുടെ നില ഗുരുതരമാണ്. അഴുകിയ ചിക്കനാണ് വിഷബാധയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.

നേരത്തേയും പലവട്ടം വൃത്തിഹീനമായ ഭക്ഷണം വിളമ്പി കുപ്രസിദ്ധി നേടിയ ഈ ഹോട്ടലാണ് തിരുവനന്തപുരം കിഴക്കേക്കോട്ടയ്ക്ക് അടുത്ത് അട്ടക്കുളങ്ങര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബുഹാരി ഹോട്ടൽ. ആഴ്‌ച്ചകൾക്ക് മുമ്പ് ഇവിടെ നിന്നും ഭക്ഷണം കഴിച്ച പൊലീസ് ഉ്‌ദ്യോഗസ്ഥർക്ക് മസാലദോശയിൽ നിന്നും പുഴുവിനെ കിട്ടിയിരുന്നു. അതിനും നാളുകൾക്ക് മുമ്പാണ് ഇവിടെ നിന്നും മട്ടൻ കറി കഴിച്ച ഉയർന്ന പൊലീസ് ഉ്‌ദ്യോഗസ്ഥന് ഭക്ഷ്യവിഷബാധ ഉണ്ടായത്. പലതവണ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇവിടെ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു.

പലതവണ കോർപറേഷൻ ആരോഗ്യവിഭാഗം ഈ ഹോട്ടൽ അടപ്പിച്ചിരുന്നുവെങ്കിലും താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി ഹോട്ടൽ വീണ്ടും തുറക്കുകയാണ് പതിവ്. 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന ഈ ഹോട്ടലിനെതിരെ പതിവായി പരാതികൾ വരുന്ന സാഹചര്യത്തിൽ കർശന നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം മാത്രമേ ഇനി ഹോട്ടൽ തുറക്കാൻ അനുവദിക്കൂ എന്നും തിരുവനന്തപുരം മേയർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP